2026 ജൂൺ 28, ഞായറാഴ്‌ച

ഹിമാലയൻ യാത്ര - കവളങ്ങാടൻ

ഹിമാലയ ദർശനം

ഒരു തീർത്ഥാടനം തരായി ന്നങ്ങട് പറഞ്ഞാൽ മതീലോ

ഓരോന്നിനും ഓരോ സമയണ്ട് ദാസാ എന്ന് പയ്മ്പോലെ ആയിരുന്നു കഥ.

2026 ജൂൺ പതിനഞ്ചാം തീയതി ഞങ്ങൾ അഞ്ചു പേർ  യാത്ര തിരിച്ചു.

ഉദ്ദേശം ചാർധാം ദർശനം തന്നെ!

ഹിമാലയം കണ്ടിട്ടു കൂടി ല്ലാത്ത നോം വിമാനത്തിലിരുന്നു തന്നെ ആശ്ചര്യപ്പെട്ടു ട്ടോ

വലിയ പർവ്വതങ്ങൾക്കിടയിൽ ഡെറാഡൂൺ യന്ത്രപ്പറവകേന്ദ്രം 

ശിവ ശിവ ! അവിടെ ഇറങ്ങിതും ഹൃഷികേശിലേക്ക് വിട്ടു. അത് 27 കി.മി. അടുത്താണ്

മഹാ തീർത്ഥാടന കേന്ദ്രം തന്നെ! അനേകായിരം ആളുകൾ അവിടേക്കു വരുന്നു തെരുവുകൾ നിറഞ്ഞ് അവർ അതിപുലർകാലെ തന്നെ ഗംഗാതീരത്തേക്ക് നടക്കുന്നു.
ചുവപ്പു വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ ഉത്തരേന്ത്യൻ വേഷത്തിലുള്ള പുരുഷന്മാർ പുണ്യനദിയിൽ കുളിച്ചും ആരാധന നടത്തിയും അവർ തിരികെ പോകുന്നു. വിമാനത്തിലിരുന്ന് കണ്ട പല നദികളും വെള്ളമില്ലാത്തവയാണ് മഴക്കാലത്ത് മാത്രമേ അവ സജലമാകൂ. ചാർ ധാം യാത്രക്കു വരുന്നവർ ഹൃഷികേശിൽ പേര് രജിസ്റ്റർ ചെയ്യണം അപ്പോൾ ലഭിക്കുന്ന കാർഡ് എല്ലായിടത്തും ചോദിക്കും. രാത്രി തന്നെ ലോകജാലിക വഴി രാഹുൽ സൈനിയെ കണ്ടുകൂടി. വളരെ മാന്യമായിട്ടാണ് പിന്നീടുള്ള ദിവസങ്ങളിൽ രാഹുൽ ഞങ്ങളെ നയിച്ചത്. രാവിലെ തന്നെ അയാൾ കാറുമായി എത്തി.

മേഘങ്ങൾക്ക് മീതേയാണ് പർവ്വത ശിരസുകൾ 

 സ്ലേറ്റു പോലെയുള്ള കടുപ്പമില്ലാത്ത പാറകൾ ചേർന്നാണ് ഹിമവാൻ നിലകൊള്ളുന്നത്. പർവ്വതങ്ങളുടെ മാറിടം കീറി ഉണ്ടാക്കിയ വഴികൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു താഴാം , ചിലയിടത്ത് മുകളിൽ നിന്ന് മല ഇടിഞ്ഞു വന്ന് വഴി പാതിയും അടഞ്ഞിരിക്കുന്നു. റോഡ് നിർമ്മാണം ഉത്തരാഖണ്ഡിൽ ഒരിക്കലും തീരില്ല.
മഴയില്ലാത്ത ജൂൺ മാസം ഏറക്കുറേ സുരക്ഷിതമാണ്. 

