2020, ജൂൺ 23, ചൊവ്വാഴ്ച

എഴുത്തച്ഛന്റെ ശകുന്തള

ശാകുന്തളം

 വ്യാസ മഹാഭാരതം ആദിപർവ്വത്തിലെ 8984 ശ്ലോകങ്ങൾ 8326 വരികളിൽ(1/4) മൂന്നു പർവ്വങ്ങളാക്കി കിളിപ്പാട്ടിൽ സംഗ്രഹിച്ചിരിക്കുന്നു.

ആദി സഭ ആരണ്യം വിരാടം ഉദ്യോഗം ഭീഷ്മം ദ്രോണം കർണം  ശല്യം ആസ്തികം സ്ത്രീ ശാന്തി അനുശാസനം  അശ്വമേധം ആശ്രമവാസികം മൗസലം പ്രസ്ഥാനം  സ്വർഗ്ഗാരോഹണം ഇങ്ങനെ 18 പർവ്വവും ഹരിവംശം വിഷ്ണു ഭവിഷ്യൽ എന്നീ മൂന്ന് ഉപവർവ്വങ്ങളും ആണ് വ്യാസ മഹാഭാരതത്തിൽ ഉള്ളത്. (ഇത് മൂന്നും ചേർന്നാൽ  മഹാഭാരതത്തിന്റെ പത്തിൽ ഒന്നിനേക്കാൾ വരും)
എഴുത്തച്ഛൻ ആദിപർവ്വത്തിലെ കഥകൾ
 പൗലോമം(1102വരി) ആസ്തികം(1424വരി) സംഭവം ( 6000വരി)
എന്ന് മൂന്ന് പർവ്വങ്ങളാക്കി.
 ബാക്കി അതേപടി സ്വീകരിച്ചുകൊണ്ട്  21 പർവ്വങ്ങളാക്കി മാറ്റി.
ഉപ പർവ്വങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു.

ശകുന്തളയുടെ കഥയിൽ അവസാനഭാഗത്ത് വരുത്തിയ മാറ്റങ്ങൾ അറിയാൻ വ്യാസഭാരത പരാമർശങ്ങൾ നോക്കാം.

1) രാജാവിന് ശകുന്തളയെ കണ്ടപ്പോൾ മനസ്സിലായെങ്കിലും അറിയില്ലെന്ന് നടിച്ചു.

എഴുത്തച്ഛന്റെ ദുഷന്തൻ ശകുന്തളയെ പാടെ മറന്നു പോയിരുന്നു.

2) ഓർക്കുന്നില്ലെന്നുപറഞ്ഞ രാജാവിനോട് പുത്രനെ സ്വീകരിക്കുക ഞാൻ തിരികെ പൊയ്ക്കോളാം എന്ന് ശകുന്തള പറഞ്ഞു.

ആ ഭാഗം എഴുത്തച്ഛൻ ഉപേക്ഷിച്ചു.

3) മേനകയുടെയും കൗശികന്റെയും കുറവുകൾ പറഞ്ഞിട്ട് അവർ ഉന്നതരാണ് നീ അവരുടെ മകളാവില്ല എന്ന് സംശയിക്കുന്നു. അഥവാ അബദ്ധത്തിൽ പുത്രി ഉണ്ടായെങ്കിൽ എന്നെ ബാധിക്കുന്നതും അല്ലെന്നു കൂട്ടിച്ചേർക്കുന്നു.

കിളിപ്പാട്ടിൽ ആ സംശയമില്ല.

3) കടുകു പോലുള്ള ദോഷം കാണും കൂവളക്കായ പോലുള്ളത് കാണില്ല എന്ന് ശകുന്തള പറഞ്ഞു. 

കിളിപ്പാട്ടിൽ കൂവളക്കായ ഗജമായി

4) അസത്യം പറഞ്ഞ് വാഗ്ദാനം ഉപേക്ഷിക്കാൻ ആണെങ്കിൽ ഞാൻ പോകുന്നു. ഇത്തരം ഒരാളോട് എനിക്ക് സഹവാസം വേണ്ട. 
  ഹേ ദുഷ്യന്ത! 
ആഴി ചൂഴുന്ന ഈ ഊഴി എന്റെ മകൻ പരിപാലിക്കും എന്ന് ധരിച്ചു കൊള്ളുക! എന്നുപറഞ്ഞുകൊണ്ട് ശകുന്തള തിരിഞ്ഞു നടന്നു.

പെണ്ണിന്റെ വീര്യം പറച്ചിലൊന്നും എഴുത്തച്ഛൻ അംഗീകരിച്ചിട്ടില്ല.

5) അശരീരി വിശദമാണ്.

6) ദേവന്മാരുടെ വാക്ക് കേട്ടല്ലോ? ഇവൻ എന്റെ പുത്രനാണെന്ന് എനിക്കറിയാം. ലോകശങ്ക ഒഴിവാക്കാനാണ് കളവ് പറഞ്ഞത്. എന്ന് സഭാ വാസികളോട് പറഞ്ഞു.

ഈ ഭാഗം പൂർണ്ണമായും എഴുത്തച്ഛൻ  വിട്ടുകളഞ്ഞു.

7) നമ്മുടേത് രഹസ്യ വിവാഹം ആയിരുന്നതിനാൽ  നിന്നെ ആളുകൾ സംശയിക്കും. നിന്റെ ശുദ്ധിക്ക് വേണ്ടിയാണ്  ഞാൻ കളവ് പറഞ്ഞത്. ശങ്ക നീക്കി വേണമല്ലോ പുത്രന് രാജ്യം നൽകേണ്ടത്.
 പ്രിയ മൂലം നീ ചൊടിച്ചു പറഞ്ഞതെല്ലാം ഞാൻ ക്ഷമിക്കുന്നു.

ഇതും എഴുത്തച്ഛൻ പുർണ്ണമായി വിട്ടുകളഞ്ഞു.

വിവാഹ അവസരത്തിലും വ്യത്യാസങ്ങൾ ഇത്തരത്തിൽ കണ്ടെടുക്കാം. മാറ്റിയത് ചെറിയ കാര്യങ്ങളാണെങ്കിലും ഇമ്പാക്റ്റ് വളരെ വലുതാണ്!

രതീഷ് കുമാർ
എം എസ് എം എച് എസ് എസ് 
കല്ലിങ്ങൽ പറമ്പ്
മലപ്പുറം

2020, ജൂൺ 22, തിങ്കളാഴ്‌ച

ദൈവദശകം - വ്യാഖ്യാനം

ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം"

"ഇങ്ങ് - ഇവിടെ/ ഈ ലോകത്തിൽ, നാവികൻ-കപ്പിത്താൻ, അബ്ധി-സമുദ്രം, ഭവാബ്ധി-സംസാരസമുദ്രം, ആവിവൻതോണി-ആവിക്കപ്പൽ, നിൻപദം-നിൻറെ കാലടി/നിൻറെ വാക്ക്

അല്ലയോ ദൈവമേ, സംസാരസാഗരത്തിൽ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ നീ കൈവെടിയരുതേ. അദൃശ്യനായ നീ മാത്രമാണ് ഞങ്ങൾക്കു തുണനായ നായകൻ. നിൻറെ പാദത്തെ ഞങ്ങൾ ശരണം പ്രാപിക്കുന്നു. അതു മാത്രമാണ് ഞങ്ങളെ ജനനമരണ ദുഃഖമാകുന്ന വൻകടലിൻറെ മറുകരയിൽ എത്തിക്കുന്ന ആവിക്കപ്പൽ."

"ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം"

"പൊരുൾ - അർത്ഥം, ദൃക്ക് - കണ്ണ്‌/അറിവ്‌/നോട്ടം

ദൃശ്യപ്രപഞ്ചത്തെ ഒന്നൊന്നായി പരിശോധിച്ചു ചെന്നാൽ ഇന്ദ്രിയ സന്നികർഷതകൊണ്ട് അറിയുന്ന വസ്തുക്കൾ കേവലം പ്രതീതികൾ മാത്രമാണെന്നു മനസ്സിലാവുകയും, ദൃക്ക് സ്വസ്വരൂപത്തിൽ തന്നെ പ്രതിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു.അതുപോലെ ദൈവത്തെ അന്വേഷിക്കുന്ന അന്തരംഗത്തിനു അതിൻറെ തന്നെ അധിഷ്ഠാനമായി സ്ഥിതി ചെയ്യുന്നതാണ് ദൈവമെന്നറിയമ്പോൾ അദ്വൈതദർശനം ലഭിക്കുന്നു. അപ്രകാരമുള്ള അനുഭൂതി ഉണ്ടാകുന്നതിനു ദൈവാനുഗ്രഹം ഉണ്ടാകട്ടെ."

"അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ."

"ആഹാരം വസ്ത്രം മുതലായവ മുടങ്ങാതെ തന്ന് ഞങ്ങളെ അവിടുന്ന് രക്ഷിക്കുന്നു. അങ്ങനെ ഞങ്ങളെ സുഖികളാക്കി തീർക്കുന്ന അങ്ങൊരാൾ തന്നെയാണ് ഞങ്ങളുടെ രക്ഷിതാവായ പ്രഭു "

"ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം."

