2023, ജനുവരി 2, തിങ്കളാഴ്‌ച

പ്രസംഗ കല - കവളങ്ങാടൻ

എന്താണ് പ്രസംഗം
ഒരാൾ മറ്റുചിലരോട് സംസാരിക്കുന്നതാണ് പ്രസംഗം എന്ന് പറയാം
എന്തൊക്കെ ചേരുന്നതാണ് പ്രസംഗം
പ്രസംഗിക്കുന്നയാൾ
ശ്രോതാക്കൾ
എന്നിവരാണ് പ്രസംഗത്തിലെ മുഖ്യ ഘടകങ്ങൾ
പ്രസംഗ വിഷയം
 പ്രസംഗത്തിന്റെ സന്ദർഭം
 പ്രസംഗിക്കുന്ന സ്ഥലം
 ഇവയും പ്രധാനപ്പെട്ടവയാണ്.

ആത്മാർത്ഥതയാണ് ഏറ്റവും വലിയ പ്രസംഗ ഗുണം .പ്രസംഗ വിഷയത്തിനോടുള്ള താല്പര്യം ആണ് ആത്മാർത്ഥത പ്രസംഗ വിഷയം പ്രസംഗകന്റെ മനസ്സിൽ പതിയുകയും ഉള്ളിലെ നിരന്തരമായ ചിന്തകൾക്ക് വിധേയമാവുകയും പ്രസംഗകന്റെ ഹൃദയത്തിൽ നിന്ന് വാക്കുകൾ പുറത്തുവരികയും ചെയ്യണം അപ്പോൾ പ്രസംഗം സ്വാഭാവികം ആയിരിക്കും

എങ്ങനെ പ്രസംഗിക്കണം

 പ്രസംഗിക്കുന്ന ആളിനും കേൾക്കുന്ന ആളിനും പ്രസംഗ വിഷയവുമായി ബന്ധം ഉണ്ടായിരിക്കണം

കേൾക്കുന്നവരുടെ പ്രായം ജീവിത സാഹചര്യങ്ങൾ ഇവ മനസ്സിലാക്കി  ആവണം പ്രസംഗത്തിന്റെ രീതി തീരുമാനിക്കേണ്ടത്

കുട്ടികളോട് വളരെ ഗൗരവത്തിൽ പാണ്ഡിത്യപ്രകടനം നടത്താൻ പാടില്ല,
മുതിർന്നവരോട് ആവട്ടെ അവരുടെ ചിന്താശേഷിയും വ്യക്തിത്വവും അംഗീകരിക്കുന്ന രീതിയിൽ ആവണം പ്രസംഗിക്കേണ്ടത്.

ശ്രോതാക്കൾ കേൾക്കുക മാത്രമല്ല കാണുകയും ചെയ്യുന്നുണ്ട്
പ്രഭാഷകൻറെ ശബ്ദമാണ് കേൾക്കുന്നത് ,അത് പ്രസംഗിക്കുന്ന സന്ദർഭത്തിനും പ്രസംഗ വിഷയത്തിനും ചേരുന്നതുപോലെ ആയിരിക്കണം

ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ കേൾവിക്കാരിൽ വികാരങ്ങൾ സൃഷ്ടിക്കുന്നു

ശബ്ദ നിയന്ത്രണം പ്രസംഗത്തിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്.

ആവേശം കൊണ്ട് സ്വയം മറന്നു പരിസരബോധം ഇല്ലാതെ അലറി പ്രസംഗിക്കുന്നത് ശരിയല്ല പ്രസംഗത്തിന്റെ ശബ്ദം തീരെ ചെറുതാകാനും പാടില്ല.

ആശയങ്ങൾ കേൾവിക്കാർക്ക് മനസ്സിലാകുന്നത്ര വ്യക്തമായി കഴിയുന്നത്ര ലളിതമായി വേണം പ്രസംഗിക്കേണ്ടത്

  രസകരമായി സംസാരിക്കാൻ കഴിയുന്നത് പ്രസംഗകന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്.

