2020, നവംബർ 18, ബുധനാഴ്‌ച

അഗ്നിവർണ്ണന്റെ കാലുകൾ

അഗ്നിവർണൻ കാലുകൾ 

കാവാലം നാരായണപണിക്കർ 

പാഠവിശകലനം റെജികവളങ്ങാട് .

അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകം  പുരാണങ്ങളിലെ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നതായി തോന്നുമെങ്കിലും ആധുനിക സമൂഹത്തിലെ അധികാര ജീർണ്ണതയെ വ്യത്യസ്തമായ രീതിയിൽ  ആവിഷ്കരിക്കാനാണ് കാവാലം നാരായണ പണിക്കർ ശ്രമിക്കുന്നത്. രൂക്ഷമായ ആക്ഷേപഹാസ്യം ഈ നാടകത്തിൻറെ പ്രത്യേകതയാണ് , 

."ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം "
എബ്രഹാം ലിങ്കന്റെ ഈ വാക്കുകൾ ജനാധിപത്യത്തെക്കുറിച്ചുള്ള  ഏറ്റവും പ്രസിദ്ധമായ  നിർവ്വചനമാണ്.

കേവലരാമൻ എന്ന കഥാപാത്രത്തിനെ വിലയിരുത്തുമ്പോൾ ഇത് ഓർമ്മയിൽ ഉണ്ടായിരിക്കുന്നത് നന്നാണ്.
അയാൾ സാധാരണ ജനങ്ങളുടെ പ്രതിനിധിയാണ് ഭയന്നാണ്  അയാൾ രാജസഭയിലേക്ക് കടന്നുവരുന്നത്.
രാജസഭയിൽ ആകെ ദുർഗന്ധം ഉള്ളതായി അയാൾക്ക് തോന്നുന്നു.അയാളവിടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കുന്നു , എന്നാൽ ചിന്താ രാമനടക്കം രാജസഭയിലേക്ക് കടന്നുവരുന്ന ആർക്കും കേവല രാമൻറെ അനുഭവം ഉണ്ടാകുന്നില്ല.

ബുദ്ധിജീവിയായ ചിന്താരാമൻ കേവലരാമനോട് സിംഹാസനത്തിൽ കയറി ഇരിക്കുവാൻ  നിർദ്ദേശിക്കുന്നു , കേവലരാമൻ അവിടെ കയറി ഇരിക്കുമ്പോൾ  കൊത്തുവാൾ അയാളെ തള്ളി താഴെ ഇടുന്നു.ചിന്താ രാമൻറെ തടിച്ച പുസ്തകം ഉയർത്തിപ്പിടിച്ച് കേവലരാമൻ കൊത്തുവാളുമായി ഏറ്റുമുട്ടുന്നു.

ഇവിടെ ഒരു രാജാവ് ഉണ്ടോ എന്ന കേവല രാമൻറെ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കുന്നില്ല.ചിന്താരാമനും കൊത്തുവാളും രാജഗുരുവും വിദൂഷകനും എല്ലാം തങ്ങൾ രാജാവിന് തുല്യരാണ് എന്ന് പറയാൻ മത്സരിക്കുന്നു.
"നിങ്ങൾ ആരായാലും വേണ്ടില്ല നിങ്ങൾ ഒരു ചുക്കും ചെയ്യാനില്ല ഞാനാണ് രാജാവ്,എൻറെ കാലുകളാണ് ആ കാണുന്നത് എൻറെ കാലുകൾ നിങ്ങൾക്ക് മാപ്പ് തന്നിരിക്കുന്നു. "
എന്ന് കേവലരാമൻ കൊത്തുവാളിനോട്  ആജ്ഞാപിക്കുന്നു ,അപ്പോൾ ഏതു പ്രതിസന്ധിയിലും കൂടെ ഉണ്ടായിരിക്കും എന്ന് പറഞ്ഞ ചിന്താരാമൻ തന്നെ അയാളെ തള്ളിപ്പറയുന്നു. ഉന്നതമായ ആദർശങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി ബലികഴിക്കപ്പെടുന്നു.

