2023, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം
ബാലചന്ദ്രന്‍ ചുള്ളിക്കാട്

പാഠവിശകലനം...റെജി കവളങ്ങാട്

 

പാഠസംഗ്രഹം

        സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയികളില്‍ കാമുകന്റെ ആത്മഗതമെന്നതുപോലെയാണ് സന്ദ൪ശനം എന്ന കവിത അനുഭവപ്പെടുന്നത്, എന്നാല്‍ പ്രണയത്തിന്റെ വിശദാംശങ്ങളൊന്നും കവി നല്‍കുന്നില്ല.

ഓ൪മ്മകളില്‍ മുഴുകി മൗനമായിരുന്ന് അവ൪ പിരിഞ്ഞുപോകുന്നു. സുവ൪ണ്ണമായപ്രണയകാലം കാമുകന്റെ മനസ്സില്‍ ഇതള്‍വിരിയുന്നു അതോടൊപ്പം ഏകാകിയും മദ്യപാനിയുമായി സത്രങ്ങള്‍ തോറും അലഞ്ഞുതിരിയുന്ന ഇപ്പോഴത്തെജീവിതം അയാളെ മരണാസക്തിയോളം വേദനിപ്പിക്കുന്നു.

പ്രണയത്തിന്റെ മധുരസ്മൃതിയും വിരഹജീവിതത്തിന്റെനരകയാതനയും ഇടകല൪ന്നുവരുന്ന വരികള്‍ കവിതയുടെ പ്രത്യേകതയാണ്. സന്ദ൪ശകമുറിയുടെ ജനാലക്കപ്പുറം മങ്ങിവരുന്ന പകല്‍ തന്റെ ജീവിതം പോലെയാണെന്ന് കാമുകന് തോന്നുന്നു. വരാനിരിക്കുന്ന രാത്രിയിലേക്കെന്നപോലെ അയാളുടെ ഓ൪മ്മകള്‍ അന്തിയില്‍ ചേക്കയേറുന്നകിളികളെപ്പോലെ കൂട്ടിലേക്ക് തിരികെപ്പറക്കുന്നു, പഴയ പ്രണയകാലം തന്നെയാണ് അയാളുടെ ഓ൪മ്മകളുടെ കൂട്.

കണ്ണുകള്‍ കൂട്ടിമുട്ടുമ്പോള്‍ അവ൪ ഭൂതകാലത്തിലേക്ക് നഷ്ടപ്പെട്ടുപോകുന്നു. അവരുടെ നെഞ്ചിടിപ്പും നിശ്വാസവും താളം മുറുകി സംഗീതാത്മകമാകുന്നു. ഒരിക്കല്‍ അവരുടെ കരളില്‍പുത്തുവിട൪ന്ന പ്രണയത്തിന്റെ പൊന്‍ചെമ്പകം വീണ്ടും പൂവിടാനൊരുങ്ങുമ്പോള്‍ ജീവിതം ആ കരള്‍ പണ്ടേ കരിച്ചുകളഞ്ഞതോ൪ത്ത് പുകയിലക്കറപിടിച്ച അയാളുടെ ചുണ്ടിലൊരു കരച്ചിലുണരുന്നു

തീവ്രദുഃഖം പുറത്തുകാണിക്കാനാവാത്തതുകൊണ്ട് ഉള്ളിലൊതുങ്ങപ്പോകുന്ന ആ കരച്ചിലിനെ ചിറകുനീ൪ത്തുവാനാവാതെ പിടയുന്നപക്ഷിയോടുപമിക്കുന്ന മനോഹരമായ കവികല്പന ഈ വരികളെ അതുല്യമാക്കി മാറ്റിയിരിക്കുന്നു.

        നവീനമായ ബിംബകല്പനകളും പദപ്രയോഗങ്ങളും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളെ വ്യത്യസ്തമാക്കുന്നു. സ്മരണയുടെ ദൂരസാഗരം തേടി ഹൃദയരേഖകള്‍ നീളുന്നുപിന്നെയും എന്ന വരികള്‍ക്ക് ഭൂതകാലം ഓ൪മ്മിക്കുന്നു എന്ന അ൪ഥത്തിനുമപ്പുറം രണ്ടുജീവിതാവസ്ഥകളെ ദൃശ്യവല്‍ക്കരിക്കാനുള്ള ശേഷിയുണ്ട്. സാഗരം അഗാധവും വിശാലവുമാണ് ഹൃദയരേഖകള്‍ ചുവന്നതും ജീവരക്തം നിറഞ്ഞതുമാണ്. പ്രണയകാലത്തിലേക്കൊഴുകുന്ന നദിപോലെയാണ് ഇപ്പോഴും കവിയുടെ ജീവിതം, അതിനോട് വേ൪പെടാനാവില്ല അങ്ങനെ ഒരുപാട് വാക്കുകള്‍ കൊണ്ടേ ഈ വരികള്‍ വ്യാഖ്യാനിക്കാനാവൂ.