ഞങ്ങൾ യമുനോത്രിയിലേക്കുള്ള യാത്രയിലാണ്. വൈകിട്ട് ബാർക്കോട്ട് എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു. അവിടെ മുറിയെടുത്തപ്പോൾ തന്നെ യമുനയിൽ കുളിക്കാൻ പോയി.
പല നിറങ്ങളിലുള്ള ഉരുളൻ കല്ലുകളിൽ തട്ടിച്ചിതറി ബാല്യം വിടാത്ത യമുന പതഞ്ഞൊഴുകുന്നു. മെല്ലെ പാദം തൊട്ടതേ പിൻവലിച്ചു , ഹിമം ഉരുകി വരുന്ന കുളിർനീരൊഴുക്ക് ചിരിച്ചു കൊണ്ട് ഞങ്ങളെ കളിയാക്കി! വിട്ടുകൊടുത്തില്ല കണ്ണടച്ച് മുങ്ങി, വീണ്ടും വീണ്ടും യമുനാതരംഗം ഏറ്റുവാങ്ങി . കുളിച്ചു കഴിഞ്ഞപ്പോൾ എന്തൊരുന്മേഷം. വിറച്ചു വിറച്ച് ഞങ്ങൾ നദീതടം കണ്ടു നിന്നു. തിരികെപ്പോരുമ്പോൾ ഒരു ചെടി പരിചയമുണ്ടോ എന്ന് ചോദിച്ചു. ഏയ് നിന്നെ അറിയാതിരിക്കുമോ. പടങ്ങളിൽ മാത്രം കണ്ട് പരിചയിച്ച കഞ്ചാവ് അവിടെ വഴിയോരങ്ങളിൽ പോലും സാധാരണമാണ്  . ഞാൻ  ഒരിലപറിച്ച് മണത്തു നോക്കി. ചുമ്മാ ചവച്ചു നോക്കി ഏയ് ഒന്നൂല്ല കെട്ടോ അങ്ങനെയൊന്നുമല്ല ദാസാ 😁.