നിരന്തരം വഞ്ചിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സാധാരണക്കാരും അധ്വാനിക്കുന്നവരും ആയ  കേവല മനുഷ്യരുടെ പ്രതിനിധിയാണ് കേവലരാമൻ.
മറ്റുള്ളവരെ പോലെ പലതും കണ്ടിട്ടും  കാണാതിരിക്കാനോ കാണാത്തത് കണ്ടെന്ന് പറയുവാനോ അയാൾക്ക് ആകുന്നില്ല അടിച്ചുതളിക്കാരിയോട് ഇവിടെയെല്ലാം ഒന്ന് അടിച്ചുതളിച്ച് വൃത്തിയാക്കണം എന്ന് അയാൾ പരാതി പറയുന്നു.

നാടകത്തിലെ കഥാപാത്രങ്ങളിൽ ചിന്താരാമനും കേവലരാമനും ആണ് ജനങ്ങളുടെ പക്ഷത്തുനിന്ന് ഉള്ളവർ . എന്നാൽ ചിന്താരാമൻ കേവലരാമനിൽ നിന്നും തികച്ചും വ്യത്യസ്തനാണ്, കേവലരാമന് രാജസഭയിൽ ദുർഗന്ധവും ഭയവും അനുഭവപ്പെടുമ്പോൾ ചിന്താരാമൻ അവിടെ ശാന്തനായി ഇരുന്ന് പുസ്തകം വായിക്കുന്നു.
മാത്രമല്ല കേവല രാമൻ സൗഹൃദത്തിന് ശ്രമിക്കുമ്പോൾ ചിന്താരാമൻ അയാളിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കുന്നു.
അധികാര ദുഷ്പ്രഭുത്വത്തിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും  ചിന്താരാമനെ കൊണ്ട് കേവല രാമന് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല.സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിന്ന് മനപ്പൂർവ്വം അകന്നുനിൽക്കുകയും സ്വയം അധികാര കേന്ദ്രമാകാൻ ശ്രമിക്കുകയും ചെയ്യുന്ന അഭ്യസ്തവിദ്യരുടെ പ്രതിനിധിയാണ് ചിന്താരാമൻ.എങ്കിലും കേവല രാമനെ പോലെയുള്ള സാധാരണക്കാരുടെ ബലം ചിന്താ രാമൻറെ അറിവ് തന്നെയാണ്.അധികാരി വർഗ്ഗത്തിനോട് പൊരുതാൻ കേവലരാമൻ ചിന്താരാമനെ കൂട്ടുപിടിക്കുന്നുണ്ട്.

 ലോകത്തിലെ ഏറ്റവും ഉത്തമനായ മനുഷ്യൻ ആര് എന്ന വാല്മീകിയുടെ ചോദ്യത്തിന് ഉത്തരമായാണ് നാരദൻ രാമന്റെ കഥ പറയുന്നത് ,സമൂഹത്തിൻറെ നന്മയ്ക്കുവേണ്ടി സ്വകാര്യ സുഖങ്ങൾ ഉപേക്ഷിക്കുന്ന മാതൃകാ പുരുഷനാണ് പുരാണത്തിലെ ശ്രീരാമൻ .രാമായണത്തിൽ രാമൻറെ  പാദുകങ്ങൾ  സിംഹാസനത്തിൽ വച്ച്  പകരക്കാരനായാണ് ഭരതൻ രാജ്യം ഭരിച്ചത്.രാജാവിൻറെ പാദുകം നീതിയുടെ ചിഹ്നം ആയിരുന്നു.നാടകത്തിൽ രണ്ടു മരക്കാലുകളെ രാജാവിൻറെ സ്തുതിപാഠകർ ചുമന്നുകൊണ്ട് നടക്കുന്നു.ഇന്ദ്രിയങ്ങൾ അഞ്ചും സ്വകാര്യ സുഖങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന രാജാവിനെയാണ് അവർ സ്തുതിക്കുന്നത് .രാമകഥയെ സമകാലിക സമൂഹത്തിനെ വിമർശിക്കുവാൻ ഉള്ള ശക്തമായ ആയുധമാക്കി മാറ്റുവാൻ  കാവാലത്തിന്  കഴിഞ്ഞിരിക്കുന്നു. 

