2020, ജൂൺ 22, തിങ്കളാഴ്‌ച

ശ്രീനാരായണ ഗുരു - ദൈവദശകം ( പാഠവിശകലനം -സുജിലാറാണി ടീച്ചർ, ജി.എച്ച്.എസ് മുപ്പത്തടം )


ശ്രീനാരായണ ഗുരു

കേരളീയ ജീവിതത്തിന്റെ ഗതിവിഗതികളെ സാരവത്തായി സ്വാധീനിച്ച ആത്മീയ വ്യക്തിത്വമായിരുന്നു ശ്രീനാരായണഗുരുവിന്റേത്. കേരളത്തിലെ ചരിത്രപരമായ നവോത്ഥാന ചുവടുവെപ്പുകൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്കർത്താവും ആത്മീയാചാര്യനും ആണ് ശ്രീ നാരായണ ഗുരു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'  എന്ന ആപ്തവാക്യവുമായി കേരളത്തിൽ നിലനിന്നിരുന്ന  ജാതീയ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ദാർശനികൻ,  ആദ്ധ്യാത്മിക ഗുരു,  സാമൂഹ്യ വിപ്ലവകാരി എന്നിങ്ങനെ നാനാ മണ്ഡലങ്ങളിൽ  വ്യാപിച്ചു കിടക്കുന്ന ഗുരുവിന്റെ  വൈഭവങ്ങൾ കേരളീയ സമൂഹത്തിന് സുപരിചിതമാണ്. തുല്യ നിലയിൽ തന്നെ സമാദരണീയമാണ് നാരായണഗുരുവിന്റെ കവിത്വവും.  അദ്ദേഹത്തിന്റെ ഗഹനമായ ദർശനങ്ങളുടെയും സന്ദേശങ്ങളുടെയും നല്ലൊരുഭാഗവും കാവ്യരൂപത്തിൽ ഉള്ളവയാണ്. സാമ്പ്രദായിക സ്തോത്രകൃതികൾ തൊട്ട് ആധ്യാത്മിക അനുഭൂതിയുടെ സൂക്ഷ്മ ആവിഷ്കാരങ്ങൾ ആയ ദാർശനിക കാവ്യങ്ങൾ വരെ അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ട്.   ഭാരതീയമായ അദ്വൈത ചിന്ത തന്നെയാണ് നാരായണ ഗുരുവിന്റെ എല്ലാ ദർശനങ്ങളുടെയും കാതൽ. ഇതേ അദ്വൈത ദർശനത്തിന്റെ ഭാവാവിഷ്ക്കാരങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ രചനകളും.
ദൈവദശകം
ശ്രീനാരായണഗുരു അദ്വൈത ദർശനത്തെ അടിസ്ഥാനമാക്കി രചിച്ച, പത്ത് ശ്ലോകങ്ങളടങ്ങിയ കൃതിയാണ് ദൈവദശകം. ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത വിദ്യാപീഠത്തിലെ നാനാജാതിമത വിഭാഗങ്ങളിൽപ്പെട്ട  വിദ്യാർഥികൾക്ക് ചൊല്ലുവാൻ വേണ്ടി 1914-ലാണ് ദൈവദശകം രചിച്ചത്. ഇന്ന് കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന പ്രാർത്ഥനാ ഗീതങ്ങളിൽ ഒന്നാണിത്.  വിശ്വ പ്രാർത്ഥനയുടെ തലത്തിലേക്ക് ഉയർത്തപ്പെട്ട ഒരു കൃതി കൂടിയാണിത്. യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച വർഷത്തിൽ തന്നെയാണ് പരമ ശാന്തിയുടെ പ്രകീർത്തനമായ ഈ പ്രാർത്ഥനാഗീതം രചിക്കപ്പെട്ടത്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന, താരതമ്യേന ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട ഒരു കൃതിയാണ് ദൈവദശകം.
പരമാത്മാവാകുന്ന ദൈവത്തോട് ഈ ലോകത്തിലെ സകല ചരാചരങ്ങളെയും കൈവിടാതെ കാത്തുരക്ഷിക്കണം എന്ന അപേക്ഷയോട് കൂടി തുടങ്ങുന്ന ഈ പ്രാർത്ഥനാഗീതം അവസാനിക്കുന്നത്,  സർവ്വർക്കും സൗഖ്യം നൽകേണമേ എന്ന പ്രാർത്ഥനയോടെയാണ്. 'ദൈവമേ' എന്ന് വിളിച്ചു കൊണ്ട് തുടങ്ങി 'സുഖം' എന്ന് പറഞ്ഞു കൊണ്ട് അവസാനിക്കുന്ന പ്രാർത്ഥന. 
മതങ്ങളുടെ ആത്യന്തിക ലക്ഷ്യം ആത്മസുഖം ആണെന്നും ദൈവ സാക്ഷാത്കാരമാണ് ഇതിലേക്ക് എത്തിക്കുന്നതെന്നും  എല്ലാ മതവും പറയുന്നു. അതിലേക്കുള്ള ലക്ഷ്യവും മാർഗവും വെളിച്ചവും ദൈവം തന്നെയാണ്.
പരമാത്മാവുന്ന തോണിയും ആ തോണിയിലെ നാവികനുമായ ദൈവത്തോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടുകളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള പ്രാര്‍ത്ഥനയോടെയാണ്  ആദ്യ ശ്ലോകം ആരംഭിക്കുന്നത്.
ഗുരു മുന്നോട്ടു വെച്ചിട്ടുള്ള മുഴുവൻ ദർശനങ്ങളുടെയും സത്തയായും,  ദൈവദശകത്തിന്റെ ആത്മാവായും കണക്കാക്കാൻ പറ്റുന്നതാണ് രണ്ടാമത്തെ ശ്ലോകം.

