കിളിപ്പാട്ട്
എഴുത്തച്ഛനിലാണു നമ്മൾ ഈ വർഷത്തെ മലയാളം ക്ലാസ് തുടങ്ങുന്നത്.
ഭാഷക്ക് യഥാർത്ഥത്തിൽ ഒരു മാതാവോ പിതാവോ ഇല്ല. ഒരു ഭാഷ ഒരാൾക്ക് തന്റെ ആയുഷ്കാലത്തിൽ സൃഷ്ടിച്ചെടുക്കാവുന്ന ഒന്നല്ല.എന്നിട്ടും നമ്മൾ എന്തുകൊണ്ടാണു എഴുത്തച്ഛനെ ഭാഷാപിതാവെന്ന് വിളിക്കുന്നത്?
ഇത് അറിയണമെങ്കിൽ മലയാളകാവ്യ ചരിത്രത്തെപ്പറ്റി മനസ്സിലാക്കണം.
മലയാളത്തിലെ പദ്യ സാഹിത്യ ത്തിനു രണ്ട് കൈവഴികളുണ്ടായിരുന്നു; പാട്ടും മണിപ്രവാളവും.പാട്ട് തമിഴ് ചായ് വുള്ള പദ്യ ശാഖ യായിരുന്നു..മണിപ്രവാളം സംസ്കൃതത്തോടും.ഭാഷയും സംസ്കൃതവും മുത്തും പവിഴവും പോലെ കലർന്ന കാവ്യ ഭാഷയായിരുന്നു മണിപ്രവാളം.( മണി- മുത്ത്,പ്രവാളം- പവിഴം)
മലയാളത്തിൽ കണ്ടുകിട്ടിയുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള പദ്യകൃതി 12ആം നൂറ്റാണ്ടിൽ എഴുതിയ *രാമചരിത* മാണ്.ചീരാമകവി എഴുതിയ ഈ കൃതി നമുക്ക് പരിചയമുള്ള കാവ്യഭാഷയിലല്ല രചിച്ചിട്ടുള്ളത്.പാട്ട് ശാഖയിൽ പെട്ട ഈ കൃതി ഒറ്റക്കേൾവിയിൽ തമിഴെന്ന് തോന്നിക്കും.
ഇതേ നൂറ്റാണ്ടിൽ തന്നെ തിരുനിഴൽ മാല എന്നൊരു പാട്ട് കൃതിയും രചിക്കപ്പെട്ടിട്ടുണ്ട്.ഭാഷ രാമചരിതത്തിലേത് തന്നെ.
14 ആം നൂറ്റാണ്ടിലെ ഉത്തരാർത്ഥത്തിലും 15 ആം നൂറ്റാണ്ടിന്റെ പൂർവാത്ഥത്തിലും ജീവിച്ചിരുന്ന കണ്ണശ്ശന്മാർ എന്നറിയപ്പെടുന്ന ( നിരണം കവികൾ എന്നും) മൂന്ന് കവികൾ രചിച്ച പാട്ട് കൃതികൾ- കണ്ണശ്ശ രാമായണം,ഭാഷാ ഭഗവദ് ഗീത,കണ്ണശ്ശ ഭാരതം- കണ്ട് കിട്ടിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ രചിക്കപ്പെട്ടു.
കൃഷ്ണഗാഥയിലും കണ്ണശ്ശന്മാരിലുമെത്തുമ്പോൾ സംസ്കൃതപദങ്ങൾ കുറേശ്ശെ തത് സമമായി( രൂപമാറ്റം വരാതെ) പ്രയോഗിച്ചുകാണുന്നുണ്ട്.കാവ്യഭാഷക്ക് ക്രമേണ വരുന്ന മാറ്റം നമുക്ക് ഈ കൃതികളിൽ കാണാനാകും.
പാട്ട് ശാഖയിൽ ഭക്തിയും ഇതിഹാസകഥകളും പ്രമേയമാക്കി കൃതികൾ രചിച്ചുകൊണ്ടിരുന്ന സമയത്ത് മണിപ്രവാളശാഖയിലും കൃതികൾ പുറത്തിറങ്ങുന്നുണ്ടായിരുന്നു.
ഭാഷയിലെന്നപോലെ പ്രമേയത്തിന്റെ കാര്യത്തിലും പാട്ടിൽ നിന്ന് മണിപ്രവാളം തികച്ചും ഭിന്നമായിരുന്നു.