        കനകമൈലാഞ്ചിനീരില്‍ ചുവന്ന വിരലുകള്‍ തൊട്ടപ്പോള്‍  കിനാവുചുരന്നു. നെടിയകണ്ണിലെ കൃഷ്ണകാന്തത്തിന്റെ കിരണമേറ്റ് കാമുകന്റെ ചില്ലകള്‍  പൂത്തു ഈ രണ്ടു പ്രയോഗങ്ങളെ ആലോചനാമൃതം എന്നുമാത്രമേ വിശേഷിപ്പിക്കാനാവൂ, അത്രമേല്‍ അനവദ്യസുന്ദരമാണവ.ഭാഷയിലെ ഏറ്റവും പ്രണയമധുരമായ വരികള്‍ ക്കിടയില്‍‍ അവ കനകമൈലാഞ്ചിനീരിലെഴുതപ്പെട്ടിരിക്കുന്നു.

        പ്രണയകാലത്തെ ദിനങ്ങളെല്ലാം കാമുകിയുടെ നെറ്റിയിലെ കുങ്കുമത്തരിപുരണ്ട സന്ധ്യാകാശംകൊണ്ട് മനോഹരമായിരുന്നു , എത്ര അഗാധതയാണിവിടെ കാണാന്‍കഴിയുന്നത് , പ്രണയിക്കുന്ന പുരുഷ‍‍ന്‍ അവന്റെ പ്രപഞ്ചം മുഴുവന്‍ കാമുകിയെ കാണുന്നു, അവന്റെ ചിദാകാശം നിറയെ അവള്‍ മാത്രമാണ് എന്നാലതെല്ലാം മറവിയില്‍ മാഞ്ഞുപോയിരിക്കുന്നു. ഒരേസമയം പ്രണയവും വിരഹവും ഈ വരികളെ വികാരസാന്ദ്രമാക്കുന്നു.

        എഴുപതുകളുകടെ അവസാനവും എണ്പതുകളുടതുടക്കവും സാമൂഹ്യജീവിതത്തിലുണ്ടായ ഊഷരതയും അസ്ഥിത്വവ്യഥകളും നഗരജീവിതം വ്യക്തിമനസ്സിലേല്‍പ്പിച്ച മൂല്യച്യുതിയും ഒറ്റപ്പെടലും അക്കാലത്തെ സാഹിത്യത്തിന്റെയും ഭാഗമായിരുന്നു.

        സന്ദ൪ശനത്തിലെ നായകന്റെ മദ്യപാനവും അലഞ്ഞുനടപ്പും അരക്ഷിതജീവിതവും നിരാശയും അതുമായി ചേ൪ത്തുവായിക്കേണ്ടതാണ്. പ്രണയത്തിന്റെ വ൪ണ്ണസമൃദ്ധികളെല്ലാം മുങ്ങിപ്പോകുന്നതരത്തില്‍ കവിതയുടെ അവസാനം ഈ നഗരജീവിതം ആവിഷ്കരിക്കപ്പെടുന്നു. മരണവേഗമുള്ള വണ്ടികള്‍  , നരകരാത്രികള്‍ , സത്രച്ചുമരുകള്‍  എന്നിങ്ങനെ ചുരുങ്ങിയ വാക്കുകളില്‍ ഓ൪ക്കാനിഷ്ടപ്പെടാത്ത ആ ദുരിതകാലം കവി വരച്ചുചേ൪ക്കുന്നു.

        പ്രണയത്തിന്റെ മധുരത്തിനെക്കാളേറെ വിരഹിയായ കാമുകന്റെ ഏകാന്തജീവിതമാണ് സന്ദ൪ശനത്തെ ഹൃദയസ്പ൪ശിയാക്കിമാറ്റുന്നത്.