ഉത്തരാഖണ്ഡിൽ രാവിലെ അഞ്ചു മണിക്കേ നല്ല വെളിച്ചമാണ് പകൽവെളിച്ചം മായുന്നത് രാത്രി എട്ടുമണിയോടെയാണ്.
 ഞങ്ങൾ യമുനോത്രിയിലേക്ക് പോയി. ഹിമവാൻ്റെ ഉയരങ്ങളിലെവിടെയോ ആണ് യമുനോത്രി. കല്ലുകളിൽ ചവിട്ടി ചെറിയ വഴിയിലുടെ ആറു മൈൽ കയറ്റം കയറണം . കോവർകഴുതകളുടെ സഹായം തേടാതെ ഞങ്ങൾ അനേകം ഭക്തരോടൊപ്പം മലകയറിപ്പോയി. അങ്ങകലെ മഞ്ഞുപ്പുതച്ച ഗിരിശിഖരങ്ങളുടെ മടിയിൽ യമുനോത്രി ക്ഷേത്രം ! ഉയരെ നിന്ന് യമുന ബാലികയെപ്പോലെ വെള്ള ഉടുപ്പിട്ട് പതഞ്ഞൊഴുകി വരുന്നു. ക്ഷേത്രത്തിൽ ഉഷ്ണജല ഉറവയുണ്ട്. അതിൽ അരി കിഴികെട്ടിയിട്ട് വേവിച്ച് പൂജയ്ക്കുള്ള നിവേദ്യമുണ്ടാക്കുന്നു. തിളച്ചുമറിയുന്ന ചൂടുറവക്ക് സൂര്യ കുണ്ഡ് എന്നാണ് പേര് അതിലെ ചൂടുവെള്ളം ഒരു ചെറിയ കുളത്തിൽ വീഴുന്നു , അതിൽ ഭക്തർ മുങ്ങിക്കുളിക്കുന്നു. ഞാനും മുട്ടോളം ഇറങ്ങി നിന്നു. ഹിമ പർവ്വതങ്ങൾക്കു നടുവിലുള്ള കാഴ്ച്ചകൾ മനോഹരമാണ്. യമുനയുടെ പിറവി കണ്ട്
തിരിച്ചിറങ്ങിയപ്പോൾ കാലിന് നേരിയ വേദന. അത് കൂടിക്കൂടി വന്നു. ഒരുവിധം താഴെയെത്തി കാറിൽ അഭയം പ്രാപിച്ചു.
അന്നും ബാർ കോട്ടിലാണ് ഉറങ്ങിയത്. കടുത്ത തണുപ്പൊന്നുമില്ല. റൊട്ടി, പോഹ , പറാത്ത തുടങ്ങിയ വിഭവങ്ങൾ നാവിനിണങ്ങി വരാൻ തുടങ്ങി.  യമുനയുടെ പാട്ട് കേട്ട് പിറ്റേന്ന് യാത്ര തിരിച്ചു. എവിടെയും മലകൾ മാത്രം. പൈൻ മരമാണ് എല്ലായിടത്തും. ഏയ് ഒരു തെങ്ങ് ഒരിടത്തുമില്ല. കേരളത്തിനെ ഓർമ്മിപ്പിക്കാൻ ഇടക്കിടെ തേക്ക് മരങ്ങൾ മാത്രം കാണാം . ഹിമവാൻ്റെ ഇടിയുന്ന വഴികളിലൂടെ പകൽ പകുതി താണ്ടി ഞങ്ങൾ ഉത്തരകാശി എന്ന വലിയ നഗരത്തിലെത്തി. അവിടെ ഒരു ക്ഷേത്രമുണ്ട് ഹോട്ടലുകളും കമ്പിളി ഉടുപ്പ് കടകളും പഴങ്ങളും കാഴ്ച്ചവസ്തുക്കളും വിൽക്കുന്ന ഗ്രാമീണരും ഉത്തരേന്ത്യയുടെ ജീവിത ഗന്ധം പകർന്നു. വൈകിട്ട് ഞങ്ങൾ ഭാഗീരഥീ തീരത്തെ ഒരു ഹോട്ടലിലെത്തി മുറിയെടുത്തു . ഉടനെ തന്നെ ഭാഗീരഥി കാണാൻ പോയി. യമുനയിൽ കുളിച്ച വീരന്മാർക്ക് പക്ഷെ ഭാഗീരഥി