"ആഴി- കടൽ

ഇവിടെ മനുഷ്യനേയും കടലിനേയും താരതമ്യം ചെയ്യുന്നു: കടലിലെ തിരയും കാറ്റും ആഴവും പോലെ സമാനമാണ് ഞങ്ങളും. തിരയ്ക്കു തുല്യമായ മായയും, കാറ്റിനു തുല്യമായ ദൈവമഹിമയും, കടലിൻറെ ആഴത്തെപോലെ അപ്രമേയമായ ദൈവവും എന്നു ഞങ്ങൾക്കു ബോദ്ധ്യമാകണം. അതുകൊണ്ടുണ്ടാകുന്ന അദ്വൈതബുദ്ധിയാൽ ഞങ്ങൾ അനുഗൃഹീതരാകണം."

"നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുളള സാമഗ്രിയായതും."

"സൃഷ്ടിക്കുകയെന്ന ക്രിയയും, അതു നടത്തുന്ന സൃഷ്ടികർത്താവും , ദൈവമേ അങ്ങുതന്നെയാണ്. സൃഷ്ടിക്കപ്പെട്ടു കാണുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും ദൈവം തന്നെയാണ്. സൃഷ്ടിക്ക് മുമ്പ് അതിനാവശ്യമായിരുന്ന വസ്തുവകകളും, അല്ലയോ ദൈവമേ, അങ്ങുതന്നെയാണ് ."

"നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."

"അല്ലയോ ദൈവമേ, പ്രപഞ്ചസൃഷ്ടിക്ക് ഹേതുഭൂതമായ ദൈവശക്തിയും അങ്ങുതന്നെയാണ്. അങ്ങുതന്നെയാണ് ദൈവശക്തിയെ പ്രവർത്തിപ്പിക്കുന്ന ഇന്ദ്രജാലികനും. സൃഷ്ടി സ്ഥിതിപ്രളയങ്ങളാകുന്ന ഇന്ദ്രജാല ലീലകളിൽ രസിക്കുന്നയാളും അവിടുന്നുതന്നെ. ഒടുവിൽ മായാമോഹങ്ങളൊക്കെ അകറ്റി, ശക്തിയെ ഒഴിച്ചു മാറ്റി മോക്ഷം നേടി തരുന്നതും അങ്ങ് തന്നെ."

"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും 
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."

"ദൈവമേ, നീ സത്യമാണ്. ജ്ഞാനമാണ് ആനന്ദമാണ്. വർത്തമാന കാലവും ഭൂതകാലവും ഭാവികാലവും നീ തന്നെയാണ്. ലോകാനുഭവങ്ങൾക്കൊക്കെ ആശ്രയമായി നിൽക്കുന്ന ശബ്ദവും ആലോചിച്ചു നോക്കിയാൽ അവിടുന്നു തന്നെയാണ്."


"അകവും പുറവും തിങ്ങും 
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക."

"അകവും പുറവും ഇടതിങ്ങി നിറഞ്ഞു നിൽക്കുകയാണ് അങ്ങയുടെ തിരുരൂപം. അങ്ങയെ ഞങ്ങൾ പുകഴ്ത്തുന്നു. അങ്ങ് എപ്പോഴും വിജയിച്ചരുളുമാറാകട്ടെ."

"ജയിക്കുക മഹാദേവ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കക."

"ദേവന്മാരുടെയെല്ലാം ദേവനായ ദൈവമേ,അങ്ങ് വിജയിച്ചരുളണേ, ദീനന്മാരെ രക്ഷിക്കുന്ന ബോധാനന്ദസ്വരൂപ അവിടുന്ന് വിജയിക്കുമാറാകണേ."

"ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."

"വളരെ ആഴമുള്ള അങ്ങയുടെ ജ്യോതിസ്സാകുന്ന കടലിൽ ഞങ്ങൾ സമ്പൂർണ്ണമായി മുങ്ങണം. എന്നും അവിടെത്തന്നെ വാഴണം. ആനന്ദം മാത്രം ശാശ്വതമായി അവശേഷിക്കണം" (കടപ്പാട് - വിക്കിപ്പീഡിയ )