വൈശികതന്ത്രം,ഉണ്ണിയച്ചീ ചരിതം,ഉണ്ണിയാടീ ചരിതം,ഉണ്ണിച്ചിരുതേവീ ചരിതം മുതലായ മണിപ്രവാള കൃതികൾ ശൃംഗാര രസപ്രധാനമായ സ്തുതികളായിരുന്നു.
ദേവദാസികൾ എന്നറിയപ്പെട്ടിരുന്ന സ്ത്രീകൾക്ക് അക്കാലത്ത് സമൂഹത്തിൽ ഉന്നതമായ പദവിയും പരിഗണനയും ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് എഴുത്തച്ഛൻ കാവ്യരചനാ രംഗത്ത് പ്രവേശനം നടത്തുന്നത്.
16-ആം നൂറ്റാണ്ടാണു എഴുത്തച്ഛന്റെ ജീവിതകാലം.പോർട്ടുഗീസുകാരുടെ വരവും അതേത്തുടർന്നുണ്ടായ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള കലഹവും കുത്തഴിഞ്ഞ സദാചാരവും കൊണ്ട് തീർത്തും മനം മടുത്ത ഒരു സമൂഹത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ ജനനം.
സാമൂഹ്യ പരിവർത്തന ത്തിനു തന്നേക്കൊണ്ട് എന്തുചെയ്യാനാവും എന്ന ഉദാത്തചിന്തയാകാം തനിക്ക് സാദ്ധ്യമായ കാവ്യ രചന യിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
*ഭാഷാ പിതാവ്*
താൻ ജീവിച്ചിരുന്ന സമൂഹത്തെ അപചയത്തിൽ നിന്ന് രക്ഷിക്കാനായി എഴുത്തച്ഛൻ രാമായണം കിളിപ്പാട്ട് രചിച്ചു.ഈ കൃതിയിലൂടെ രാമൻ എന്ന ഒരു രക്ഷകബിംബത്തെ എഴുത്തച്ഛൻ അവതരിപ്പിച്ചു.ഭോഗലാലസതയിൽ വീണുപോയ സമൂഹത്തിനു ഭക്തിയിലൂടെ മാത്രമേ കരേറാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു.അതിനാൽ വാൽമീകി രാമായണമല്ല, രാമനെ ഈശ്വരനാക്കി ചിത്രീകരിക്കുന്ന സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണമാണ് അദ്ദേഹം കിളിപ്പാട്ടുരൂപത്തിൽ വിവർത്തനം ചെയ്തത്.
ധീരമായ ഒരു ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്.ഭക്തിരസപ്രധാനമായ പ്രമേയത്തിന്റെ കാര്യത്തിൽ പാട്ട് ശാഖയെയാണദ്ദേഹം പിന്തുടർന്നത്.എന്നാൽ ഭാഷയുടെ കാര്യത്തിൽ സംസ്കൃതം കലർന്ന മണിപ്രവാളശാഖയെ പിന്തുടർന്നു എഴുത്തച്ഛൻ.
പാട്ട് ശാഖയിലെ ഭക്തിക്ക് ഒരു മണിപ്രവാളഭാഷാ ശരീരം നൽകി എഴുത്തച്ഛൻ എന്ന് ചുരുക്കം. ഇത് വലിയൊരു വിപ്ലവമായിരുന്നു. പാട്ടിലെ ദ്രാവിഡ പാരമ്പര്യത്തെ( ഈണത്തിലും ഭാഷയിലും) വിടാതെ തന്നെ പ്രൗഢമായ മണിപ്രവാളഭാഷയുടെ സാദ്ധ്യതകൾ അദ്ദേഹം കാവ്യരചനക്ക് പ്രയോജനപ്പെടുത്തി.അങ്ങനെ ഏത് രസത്തെയും ഏത് ഭാവത്തെയും ആവിഷ്കരിക്കാൻ പര്യാപ്തമായ ഒരു കാവ്യഭാഷ എഴുത്തച്ഛൻ അവതരിപ്പിച്ചു.ഇതിനാലാണ് അദ്ദേഹത്തെ *ഭാഷാപിതാവ്* എന്ന് വിളിക്കുന്നത്.യഥാർത്ഥത്തിൽ ഭാഷയുടെ പിതാവല്ല പുതിയൊരു കാവ്യഭാഷയുടെ പിതാവാണ് അദ്ദേഹം.