പിടിതന്നില്ല. പാദം മരച്ചു പോകുന്നിടത്ത് എങ്ങനെ മുങ്ങും. എങ്കിലും കണ്ടു കണ്ടു നിന്നു പോയി പല നിറങ്ങളിലുള്ള ഉരുളൻ കല്ലുകളിൽ ഇരുന്നും നിന്നും ഇരുട്ടു വീഴുവോളം ഞങ്ങൾ ഭാഗീരഥിയോട് കൂട്ടുകൂടി.... ഗംഗതന്നെയാണ് ഭാഗീരഥി . ഭംഗിയുള്ള കല്ലുകൾ പലരും പെറുക്കിയെടുത്തു.
പിറ്റേന്ന് രാവിലെ രാഹുൽ സൈനി ഞങ്ങളെ പർവ്വത വഴികളിലെക്ക് നയിച്ചു. ഉയരം കൂടിക്കൂടി വരവെ ചെറിയ ശ്വാസംമുട്ടൽ പോലെ തോന്നി. തണുത്തു മരച്ച കുന്നുകളിൽ ആപ്പിൾ മരങ്ങൾ നിറയെ പിഞ്ചു കായ്കൾ തിളങ്ങി നിന്നു. ഒരു പർവ്വതം ചുറ്റി അടുത്തതിലേക്ക് ഇടക്ക് താഴെ താഴെ ഭാഗീരഥി ഒഴുകിപ്പോകുന്നു. വഴിയുണ്ടാക്കാൻ അരിഞ്ഞെടുത്ത മണ്ണ് ഒട്ടും ഉറപ്പില്ലാത്തതാണ് ഉരുളൻ കല്ലുകളും മണ്ണും ഇടകലർന്ന കുത്തനേയുള്ള പർവ്വത ഭാഗങ്ങൾ മഴപെയ്താൽ ഇടിയും. ഗംഗോത്രിയിലേക്ക് വണ്ടിയിൽ നിന്നിറങ്ങി കുറേ നടക്കണം. അവിടെയല്ല ഗംഗ ഉത്ഭവിക്കുന്നത് വീണ്ടും 18 കിലോമീറ്റർ നടന്നാൽ ഗോമുഖ് എന്ന സ്ഥലത്ത് ചെല്ലും അവിടെ ഒരു ഗുഹയിൽ നിന്നാണ് പുണ്യനദിയുടെ വരവ്. ക്ഷേത്രപരിസരമാകെ ജനത്തിരക്കാണ് ധാരാളം കച്ചവടക്കാരുമുണ്ട് ചുറ്റും മഞ്ഞുപുതച്ച ഹിമാലയം കാഴ്ച്ചയുടെ ഗാംഭീര്യത്തിൽ സ്വയം മറന്ന് നിന്നുപോകും. ഭാഗീരഥിക്ക് ചാരനിറമാണ് വെളുത്ത കല്ലുകൾ പൊടിഞ്ഞ മണൽ കലർന്നതുകൊണ്ടാണ് ആ നിറം വരുന്നത്. വലിയ കുത്തൊഴുക്കിൽ ആർത്തലച്ചാണ് ഭാഗീരഥിയുടെ വരവ്  വെള്ളത്തിൽ വേലികെട്ടിയ ഭാഗത്ത് ചിലർ മുങ്ങി ഉടനേ കയറി ഓടും . ഒരു മിനിട്ടിൽ കൂടുതൽ കാൽ മുക്കിവയ്ക്കാൻ പറ്റില്ല കൊടും തണുപ്പുള്ള വെള്ളം കോരി ദേഹത്ത് തളിച്ച് ഞങ്ങളും സ്നാനപ്പെട്ടു. ചെറിയ  പാത്രത്തിൽ ജലം നിറച്ച് വീട്ടിലേക്ക് സൂക്ഷിച്ചു. ഗംഗേ എന്ന പാട്ട് മൂളിക്കൊണ്ട് ഞങ്ങൾ തിരിച്ചു നടന്നു. അന്ന് ഉത്തര കാശിയിൽ തന്നെ ഉറക്കം. 13 ദിവസങ്ങൾക്കുള്ളിൽ കണ്ട എല്ലാ സത്രങ്ങളിലും മാന്യമായ പെരുമാറ്റം ലഭിച്ചു. തീർത്ഥാടകരോട് ആദരവുള്ളവരാണ് ഇവിടെയുള്ളവർ.