 കാണികളെ ആകർഷിക്കുന്ന തരത്തിലാവണം പ്രസംഗം

 കാണികളെ പുതിയ കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്ന തരത്തിലും ആവശ്യമെങ്കിൽ അവരെ വികാരം കൊള്ളിക്കുന്ന തരത്തിലും ആണ് പ്രസംഗിക്കേണ്ടത് 

നിൽപ്പ്
ശ്രോതാക്കളുടെ നേരെ നോക്കി നിന്നാണ് പ്രസംഗിക്കേണ്ടത് മറ്റു വല്ലയിടത്തും നോക്കി നിന്നു പ്രസംഗിക്കാൻ പാടില്ല.
സദസിന്റെ എതെങ്കിലുമൊരുഭാഗത്തു
മാത്രം ദൃഷ്ടി ഉറപ്പിച്ചു പ്രസംഗിക്കയുമരുത്. അത് കേൾവിക്കാരിൽ ഒരു
വിഭാഗത്തെ മനപ്പൂർവ്വമല്ലെങ്കിൽക്കൂടി അവഗണിക്കുന്നതായ തോന്നലുണ്ടാക്കും

ശരീരം നിശ്ചലമാക്കി നിർത്തിക്കൊണ്ട് പ്രസംഗിക്കാൻ പാടില്ല
കൈകൾ  മുഖം ശരീരം  ഇവയെല്ലാം വാക്യങ്ങളുടെ ആശയ പ്രകാശനത്തിന് ഉപകാരപ്പെടുന്ന തരത്തിൽ ചലിപ്പിച്ചു കൊണ്ടാവണം പ്രസംഗിക്കേണ്ടത് .

പ്രസംഗിക്കുന്ന ആളിന്റെ പ്രസംഗശേഷിയാണ് ആളുകൾ ശ്രദ്ധിക്കുന്നത് പൊക്കം കൂടിയതോ പൊക്കം കുറഞ്ഞതോ കറുത്തതോ വെളുത്തതോ ഒക്കെ അല്പനേരത്തേക്ക് മാത്രമേ ശ്രദ്ധയിൽ പെടുന്നുള്ളൂ.

മാന്യമായ വസ്ത്രധാരണം പ്രധാനമാണ്.വസ്ത്രധധാരണം. വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത് എന്ന് ഓർമ്മിക്കുക.

 സ്റ്റേജിലെ നിൽപ്പ് വളരെ പ്രധാനപ്പെട്ടതാണ്.തല ഉയർത്തിപ്പിടിച്ച് നേരെ നിവർന്നു നിന്ന് വേണം പ്രസംഗിക്കാൻ.പ്രാസംഗികന് ഒരു പ്രസന്നമായ വ്യക്തിത്വം ആവശ്യമാണ്. നിൽപ്പിലും,നോട്ടത്തിലും കൈകാലുകളുടെ ചലനത്തിലും എല്ലാം അത് ഉണ്ടാവാൻ ശ്രദ്ധ വേണം

പ്രസംഗത്തിന്റെ ശൈലി പ്രധാനപ്പെട്ടതാണ്
 ചിലർ സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുന്നു സംസാരത്തിന്റെ രീതി
 ചില പ്രയോഗങ്ങൾ 
ശാരീരിക ചലനങ്ങൾ 
ചുമ 
തുടങ്ങിയവയൊക്കെ വ്യക്തിമുദ്രയാക്കി മാറ്റുന്നവരുണ്ട്.

ജനങ്ങൾ കേട്ടുമടുത്ത ശൈലി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് ഉദാഹരണത്തിന് പുരോഹിതന്മാരുടെ സംസാരരീതി മറ്റ് പ്രസംഗങ്ങൾക്ക് ചേരുകയില്ല

പ്രസംഗിക്കുന്ന ആളിന്റെ വാക്യങ്ങൾ കാണികളിൽ പ്രതികരണങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ അവരുമായി ഒരു മാനസിക ബന്ധം സ്ഥാപിക്കാൻ പ്രസംഗകന് കഴിയണം.