*എഴുത്തച്ഛനെപ്പറ്റി*
ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തൃക്കണ്ടിയൂരിൽ തുഞ്ചൻ പറമ്പ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് എഴുത്തച്ഛൻ ജനിച്ചത്.ചക്കാല നായർ എന്ന പിന്നോക്കവിഭാഗക്കാരനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചോ കുടുംബത്തെപ്പറ്റിയോ വിശ്വസിക്കാവുന്ന അറിവുകളൊന്നും ലഭിച്ചിട്ടില്ല.അദ്ദേഹത്തിന്റെ പേരുപോലും നമുക്ക് അറിയില്ല.രാമൻ എന്നൊരു ജ്യേഷ്ഠൻ അദ്ദേഹത്തിനുണ്ടായിരുന്നതായി കൃതികളിൽ സൂചിപ്പിക്കുന്നുണ്ട്.അതിനാൽ രാമാനുജൻ എന്നപേരിലാണു തുഞ്ചത്തെഴുത്തച്ഛൻ അറിയപ്പെടുന്നത്.
ഒരിക്കൽ രണ്ട് ശിഷ്യർക്കൊപ്പം ദേശസഞ്ചാരത്തിനിറങ്ങിയ എഴുത്തച്ഛൻ പാലക്കാട് ജില്ലയിൽ പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂരിൽ എത്തി. ശോകനാശിനിപ്പുഴയുടെ തീരത്തുള്ള ആ പ്രദേശത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായ അദ്ദേഹം ചമ്പത്തിൽ മന്നാടിയാർമാരുടെ പക്കൽ നിന്ന് കുറച്ച് സ്ഥലം വിലയ്ക്ക് വാങ്ങി അവിടെ ഒരു ഗൃഹം നിർമ്മിച്ചു താമസമാക്കി.
സമീപത്ത് 12 ഗൃഹങ്ങൾ കൂടി അദ്ദേഹം നിർമ്മിക്കുകയുണ്ടായി.അവിടെ തമിഴ് ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ട് വന്ന് താമസിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്.ആ പ്രദേശം ഇന്ന് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരമായിത്തന്നെ നിലനിൽക്കുന്നു.എഴുത്തച്ഛന്റെ ഗൃഹം പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്.
ആ ഗൃഹത്തിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളിയോലപ്പകർപ്പുകളും എഴുത്താണിയുമുണ്ട്..
ഇവിടെ വച്ചു തന്നെയായിരുന്നു എഴുത്തച്ഛന്റെ അന്ത്യവും.അദ്ദേഹത്തെ സംസ്കരിച്ചത് ജന്മദേശത്തല്ല,പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്.
എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യനാരായണനും മകളും അവസാനകാലത്ത് ഗ്രന്ഥരചനയിൽ അദ്ദേഹത്തിന്റെ സഹായികളായിരുന്നു എന്ന് തദ്ദേശവാസികൾ പറഞ്ഞ് കേൾക്കുന്നു.
അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണു എഴുത്തച്ഛന്റെ പ്രഥമകൃതി.ഉത്തരരാമായണം,മഹാഭാരതം കിളിപ്പാട്ട്,ദേവീ മാഹാത്മ്യം എന്നീകൃതികൾ എഴുത്തച്ഛന്റേതാണെന്ന് ഉറപ്പുള്ള കൃതികളാണ്.
അമ്പലങ്ങളിൽ മൈക്കിലൂടെ കേൾപ്പിക്കാറുള്ള ഹരിനാമകീർത്തനവും, ഇരുപത്തിനാലു വൃത്തവും ബ്രഹ്മാണ്ഡപുരാണവും ശ്രീമദ് ഭാഗവതവും
ശതമുഖരാമായണവും ചിന്താരത്നവും കൈവല്യ നവനീതവും കേരളനാടകവും എഴുത്തച്ഛന്റേതാണെന്ന് വിശ്വസിക്കുന്നു.
എഴുത്തച്ഛൻ എന്നത് ഒരു ജാതിനാമമല്ല ഇവിടെ.എഴുത്താശാനാണ് എഴുത്തച്ഛനാവുന്നത്.യഥാർത്ഥത്തിൽ മലയാളത്തിലെ എഴുത്തിന്റെ അച്ഛൻ എഴുത്തച്ഛനാണെന്ന് പറയുന്നതിൽ തെറ്റില്ല
*കിളിപ്പാട്ട്*
കിളിയെക്കൊണ്ട് കഥപറയിക്കുക എന്ന കാവ്യരചനാരീതിയാണു കിളിപ്പാട്ട്.എഴുത്തച്ഛനാണ് ഈ കവിതാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.