പിറ്റേന്ന് ഒരു സാഹസയാത്രക്ക് ഞങ്ങൾ പുറപ്പെട്ടു അത് കേദാർനാഥിലേക്കാണ്. പുണ്യസ്ഥലങ്ങളിൽ ഏറ്റവും ഉയരം കൂടിയ സ്ഥലം. മന്ദാകിനി അവിടെ നിന്ന് ഉത്ഭവിക്കുന്നു പ്രസിദ്ധമായ ശിവക്ഷേത്രം ദർശിക്കുവാൻ ആയിരങ്ങളാണ് ഹിമാലയം കയറിപ്പോകുന്നത്.
വൈകിട്ട് കമ്പിളിയുടുപ്പുകൾക്കുമീതെ പുൾഓവർ അണിഞ്ഞിട്ടും വിറച്ച് സോൺ പ്രയാഗിൽ രാപാർക്കുവാൻ ഞങ്ങൾ ചെന്നുകൂടുന്നു.
അവിടെ നിന്ന് 16 കിലോമീറ്റർ കുന്നു കയറണം കേദാർനാഥിലേക്ക് . വെളുപ്പിന് നാലുമണിക്കു തന്നെ ഞങ്ങൾ യാത്ര തുടങ്ങി. ആയിരക്കണക്കിനാളുകളാണ് കേദാർനാഥ് ദർശനത്തിന് വന്നിരിക്കുന്നത്, അവരിൽ ചില മലയാളികളുമുണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും ഭാഷകൾ കേൾക്കാം.
യമുനോത്രിയുടെ ഓർമ്മ എന്നെ മുകളിലേക്ക് നടക്കാൻ അനുവദിച്ചില്ല. ഞാനും കൂട്ടുകാരൻ ബിനുവും കോവർ കുതിരകൾക്കു മുകളിൽ കയറിപ്പറ്റി . കല്ലുകൾ നിറഞ്ഞ ചെറിയ വഴിയിലൂടെ അശ്വാരൂഢരായി യാത്ര ചെയ്യുന്നത് അത്ര രസകരമല്ല.  കൂടുതൽ പേരും നടന്നാണ് മലകൾ കയറിപ്പോകുന്നത് , മനുഷ്യർ ചുമക്കുന്ന ഡോലികളും ഹെലികോപ്റ്ററുകളും കൂട്ടിനുണ്ട് . പാവം കഴുതക്കുതിരകൾ , എനിക്കവയോട് അലിവും ഇഷ്ടവും തോന്നി. 76 കിലേയുള്ള ഞാനും 100 തികഞ്ഞ ബിനുവും അവർക്കൊരു ഭാരമൊന്നുമല്ല  എന്നാൽ കല്ലുകൾ കയറിപ്പോകവെ കാൽ കുഴഞ്ഞ് അവ ഇടക്കിടെ നിന്നു പോയി. ഇടക്ക് നിർത്തിയപ്പോഴെല്ലാം ഞാനെൻ്റെ കുതിരയുടെ മുഖം തലോടിക്കൊടുത്തു ബിസ്കറ്റ് വായിൽ വച്ചു കൊടുത്തു.... ഒടുവിൽ ഉച്ച കഴിഞ്ഞ് ഞങ്ങൾ ക്ഷേത്രത്തിലെത്തിച്ചേർന്നു. മന്ദാകിനി ഒഴുകി വരുന്ന ഹിമശൃംഗം വെള്ള പുതച്ച് നിന്നു. തണുപ്പും ഉയരക്കൂടുതലും എന്തോ അസ്വസ്ഥതയുണ്ടാക്കി. ഞങ്ങൾ കരുതിയിരുന്ന ഓക്സിജൻ ശ്വസിച്ചു നോക്കി. എന്തായാലും കേദാർനാഥനെ കണുന്നത് ശിവദർശനം തന്നെയാണ് ഹിമം പുതച്ച പർവ്വതത്തിനു ചുവട്ടിൽ ആകാശത്തിൻ്റെ മൗനം പോലെ ക്ഷേത്ര ഗോപുരത്തിൻ്റെ കാഴ്ച്ച മനസ്സിൽ ഒരു നിർവൃതിയുണ്ടാക്കും. അന്നു രാത്രി അവിടെ ഒരു വാടകമുറിയിൽ കട്ടിപ്പുതപ്പുകൾക്കടിയിലും ഹിമവാൻ ഞങ്ങളെ ഉറങ്ങാൻ സമ്മതിച്ചില്ല. പിറ്റേന്ന് തിരിച്ചിറങ്ങിയപ്പോൾ ഞങ്ങൾ കുതിരപ്പുറത്ത് കയറിയില്ല . കുതിര കല്ലുകൾ ചാടി താഴേക്കിറങ്ങുമ്പോൾ മുകളിലിരിക്കാൻ പ്രയാസമാണ്. ഞങ്ങൾ നടന്ന് നടന്ന് വൈകുന്നേരത്തോടെ സോൺ പ്രയാഗിലെത്തി വണ്ടിയിലേക്ക് വീണു പോയതും രാഹുൽ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. നിങ്ങളുടെ അത്ര വേഗത്തിൽ ആരും തിരിച്ചു വരാറില്ല എന്നയാൾ ഹിന്ദിയിൽ പറഞ്ഞപ്പോൾ ദീനമായ ഒരു ചിരി ഉള്ളിൽ മുഴങ്ങി🤭.