തന്റേടം ,ആത്മാർത്ഥത, ഊർജ്ജസ്വലത ഇവയെല്ലാം വാക്കുകളിൽ നിറയണം

പ്രസംഗത്തിനിടയിലുള്ള പാട്ട്, ഫലിതം എന്നിവ പ്രസംഗത്തെ കലയാക്കി മാറ്റും.

തുടക്കം
മൈക്കിനു മുമ്പിൽ നിൽക്കുമ്പോൾ
പ്രസന്ന മുഖം ഉണ്ടായാൽ അത് നല്ല ഒരു തുടക്കമായിരിക്കും .പലരും കഥ പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങുന്നത്. എന്നാൽ കഥ നന്നായി പറയാൻ പറ്റിയില്ലെങ്കിൽ പ്രസംഗം അതോടെ തകരും

നായനാരുടെ ഫലിതം 
പിസി ജോർജിന്റെ തന്റേടം
 പിണറായിയുടെ വടക്കൻ ഭാഷ
 സുരേഷ് ഗോപിയുടെ ഊർജ്ജസ്വലത 
പി ജെ ജോസഫിന്റെ പാട്ട്
 കെ എം മാണിയുടെ ചുമ 
എംഎം മണിയുടെ ശരീരഭാഷ,
അച്യുതാനന്ദൻറെ ആവർത്തിച്ചുള്ള സംസാരവും കൈകൊണ്ടുള്ള ചലനവും
 .എ കെ ആൻറണിയുടെ ആത്മർഥത.
ഉമ്മൻചാണ്ടിയുടെ ശബ്ദം
 ശശി തരൂരിന്റെ വേഷവും തലമുടിയും . സുനിൽ പി ഇളയിടത്തിനും എം എൻ കാരശ്ശേരിക്കുമുള്ള ചിരി ഇവ അവരെ ശ്രദ്ധിക്കാൻ കാരണമായിട്ടുണ്ട്. സ്വന്തമായി ഉണ്ടാക്കിയതും സ്ഥിരമായി പാലിക്കുന്നതുമായ ചില പ്രത്യേകതകൾ പ്രസിദ്ധരുടെ സംസാരത്തിൽ കാണാൻ കഴിയും.

വിഷയ പരിജ്ഞാനം അല്ല അവതരണത്തിന്റെ ശൈലിയാണ് പ്രസംഗത്തിനെ ആകർഷകമാക്കുന്നത്.
ശക്തമായ ഭാഷയിൽ രസകരമായി അവതരിപ്പിക്കുവാൻ അറിയാത്തവരുടെ പ്രസംഗം എത്ര വിഷയ പരിജ്ഞാനം ഉണ്ടെങ്കിലും ആളുകൾ ശ്രദ്ധിക്കുകയില്ല.

എങ്കിലും വെറും വാചകമടി എത്ര രസകരം ആണെങ്കിലും ഏറെ നേരം ആളുകൾ ഇഷ്ടപ്പെടുകയില്ല ചിന്തിപ്പിക്കുവാൻ കഴിവുള്ളവരാകണം പ്രാസംഗികർ

പ്രസംഗിക്കുന്ന കാര്യത്തിനെ കുറിച്ച് വ്യക്തമായ അറിവുള്ളവർ ആയിരിക്കണം പ്രാസംഗികർ

പ്രസംഗത്തിനു ആവശ്യമായ
ആശയങ്ങൾ സ്വരൂപിക്കുമ്പോൾ നീണ്ട ക്വട്ടേഷനുകളും വിഷയുമായി
ബന്ധമില്ലാത്ത കാര്യങ്ങളും ഉൾപ്പെടുത്തിയാൽ കേൾവിക്കാർക്ക് ഇഷ്ടപ്പെടുകയില്ല.
.
അബദ്ധങ്ങൾ പറയുന്നവരെ മാധ്യമങ്ങൾ പരിഹസിക്കും ശ്രോതാക്കൾ അറിവുള്ളവരാണ്

ആശയ വ്യക്തത , ധാരാവാഹിത്വം, ഉച്ചാരണസ്ഫുടത ,ഭാഷാ ശുദ്ധി,ആകർഷകമായ ശൈലി - എന്നിവ നല്ല പ്രസംഗത്തിന്റെ ഗുണങ്ങളാണ്.

