2020, ജൂൺ 22, തിങ്കളാഴ്‌ച

ദയാബായ്- പാഠവിശകലനം, സുജിലാറാണി ടീച്ചർ


ദയാബായി


മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ്   ദയാബായി   എന്ന  മേഴ്സി മാത്യു. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബാരുൾ ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. ഗോണ്ടുകൾ എന്ന ആദിവാസി വിഭാഗങ്ങൾക്കിടയിലാണ് ദയാബായി അവരുടെ  സേവനപ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. പാലായിൽ ജനിച്ച മേഴ്‌സി മാത്യു ബീഹാറിലെ ഹസാരിബാഗ് കോൺവെന്റിൽ എത്തിയത് കന്യാസ്ത്രീയാവാൻ ആയിരുന്നു. എന്നാൽ ദുരിതപൂർണമായ മനുഷ്യരുടെ ജീവിതം അവരെ അലട്ടുകയും സുഖപ്രദമായ സാഹചര്യങ്ങളിൽ തനിക്ക്  ജീവിക്കാനാവില്ല എന്ന് തിരിച്ചറിയുകയും ചെയ്ത അവര്‍ കോൺവെന്റ് പഠനം ഉപേക്ഷിച്ചു ആദിവാസിഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ഉന്നത ബിരുദധാരിയായ അവർക്ക് ലഭിക്കുമായിരുന്ന ഉദ്യോഗവും ഉയർന്ന ജീവിതസാചര്യങ്ങളും ഉപേക്ഷിച്ചു കൊണ്ടാണ് അവർ ദരിദ്ര ജീവിതം തിരഞ്ഞെടുത്തത്.
മധ്യപ്രദേശിലെ ബാരുൾ ഗ്രാമത്തിലെ ആദിവാസി വിഭാഗങ്ങളോടൊപ്പം അവരുടെ പരമ്പരാഗത ജീവിതരീതികൾ സ്വീകരിച്ചുകൊണ്ട് അവരിൽ ഒരാളായി അവർക്ക് വേണ്ടി പോരാട്ടങ്ങൾ നടത്തിവരുകയാണ് ദയാബായി. അവരിലൊരാളായാൽ മാത്രമേ അവർ തന്നെ അംഗീകരിക്കുകയുള്ളൂവെന്ന്‌ മനസ്സിലായപ്പോൾ മേഴ്സി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. 'ബായി' എന്നത് ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേര്‌. അതോടൊപ്പം മേഴ്സി എന്നർത്ഥം വരുന്ന 'ദയ' എന്ന് കൂടി കൂട്ടിച്ചേർത്ത് മേഴ്‌സി മാത്യു ദയാബായി എന്ന പേര് സ്വീകരിച്ചു.
ആരോരും തിരിഞ്ഞു നോക്കാത്ത ഗോത്ര വര്‍ഗ്ഗക്കാരെ ദയാബായി അക്ഷരങ്ങൾ പഠിപ്പിച്ചു. അവർക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. നിരന്തരമായി ചൂഷണത്തിനും പീഡനത്തിനും ഇരകളായി കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രവർഗ്ഗ സ്ത്രീകൾക്കൊപ്പം കൂലിപ്പണിയെടുത്തും അവരുടെ ഭാഷയിൽ സംസാരിച്ചും അവർക്ക് വേണ്ടി നിയമപോരാട്ടം നടത്തി. നിരവധി മർദ്ദനങ്ങൾക്കു ഇരയാവുകയും കുപ്രചാരങ്ങളാൽ വേട്ടയാടപ്പെടുകയും ചെയ്തിട്ടുണ്ട് ദയാബായി. എന്നാൽ സഹനവും ഉദാത്തമായ സഹജീവി സ്നേഹവും   ഉൽകരുത്താക്കിയ അവർ തന്റെ പോരാട്ടങ്ങളിൽ തളർന്നുപോയിട്ടില്ല. ഗ്രാമങ്ങൾ തോറും സഞ്ചരിച്ചും റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലും അന്തിയുറങ്ങിയും അവർ ആരോരുമില്ലാത്തവര്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ ഊർജിതമാക്കി. അവരുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചരണങ്ങളും പാഠശാല തുടങ്ങുന്നതിനായി പ്രാദേശിക ഭരണകൂട നേതൃത്വത്തെ സമ്മർദ്ദം ചെലുത്തുന്നതുമായ പ്രവർത്തികളും മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവർഗവിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിച്ചു. ആദിവാസികളെ ചൂഷണം ചെയ്ത്‌ കൂലി വെട്ടിച്ചവർക്കെതിരെ ദയാബായിയുടെ നേതൃത്വത്തിൽ ആദിവാസികൾ രംഗത്തിറങ്ങി. പ്രായമായവർക്ക്‌ റാന്തൽവിളക്കിന്റെ വെളിച്ചത്തിൽ ദയാബായി നിയമസാക്ഷരതാക്ലാസ്സുകൾ നടത്തി. കവിതകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും അവരെ ബോധവൽക്കരിച്ചു. അവകാശങ്ങൾക്കുവേണ്ടി പോരാടാൻ അവരെ പ്രേരിപ്പിച്ചു. ഇത്‌ ദയാബായിക്ക്‌ പ്രബലരായ ശത്രുക്കളെയുണ്ടാക്കി. 