ഈ പ്രസ്ഥാനത്തിന്റെ ഉല്പത്തിയെപ്പറ്റി പലപണ്ഡിതരും വ്യത്യസ്ത അഭിപ്രായങ്ങൾ പുറപ്പെടുവിച്ചു കാണുന്നുണ്ട്.
1.കവിക്ക് അറം പറ്റാതിരിക്കാനാണു കിളിയെക്കൊണ്ട് കഥപറയിക്കുന്നത്.
2.പുരാണങ്ങൾ ശുകമഹർഷി( ശുകം- തത്ത)യുടെ മുഖത്തുനിന്നുണ്ടായതിനാൽ അതിനെ സ്മരിച്ചുകൊണ്ട്
3.എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ ജ്ഞാനോപദേശം ചെയ്തതിനാൽ
4.സരസ്വതീ ദേവിയുടെ കയ്യിലുള്ള ശുകത്തെക്കൊണ്ടാണു കഥ പറയിക്കുന്നത്
5.തമിഴിലെ പൈങ്കിളിക്കണ്ണി ,പരാപരക്കണ്ണി എന്നീ കൃതികളെ അനുകരിച്ചാണു എഴുത്തച്ഛൻ കിളിപ്പാട്ടുകൾ രചിച്ചത്.
- ഇത്തരം പലവാദങ്ങൾ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉല്പത്തിയെപ്പറ്റി കാണുന്നുണ്ട്.
ഇതിൽ ഒടുക്കം പറഞ്ഞത് കുറേക്കൂടി വിശ്വസനീയമാണ്.
തമിഴിൽ കിളിയെക്കൊണ്ട് പാടിക്കുക എന്നൊരു കവിസമ്പ്രദായം പണ്ടുതൊട്ടേ ഉണ്ട്.
എഴുത്തച്ഛന്റെ തത്ത ഒരു പെൺ തത്തയാണ്.
'ശാരികപ്പൈതലേ ചാരുശീലേ വരികാരോമലേ കഥാശേഷവും ചൊൽക നീ' എന്ന് എഴുത്തച്ഛൻ പറയുന്നതിൽ നിന്ന് നമുക്കത് വ്യക്തമാണ്.
ശകുന്തളയെപ്പോലെ വ്യക്തിത്വമുള്ള ഒരു സ്ത്രീ കഥാപാത്രത്തിന്റെ കഥ ഒരു പെൺ തത്തയുടെ നാവിലൂടെയാണു വാർന്ന് വീണതെന്ന് ഓർത്തുകൊണ്ട് വേണം നമ്മൾ പാഠത്തെ വിശകലനം ചെയ്യേണ്ടത് എന്ന് കൂടി നിങ്ങളെ ഓർമ്മിപ്പിക്കട്ടെ.
സോയ വി ടി
(ഭാഷാധ്യാപക വേദിയുടെ ബ്ലോഗിലെ ലേഖനങ്ങൾ ചിലർ copy ചെയ്ത് മാറ്റങ്ങൾ വരുത്തി വാട്സപ്പിലൂടെയും മറ്റും വിദ്യാർത്ഥികൾക്ക് നൽകുന്നതായി കാണുന്നു, കിളിപ്പാട്ടിനെപ്പറ്റി വന്ന പാഠ വ്യാഖ്യാനത്തിൽ നാരദൻ ശകുന്തളയെ ശപിച്ചു എന്നാരോ കൂട്ടിച്ചേർത്തതായി കണ്ടു , ദയവായി അപ്രകാരം ചെയ്യരുത് , Blog അതേപടി കുട്ടികൾക്ക് നൽകുക - റെജി കവളങ്ങാട്)
ഓരോ അറിവും കേരള സാഹിത്യ സാംസ്ക്കാരികതയുടെ വികാസത്തിന് ഗുണപ്രദമാണ്.
മറുപടിഇല്ലാതാക്കൂ👍
മറുപടിഇല്ലാതാക്കൂതാങ്ക്സ് ഫോർ തെ ഇൻഫർമേഷൻ
മറുപടിഇല്ലാതാക്കൂ👍
മറുപടിഇല്ലാതാക്കൂ