ദയാബായ്- പാഠവിശകലനം, സുജിലാറാണി ടീച്ചർ


ദയാബായി


മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ്   ദയാബായി   എന്ന  മേഴ്സി മാത്യു. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബാരുൾ ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. ഗോണ്ടുകൾ എന്ന ആദിവാസി വിഭാഗങ്ങൾക്കിടയിലാണ് ദയാബായി അവരുടെ  സേവനപ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. പാലായിൽ ജനിച്ച മേഴ്‌സി മാത്യു ബീഹാറിലെ ഹസാരിബാഗ് കോൺവെന്റിൽ എത്തിയത് കന്യാസ്ത്രീയാവാൻ ആയിരുന്നു. എന്നാൽ ദുരിതപൂർണമായ മനുഷ്യരുടെ ജീവിതം അവരെ അലട്ടുകയും സുഖപ്രദമായ സാഹചര്യങ്ങളിൽ തനിക്ക്  ജീവിക്കാനാവില്ല എന്ന് തിരിച്ചറിയുകയും ചെയ്ത അവര്‍ കോൺവെന്റ് പഠനം ഉപേക്ഷിച്ചു ആദിവാസിഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ഉന്നത ബിരുദധാരിയായ അവർക്ക് ലഭിക്കുമായിരുന്ന ഉദ്യോഗവും ഉയർന്ന ജീവിതസാചര്യങ്ങളും ഉപേക്ഷിച്ചു കൊണ്ടാണ് അവർ ദരിദ്ര ജീവിതം തിരഞ്ഞെടുത്തത്.
മധ്യപ്രദേശിലെ ബാരുൾ ഗ്രാമത്തിലെ ആദിവാസി വിഭാഗങ്ങളോടൊപ്പം അവരുടെ പരമ്പരാഗത ജീവിതരീതികൾ സ്വീകരിച്ചുകൊണ്ട് അവരിൽ ഒരാളായി അവർക്ക് വേണ്ടി പോരാട്ടങ്ങൾ നടത്തിവരുകയാണ് ദയാബായി. അവരിലൊരാളായാൽ മാത്രമേ അവർ തന്നെ അംഗീകരിക്കുകയുള്ളൂവെന്ന്‌ മനസ്സിലായപ്പോൾ മേഴ്സി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. 'ബായി' എന്നത് ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേര്‌. അതോടൊപ്പം മേഴ്സി എന്നർത്ഥം വരുന്ന 'ദയ' എന്ന് കൂടി കൂട്ടിച്ചേർത്ത് മേഴ്‌സി മാത്യു ദയാബായി എന്ന പേര് സ്വീകരിച്ചു.
ആരോരും തിരിഞ്ഞു നോക്കാത്ത ഗോത്ര വര്‍ഗ്ഗക്കാരെ ദയാബായി അക്ഷരങ്ങൾ പഠിപ്പിച്ചു. അവർക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. നിരന്തരമായി ചൂഷണത്തിനും പീഡനത്തിനും ഇരകളായി കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രവർഗ്ഗ സ്ത്രീകൾക്കൊപ്പം കൂലിപ്പണിയെടുത്തും അവരുടെ ഭാഷയിൽ സംസാരിച്ചും അവർക്ക് വേണ്ടി നിയമപോരാട്ടം നടത്തി. നിരവധി മർദ്ദനങ്ങൾക്കു ഇരയാവുകയും കുപ്രചാരങ്ങളാൽ വേട്ടയാടപ്പെടുകയും ചെയ്തിട്ടുണ്ട് ദയാബായി. എന്നാൽ സഹനവും ഉദാത്തമായ സഹജീവി സ്നേഹവും   ഉൽകരുത്താക്കിയ അവർ തന്റെ പോരാട്ടങ്ങളിൽ തളർന്നുപോയിട്ടില്ല. ഗ്രാമങ്ങൾ തോറും സഞ്ചരിച്ചും റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലും അന്തിയുറങ്ങിയും അവർ ആരോരുമില്ലാത്തവര്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ ഊർജിതമാക്കി. അവരുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചരണങ്ങളും പാഠശാല തുടങ്ങുന്നതിനായി പ്രാദേശിക ഭരണകൂട നേതൃത്വത്തെ സമ്മർദ്ദം ചെലുത്തുന്നതുമായ പ്രവർത്തികളും മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവർഗവിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിച്ചു. ആദിവാസികളെ ചൂഷണം ചെയ്ത്‌ കൂലി വെട്ടിച്ചവർക്കെതിരെ ദയാബായിയുടെ നേതൃത്വത്തിൽ ആദിവാസികൾ രംഗത്തിറങ്ങി. പ്രായമായവർക്ക്‌ റാന്തൽവിളക്കിന്റെ വെളിച്ചത്തിൽ ദയാബായി നിയമസാക്ഷരതാക്ലാസ്സുകൾ നടത്തി. കവിതകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും അവരെ ബോധവൽക്കരിച്ചു. അവകാശങ്ങൾക്കുവേണ്ടി പോരാടാൻ അവരെ പ്രേരിപ്പിച്ചു. ഇത്‌ ദയാബായിക്ക്‌ പ്രബലരായ ശത്രുക്കളെയുണ്ടാക്കി. 
കുടുംബത്തിൽനിന്നും കിട്ടിയ വിഹിതം കൊണ്ട്‌ ദയാബായി ബാറൂളിൽ രണ്ട്‌ ഏക്കർ സ്ഥലം വാങ്ങുകയും അവിടെ കീടനാശിനികൾ തളിക്കാതെ, മഴവെള്ളം കെട്ടി നിർത്തി കൃഷി ചെയ്യുകയും കൃഷിയിലൂടെ സ്വയം പര്യാപ്തത എങ്ങനെ നേടാമെന്ന്‌ ഗ്രാമീണരെ പഠിപ്പിക്കുകയും ചെയ്തു. സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഭക്ഷണമാക്കി എഴുപതാം വയസ്സിലും പോരാട്ടവീര്യവുമായി ജീവിതം നയിക്കുകയാണ് ദയാബായി. ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണ് ദയാബായിയെ ഇന്നും പ്രചോദിപ്പിക്കുന്നത്.
കേരളം കണ്ടനിരവധി ജനകീയ സമരങ്ങളുടെയും ഭാഗമായിട്ടുണ്ട് ദയാബായി.  കാസർകോട്ടെ അമ്മമാരോടൊപ്പം എൻഡോസൽഫൻ ബാധിതര്‍ക്ക് നീതി ലഭിക്കാൻ കോടതിവിധി പാലിക്കണം എന്നവശ്യം ഉന്നയിച്ചു നടത്തിയ നിരാഹാര സമരം, ചെങ്ങറ പ്രക്ഷോഭം ഉൾപ്പെടെ നിരവധി ജനപക്ഷ സമരങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ച സമരനായികയാണ് ദയാബായി. ദേശീയ തലത്തില്‍ നർമദ ബച്ചാവോ ആന്ദോളനുമായും ബന്ധപ്പെട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ദൂരദര്‍ശൻ നിര്‍മ്മിച്ച്, സംപ്രേക്ഷണം ചെയ്ത ‘ട്രൈബല്‍ മേഴ്സി എന്ന ഡോക്യുമെന്ററി ദയാബായിക്ക് ദേശീയതലത്തിൽ ലഭിച്ച ഒരു ബഹുമതി കൂടിയാണ്. ദയഭായിയെ കുറിച്ചുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഒറ്റയാൾ'. കന്യാസ്ത്രീയാവാൻ ബിഹാറിലെ ഹസാരിബാഗ് കോൺവെന്റിലെത്തിയ പതിനാറുകാരി മേഴ്‌സിമാത്യുവിൽനിന്ന് ദയാബായി എന്ന സാമൂഹിക പ്രവർത്തകയിലേക്കുള്ള പരിവർത്തനത്തിന്റെ നാൾവഴികൾ പറഞ്ഞുതരുന്ന ഡോക്യുമെന്ററി ചിത്രമാണ് ‘ഒറ്റയാള്‍’. കന്യാമഠത്തിൽനിന്ന് ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലെക്കെത്തി സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ദയാബായിയുടെ ആത്മകഥയാണ് ‘പച്ചവിരൽ’ (പ്രസിദ്ധീകരണം ഡി.സി. ബുക്സ്). നിരവധി ദേശീയ, സാംസ്കാരിക, മനുഷ്യാവകാശ പുരസ്‌കാരങ്ങൾ സഹജീവിസ്നേഹത്തിന്റെയും മാതൃസ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമായ ഈ വ്യക്തിയെ തേടിയെത്തിയിട്ടുണ്ട്. വിജിൽ ഇന്ത്യയുടെ നാഷണൽ ഹ്യൂമൺ റൈറ്റ്സ്‌ അവാർഡ്‌, അയോദ്ധ്യാ രാമായൺ ട്രസ്റ്റിന്റെ ജനനീ ജാഗ്രതീ അവാർഡ്‌, സ്വിറ്റ്സർലാന്റിലെ കേളീ വുമൺ ഓഫ്‌ ദി ഇയർ അവാർഡ്, കേരളത്തിലെ സുരേന്ദ്രനാഥ്‌ ട്രസ്റ്റ്‌ അവാർഡ്‌, 2007-ലെ വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം,  മികച്ച സാമൂഹികപ്രവർത്തകയ്ക്കുള്ള  2001-ലെ ധർമ്മഭാരതി ദേശീയ പുരസ്കാരം, 2010-ലെ’ ദി സ്‌പിരിറ്റ്‌ ഓഫ്‌ അസീസി' ദേശീയ പുരസ്‌കാരം, 2010-ലെ പി.കെ.എ. റഹീം സ്മാരക പുരസ്കാരം തുടങ്ങിയവ ഈ സാമൂഹ്യപ്രവര്‍ത്തകയെ തേടിയെത്തിയ പുരസ്ക്കാരങ്ങളിൽ ചിലതാണ്.

ശ്രീനാരായണ ഗുരു - ദൈവദശകം ( പാഠവിശകലനം -സുജിലാറാണി ടീച്ചർ, ജി.എച്ച്.എസ് മുപ്പത്തടം )


ശ്രീനാരായണ ഗുരു

കേരളീയ ജീവിതത്തിന്റെ ഗതിവിഗതികളെ സാരവത്തായി സ്വാധീനിച്ച ആത്മീയ വ്യക്തിത്വമായിരുന്നു ശ്രീനാരായണഗുരുവിന്റേത്. കേരളത്തിലെ ചരിത്രപരമായ നവോത്ഥാന ചുവടുവെപ്പുകൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്കർത്താവും ആത്മീയാചാര്യനും ആണ് ശ്രീ നാരായണ ഗുരു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'  എന്ന ആപ്തവാക്യവുമായി കേരളത്തിൽ നിലനിന്നിരുന്ന  ജാതീയ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ദാർശനികൻ,  ആദ്ധ്യാത്മിക ഗുരു,  സാമൂഹ്യ വിപ്ലവകാരി എന്നിങ്ങനെ നാനാ മണ്ഡലങ്ങളിൽ  വ്യാപിച്ചു കിടക്കുന്ന ഗുരുവിന്റെ  വൈഭവങ്ങൾ കേരളീയ സമൂഹത്തിന് സുപരിചിതമാണ്. തുല്യ നിലയിൽ തന്നെ സമാദരണീയമാണ് നാരായണഗുരുവിന്റെ കവിത്വവും.  അദ്ദേഹത്തിന്റെ ഗഹനമായ ദർശനങ്ങളുടെയും സന്ദേശങ്ങളുടെയും നല്ലൊരുഭാഗവും കാവ്യരൂപത്തിൽ ഉള്ളവയാണ്. സാമ്പ്രദായിക സ്തോത്രകൃതികൾ തൊട്ട് ആധ്യാത്മിക അനുഭൂതിയുടെ സൂക്ഷ്മ ആവിഷ്കാരങ്ങൾ ആയ ദാർശനിക കാവ്യങ്ങൾ വരെ അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ട്.   ഭാരതീയമായ അദ്വൈത ചിന്ത തന്നെയാണ് നാരായണ ഗുരുവിന്റെ എല്ലാ ദർശനങ്ങളുടെയും കാതൽ. ഇതേ അദ്വൈത ദർശനത്തിന്റെ ഭാവാവിഷ്ക്കാരങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ രചനകളും.
ദൈവദശകം
ശ്രീനാരായണഗുരു അദ്വൈത ദർശനത്തെ അടിസ്ഥാനമാക്കി രചിച്ച, പത്ത് ശ്ലോകങ്ങളടങ്ങിയ കൃതിയാണ് ദൈവദശകം. ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത വിദ്യാപീഠത്തിലെ നാനാജാതിമത വിഭാഗങ്ങളിൽപ്പെട്ട  വിദ്യാർഥികൾക്ക് ചൊല്ലുവാൻ വേണ്ടി 1914-ലാണ് ദൈവദശകം രചിച്ചത്. ഇന്ന് കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന പ്രാർത്ഥനാ ഗീതങ്ങളിൽ ഒന്നാണിത്.  വിശ്വ പ്രാർത്ഥനയുടെ തലത്തിലേക്ക് ഉയർത്തപ്പെട്ട ഒരു കൃതി കൂടിയാണിത്. യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച വർഷത്തിൽ തന്നെയാണ് പരമ ശാന്തിയുടെ പ്രകീർത്തനമായ ഈ പ്രാർത്ഥനാഗീതം രചിക്കപ്പെട്ടത്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന, താരതമ്യേന ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട ഒരു കൃതിയാണ് ദൈവദശകം.
പരമാത്മാവാകുന്ന ദൈവത്തോട് ഈ ലോകത്തിലെ സകല ചരാചരങ്ങളെയും കൈവിടാതെ കാത്തുരക്ഷിക്കണം എന്ന അപേക്ഷയോട് കൂടി തുടങ്ങുന്ന ഈ പ്രാർത്ഥനാഗീതം അവസാനിക്കുന്നത്,  സർവ്വർക്കും സൗഖ്യം നൽകേണമേ എന്ന പ്രാർത്ഥനയോടെയാണ്. 'ദൈവമേ' എന്ന് വിളിച്ചു കൊണ്ട് തുടങ്ങി 'സുഖം' എന്ന് പറഞ്ഞു കൊണ്ട് അവസാനിക്കുന്ന പ്രാർത്ഥന. 
മതങ്ങളുടെ ആത്യന്തിക ലക്ഷ്യം ആത്മസുഖം ആണെന്നും ദൈവ സാക്ഷാത്കാരമാണ് ഇതിലേക്ക് എത്തിക്കുന്നതെന്നും  എല്ലാ മതവും പറയുന്നു. അതിലേക്കുള്ള ലക്ഷ്യവും മാർഗവും വെളിച്ചവും ദൈവം തന്നെയാണ്.
പരമാത്മാവുന്ന തോണിയും ആ തോണിയിലെ നാവികനുമായ ദൈവത്തോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടുകളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള പ്രാര്‍ത്ഥനയോടെയാണ്  ആദ്യ ശ്ലോകം ആരംഭിക്കുന്നത്.
ഗുരു മുന്നോട്ടു വെച്ചിട്ടുള്ള മുഴുവൻ ദർശനങ്ങളുടെയും സത്തയായും,  ദൈവദശകത്തിന്റെ ആത്മാവായും കണക്കാക്കാൻ പറ്റുന്നതാണ് രണ്ടാമത്തെ ശ്ലോകം.