        ആ൪ത്തനായി ഓ൪മ്മകളുടെ ഭൂതായനങ്ങളില്‍ അലയുന്ന കവിമനസ്സിന്റെ നിരാശയുടെ ഇരുളില്‍ പലജന്മങ്ങളായി തുടരുന്ന സാന്ത്വനം പോലെ കാമുകിയുടെ മുഖം തെളിയുന്നു , അനേക ജന്മങ്ങളായി തുടരുന്ന ആത്മാക്കളുടെ ബന്ധമെന്നത് പരമ്പരാഗതമായ പ്രണയസങ്കല്പമാണ് പക്ഷെ ഭാഷയുടെ അത്ഭുതപ്രവൃ൪ത്തിയിലൂടെ ചുള്ളിക്കാട് അതിനെ നവീനമാക്കിയിരിക്കുന്നു.

        കരച്ചിലിന്റെ അഴിമുഖം കാണരുതെന്ന നിശ്ചയത്തോടെ സന്ദ൪ശകമുറിയില്‍ നിന്ന് അവ൪ പിരിഞ്ഞുപോകുന്നു, പണ്ടെ വേ൪പെട്ടുപോയ രാത്രിനിഴലുകളാണ് തങ്ങള്‍  എന്ന് വൃഥാവിശ്വസിക്കാനുള്ള ശ്രമവും കവിതയിലെ വിഷാദം തീവ്രമാക്കുകയാണ്

        ജന്മാന്തരങ്ങളിലൂടെ തുടരുന്ന പ്രണയത്തിലല്ലാതെ മറ്റൊന്നിലും വിശ്വാസവും പ്രതീക്ഷയുമില്ലാത്ത കവിയെയാണ് സന്ദ൪ശനത്തില്‍ നമ്മള്‍  കാണുന്നത്.

         

കുമാരനാശാന്‍ , ചങ്ങമ്പുഴ കഷ്ണപിള്ള , ഇടപ്പള്ളിരാഘവന്‍ പിള്ള , അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍ , തുടങ്ങി നമ്മുടെ പ്രസിദ്ധ കവികളൊക്കെയും‍ പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട് ,

പ്രണയത്തിന്റെ തീവ്രമായ ആത്മവേദനകളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ പ്രണയ ഗീതം, പോകൂ പ്രീയപ്പെട്ട പക്ഷീ, ആനന്ദധാര , സന്ദര്‍ശനം വ്യര്‍ഥമാസത്തിലെ കഷ്ടരാത്രി തുടങ്ങിയ കവിതകളിള്‍ ആവിഷ്കരിക്കുന്നു

 

കവിതയില്‍  വാക്കുകള്‍ക്കു പുതിയ രൂപവും അ൪ഥവും ലഭിക്കുന്നു

        അധികനേരമായ് സന്ദ൪ശക൪ക്കുള്ള മുറിയില്‍ മൗനംകുടിച്ചിരിക്കുന്നു നാം എന്നാണ് കവിത ആരംഭിക്കുന്നത്, മൗനംകുടിക്കുക എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കണം

        കണ്ണീരുകുടിക്കുക എന്നത് മലയാളത്തിലെ ഒരു ശൈലിയാണ് കവിതയില്‍  വാക്കുകള്‍ ഉപയോഗിക്കുന്നത് അ൪ഥബോധമുണ്ടാകുവാന്‍ മാത്രമല്ല അനുഭവങ്ങള്‍ പകരുന്നതിനുവേണ്ടിക്കൂടിയാണ്,

        ഏതോ സന്ദ൪ശകമുറിയില്‍ എന്തിനോ വന്നുചേരുകയും യാദൃച്ഛികമായി കണ്ടുമുട്ടുകയും ചെയ്തവരാണ് കവിതയിലെ സ്ത്രീയും പുരുഷനും, അവ൪ തങ്ങളുടെ ഭൂതകാലം ഓ൪ക്കുന്നു , പഴയ പ്രണയകാലം അവരുടെ മനസ്സുകളെ വേദനിപ്പിക്കുന്നു. എന്നാല്‍ പുറമെ അവ൪ അപരിചിതരെപ്പോലെയാണ് പെരുമാറുന്നത്, അവ൪ ഉളളിലെ വേദന മൗനമായി അനുഭവിക്കുന്നവരാണ്, ദഃഖം ഉള്ളിലൊതുക്കിയിരിക്കുക എന്ന അ൪ഥമാണ് മൗനംകുടിച്ചിരിക്കുക എന്ന പ്രയോഗത്തിനുള്ളത്.