പ്രസംഗം ആർക്കും പരിശീലിക്കാവുന്നതേയുള്ളൂ.
ആത്മവിശ്വാസമാണ് പ്രാസംഗികന്റെ ഏറ്റവും വലിയ യോഗ്യത

ഗാന്ധിയെപ്പോലെ ലോക ജനതയെ ആകർഷിച്ച പല നേതാക്കളും ആദ്യകാലത്ത് പ്രസംഗവേദിയെ ഭയന്ന് പിന്മാറിയവരാണ്.

ഡെമോസ്തനിസ് എന്ന മഹാനായ ഗ്രീക്ക് പ്രഭാഷകൻ വിക്ക് ഉള്ള ആളായിരുന്നു അദ്ദേഹം കടൽത്തീരത്ത് പോയി നിന്ന് പ്രസംഗിച്ചു പഠിച്ചു.
 കണ്ണാടിയിൽ നോക്കിയും മരങ്ങൾക്ക് നേരെ നോക്കിയും തനിയെ പ്രസംഗിച്ചു പഠിക്കാവുന്നതാണ്.അമേരിക്കൻ പ്രസിഡൻറ് ആയിരുന്ന എബ്രഹാം ലിങ്കൻ മരങ്ങൾക്ക് നേരെ നോക്കി ആണത്രേ ആദ്യകാലത്ത് പ്രസംഗം പരിശീലിച്ചത്.

ഒരിക്കലും ഉപന്യാസം വായിക്കുന്നതുപോലെയാവരുത് പ്രസംഗം. കാണാതെ പഠിച്ച് പറയുന്നതുപോലെ ആവാനും പാടില്ല.

നല്ല ഉച്ചാരണശുദ്ധി പ്രസംഗകനു
ആവശ്യം വേണ്ട ഗുണമാണ് .ഒപ്പം ധാരാളം പദസമ്പത്തും
വേണം അവയുടെ അർഥവും പ്രയോഗ രീതികളുംകൂടി
അറിഞ്ഞിരിക്കണം. എങ്കിലെ പ്രസംഗത്തിന് ഒഴുക്ക് ഉണ്ടാവൂ .
സമർത്ഥമായ രീതിയിൽ കവിതയും പഴഞ്ചൊല്ലുകളും ശൈലികളും ഉപയോഗിക്കാൻ പ്രാസംഗികന് കഴിവുണ്ടായിരിക്കണം

പ്രസംഗം ഒരിക്കലും അധികപ്രസംഗം ആവരുത് . ഒരു നീണ്ട
പ്രസംഗം സദസ്യരെ മുഷിപ്പിക്കും .ഏറ്റവും നല്ല വാക്കുകളിൽ,
കുറഞ്ഞ സമയത്തിൽ, ഒട്ടും ആശയം ചോരാതെ പ്രസംഗിക്കുക
ഏറ്റവും നല്ല പ്രസംഗമാവും. 

തത്സമയം ശേഖരിക്കുന്ന
ആശയങ്ങൾ
വച്ചുള്ള പ്രസംഗത്തിന് കൂടുതൽ സ്വാഭാവികത
ഉണ്ടാവും. അധികം ദീർഘിപ്പിക്കാതെ പ്രാസംഗo നിറുത്താനും
അത് സഹായിക്കും .

ശബ്ദ വിന്യാസം ആവശ്യമാണ്‌ .
ശബ്ദത്തിന് മുഴക്കവും ഘനവും കൊടുക്കാം. അത് പറയുന്നതിന്റെ
ഗൌരവം കൂട്ടും. അത് പോലെ ഇടയ്ക്ക് അല്പം
ശബ്ദം താഴ്ത്തി പറയുമ്പോഴും പ്രസംഗത്തിന്റെ ഭംഗി
കൂടും .ഒരേപോലെ ഒരേ വേഗതയിൽ ഒരു അര മണിക്കൂർ
സംസാരിച്ചാൽ ടേപ്പ് റിക്കോർഡർ ഓണ്‍ ചെയ്തത് പോലെയാവും.
ഇടയ്ക്കിടെ ചെറിയ നിർത്തലുകളും ശബ്ദത്തിന്റെ
ഉയർച്ചതാഴ്ച്ചകളും കൃത്യമായി സംയോജിപ്പിച്ചാൽത്തന്നെ
പ്രസംഗo ഗംഭീരമാക്കാം.