ഹിമാലയം എത്ര ഗംഭീരമാണ് എത്ര കണ്ടാലാണ് അതിൻ്റെ അപാരത അറിയാൻ പറ്റുന്നത്. 

തളർന്നു പോയ ഞങ്ങളെ രാഹുൽ സൈനി ഉഖിമഠിലുള്ള ഒരു സത്രത്തിലെത്തിച്ചു. അതിൻ്റെ വരാന്തയിൽ നിന്നു നോക്കിയാൽ താഴെ കുന്നിനു ചുവട്ടിൽ മന്ദാകിനി ഒരു പുരാണ കഥപോലെ ഗംഗതേടിപ്പോകുന്നത് കാണാം.

അടുത്തത് 
ആദിശങ്കരൻ പ്രതിഷ്ഠിച്ച ബദരിനാഥ് ക്ഷേത്രമാണ് . അവിടേക്ക് കുറേ ദൂരമുണ്ട് വഴിയിൽ തുംഗനാഥ് ഉണ്ടെങ്കിലും നടക്കാൻ വയ്യാത്തതിനാൽ ഞങ്ങൾ കയറിയില്ല. കടന്നുപോകുന്ന വഴികൾ ഹിമാലയൻ ദൃശ്യങ്ങൾ കൊണ്ട് ഗംഭീരമാണ്. ഹിമവാൻ്റെ സൗന്ദര്യം ആവോളം ആസ്വദിക്കണമെങ്കിൽ ബദരിയിൽ ചെന്നാൽ മതി. എത്ര സുന്ദരമാണ് അളകനന്ദയും മഞ്ഞുമൂടിയ നീലകണ്ഠ ശൈലവും ആകാശത്തേയ്ക്ക് കൈകൂപ്പി നിൽക്കുന്ന അനേകം പർവ്വതങ്ങളും താഴ്‌വരകളും കടുംനിറത്തിലുള്ള പൂക്കളും  പ്രകൃതിയുടെ ലാവണ്യക്കലവറ തന്നെ ബദരി. അവിടെ വണ്ടിയിൽ ചെന്നുപറ്റാം ക്ഷേത്ര ദർശനത്തിന് അവിടെയും അനേകായിരം ഭക്തജനങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. അളകനന്ദയുടെ കരയിലാണ് ക്ഷേത്രം. ശില്പഭംഗിയുള്ള നിർമ്മിതിയാണതിന്. ശൈത്യകാലത്ത് മഞ്ഞുമൂടുമ്പോൾ മനുഷ്യരെല്ലാം അവിടം ഉപേക്ഷിച്ച് പോകും. ഞങ്ങൾ മേൽക്കുമേൽ ധരിച്ച കമ്പിളിയുടുപ്പുകൾക്കൊന്നും ചൂടുതരാൻ പറ്റിയില്ല . കൈയ്യിൽ ഗ്ലൗസണിഞ്ഞാണ് നടപ്പ്. എങ്കിലും കാഴ്ച്ചയിൽ മയങ്ങി ഞങ്ങൾ നടന്നു. വാടക മുറിയിൽ ഉറങ്ങി.