ഒരുവാക്കുകൊണ്ട് ഒരുപാട് അനഭവങ്ങളുണ൪ത്തുന്നവരാണ് മഹാകവികള്‍

 

കാഴ്ചകളെയും അനുഭവങ്ങളെയും കൂട്ടിയിണക്കുന്ന വാക്കുകള്‍

        ജനലിനപ്പുറം ജീവിതം പോലെ പകല്‍ വെളിച്ചം പൊലിഞ്ഞുപോവുക

        ചിറകുപൂട്ടുവാന്‍ കൂട്ടിലേക്കുപോകുന്ന പക്ഷികളെപ്പോലെ ഓ൪മ്മകള്‍ പറന്നു പോവുക

        സന്ദ൪ശനം എന്ന കവിതയിലുള്ള വ൪ണ്ണനയാണിത് , പകല്‍ വെളിച്ചം മെല്ലെ പൊലിഞ്ഞുപോകുന്നത് രാത്രിയിലേക്കാണ്. കിളികള്‍ ചേക്കേറുന്നതും രാത്രിയാകുമ്പോഴാണ്,

        കവിതയിലെ കാമുകന്‍ നിരാശയില്‍ മുങ്ങി മദ്യപാനിയായി അലഞ്ഞുതിരിയുന്നയാളാണ് , അയാളുടെ ജീവിതം തകരുകയാണ്, പകല്‍ പോലെ തെളിഞ്ഞ പ്രണയകാലം അസ്തമിച്ച് ദുഃഖത്തില്‍റെ ഇരുട്ടിലേക്കാണ് അയാളുടെ യാത്ര, ഈ ജീവിതാവസ്ഥയാണ് കവി പകല്‍ കാഴ്ചകളുടെ വ൪ണ്ണനയിലൂടെ സാധിച്ചെടുക്കുന്നത്,

        പ്രണയവും സന്തോഷങ്ങളും ജീവിതവും നഷ്ടമായിപ്പോകുന്നത് വെറുതെ കണ്ടിരിക്കേണ്ടിവരുന്ന ഒരാളുടെ വേദന ഈ വരികളില്‍ തീവ്രമായി അവതരിപ്പിച്ചിരിക്കുന്നു.

         

        മാറിമാറി വരുന്ന ഭൂതകാലവും വ൪ത്തമാനകാലവും

        ഒരുനിമിഷം മറന്നോ പരസ്പരം മിഴികളില്‍ നമ്മള്‍നഷ്ടപ്പെടുന്നുവോ

        പസ്പരമുള്ള കഴ്ചയില്‍ സ്വയം മറന്ന് തങ്ങളിപ്പോഴെവിടെയാണെന്നതോ൪ക്കാതെ ഭൂതകാലത്തിലേക്കൂളിയിട്ട് പോകുന്നവരാണ് കവിതയിലെ പ്രണയികള്‍, , അവ൪ക്ക് വ൪ത്തമാനകാലം ദുഃഖമാണ് ഭൂതകാലമാവട്ടെ സന്തോഷം നിറഞ്ഞതും, ഓ൪ക്കുവാനേറെയുണ്ട് അതുകൊണ്ട് കണ്ണുകള്‍ തമ്മിലിടയുമ്പോള്‍ ഭൂതകാലത്തിലേക്കവ൪ നഷ്ടപ്പെട്ടുപോകുന്നത്.

        ഈ കവിതയിലെ ഭൂതകാലത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ ആനന്ദം നിറഞ്ഞതും  വ൪ത്തമാനകാലത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ ദുഃഖസൂചകവുമാണെന്ന് കാണാന്‍കഴിയും

        തിരിച്ചുനടക്കാനാവാത്ത യാത്രയാണ് ജീവിതം ,കഴിഞ്ഞുപോയതൊന്നു തിരിച്ചുവരുകയില്ല ,വീണ്ടും വരാത്തവണ്ണം കടന്നുപോയ പ്രണയകാലത്തിന്റെ സാക്ഷികളാണ് സന്ദ൪ശനത്തിലെ കാമുകീകാമുകന്മാ൪, ജീവിതം അവരെ അടുക്കാനാവാത്ത ദൂരങ്ങളിലേക്കാണെത്തിച്ചത്. ഈ അകല്‍ച്ചയെക്കുറിച്ചുള്ള ബോധമാണ് കവിതയിലെ വിഷാദത്തിന് കാരണം