സംഗീതവും സാഹിത്യവും ഒക്കെ നമ്മളെ  ആഹ്ലാദിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാൽ പ്രസംഗം കർമ്മപഥത്തിൽ മുന്നേറുവാനുള്ള ശക്തി പകരുകയാണ് ചെയ്യുന്നത്. ശരിയായ പ്രവർത്തിയെ കുറിച്ച് ഉദ്ബോധിപ്പിക്കുവാൻ പ്രസംഗത്തിന് കഴിയും.വാക്കുകൾ ഔചിത്യപൂർവ്വം ഉപയോഗിക്കുമ്പോഴാണ് ഇത് സാധിക്കുന്നത്.ഫ്രഞ്ചുകാരെ യുദ്ധം ചെയ്യാൻ പ്രാപ്തരാക്കിയത് നെപ്പോളിയന്റെ പ്രസംഗങ്ങൾ ആണ്. ഹിറ്റ്ലർക്കെതിരെ അണിനിരക്കാൻ ബ്രിട്ടീഷ് സൈന്യത്തിന് ശക്തി നൽകിയത് വിൻസ്റ്റൻ ചർച്ചിലിന്റെ പ്രസംഗങ്ങളാണ്.ഭഗവത്ഗീതയും ഇതിന് ഉദാഹരണമാണ്.

തയ്യാറെടുപ്പ്
പ്രസംഗ വിഷയം നേരത്തെ തന്നെ പഠിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കണം.
പറയേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരിക്കണം. എവിടെ തുടങ്ങി എന്തൊക്കെ പറഞ്ഞ്  അവസാനിപ്പിക്കണം എന്ന് മുൻധാരണ ഉണ്ടായിരിക്കണം. പ്രസംഗത്തിന് തൊട്ടുമുമ്പ് ഉണ്ടാകുന്ന കാര്യങ്ങൾ അനുസരിച്ച് ചെറിയ മാറ്റങ്ങൾ വരാമെങ്കിലും രൂപരേഖ നേരത്തെ മനസ്സിലുണ്ടായിരിക്കണം.

പ്രസംഗത്തിന് മുമ്പ് വായനയും പഠനവും ചിന്തയും ഉണ്ടാവണം.നോട്ടുകൾ കുറിക്കണംആരോടാണ് പ്രസംഗിക്കുന്നത് എന്ന കാര്യം ഓർത്തുകൊണ്ടാവണം എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത്.

വലിയ ആശയങ്ങൾ അതേപടി പറയുന്നതിന് പകരം ശ്രോതാക്കളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ ആക്കി പറയുന്നതാണ് നല്ലത്

പ്രസംഗവേദിയിൽ ഇരിക്കുന്നത് പോലും ആളുകൾക്ക് മതിപ്പുളവാക്കുന്ന രീതിയിലായിരിക്കണം.

പ്രസംഗത്തിനിടയിൽ എപ്പോഴും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നത് നല്ല ശീലമല്ല.

പ്രഭാഷകന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് പ്രസംഗം , സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടത്തിയ പ്രസംഗം അദ്ദേഹത്തിനെ ലോകപ്രശസ്തനാക്കി .നെഹൃവും  മറ്റു നേതാക്കളും നടത്തിയ പ്രസംഗങ്ങൾ അനേകായിരങ്ങളെ സ്വാധീനിച്ചു.

അനർഗളമായി വാക്കുകളുടെ പ്രവാഹം സൃഷ്ടിച്ചത് കൊണ്ട് കാര്യമില്ല അത് വെടിക്കെട്ടിന്റെ പ്രതീതിയായിരിക്കും ജനിപ്പിക്കുക. ഉചിതമായ സ്ഥാനത്ത് നിർത്തി ആരോഹണ അവരോഹണ രീതിയിൽ ശ്രോതാക്കളെ കയ്യിലെടുക്കാൻ കഴിയണം.