ഈ പ്രപഞ്ചത്തെ ഒന്നൊന്നായി പരിശോധിച്ച് ചെല്ലുമ്പോൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നമ്മൾ അറിയുന്ന വസ്തുതകൾ കേവലം പ്രതീതികൾ മാത്രമാണെന്ന്  തിരിച്ചറിയുകയും,  ആ  തിരിച്ചറിവിലേക്ക് എത്തുമ്പോൾ നമ്മുടെ നോട്ടം നമ്മളിലേക്ക് തന്നെ തിരിയുകയും ചെയ്യുന്നു. ദൈവവും(പരമാത്മാവ്) ഭക്തനും (ജീവാത്മാവ്) രണ്ടല്ല ഒന്നുതന്നെയാണെന്ന,  പരമഭക്തനിൽ തന്നെ ദൈവവും കുടികൊള്ളുന്നു എന്ന  അദ്വൈത ദർശനത്തിലേക്കാണ് നമ്മൾ എത്തിചേരുന്നത്.   അതായത് അത് നീയാകുന്നു എന്ന തത്വമസി, അനൽഹക്ക് എന്ന ദർശനം തന്നെയാണത്. എല്ലാ വസ്തുക്കളിലും  ഒരേ ചൈതന്യം തന്നെയാണ് കുടികൊള്ളുന്നത് എന്ന തിരിച്ചറിവാണത്. ശരീരം കൊണ്ട് പലരാണെ lണെങ്കിലും ആത്മാവിൽ ഏകരാണെന്ന തിരിച്ചറിവ് കൂടിയാണിത്.

ആഹാരവും വസ്ത്രവും മുടങ്ങാതെ തന്ന്  രക്ഷിക്കുകയും ധന്യതയിലേക്ക് നയിക്കുകയും ചെയ്ത് ജീവിതത്തെ സുഖകരമാക്കി തീർക്കുന്ന ദൈവത്തിന്റെ അനുഗ്രഹത്തിനു വേണ്ടിയാണ് ഗുരു പ്രാർത്ഥിക്കുന്നത്.     ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ദൈവത്തെ വിളിച്ചു കൊണ്ടുള്ള പ്രാർത്ഥനാ രീതിയല്ല ദൈവദശകത്തിലുള്ളത്. മുഴുവൻ ലോകജനതയ്ക്കും  ഒരുമിച്ച് അഭയം തേടാവുന്ന ഒരൊറ്റ ദൈവം ആണ് ഇവിടെയുള്ളത് എന്ന ചിന്തയിലൂടെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത് ദർശനം ഗുരു ഊട്ടിയുറപ്പിക്കുന്നു.


സുജിലാറാണി വി എം 
ജി. എച്ച് എസ് എസ് മുപ്പത്തടം


2020, ജൂൺ 19, വെള്ളിയാഴ്‌ച

മാറ്റങ്ങൾ വരുത്തി പ്രചരിപ്പിക്കരുത്

എറണാകുളം ഭാഷാധ്യാപക വേദിയുടെ ബ്ലോഗിലെ ലേഖനങ്ങൾ ചിലർ copy ചെയ്ത് മാറ്റങ്ങൾ വരുത്തി വാട്സപ്പിലൂടെയും മറ്റും വിദ്യാർത്ഥികൾക്ക് നൽകുന്നതായി കാണുന്നു, കിളിപ്പാട്ടിനെപ്പറ്റി വന്ന പാഠ വ്യാഖ്യാനത്തിൽ നാരദൻ ശകുന്തളയെ ശപിച്ചു എന്നാരോ കൂട്ടിച്ചേർത്തതായി കണ്ടു , ദയവായി അപ്രകാരം ചെയ്യരുത് ,  Blog അതേപടി കുട്ടികൾക്ക് നൽകുക -  നിർദ്ദേശങ്ങൾ 9447608271 എന്ന നമ്പറിൽ അറിയിക്കുകയോ അഭിപ്രായമായി Blog ൽ എഴുതുകയോ ചെയ്യാവുന്നതാണ് 

റെജി കവളങ്ങാട്

എഴുത്തച്ഛനും കാവ്യ ഭാഷയും - സോയ ടീച്ചർ

കിളിപ്പാട്ട്

എഴുത്തച്ഛനിലാണു നമ്മൾ ഈ വർഷത്തെ മലയാളം ക്ലാസ് തുടങ്ങുന്നത്.

ഭാഷക്ക്  യഥാർത്ഥത്തിൽ ഒരു മാതാവോ പിതാവോ ഇല്ല. ഒരു ഭാഷ ഒരാൾക്ക് തന്റെ ആയുഷ്കാലത്തിൽ സൃഷ്ടിച്ചെടുക്കാവുന്ന ഒന്നല്ല.എന്നിട്ടും നമ്മൾ എന്തുകൊണ്ടാണു എഴുത്തച്ഛനെ ഭാഷാപിതാവെന്ന് വിളിക്കുന്നത്?

ഇത് അറിയണമെങ്കിൽ മലയാളകാവ്യ ചരിത്രത്തെപ്പറ്റി മനസ്സിലാക്കണം.

മലയാളത്തിലെ പദ്യ സാഹിത്യ ത്തിനു രണ്ട് കൈവഴികളുണ്ടായിരുന്നു; പാട്ടും മണിപ്രവാളവും.പാട്ട് തമിഴ് ചായ് വുള്ള പദ്യ ശാഖ യായിരുന്നു..മണിപ്രവാളം സംസ്കൃതത്തോടും.ഭാഷയും സംസ്കൃതവും മുത്തും പവിഴവും പോലെ കലർന്ന കാവ്യ ഭാഷയായിരുന്നു മണിപ്രവാളം.( മണി- മുത്ത്,പ്രവാളം- പവിഴം)

മലയാളത്തിൽ കണ്ടുകിട്ടിയുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള പദ്യകൃതി 12ആം നൂറ്റാണ്ടിൽ എഴുതിയ *രാമചരിത* മാണ്.ചീരാമകവി എഴുതിയ ഈ കൃതി നമുക്ക് പരിചയമുള്ള കാവ്യഭാഷയിലല്ല രചിച്ചിട്ടുള്ളത്.പാട്ട് ശാഖയിൽ പെട്ട ഈ കൃതി ഒറ്റക്കേൾവിയിൽ തമിഴെന്ന് തോന്നിക്കും.
ഇതേ നൂറ്റാണ്ടിൽ തന്നെ തിരുനിഴൽ മാല എന്നൊരു പാട്ട് കൃതിയും രചിക്കപ്പെട്ടിട്ടുണ്ട്.ഭാഷ രാമചരിതത്തിലേത് തന്നെ.

14 ആം നൂറ്റാണ്ടിലെ ഉത്തരാർത്ഥത്തിലും 15 ആം നൂറ്റാണ്ടിന്റെ പൂർവാത്ഥത്തിലും ജീവിച്ചിരുന്ന  കണ്ണശ്ശന്മാർ എന്നറിയപ്പെടുന്ന ( നിരണം കവികൾ എന്നും) മൂന്ന് കവികൾ രചിച്ച പാട്ട് കൃതികൾ- കണ്ണശ്ശ രാമായണം,ഭാഷാ ഭഗവദ് ഗീത,കണ്ണശ്ശ ഭാരതം- കണ്ട് കിട്ടിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ  ചെറുശ്ശേരിയുടെ കൃഷ്ണഗാഥ രചിക്കപ്പെട്ടു.
കൃഷ്ണഗാഥയിലും കണ്ണശ്ശന്മാരിലുമെത്തുമ്പോൾ സംസ്കൃതപദങ്ങൾ കുറേശ്ശെ തത് സമമായി( രൂപമാറ്റം വരാതെ) പ്രയോഗിച്ചുകാണുന്നുണ്ട്.കാവ്യഭാഷക്ക് ക്രമേണ വരുന്ന മാറ്റം നമുക്ക് ഈ കൃതികളിൽ കാണാനാകും.