കേവല രാമനെയും ചിന്താ രാമനെയും രാമൻ എന്ന വാക്ക് ചേർത്ത് വിളിക്കുന്നത്.രാമ രാജ്യത്തിൻറെ അവകാശികൾ അവരാണ് എന്ന് ധ്വനിപ്പിക്കുന്നതിനും നീതി നടപ്പാക്കേണ്ടത്  അവരാണ് എന്ന്  പറയുന്നതിന്  ഉദ്ദേശിച്ചും തന്നെയാണ്.

നാടകത്തിൽ ആദ്യം രംഗപ്രവേശം ചെയ്യുന്നത് വിദൂഷകൻ ആണ് കൂടിയാട്ടത്തിന്റെ പാരമ്പര്യം ഈ കഥാപാത്രത്തിന്റെ സൃഷ്ടിയിൽ കാണുവാൻ കഴിയും.
അഗ്നിവർണ്ണ മഹാ രാജാവിൻറെ രണ്ട് മരക്കാലുകൾ ചുമന്നുകൊണ്ടാണ്  അയാൾ രംഗപ്രവേശനം ചെയ്യുന്നത് , അയോധ്യാ വാസികൾക്ക് മരക്കാലുകളോട് സങ്കടങ്ങൾ ബോധിപ്പിക്കാം എന്നാണ് അയാൾ അറിയിക്കുന്നത്.
താൻ രാജാവിൻറെ സന്തതസഹചാരിയാണ് എന്നും ഹാസ്യ കഥാപാത്രമായ തനിക്ക് പകലിരവ് ഉറക്കം മൂക്കറ്റം ശാപ്പാട് അതിൽ കവിഞ്ഞ് ഒന്നും ഇല്ല എന്നും അയാൾ വെളിപ്പെടുത്തുന്നു.
അയോധ്യയിലെ പാവപ്പെട്ടവരായ നാം വിശപ്പടക്കുവാൻ എന്ത് ചെയ്യും എന്ന് ഒരാൾ ചോദിക്കുമ്പോൾ "അതിന് വിശപ്പു പോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാറുണ്ടോ "എന്നാണ് വിദൂഷകൻ ചോദിക്കുന്നത്.
പട്ടിണിപ്പാവങ്ങളെ താണവരായി കരുതുന്ന  ആഡംബരത്തിന്റെ കുഴലൂത്തുകാരൻ ആണ് വിദൂഷകൻ . ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ അധികാരം കൈക്കലാക്കിയ കുറച്ചുപേർ  പൊതുസമൂഹത്തിന് പണംകൊണ്ട് ആഡംബരം നടത്തി ജീവിക്കുന്നതിന്റെ നൃശംസത വരച്ചുകാട്ടുകയാണ് നാടകകൃത്ത്
കൊത്തുവാളും രാജഗുരുവും ഒക്കെ സ്വന്തം അധികാരപരിധികൾ അറിയാത്തവരും  ഉള്ള അധികാരം  തൻപ്രമാണിത്തം കാണിക്കുന്നതിനു വേണ്ടി മാത്രം ഉപയോഗിക്കുന്നവരും , ജനങ്ങളുടെ സേവകരാണ് തങ്ങളെന്ന യാഥാർത്ഥ്യബോധം ഇല്ലാത്തവരുമായ ആയ ഉദ്യോഗസ്ഥന്മാരുടെ പ്രതിനിധികളാണ്.
രാജാവിന് അവരെ നിലയ്ക്കു നിർത്താൻ കഴിയുന്നില്ല , അരാജകത്വമാണ് അരങ്ങുവാഴുന്നത് ,
യഥാ രാജ തഥാ പ്രജ എന്ന്  ചിന്താ രാമൻ പറയുമ്പോൾ  യഥാ പ്രജ തഥാ രാജ എന്ന് കേവല രാമൻ തിരുത്തിപ്പറയുന്നു.
നമുക്ക് അവകാശപ്പെട്ടതേ  നമുക്ക് ലഭിക്കൂ എന്നും പറയുന്നുണ്ട്. ജനാധിപത്യം സഫലമാകണമെങ്കിൽ ജനങ്ങൾ പ്രതികരിക്കണമെന്നുതന്നെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