പ്രസംഗം തുടങ്ങുന്നതിന് ഒരു മുഖവുര വേണം എന്നാൽ അത് സന്ദർഭവുമായി ബന്ധമില്ലാത്തതായിരിക്കരുത്.

ആശയങ്ങൾ ക്രമീകരിക്കാതെ പ്രസംഗവേദിയിൽ വരുന്നവർക്ക് പ്രസംഗം അവസാനിപ്പിക്കാൻ പ്രയാസമായിരിക്കും

സമയനിഷ്ഠ വേണം
 മനസ്സിൽ ഉദ്ദേശിച്ചതെല്ലാം പറഞ്ഞു തീർത്തേ അടങ്ങു എന്ന വാശി വേണ്ട
 ശ്രോതാക്കൾക്ക് മടുക്കും മുമ്പേ പ്രസംഗം അവസാനിപ്പിക്കണം.

പറയാൻ ശ്രമിച്ച പ്രധാന കാര്യം പ്രസംഗത്തിന്റെ അവസാനത്തിൽ ഒന്നുകൂടി സൂചിപ്പിക്കാം അവസാനം ഉചിതമായ മഹദ് വാക്യം  പറയാവുന്നതാണ്.

നീതിബോധം , സ്വാതന്ത്ര്യ ദാഹം, അഭിമാന ബോധം, ഭക്തി തുടങ്ങിയ ആശയങ്ങൾ കൊണ്ട് ജനങ്ങളെ ആവേശഭരിതരാക്കുവാൻ ലോകപ്രശസ്തരായ വാഗ്മികൾക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രസംഗകന്റെ ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകൾക്ക് മാത്രമേ കാണികളെ ആവേശഭരിതരാക്കുവാൻ കഴിയു . "ആ മഹാദീപം അണഞ്ഞു നമുക്ക് ചുറ്റും അന്ധകാരമേ കാണാനുള്ളു നമ്മുടെ പ്രിയ നേതാവ് , നമ്മുടെ രാഷ്ട്രപിതാവായ ബാപ്പു നമ്മെ വിട്ടു പോയി. " - നെഹ്രു

യുക്തിയും ചിന്തയും ആവശ്യമാണെങ്കിലും വികാരങ്ങളാണ് നമ്മെ കൂടുതൽ സ്വാധീനിക്കുന്നത്.

വികാരം ആത്മാർത്ഥത ചൈതന്യം ഇവ പ്രഭാഷകന്റെ വാക്കുകളിൽ ഉണ്ടാവണം -

അലങ്കാരങ്ങളും ഉപമകളും കവി വാക്യങ്ങളും ഔചിത്യപൂർവ്വം ഉപയോഗിക്കാം

.മാർട്ടിൻ ലൂഥർ കിംഗ് പ്രശസ്തമായ പ്രസംഗത്തിൽ "നമ്മൾ ഒരു ചെക്ക് മാറാൻ വന്നവരാണ് നൂറുവർഷം മുമ്പ് കിട്ടിയ ചെക്ക് ഈ രാഷ്ട്രം നമുക്ക് ഒരു വണ്ടി ചെക്ക് നൽകി കബളിപ്പിച്ചിരിക്കുകയാണ് സമ്പൽസമൃദ്ധ അമേരിക്കയിൽ നീഗ്രോ ദാരിദ്ര്യത്തിന്റെ ഏകാന്ത ദ്വീപിൽ കഴിയുന്നു. " 1963 വാഷിംഗ്ടൺ

ഹാ . കഷ്ടം തുടങ്ങിയ വ്യാക്ഷേപകങ്ങൾ വാക്യങ്ങൾക്കിടയിൽ മതി, പ്രസംഗ ആരംഭത്തിൽ പാടില്ല.

യുദ്ധ രംഗങ്ങളിൽ തോക്കുകളെക്കാൾ ഏറെ മനുഷ്യരെ ആവേശം കൊള്ളിച്ചത് വാക്കുകളാണ്.

(ആശയ സമ്പാദനം - റെജി കവളങ്ങാട്)






























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...