പാട്ട് ശാഖയിൽ ഭക്തിയും ഇതിഹാസകഥകളും പ്രമേയമാക്കി കൃതികൾ രചിച്ചുകൊണ്ടിരുന്ന സമയത്ത് മണിപ്രവാളശാഖയിലും കൃതികൾ പുറത്തിറങ്ങുന്നുണ്ടായിരുന്നു.
ഭാഷയിലെന്നപോലെ പ്രമേയത്തിന്റെ കാര്യത്തിലും പാട്ടിൽ നിന്ന് മണിപ്രവാളം തികച്ചും ഭിന്നമായിരുന്നു.
വൈശികതന്ത്രം,ഉണ്ണിയച്ചീ ചരിതം,ഉണ്ണിയാടീ ചരിതം,ഉണ്ണിച്ചിരുതേവീ ചരിതം മുതലായ മണിപ്രവാള കൃതികൾ ശൃംഗാര രസപ്രധാനമായ സ്തുതികളായിരുന്നു.
ദേവദാസികൾ എന്നറിയപ്പെട്ടിരുന്ന സ്ത്രീകൾക്ക് അക്കാലത്ത് സമൂഹത്തിൽ ഉന്നതമായ പദവിയും പരിഗണനയും ലഭിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ്  എഴുത്തച്ഛൻ  കാവ്യരചനാ രംഗത്ത് പ്രവേശനം നടത്തുന്നത്.
16-ആം നൂറ്റാണ്ടാണു  എഴുത്തച്ഛന്റെ ജീവിതകാലം.പോർട്ടുഗീസുകാരുടെ വരവും അതേത്തുടർന്നുണ്ടായ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള കലഹവും കുത്തഴിഞ്ഞ സദാചാരവും  കൊണ്ട് തീർത്തും മനം മടുത്ത ഒരു സമൂഹത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ ജനനം.

സാമൂഹ്യ പരിവർത്തന ത്തിനു തന്നേക്കൊണ്ട് എന്തുചെയ്യാനാവും എന്ന ഉദാത്തചിന്തയാകാം തനിക്ക് സാദ്ധ്യമായ കാവ്യ രചന യിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

*ഭാഷാ പിതാവ്*

താൻ ജീവിച്ചിരുന്ന സമൂഹത്തെ അപചയത്തിൽ നിന്ന് രക്ഷിക്കാനായി എഴുത്തച്ഛൻ രാമായണം കിളിപ്പാട്ട് രചിച്ചു.ഈ കൃതിയിലൂടെ രാമൻ എന്ന ഒരു  രക്ഷകബിംബത്തെ എഴുത്തച്ഛൻ അവതരിപ്പിച്ചു.ഭോഗലാലസതയിൽ വീണുപോയ സമൂഹത്തിനു ഭക്തിയിലൂടെ മാത്രമേ കരേറാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു.അതിനാൽ  വാൽമീകി രാമായണമല്ല, രാമനെ ഈശ്വരനാക്കി ചിത്രീകരിക്കുന്ന സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണമാണ് അദ്ദേഹം  കിളിപ്പാട്ടുരൂപത്തിൽ വിവർത്തനം ചെയ്തത്.

 ധീരമായ ഒരു ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്.ഭക്തിരസപ്രധാനമായ പ്രമേയത്തിന്റെ കാര്യത്തിൽ പാട്ട്  ശാഖയെയാണദ്ദേഹം പിന്തുടർന്നത്.എന്നാൽ ഭാഷയുടെ കാര്യത്തിൽ സംസ്കൃതം കലർന്ന മണിപ്രവാളശാഖയെ പിന്തുടർന്നു എഴുത്തച്ഛൻ.

പാട്ട് ശാഖയിലെ ഭക്തിക്ക് ഒരു മണിപ്രവാളഭാഷാ ശരീരം നൽകി എഴുത്തച്ഛൻ എന്ന് ചുരുക്കം. ഇത് വലിയൊരു വിപ്ലവമായിരുന്നു. പാട്ടിലെ ദ്രാവിഡ പാരമ്പര്യത്തെ( ഈണത്തിലും ഭാഷയിലും) വിടാതെ തന്നെ പ്രൗഢമായ മണിപ്രവാളഭാഷയുടെ സാദ്ധ്യതകൾ അദ്ദേഹം കാവ്യരചനക്ക് പ്രയോജനപ്പെടുത്തി.അങ്ങനെ ഏത് രസത്തെയും ഏത് ഭാവത്തെയും ആവിഷ്കരിക്കാൻ പര്യാപ്തമായ ഒരു കാവ്യഭാഷ എഴുത്തച്ഛൻ  അവതരിപ്പിച്ചു.ഇതിനാലാണ്  അദ്ദേഹത്തെ *ഭാഷാപിതാവ്* എന്ന് വിളിക്കുന്നത്.യഥാർത്ഥത്തിൽ ഭാഷയുടെ പിതാവല്ല പുതിയൊരു കാവ്യഭാഷയുടെ പിതാവാണ്  അദ്ദേഹം.

*എഴുത്തച്ഛനെപ്പറ്റി*

ഇന്നത്തെ മലപ്പുറം ജില്ലയിലെ  തിരൂരിനടുത്തുള്ള തൃക്കണ്ടിയൂരിൽ തുഞ്ചൻ പറമ്പ്  എന്ന്  അറിയപ്പെടുന്ന സ്ഥലത്താണ്  എഴുത്തച്ഛൻ ജനിച്ചത്.ചക്കാല നായർ എന്ന പിന്നോക്കവിഭാഗക്കാരനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചോ കുടുംബത്തെപ്പറ്റിയോ വിശ്വസിക്കാവുന്ന അറിവുകളൊന്നും ലഭിച്ചിട്ടില്ല.അദ്ദേഹത്തിന്റെ പേരുപോലും നമുക്ക് അറിയില്ല.രാമൻ എന്നൊരു ജ്യേഷ്ഠൻ അദ്ദേഹത്തിനുണ്ടായിരുന്നതായി കൃതികളിൽ സൂചിപ്പിക്കുന്നുണ്ട്.അതിനാൽ രാമാനുജൻ എന്നപേരിലാണു തുഞ്ചത്തെഴുത്തച്ഛൻ അറിയപ്പെടുന്നത്.

ഒരിക്കൽ രണ്ട് ശിഷ്യർക്കൊപ്പം ദേശസഞ്ചാരത്തിനിറങ്ങിയ എഴുത്തച്ഛൻ പാലക്കാട് ജില്ലയിൽ പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂരിൽ എത്തി. ശോകനാശിനിപ്പുഴയുടെ തീരത്തുള്ള ആ പ്രദേശത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായ അദ്ദേഹം ചമ്പത്തിൽ മന്നാടിയാർമാരുടെ പക്കൽ നിന്ന് കുറച്ച് സ്ഥലം വിലയ്ക്ക് വാങ്ങി അവിടെ ഒരു ഗൃഹം നിർമ്മിച്ചു താമസമാക്കി.
സമീപത്ത് 12 ഗൃഹങ്ങൾ കൂടി അദ്ദേഹം നിർമ്മിക്കുകയുണ്ടായി.അവിടെ തമിഴ് ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ട് വന്ന് താമസിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്.ആ പ്രദേശം ഇന്ന് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരമായിത്തന്നെ നിലനിൽക്കുന്നു.എഴുത്തച്ഛന്റെ ഗൃഹം പുരാവസ്തു വകുപ്പിന്റെ  സംരക്ഷണത്തിലാണ്.
ആ ഗൃഹത്തിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളിയോലപ്പകർപ്പുകളും എഴുത്താണിയുമുണ്ട്..

ഇവിടെ വച്ചു തന്നെയായിരുന്നു എഴുത്തച്ഛന്റെ അന്ത്യവും.അദ്ദേഹത്തെ സംസ്കരിച്ചത് ജന്മദേശത്തല്ല,പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്. 

എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യനാരായണനും മകളും അവസാനകാലത്ത് ഗ്രന്ഥരചനയിൽ അദ്ദേഹത്തിന്റെ സഹായികളായിരുന്നു എന്ന് തദ്ദേശവാസികൾ പറഞ്ഞ് കേൾക്കുന്നു.

അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണു എഴുത്തച്ഛന്റെ പ്രഥമകൃതി.ഉത്തരരാമായണം,മഹാഭാരതം കിളിപ്പാട്ട്,ദേവീ മാഹാത്മ്യം എന്നീകൃതികൾ എഴുത്തച്ഛന്റേതാണെന്ന് ഉറപ്പുള്ള കൃതികളാണ്.