മനോഹരമായ ബിംബകല്പനകള്‍

        വാക്കുകള്‍ ചെറിയ അ൪ഥപരിസരങ്ങളിനല്‍ നിന്ന് വള൪ന്ന് ജീവിതത്തിന്റെ വിശാലതകളെ, ആഴങ്ങളെ അനുഭവിപ്പിക്കുവാന്‍ പാകത്തിന് പ്രയോഗിക്കുമ്പോഴാണ് അവ ബിംബകല്പനകളാകുന്നത്. പദങ്ങളെ അസാധാരണമായ രീതിയില്‍ പ്രയോഗിക്കയും കൂട്ടിച്ചേ൪ക്കുകയും ചെയ്തുകൊണ്ടാണ് കവികള്‍ ബിംബകല്പനകള്‍ സൃഷ്ടിക്കുന്നത്.

        പൊന്‍ചെമ്പകം പൂത്തകരള്‍,തൊണ്ടയില്‍ പിടയുന്ന ഏകാന്തരോദനം,സ്മരണതന്‍ ദൂരസാഗരം,കിനാവ് ചുരന്നത്, ചില്ലകള്‍ പൂത്തത്,കുങ്കുമത്തരി പുരണ്ടചിദംബരസന്ധ്യകള്‍,നരകരാത്രികള്‍, ജനനാന്തരസാന്ത്വനം, കരച്ചിലിന്‍ അഴിമുഖം, ഭൂതായനം ഇത്തരം വാക്കുകള്‍ കവിതയില്‍ സൃഷ്ടിക്കുന്ന സവിശേഷമായ ഭാവപ്രപഞ്ചം, സാധാരണ സംസാരഭാഷയിലൂടെ ഒരിക്കലും അനുഭവിപ്പിക്കുവാനാവുകയില്ല.

        ഇവയോരോന്നും പലതരം കാഴ്ചകളെയും സ്പ൪ശങ്ങളെയും ശബ്ദങ്ങളെയും സങ്കല്പങ്ങളെയും വ൪ണ്ണിക്കുന്ന വാക്കുകളാണ് എന്നാല്‍ അവയെല്ലാം തന്നെ കവിതയിലെ വ്യക്തികളുടെ മാനസികാവസ്ഥകളെ വ്യക്തമാക്കുവാന്‍ മാത്രമാണുപയോഗിച്ചിരിക്കുന്നത്

        ആള്‍ക്കൂട്ടത്തിനിടയിലും വ്യക്തി അനുഭവിക്കുന്ന പങ്കുവയ്ക്കാനാവാത്ത വിഹ്വലതയും ഒറ്റപ്പെടലും കേവലം പ്രണയനൈരാശ്യം എന്നുമാത്രം പറയാനാവാത്തതാണ്, അത് പുതിയ കാലത്തിന്റെ നാഗരികജീവിതത്തിന്റെപ്രത്യേകതകൂടിയാണ് , ഈ സങ്കീ൪ണ്ണതകളെ ആവിഷ്കരിക്കാനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത്.


       
 


11 അഭിപ്രായങ്ങൾ:

  1. നല്ല വിശകലനം....അഭിനന്ദനങ്ങള്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
  2. വളരെ നന്നായിട്ടുണ്ട് സാർ. ഏറെ പ്രയോജനപ്രദം. അഭിനന്ദനങ്ങൾ....നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. കുട്ടികൾ ക്ക് ഏറെ പ്രയോജനം ആയി തന്നെ ആണ് ഇതിലെ ഓരോ വരികളും ഉപയോച്ചിരിക്കുന്നത് ��

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2023, മാർച്ച് 9 3:42 AM

    എനിക്കും ഉണ്ടായിരുന്നു പ്രണയം ഈ അവസരത്തിൽ ഞാൻ അത് ഓർക്കുന്നു 😞

    മറുപടിഇല്ലാതാക്കൂ
  5. ഈ ഒരു ആശയം എനിക്ക് നല്ലവണ്ണം പ്രയോജനപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  6. ഇത് കൊള്ളാം നന്നായിട്ട് മനസ്സിലാകുന്നുണ്ട് പൊളിച്ചു.
    🇮  🇷 🇪 🇦 🇱 🇱 🇾  🇱 🇮 🇰 🇪  🇮 🇹 . 👌

    മറുപടിഇല്ലാതാക്കൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...