അഴിമതിയും സ്വജനപക്ഷപാതവും അരാജകത്വവും ജനാധിപത്യത്തിനെ തച്ചുതകർക്കുന്നതിനെതിരായിട്ടുള്ള പ്രതിഷേധമാണ് അഗ്നിവർണന്റെ കാലുകൾ എന്ന നാടകം മുന്നോട്ടുവയ്ക്കുന്നത്.സാധാരണ മനുഷ്യരുടെ സങ്കടങ്ങൾ കേൾക്കാൻ ചെവി ഇല്ലാത്ത അധികാരി വർഗ്ഗത്തിനെ മരക്കാലുകളോട് ആണ് ഉപമിച്ചിരിക്കുന്നത്.
നാടകത്തിൻറെ അവസാനം കടന്നുവരുന്ന അടിച്ചുതളിക്കാരി കാവ്യാത്മകമായ ഒരു സ്വപ്നമാണ്.അടിസ്ഥാന വർഗ്ഗത്തിൻ്റെ, സ്ത്രീകളുടെ, പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ പ്രതീകം, കൂടിയാണ് അടിച്ചുതളിക്കാരി. യഥാർത്ഥത്തിൽ ജനാധിപത്യത്തിലെ രാജാവാണ് 
 അടിസ്ഥാന വർഗ്ഗം , അവർ ഉയിർത്തെഴുനേൽക്കുമ്പോഴേ യഥാർത്ഥ ഭരണം സാധ്യമാകു  . വ്യവസ്ഥ പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു അതിന് എല്ലാവരും കൈകോർക്കണം എന്ന സന്ദേശമാണ് നാടകം നൽകുന്നത്.

ലളിതവും നമ്മുടെ ദൃശ്യകലാ പാരമ്പര്യത്തിനോട് ചേർന്ന് നിൽക്കുന്നതുമായ  ആവിഷ്കാര രീതിയാണ് കാവാലം നാടകത്തിന് നൽകിയിരിക്കുന്നത്.തനതു നാടക വേദിയുടെ മുഖമുദ്രകൾ ഉള്ള ഈ നാടകം ഏറെ അഭിനയ സാധ്യതകളുള്ള തും  രൂക്ഷമായ സാമൂഹിക വിമർശനം ഉൾക്കൊള്ളുന്നതുമാണ്.നാടകത്തിന്റെ ശക്തിയും പ്രചോദനാത്മകതയും  വെളിപ്പെടുത്തുന്ന രചനയാണിത്.
കാവാലം നാരായണ പണിക്കരുടെ കലാപരമായ കൃതഹസ്തതക്ക് ഉദാഹരണമായി അഗ്നിവർണന്റെ കാലുകൾ എന്ന നാടകം നിലകൊള്ളുന്നു.


മലയാളത്തിലെ തനത് നാടകങ്ങളിൽ ഒന്നാണ് അഗ്നിവർണന്റെ കാലുകൾ എന്ന നാടകം , നമുക്ക് മലയാളത്തിലെ തനതു നാടകവേദി യെക്കുറിച്ച് വിക്കിപീഡിയയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാം

"ഒരു പ്രദേശത്തെ സംസ്കാരികമായ പ്രത്യേകതകളുമായി ജൈവിക ബന്ധഠ  പുലർത്തുന്നതും  അവിടത്തെ സവിശേഷവും പരിമിതവുമായ സദസ്സിന് വേണ്ടി രുപപ്പെടുത്തിയതുമയ രംഗാവിഷ്കാര സമ്പ്രദായമാണ് തനതു നാടകവേദി.കോളനി വൽക്കരണത്തിനു വിധേയമായ എല്ലാ രാജ്യങ്ങളും വൈദേശിക സ്വാധീനത്തെ പൂർണ്ണമായും നിരാകരിക്കാനുളള ശ്രമത്തിന്റെ ഭാഗമായി വേണഠ തനതു നാടകവേദിയെ വിലയിരുത്തേണ്ടത്. 20- നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാരതത്തിലെ പല പ്രദേശിക ഭാഷകളിലും ഉടലെടുത്ത നവോത്ഥാനത്തിന്റെയും സത്യാന്വേഷണ ത്തിന്റെയും ഭാഗമാണ് തനതു നാടകവേദി എന്ന സങ്കൽപ്പം.കർണ്ണാടകയിലെ യക്ഷഗാനം, ബംഗാളിലെ ജാത്രെ ഗുജറാത്തിലെ ഭാവൈ തുടങ്ങിയ നാടോടി കലാരൂപങ്ങളിൽ നിന്ന് ഊർജ്ജം സ്വീകരിച്ചാണ് അതത് ഇടങ്ങളിൽ തനതു നാടകവേദി രൂപം കൊണ്ടതും വളർന്നതും. ഭാരതത്തിലെ തനതു നാടകവേദിയുടെ വളർച്ചക്ക് ഗണ്യമായ സംഭാവനകൾ നൽകിയവരാണ് ഹബീബ് തൻവീർ ,ഗിരിഷ്കർണാട്, വിജയ് തെണ്ടുൽക്കർ ,ഉല്പൽ ദത്ത്, ശംഭുമിത്ര ,സി.എൻ ശ്രികണ്Oൻ നായർ,കാവാലം നാരായണപണിക്കർ തുടങ്ങിയവർ

                 1960 അവസാനത്തിൽ തന്നെ തനതു നാടക വേദി എന്ന സങ്കൽപ്പം കേരളത്തിൽ രൂപപ്പെട്ടു തുടങ്ങി .1969 ആഗസ്സ് മാസത്തിൽ ശാസ്താംകോട്ടയിൽ ആരംഭിച്ച നാടക കളരിയുടെ ഇടവേളകളിൽ നടന്ന ചർച്ചകളിൽ നിന്നാണ് തനതു നാടക വേദി എന്ന ആശയത്തിന് ബീജ വാപം.തുടർന്ന് ഒന്നിലേറെ കളരികളിലൂടെ തനതു നാടകവേദിയുടെ സങ്കൽപ്പത്തിന് മൂർത്തരൂപം കൈവന്നു.1968-ൽ കൂത്താട്ടുകുളത്തെ നാടക കളരിയിൽ അവ തരിപ്പിച്ച തനതു നാടകവേദി എന്ന ലേഖനത്തിലൂടെ തനതു സങ്കൽപത്തെ വ്യക്തമായി വിശദികരിക്കാൻ സി.എൻ.ശ്രീകണ്ഠൻ നായർക്കു കഴിഞ്ഞു.എം ഗോവിന്ദൻ ,അയ്യപ്പപണിക്കർ, കാവാലം നാരായണപണിക്കർ, ജി.ശങ്കരപ്പിള്ള തുടങ്ങിയവരും തനതു നാടക സങ്കൽപ്പത്തെ രൂപപ്പെടുത്തുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .പുരാവൃത്തത്തിന്റെ ഉൾബലം ഉള്ള പ്രമേയം ലോകധർമമിയോടൊപ്പം നാട്യധർമ്മ്യക്കും' നൽകിയിട്ടുള്ള ചലന രീതികൾ, കേരളീയമായ രംഗാവിഷ്കാര സമ്പ്രദായങ്ങളുടെയും നാടോടി കലാരൂപങ്ങളുടെയും സ്വധീനം ,അനുഷ്ഠാനത്മകത ഉപാഹാസവും നർമ്മവും ചേർന്ന ഭാവഘടന, രംഗവേദിയോടുളള പ്രേഷക പങ്കാളിത്തം മുതലായവയാണ് തനതു നാടകത്തിനു വേണ്ട ആവശ്യ ഘടകങ്ങൾ തനതു നാടകത്തിന്റെ സവിശേഷ പൂർണ്ണമായി പ്രതിഫലിപ്പിക്കുവാൻ ശ്രമിച്ച ആദ്യ നാടകം സി.എൻ ശ്രീകണ്ഠൻ നായരുടെ 'കലി' ആണ്. 'കേരളിയ താളക്രമങ്ങളുടെ സന്നിവേശമാണ് കലിയുടെ എറ്റവും വലിയ പ്രത്യേക തയെന്ന് നിരൂപകർ വിലയിരുത്തിയിട്ടുണ്ട്

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...