അമ്പലങ്ങളിൽ മൈക്കിലൂടെ കേൾപ്പിക്കാറുള്ള ഹരിനാമകീർത്തനവും, ഇരുപത്തിനാലു വൃത്തവും ബ്രഹ്മാണ്ഡപുരാണവും ശ്രീമദ് ഭാഗവതവും
ശതമുഖരാമായണവും ചിന്താരത്നവും കൈവല്യ നവനീതവും കേരളനാടകവും എഴുത്തച്ഛന്റേതാണെന്ന് വിശ്വസിക്കുന്നു.

എഴുത്തച്ഛൻ എന്നത് ഒരു ജാതിനാമമല്ല ഇവിടെ.എഴുത്താശാനാണ് എഴുത്തച്ഛനാവുന്നത്.യഥാർത്ഥത്തിൽ മലയാളത്തിലെ എഴുത്തിന്റെ അച്ഛൻ എഴുത്തച്ഛനാണെന്ന് പറയുന്നതിൽ തെറ്റില്ല


*കിളിപ്പാട്ട്*

 കിളിയെക്കൊണ്ട് കഥപറയിക്കുക എന്ന കാവ്യരചനാരീതിയാണു കിളിപ്പാട്ട്.എഴുത്തച്ഛനാണ് ഈ കവിതാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.

ഈ പ്രസ്ഥാനത്തിന്റെ ഉല്പത്തിയെപ്പറ്റി പലപണ്ഡിതരും വ്യത്യസ്ത അഭിപ്രായങ്ങൾ പുറപ്പെടുവിച്ചു കാണുന്നുണ്ട്.

1.കവിക്ക് അറം പറ്റാതിരിക്കാനാണു കിളിയെക്കൊണ്ട് കഥപറയിക്കുന്നത്.

2.പുരാണങ്ങൾ   ശുകമഹർഷി( ശുകം- തത്ത)യുടെ മുഖത്തുനിന്നുണ്ടായതിനാൽ അതിനെ സ്മരിച്ചുകൊണ്ട്

3.എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ ജ്ഞാനോപദേശം ചെയ്തതിനാൽ

4.സരസ്വതീ ദേവിയുടെ കയ്യിലുള്ള ശുകത്തെക്കൊണ്ടാണു കഥ പറയിക്കുന്നത്

5.തമിഴിലെ പൈങ്കിളിക്കണ്ണി ,പരാപരക്കണ്ണി എന്നീ കൃതികളെ അനുകരിച്ചാണു എഴുത്തച്ഛൻ കിളിപ്പാട്ടുകൾ രചിച്ചത്.

- ഇത്തരം പലവാദങ്ങൾ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉല്പത്തിയെപ്പറ്റി കാണുന്നുണ്ട്.
ഇതിൽ ഒടുക്കം പറഞ്ഞത് കുറേക്കൂടി വിശ്വസനീയമാണ്.
തമിഴിൽ കിളിയെക്കൊണ്ട് പാടിക്കുക എന്നൊരു കവിസമ്പ്രദായം പണ്ടുതൊട്ടേ ഉണ്ട്.



എഴുത്തച്ഛന്റെ തത്ത ഒരു പെൺ തത്തയാണ്.
'ശാരികപ്പൈതലേ ചാരുശീലേ വരികാരോമലേ കഥാശേഷവും ചൊൽക നീ' എന്ന് എഴുത്തച്ഛൻ പറയുന്നതിൽ നിന്ന് നമുക്കത് വ്യക്തമാണ്.

ശകുന്തളയെപ്പോലെ വ്യക്തിത്വമുള്ള ഒരു സ്ത്രീ കഥാപാത്രത്തിന്റെ കഥ  ഒരു പെൺ തത്തയുടെ നാവിലൂടെയാണു വാർന്ന് വീണതെന്ന് ഓർത്തുകൊണ്ട് വേണം നമ്മൾ പാഠത്തെ വിശകലനം ചെയ്യേണ്ടത് എന്ന് കൂടി നിങ്ങളെ ഓർമ്മിപ്പിക്കട്ടെ.

സോയ വി ടി

(ഭാഷാധ്യാപക വേദിയുടെ ബ്ലോഗിലെ ലേഖനങ്ങൾ ചിലർ copy ചെയ്ത് മാറ്റങ്ങൾ വരുത്തി വാട്സപ്പിലൂടെയും മറ്റും വിദ്യാർത്ഥികൾക്ക് നൽകുന്നതായി കാണുന്നു, കിളിപ്പാട്ടിനെപ്പറ്റി വന്ന പാഠ വ്യാഖ്യാനത്തിൽ നാരദൻ ശകുന്തളയെ ശപിച്ചു എന്നാരോ കൂട്ടിച്ചേർത്തതായി കണ്ടു , ദയവായി അപ്രകാരം ചെയ്യരുത് ,  Blog അതേപടി കുട്ടികൾക്ക് നൽകുക - റെജി കവളങ്ങാട്)

2020, ജൂൺ 14, ഞായറാഴ്‌ച

കണ്ണാടി കാണ്മോളവും - (നോട്ട് ) റെജി കവളങ്ങാട്

കണ്ണാടി കാണ്മോളവും

ആദ്യത്തെ പാഠഭാഗം  മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്ന മഹാകവി എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ടിലെ  ശകുന്തളോപാഖ്യാനം എന്ന ഭാഗത്തുനിന്നാണ് എടുത്തിട്ടുള്ളത്

വിശ്വാമിത്ര മഹർഷിയുടെയും സ്വർഗ്ഗ ലോകത്തിലെ അപ്സരസായ മേനകയുടേയും പുത്രിയാണ് ശകുന്തള.
ജനിച്ചപ്പോൾ തന്നെ അച്ഛനമ്മമാർ ഉപേക്ഷിച്ചുപോയ ശകുന്തളയെ കണ്വ  മഹർഷിയാണ് എടുത്തു വളർത്തിയത് ,
ഒരിക്കൽ നായാട്ടിനിടയിൽ കണ്വാശ്രമത്തിലെത്തിയ ദുഷന്ത മഹാരാജാവ് യുവതിയായ ശകുന്തളയെ കാണുകയും ഗാന്ധർവ്വ വിധി പ്രകാരം വിവാഹം കഴിക്കുകയും ചെയ്യുന്നു .
രാജാവ് കൊട്ടാരത്തിലേക്ക് തിരിച്ചു പോയെങ്കിലും ശകുന്തളയെ കൂടെ കൊണ്ടു പോകുന്നില്ല.
ശകുന്തള ഒരു പുത്രന് ജന്മം നൽകുന്നു.
പിന്നീട് കണ്ണ്വ  മഹർഷി ശകുന്തളയെയും കുട്ടിയേയും കൊട്ടാരത്തിലേക്ക്
അയക്കുന്നു.
കുട്ടിയോടൊപ്പം എത്തിയ ശകുന്തളയെ കണ്ട ദുഷന്ത മഹാരാജാവ് യാതൊരു പരിചയവും കാണിക്കുന്നില്ല .
മാത്രമല്ല ശകുന്തളയോട് വളരെ മോശമായി പെരുമാറുകയും അവളെ കൊട്ടാരത്തിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്യുന്നു.
ശകുന്തള ആവട്ടെ രാജാവിൻറെ തെറ്റ് ചൂണ്ടിക്കാണിക്കുകയും തന്റേടത്തോടെ മറുപടി പറയുകയും ചെയ്യുന്നു .

ശകുന്തള കൊട്ടാരത്തിൽ നിന്ന് ഇറങ്ങി പോകുവാൻ തുടങ്ങുമ്പോൾ ഒരു അശരീരി ഉണ്ടാകുന്നു .
ഹേ ദുഷ്യന്ത രാജാവേ ഇത്  അങ്ങയുടെ ഭാര്യയും പുത്രനുമാണ് അവരെ ഭരിച്ചു  കൊള്ളുക എന്നായിരുന്നു അശരീരി.
അത് കേട്ട് രാജാവ് ശകുന്തളയെയും പുത്രനെയും സ്വീകരിക്കുന്നു.
ഭരിച്ചുകൊള്ളുക എന്ന് അശരീരി ഉണ്ടായതുകൊണ്ട് പുത്രന് ഭരതൻ എന്ന പേര് ലഭിക്കുന്നു.

ഇതാണ് കഥാസന്ദർഭം.
ദുഷ്യന്തൻ ശകുന്തളയെ ആക്ഷേപിക്കുന്നതും ശകുന്തള രാജാവിനോട് തിരിച്ചു മറുപടി പറയുന്നതാണ് പാഠഭാഗത്തിൽ ഉള്ളത്.

പത്താംക്ലാസിൽ പഠിച്ച കാളിദാസൻറെ അഭിജ്ഞാനശാകുന്തളത്തിലെ കഥയിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ കഥ .