ഈ പ്രപഞ്ചത്തെ ഒന്നൊന്നായി പരിശോധിച്ച് ചെല്ലുമ്പോൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നമ്മൾ അറിയുന്ന വസ്തുതകൾ കേവലം പ്രതീതികൾ മാത്രമാണെന്ന്  തിരിച്ചറിയുകയും,  ആ  തിരിച്ചറിവിലേക്ക് എത്തുമ്പോൾ നമ്മുടെ നോട്ടം നമ്മളിലേക്ക് തന്നെ തിരിയുകയും ചെയ്യുന്നു. ദൈവവും(പരമാത്മാവ്) ഭക്തനും (ജീവാത്മാവ്) രണ്ടല്ല ഒന്നുതന്നെയാണെന്ന,  പരമഭക്തനിൽ തന്നെ ദൈവവും കുടികൊള്ളുന്നു എന്ന  അദ്വൈത ദർശനത്തിലേക്കാണ് നമ്മൾ എത്തിചേരുന്നത്.   അതായത് അത് നീയാകുന്നു എന്ന തത്വമസി, അനൽഹക്ക് എന്ന ദർശനം തന്നെയാണത്. എല്ലാ വസ്തുക്കളിലും  ഒരേ ചൈതന്യം തന്നെയാണ് കുടികൊള്ളുന്നത് എന്ന തിരിച്ചറിവാണത്. ശരീരം കൊണ്ട് പലരാണെ lണെങ്കിലും ആത്മാവിൽ ഏകരാണെന്ന തിരിച്ചറിവ് കൂടിയാണിത്.

ആഹാരവും വസ്ത്രവും മുടങ്ങാതെ തന്ന്  രക്ഷിക്കുകയും ധന്യതയിലേക്ക് നയിക്കുകയും ചെയ്ത് ജീവിതത്തെ സുഖകരമാക്കി തീർക്കുന്ന ദൈവത്തിന്റെ അനുഗ്രഹത്തിനു വേണ്ടിയാണ് ഗുരു പ്രാർത്ഥിക്കുന്നത്.     ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ദൈവത്തെ വിളിച്ചു കൊണ്ടുള്ള പ്രാർത്ഥനാ രീതിയല്ല ദൈവദശകത്തിലുള്ളത്. മുഴുവൻ ലോകജനതയ്ക്കും  ഒരുമിച്ച് അഭയം തേടാവുന്ന ഒരൊറ്റ ദൈവം ആണ് ഇവിടെയുള്ളത് എന്ന ചിന്തയിലൂടെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത് ദർശനം ഗുരു ഊട്ടിയുറപ്പിക്കുന്നു.


സുജിലാറാണി വി എം 
ജി. എച്ച് എസ് എസ് മുപ്പത്തടം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...