കുടുംബത്തിൽനിന്നും കിട്ടിയ വിഹിതം കൊണ്ട്‌ ദയാബായി ബാറൂളിൽ രണ്ട്‌ ഏക്കർ സ്ഥലം വാങ്ങുകയും അവിടെ കീടനാശിനികൾ തളിക്കാതെ, മഴവെള്ളം കെട്ടി നിർത്തി കൃഷി ചെയ്യുകയും കൃഷിയിലൂടെ സ്വയം പര്യാപ്തത എങ്ങനെ നേടാമെന്ന്‌ ഗ്രാമീണരെ പഠിപ്പിക്കുകയും ചെയ്തു. സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഭക്ഷണമാക്കി എഴുപതാം വയസ്സിലും പോരാട്ടവീര്യവുമായി ജീവിതം നയിക്കുകയാണ് ദയാബായി. ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണ് ദയാബായിയെ ഇന്നും പ്രചോദിപ്പിക്കുന്നത്.
കേരളം കണ്ടനിരവധി ജനകീയ സമരങ്ങളുടെയും ഭാഗമായിട്ടുണ്ട് ദയാബായി.  കാസർകോട്ടെ അമ്മമാരോടൊപ്പം എൻഡോസൽഫൻ ബാധിതര്‍ക്ക് നീതി ലഭിക്കാൻ കോടതിവിധി പാലിക്കണം എന്നവശ്യം ഉന്നയിച്ചു നടത്തിയ നിരാഹാര സമരം, ചെങ്ങറ പ്രക്ഷോഭം ഉൾപ്പെടെ നിരവധി ജനപക്ഷ സമരങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ച സമരനായികയാണ് ദയാബായി. ദേശീയ തലത്തില്‍ നർമദ ബച്ചാവോ ആന്ദോളനുമായും ബന്ധപ്പെട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ദൂരദര്‍ശൻ നിര്‍മ്മിച്ച്, സംപ്രേക്ഷണം ചെയ്ത ‘ട്രൈബല്‍ മേഴ്സി എന്ന ഡോക്യുമെന്ററി ദയാബായിക്ക് ദേശീയതലത്തിൽ ലഭിച്ച ഒരു ബഹുമതി കൂടിയാണ്. ദയഭായിയെ കുറിച്ചുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഒറ്റയാൾ'. കന്യാസ്ത്രീയാവാൻ ബിഹാറിലെ ഹസാരിബാഗ് കോൺവെന്റിലെത്തിയ പതിനാറുകാരി മേഴ്‌സിമാത്യുവിൽനിന്ന് ദയാബായി എന്ന സാമൂഹിക പ്രവർത്തകയിലേക്കുള്ള പരിവർത്തനത്തിന്റെ നാൾവഴികൾ പറഞ്ഞുതരുന്ന ഡോക്യുമെന്ററി ചിത്രമാണ് ‘ഒറ്റയാള്‍’. കന്യാമഠത്തിൽനിന്ന് ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലെക്കെത്തി സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ദയാബായിയുടെ ആത്മകഥയാണ് ‘പച്ചവിരൽ’ (പ്രസിദ്ധീകരണം ഡി.സി. ബുക്സ്). നിരവധി ദേശീയ, സാംസ്കാരിക, മനുഷ്യാവകാശ പുരസ്‌കാരങ്ങൾ സഹജീവിസ്നേഹത്തിന്റെയും മാതൃസ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമായ ഈ വ്യക്തിയെ തേടിയെത്തിയിട്ടുണ്ട്. വിജിൽ ഇന്ത്യയുടെ നാഷണൽ ഹ്യൂമൺ റൈറ്റ്സ്‌ അവാർഡ്‌, അയോദ്ധ്യാ രാമായൺ ട്രസ്റ്റിന്റെ ജനനീ ജാഗ്രതീ അവാർഡ്‌, സ്വിറ്റ്സർലാന്റിലെ കേളീ വുമൺ ഓഫ്‌ ദി ഇയർ അവാർഡ്, കേരളത്തിലെ സുരേന്ദ്രനാഥ്‌ ട്രസ്റ്റ്‌ അവാർഡ്‌, 2007-ലെ വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം,  മികച്ച സാമൂഹികപ്രവർത്തകയ്ക്കുള്ള  2001-ലെ ധർമ്മഭാരതി ദേശീയ പുരസ്കാരം, 2010-ലെ’ ദി സ്‌പിരിറ്റ്‌ ഓഫ്‌ അസീസി' ദേശീയ പുരസ്‌കാരം, 2010-ലെ പി.കെ.എ. റഹീം സ്മാരക പുരസ്കാരം തുടങ്ങിയവ ഈ സാമൂഹ്യപ്രവര്‍ത്തകയെ തേടിയെത്തിയ പുരസ്ക്കാരങ്ങളിൽ ചിലതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...