മഹാഭാരതത്തിലെ കഥയിൽ ചില വ്യത്യാസങ്ങൾ വരുത്തിയാണ് കാളിദാസൻ അഭിജ്ഞാന ശാകുന്തളം എഴുതിയിട്ടുള്ളത്.

എഴുത്തച്ഛൻ കാളിദാസൻറെ കഥയല്ല മഹാഭാരതത്തിലെ കഥയാണ് പറയുന്നത്.
മഹാഭാരതത്തിന്റെ സംക്ഷിപ്ത വിവരണം ആണ് മഹാഭാരതം കിളിപ്പാട്ട് .

സ്ത്രീകൾക്ക് ഇത്രയും ധിക്കാരം കണ്ടിട്ടില്ല,
കുലട ആയ ( മോശപ്പെട്ടവൾ ആയ .)നീ വന്ന് എന്നോട് കുലീന യെ പോലെ സംസാരിക്കുകയാണ്.
പണം മോഹിച്ച് വന്നതാണെങ്കിൽ സ്വർണവും വസ്ത്രങ്ങളും രത്നങ്ങളും വേണ്ടുവോളം ഞാൻ നിനക്ക് ഉവന്ന് ( അളന്ന്) തരുന്നുണ്ട് ,
അതു വാങ്ങി നീ നിനക്ക് പറ്റിയ ദിക്കിൽ പൊയ്ക്കൊള്ളണം. (നിന്നെപ്പോലെയുള്ള ചീത്ത സ്ത്രീകൾക്ക് പറ്റിയ സ്ഥലമല്ല ഇത്.)
കോകില നാരിയെ പോലെ (കുയിൽ പെണ്ണിനെ പോലെ )നീ പരഭൃതയാണ്. (ശകുന്തളയുടെ പിതൃത്വത്തിനെ ആക്ഷേപിക്കുകയാണ് ഇവിടെ ദുഷ്യന്തൻ ചെയ്യുന്നത്. കുയില് മുട്ടയിടുന്നത് കാക്കയുടെ കൂട്ടിൽ ആണ് മുട്ടവിരിഞ്ഞ് ചെറിയ കുയിൽ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത് കാക്കയാണ് , കുയിൽ അതിൻറെ ശബ്ദഭംഗി കൊണ്ട് പ്രസിദ്ധമാണ്. സ്വന്തം കുട്ടിയെ മറ്റുള്ളവരെ ഏല്പിക്കുക എന്ന ശീലവും അതിനുണ്ട്. പരഭൃത എന്നാൽ മറ്റുള്ളവരാൽ വളർത്തപ്പെട്ട അവൾ എന്നാണ് അർത്ഥം, മറ്റാരുടെയോ കുട്ടിയെ മധുരമായി സംസാരിച്ചു തൻറെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്ന ചീത്ത സ്ത്രീയാണ് ശകുന്തള എന്നാണ് ഇവിടെ ഇതുകൊണ്ട് അർത്ഥമാക്കുന്നത്.ശകുന്തള കുലട ആണ് എന്നു മാത്രമല്ല അവളുടെ മാതാപിതാക്കളും മോശക്കാരാണ് എന്ന ധ്വനി ഇവിടെയുണ്ട്. കോകിലനാരി പോലെ എന്ന് ശകുന്തളയെ ഉപമിച്ചിരിക്കുന്നത് കുറിക്കുകൊള്ളുന്ന പ്രയോഗമായി തീർന്നിട്ടുണ്ട്.

ഇപ്രകാരം തൻറെയും തൻറെ കുലത്തിന്റെയും അഭിമാനത്തിനെ ചോദ്യം ചെയ്തത് കൊണ്ടാണ് ശകുന്തള രാജസദസ്സിൽ വച്ച് ദുഷ്യന്തനോട് കയർത്തു സംസാരിക്കുന്നത്.

ശകുന്തളയുടെ വാക്കുകൾ ഇങ്ങനെ സംഗ്രഹിക്കാം.
സുന്ദരിയായ ശകുന്തള മന്ദാക്ഷ ഭാവത്തോടെ ഇപ്രകാരം പറഞ്ഞു , മന്ദാക്ഷം എന്ന വാക്കിന് ലജ്ജ എന്നും ഇന്ദ്രിയങ്ങൾ തളർന്ന അവസ്ഥ എന്നും അർത്ഥമുണ്ട്.
രണ്ടാമത്തെ അർത്ഥമാണ് ഇവിടെ യോജിക്കുന്നത്

ആനയോളം ഉള്ള സ്വന്തം ദോഷത്തെ കാണാതെ കടുകിനോളം ഉള്ള അന്യരുടെ ദോഷത്തെ കാണുന്നത് പണ്ഡിതന്മാർക്കു പോലും ഉള്ള ശീലമാണ് രാജാവേ അങ്ങും അപ്രകാരമാണ്.

നമുക്ക് തമ്മിൽ വളരെ അന്തരമുണ്ട് ഞാൻ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ മഹാമേരു പർവ്വതത്തിനെ പോലെയാണെങ്കിൽ അങ്ങ് വെറും കടുകിന് തുല്യനാണ്.
അങ്ങയുടെ  കുലത്തിനെക്കാൾ മികച്ച കുലത്തിൽ ആണ് ഞാൻ ജനിച്ചത്.
അങ്ങ് വെറും മനുഷ്യനാണ് ഭൂമിയിലൂടെ മാത്രമേ അങ്ങയ്ക്ക് സഞ്ചരിക്കാൻ കഴിയൂ ഞാൻ ദേവ സ്ത്രീയാണ് എനിക്ക് ആകാശത്തിലൂടെയും സഞ്ചരിക്കാം.

രാജാവേ അങ്ങ് സാരജ്ഞനല്ല ( അറിവില്ലാത്തവനാണ് )
കണ്ണാടിയിൽ നോക്കുന്നതുവരെ സ്വന്തം മുഖം വളരെ സുന്ദരമാണെന്ന് വിരൂപന്മാർ ആയിട്ടുള്ളവർ വിചാരിക്കും. നിങ്ങൾ അതുപോലെ സ്വന്തം വൈരൂപ്യം കാണാതെ പോകുന്ന ആളാണ്.

മഹാഭാരതത്തിലെ ശകുന്തള രാജാവിനോട് ആരാണ് ഭാര്യ ആരാണ് പുത്രൻ ഭാര്യയുടെ ധർമ്മം എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ വിസ്തരിച്ച് പറയുമ്പോൾ എഴുത്തച്ഛൻറെ ശകുന്തള സത്യത്തിന്റെ മാഹാത്മ്യവും സജ്ജനങ്ങളും ദുർജ്ജനങ്ങളും തമ്മിലുള്ള വ്യത്യാസവും ആണ് എടുത്തു പറയുന്നത്.

എഴുത്തച്ഛൻ സാധാരണ ജനങ്ങളെ ഭക്തി യിലേക്കും സദാചാരത്തിലേക്കും നയിക്കുവാൻ വേണ്ടിയാണ് കവിത എഴുതിയതെന്ന് പറയപ്പെടുന്നു . ശകുന്തളയുടെ വാക്കുകൾ ഇതിന് തെളിവാണ്.

സജ്ജനങ്ങൾ മറ്റുള്ളവരെ നിന്ദിക്കുക ഇല്ല എന്നാൽ ദുർജ്ജനങ്ങൾ മറ്റുള്ളവരെ നിന്ദിക്കുന്നതിൽ ആനന്ദിക്കുന്നു
എന്നും ശുദ്ധജലത്തിൽ കുളിച്ചാലും മത്തേഭം ( മദിച്ച ആന) പാംസുസ്നാനം (മണ്ണിൽ കുളിക്കുന്നത് ) ആണ് ഇഷ്ടപ്പെടുന്നത്. ഇതുപോലെ ദുർജ്ജനങ്ങൾ ചീത്തക്കാര്യങ്ങളിലാണ് സന്തോഷിക്കുന്നത്. (സ്വച്ഛജലം - ശുദ്ധജലം)
സത്യധർമ്മാദികൾ വെടിഞ്ഞ പുരുഷെനെ ക്രുദ്ധനായ (കോപിച്ച )സർപ്പത്തിനേക്കാൾ ഭയപ്പെടണം.

മൂർഖൻ ആയിട്ടുള്ള അവനോട് (ദുഷ്ടൻ ആയിട്ടുള്ളവനോട് ) പണ്ഡിതന്മാർ ശുഭാശുഭങ്ങളെക്കുറിച്ച് ( നല്ലത് ചീത്ത ഇവയെക്കുറിച്ച് ) ആഖ്യാനം ചെയ്താൽ (പറഞ്ഞാൽ,) മൂർഖൻ  അതെല്ലാം അശുഭമായേ (ചീത്തയായിട്ടേ ) മനസ്സിലാക്കുകയുള്ളൂ.