പിറ്റേന്ന് തൂവെള്ള കമ്പിളിപുതച്ച നീലകണ്ഠ ശൈലം സിനിമക്കാഴ്ച്ച പോലെ മനോജ്ഞമായിരുന്നു. ആദിശങ്കരൻ എന്ന മഹാമനീഷിയെക്കുറിച്ചോർത്തപ്പോൾ അഭിമാനവും അത്ഭുതവും തോന്നി . 34 വയസ്സിനുള്ളിൽ ഹിന്ദു സംസ്‌കാരത്തിന് മായാത്ത സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴും മലയാള ബ്രാഹ്മണരാണ് അവിടെ പൂജാരിമാർ ഞങ്ങളുടെ അഞ്ചംഗ സംഘത്തിലെ അർജ്ജുൻ നമ്പൂതിരിയുടെ പരിശ്രമത്തിൽ ഇപ്പോഴത്തെ മേൽശാന്തിയെ കണ്ട് സംസാരിക്കാൻ കഴിഞ്ഞു. 
ബദരിനാഥനും ഉണ്ട് ഉഷ്ണജല പ്രവാഹം അളകനന്ദയുടെ തണുത്ത പ്രവാഹത്തിന് തൊട്ടരുകിൽ ആവി പാറുന്ന ചൂടുവെള്ളം നിറഞ്ഞ ചെറിയ  കുളം, തപ്‌ത കുണ്ഡിൽ കുളിക്കാൻ ഭക്തരുടെ തിരക്ക്, 
പ്രകൃതി ഭംഗികണ്ട് കൺകുളിർത്ത് ഞങ്ങൾ വണ്ടിയിൽ സമീപത്തുള്ള മാനാ ഗ്രാമത്തിൽ എത്തിച്ചേർന്നു. നമ്മുടെ അതിർത്തി പ്രദേശമാണ്. കുന്നുകയറി പോകുന്ന ഒരു ഇടുങ്ങിയ വഴി അതിൻറെ ഇരുവശത്തുമായി ധാരാളം ചെറിയ കടകൾ , എല്ലാം തന്നെ ആ ഗ്രാമത്തിൽ താമസിക്കുന്ന ആളുകൾ നെയ്തുണ്ടാക്കുന്ന കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്നതിനുള്ളതാണ്. നല്ല കമ്പിളി ഉടുപ്പുകളും പുതപ്പുകളും ഒക്കെ അവിടെ ലഭിക്കും. അമ്മമാർ ഇരുന്ന് കമ്പിളി നെയ്യുന്ന കാഴ്ചയും കാണാം. നടന്ന് ചെല്ലുമ്പോൾ വ്യാസ മഹർഷി വേദങ്ങൾ സഞ്ചയിക്കുവാൻ തപസ്സു ചെയ്ത ഗുഹ കാണാം, വ്യാസൻ പറഞ്ഞുകൊടുത്തത് കേട്ട് ഗണപതി എഴുതിയെടുത്തു എന്നാണല്ലോ കഥ . ഗണേശ ഗുഹയും സമീപത്തു തന്നെ ഉണ്ട്. വീണ്ടും മുന്നോട്ടു നടക്കുമ്പോൾ മാനാഗ്രാമം അവസാനിക്കുകയും സരസ്വതി നദിയുടെ ഉത്ഭവസ്ഥാനം കാണുകയും ചെയ്യുന്നു. പാറക്കെട്ടുകൾക്കിടയിൽ നിന്നും നദി ശക്തിയോടെ പുറത്തേക്ക് വരുന്നത് കാണാം . അതിനടുത്തു തന്നെ സരസ്വതി ദേവിയുടെ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പാണ്ടവന്മാർ സ്വർഗ്ഗാരോഹണ സമയത്ത് അതുവഴി കടന്നുപോയി എന്ന വിശ്വാസപ്രകാരം അഞ്ചു പാണ്ഡവരുടെയും ദ്രൗപതിയുടെയും കൂടെ പോയ നായ്ക്കുട്ടിയുടെയും പ്രതിമകൾ വലിയ വലുപ്പത്തിൽ നിർമ്മിച്ച് വെച്ചിരിക്കുന്നു. വീണ്ടും 5 കിലോമീറ്റർ നടന്നാൽ വലിയ ഒരു വെള്ളച്ചാട്ടമുണ്ട് കൂടെയുള്ളവർ അതു കാണാൻ പോയ സമയത്ത് ഞാൻ മാനാഗ്രാമത്തിലൂടെ നടന്നു , കമ്പിളി ഉടുപ്പുകൾ വിൽക്കുന്ന ഫൂരൻ സിംഗിനെ പരിചയപ്പെട്ടു, അദ്ദേഹം കേരളത്തിലൊക്കെ വന്നിട്ടുണ്ട് . ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു .

 കടയുടെ മുമ്പിൽ വെയിൽ കൊണ്ട് ഒരു പെൺകുട്ടി നിൽക്കുന്നു വഴിയിലേക്ക് ഇറങ്ങിയപ്പോൾ അവൾ എൻറെ അടുത്ത് വന്ന് വിവരങ്ങൾ ചോദിച്ചു. മാന ഗ്രാമത്തിലേക്ക് പോകുന്നവർക്ക് ഗൈഡ് ആയി ജോലി ചെയ്യുകയാണ്  ഭൈരവി . ആളിന് ഒരു 17 വയസ്സു കാണും.
 ഞങ്ങൾ കുറെ സംസാരിച്ചു ഭൈരവിയുടെ വീട്ടിൽ അമ്മയും അച്ഛനും ചെറിയ അനുജത്തിയും ഉണ്ട്. ഭൈരവിയോടും രണ്ടു കൂട്ടുകാരികളോടും സംസാരിച്ചിരിക്കവേ സമയം പോയത് അറിഞ്ഞില്ല.
വെള്ളച്ചാട്ടം കാണാൻ പോയവർ നടന്നവശരായി തിരികെ വന്നു.
അന്ന് ഞങ്ങൾ ഹൃഷികേശിലേക്ക് തിരിച്ചുപോന്നു. മഹാഭാരതവും ചരിത്രകഥകളും ഓർത്തുകൊണ്ടല്ലാതെ ഹിമാലയ താഴ്വരകളിലൂടെ യാത്ര ചെയ്യാൻ കഴിയില്ല ദേവപ്രയാഗ്, രുദ്ര പ്രയാഗ് തുടങ്ങിയ നദീസംഗമങ്ങളും യാത്രയ്ക്കിടയിൽ കണ്ടു. 
രാത്രിയോടെ പിപ്പലിക്കോട്ട് എന്ന സ്ഥലത്ത് വന്നുകൂടി.
പിറ്റേന്ന് ഹൃഷികേശിൽ എത്തിച്ചേർന്നു. രാത്രി ത്രിവേണി ഘട്ടിൽ അനേകം ആളുകളോടൊപ്പം ഗംഗ ആരതി കണ്ടു.
ലോകത്ത് എവിടെയെങ്കിലും ഒരു നദിയെ ആരാധിക്കുവാൻ ആയിരങ്ങൾ ഒത്തുകൂടുന്ന ചടങ്ങുണ്ടോ ?. നദികളും പർവ്വതങ്ങളും നമ്മുടെ  കഥകളിൽ ദേവി ദേവന്മാരായി കടന്നുവരുന്നു. പ്രകൃതിയെ ആരാധിക്കുവാനാണ് നമ്മുടെ സംസ്കാരം ശീലിച്ചത് പ്രകൃതിയെ ചൂഷണം ചെയ്യണം കൊള്ളയടിക്കണം എന്ന ചിന്ത നമ്മുടേതല്ല. ഗംഗാതീരത്തെ കാഴ്ചകൾ കണ്ട് നടന്നാൽ മതിയാവില്ല എന്തെല്ലാം കാഴ്ചകൾ. ! പുലർകാല മഞ്ഞിനൊപ്പം ഞാനൊന്നു നടക്കാൻ പോയി ജാനകിസേതു എന്ന കൂറ്റൻ തൂക്കുപാലം കടന്ന് ഗംഗാതീരത്തേക്ക് ഇറങ്ങി. ഇരുകരകളിലുമായി അനേകം ആളുകൾ ഇരിക്കുകയും കിടക്കുകയും കുളിക്കുകയും ഒക്കെ ചെയ്യുന്നു. പലരും രാത്രി ഉറങ്ങുന്നതും  ഗംഗാതീരത്താണ് .  തീർത്ഥാടകരായി ജീവിതത്തിൻറെ അന്തസത്ത അന്വേഷിച്ചു പോകുന്ന മനുഷ്യർക്ക്.
ദുഃഖങ്ങളും സന്തോഷങ്ങളും നിരാശകളും പ്രതീക്ഷകളും എല്ലാം ഗംഗാതീരത്ത് വന്നിരിക്കുമ്പോൾ ചെറുതായി പോകുന്നതായി തോന്നും. ഈ ജനക്കൂട്ടങ്ങളെ കണ്ടാൽ അത് മനസ്സിലാകും അവർ അനേക നൂറ്റാണ്ടുകളായി തങ്ങളുടെ പൂർവികർ ജീവിച്ച മണ്ണിൻറെ വിശുദ്ധിയിൽ മുങ്ങാൻ വരുന്നവരാണ്. ഞങ്ങൾ ഒരു റിക്ഷയിൽ ഹരിദ്വാറിലേക്ക് പുറപ്പെട്ടു. ഹരിദ്വാറിൽ മനുഷ്യരെ  മുട്ടാതെ നടക്കാൻ പറ്റില്ല. ഗംഗയുടെ ഇരു കരകളിലും പുരുഷാരം സ്നാന നിരതരായിരിക്കുന്നു. ഹരിദ്വാർലെ ഇടുങ്ങിയ തെരുവുകളിൽ കാഴ്ചവസ്തുക്കൾ വിലക്കുറച്ചു കിട്ടും ഞങ്ങളും അതുവഴി കുറെ നടന്നു. സമയം കടന്നു പോയത് അറിഞ്ഞില്ല മനുഷ്യാരവങ്ങൾക്കിടയിലൂടെ നടന്നുനടന്ന് വൈകിട്ട് മുറിയിൽ എത്തിച്ചേർന്നു. തീർത്ഥാടനം ഇന്ന് അവസാനിച്ചിരിക്കുന്നു. ഞങ്ങൾ അഞ്ചു പേരെക്കുറിച്ച് പറയാം. ഗോപു ജഗന്നിവാസൻ ബിസിനസ് ചെയ്യുന്നു ആഗ്രഹിച്ചുവന്ന പലതും വാങ്ങിക്കുന്ന തിരക്കിലാണ് ആശാൻ. അർജുൻ നമ്പൂതിരി പൂജാരിയും ഐ ടി എഞ്ചിനീയറുമാണ്  . നിഖിൽ ഫാർമസി കമ്പനി ജീവനക്കാരനാണ് , ബിനു ബിൽഡിംഗ് കോൺട്രാക്ടറാണ് യാത്രക്കു പോകുന്നവർ ചേർച്ചയുള്ളവരാണെങ്കിലെ യാത്ര അനന്ദകരമാവുകയുള്ളു. ഞങ്ങളുടെ ടീമിൻ്റെ മികവും അതുതന്നെ ആയിരുന്നു.  വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാൻ ഞങ്ങൾ തയ്യാറായി, ഉത്തരഖണ്ഡിന്റെ മണ്ണ് വീട്ടുപോരുമ്പോൾ ഒരു വേദന! പിറ്റേന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയിട്ടും ഇനി എപ്പോഴാണ് അവിടേക്ക് പോകാൻ പറ്റുന്നത് എന്ന ഒരു ചിന്ത പിടികൂടിയിരുന്നു.

ദാ തീർന്നു ദാസാ എൻറെ തീർത്ഥാടനം. ഗോപു, അർജുൻ,  നിഖിൽ, ബിനു എന്നിവരോടൊപ്പം ഞാനും ഞങ്ങളുടെ അഞ്ച് അംഗസംഘത്തിന്റെ വിശുദ്ധ വഴികൾ.

ഹിമാലയൻ യാത്ര - കവളങ്ങാടൻ

ഹിമാലയ ദർശനം ഒരു തീർത്ഥാടനം തരായി ന്നങ്ങട് പറഞ്ഞാൽ മതീലോ ഓരോന്നിനും ഓരോ സമയണ്ട് ദാസാ എന്ന് പയ്മ്പോലെ ആയിരുന്നു കഥ. 2026 ജൂൺ പതിനഞ്ചാം തീയതി ...