അരയന്നത്തിന് പാലും വെള്ളവും യോജിപ്പിച്ച് കൊടുത്താൽ അരയന്നം അതിൽ നിന്ന് പാലു മാത്രം വേർതിരിച്ച് കുടിക്കും
അതുപോലെ സജ്ജനങ്ങൾ കേൾക്കുന്ന കാര്യങ്ങളിൽ നിന്ന് നല്ല കാര്യങ്ങൾ വേർതിരിച്ച് മനസ്സിലാക്കും 

ഇത്തരത്തിൽ സാധാരണക്കാർക്ക് മനസ്സിലാകുന്നതു പോലെ ലളിതമായ സാരോപദേശ മാണ് എഴുത്തച്ഛൻറെ ശകുന്തള നൽകുന്നത്.

 കവിതയിലൂടെ കവി എന്താണ് ഉദ്ദേശിക്കുന്നത് എന്നതിൻറെ ഉദാഹരണമാണ് ഈ പാഠഭാഗം .

ശകുന്തള ഇപ്രകാരം പറഞ്ഞിട്ട് രാജ സദസ്സിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങുന്നു.
അപ്പോൾ അശരീരി ഉണ്ടാകുന്നു (അശരീരി - ആകാശത്തിൽ  ദേവന്മാർ ആദൃശ്യരായി നിന്ന് അരുൾ ചെയ്യുന്ന സത്യം.)

അല്ലയോ ദുഷ്യന്ത മഹാരാജാവേ ഇത് അങ്ങയുടെ ഭാര്യയും പുത്രനുമാണ് അവരെ സ്വീകരക്കുക, പുത്രനെ ഭരിച്ചു കൊള്ളുക എന്നായിരുന്നു അശരീരി , അതുകേട്ട് രാജാവ് ശകുന്തളയും പുത്രനെയും സ്വീകരിച്ചു ,ഭരിച്ചു കൊള്ളുക എന്ന് അശരീരി ഉണ്ടായതുകൊണ്ട് പുത്രന് ഭരതൻ എന്ന പേര് ലഭിച്ചു, (സർവ്വദമനൻ എന്നായിരുന്നു കുട്ടിയെ അതുവരെ വിളിച്ചിരുന്നത് )

അവസാന ഭാഗത്തുണ്ടാകുന്ന അശരീരി കഥാഗതിയെ മാറ്റിമറിക്കുന്നുണ്ട് , അശരീരി ഉണ്ടായിരുന്നില്ല എങ്കിൽ ദുഷ്യന്തൻ ഭാര്യയെയും മകനെയും സ്വീകരിക്കുമായിരുന്നില്ല.

ആരുമറിയാതെ വിവാഹം കഴിച്ച ശകുന്തളയെ പെട്ടെന്ന് സ്വീകരിക്കുകയും അവളുടെ പുത്രനെ അനന്തരാവകാശിയായി അഭിഷേകം ചെയ്യുകയും ചെയ്താൽ രാജാവ് ഒരു സ്ത്രീയുടെ അഴക് കണ്ടു ഭ്രമിച്ച് ഭാര്യയായി സ്വീകരിച്ചു എന്നും മറ്റാരുടെയോ പുത്രനെ യുവരാജാവായി അംഗീകരിച്ചു എന്നും ജനങ്ങൾ അപവാദം പറയുമായിരുന്നു എന്നും അതുകൊണ്ടാണ് താൻ ശകുന്തളയോട് ക്രൂരമായി പെരുമാറിയത് എന്നും ദുഷ്യന്തൻ പിന്നീട് പറയുന്നുണ്ട്.
അതായത് ദുഷ്യന്ത മഹാരാജാവ് ശകുന്തളയേയും മകനെയും മറന്നുപോയതല്ലായിരുന്നു.

ശകുന്തളയ്ക്ക് ശാപം കിട്ടുന്നതും ദുഷ്യന്തൻ ശകുന്തളയെ മറന്നു പോകുന്നതും മോതിരം നഷ്ടപ്പെടുന്നതും എല്ലാം കാളിദാസൻ ഭാവനയിലൂടെ സൃഷ്ടിച്ച കഥാഭാഗങ്ങൾ ആണ് .മഹാഭാരത കഥയിൽ കാളിദാസൻ കലാപരമായി വരുത്തിയ മാറ്റങ്ങളായിട്ടു വേണം ശാപം കിട്ടുന്നതിനെയും മോതിരം നഷ്ടപ്പെടുന്നതിനെയും ഒക്കെ മനസ്സിലാക്കേണ്ടത്

നമ്മുടെ ഭാഷയുടെ ചരിത്രത്തിൽ കിളിപ്പാട്ട് പ്രസ്ഥാനത്തിൻറെ  സ്ഥാനവും മഹാകവി എഴുത്തച്ഛൻ മലയാളത്തിലെ കവികൾക്കിടയിൽ എത്രമാത്രം സമുന്നതനാണ് എന്നുള്ളതും അദ്ദേഹം കാവ്യഭാഷയിൽ വരുത്തിയ വ്യത്യാസങ്ങളും മണിപ്രവാളം പാട്ട് പ്രസ്ഥാനം തുടങ്ങിയ പുരാതനമായ സാഹിത്യ രീതികളെക്കുറിച്ചും മനസ്സിലാക്കുന്നതിനു വേണ്ടി ക്കൂടിയാണ് ഈ പാഠഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

എഴുത്തച്ഛൻ പതിനാറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് അദ്ദേഹത്തിൻറെ കാലത്തിനു മുമ്പ് മണിപ്രവാളം പാട്ട് എന്ന രണ്ടു വിഭാഗങ്ങളാണ് മലയാളകവിതയിൽ പ്രധാനമായും ഉണ്ടായിരുന്നത്.
സംസ്കൃതവും മലയാളവും കൂട്ടിക്കലർത്തി കവിത എഴുതുന്ന രീതിയാണ് മണിപ്രവാളം എന്ന് പറഞ്ഞിരുന്നത് ഇതിൽ മലയാളത്തിനേക്കാൾ സംസ്കൃതത്തിന് ആയിരുന്നു പ്രാധാന്യം ഉണ്ടായിരുന്നത് ,
മണിപ്രവാളത്തിൽ സംസ്കൃത അക്ഷരമാല ഉപയോഗിക്കുകയും സംസ്കൃതവൃത്തങ്ങളിൽ കവിത എഴുതുകയും ചെയ്തിരുന്നു.


ദ്രാവിഡ അക്ഷരമാലയിൽ ആയിരുന്നു പാട്ട് ആദ്യകാലത്ത് എഴുതിയിരുന്നത്.സംസ്കൃത വാക്കുകൾ അതേപടി പാട്ടു കവിതയിൽ  എഴുതിയിരുന്നില്ല.
നാടൻ വൃത്തങ്ങളാണ് കാവ്യരചനക്ക്  ഉപയോഗിച്ചിരുന്നത്.മലയാളത്തിനാണ് സംസ്കൃതത്തി നേക്കാൾ പ്രാധാന്യം ഉണ്ടായിരുന്നത്.

പാട്ടു കവിത ദ്രാവിഡ അക്ഷരമാലയിൽ എഴുതുന്നതും എതുക മോന തുടങ്ങിയ നാടൻ പ്രാസങ്ങൾ ഉള്ളതും നാടൻ വൃത്തങ്ങൾ ഉപയോഗിക്കുന്നതും ആയിരിക്കണമെന്ന് പ്രാചീന വ്യാകരണ ഗ്രന്ഥമായ ലീലാതിലകത്തിൽ പറഞ്ഞിട്ടുണ്ട്.

എഴുത്തച്ഛൻ പാട്ട് കവിതയിലേക്ക് മണിപ്രവാള കവിതയുടെ ഗുണങ്ങൾ കൂട്ടിക്കലർത്തി പരിഷ്കൃതമായ ഒരു കാവ്യഭാഷ മലയാളത്തിനു സമ്മാനിച്ചു.
ഭാഷയുടെ ലിപി വ്യവസ്ഥയിലും അദ്ദേഹം മാറ്റങ്ങൾ വരുത്തി.
കവിതയുടെ ആദ്യ ഭാഗത്ത് കിളിയോട് കഥപറയാൻ പറയുന്നത് കൊണ്ടാണ് കിളിപ്പാട്ട് എന്ന പേര് ലഭിച്ചത്.മലപ്പുറം ജില്ലയിലെ തുഞ്ചൻ പറമ്പിൽ ആണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കവിയുടെ യഥാർഥ നാമധേയം എന്താണ് എന്ന് വ്യക്തമല്ല.
രാമൻ എന്ന ഒരു ജേഷ്ഠനെ കുറിച്ച് കവിതയിൽ പറയുന്നത് കൊണ്ട് രാമൻറെ അനുജൻ എന്ന അർത്ഥത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന് കവി അറിയപ്പെടുന്നു.
ആയിരം വർഷത്തെ ചരിത്രമുള്ള മലയാള സാഹിത്യത്തിലെ ഏറ്റവും പ്രമുഖനായ കവിയാണ് എഴുത്തച്ഛൻ.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് , ശ്രീ മഹാഭാരതം കിളിപ്പാട്ട് എന്നിവയാണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട കൃതികൾ . 
(നോട്ട് തയ്യാറാക്കിയത് റെജി കവളങ്ങാട്)

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...