2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഊഞ്ഞാലിൽ -പാഠ വിശകലനം -

ഊഞ്ഞാലിൽ
വൈലോപ്പിള്ളി

നിലാവ് നിറഞ്ഞ തിരുവാതിര രാത്രിയിൽ ഒരു ഭാര്യയും ഭർത്താവും തങ്ങളുടെ വീടിന്റെ മുറ്റത്തിരുന്ന് ജീവിതത്തിനെക്കുറിച്ച് ഓർക്കുന്ന രീതിയിലാണ് ഊഞ്ഞാലിൽ എന്ന കവിത എഴുതിയിട്ടുള്ളത്.വാർദ്ധക്യത്തിലേക്ക് കടന്നവരാണ് ഈ ദമ്പതികൾ . 

30 വർഷങ്ങൾക്ക് മുൻപ് അവരുടെ ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ ഇതുപോലൊരു തിരുവാതിര രാത്രിയിൽ മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്ന് രാത്രി മുഴുവൻ  ഊഞ്ഞാലാടിയത് അവർ ഓർക്കുന്നു.

ജീവിതം ക്ഷണികമാണ് അത് ബാല്യം യൗവ്വനം വാർധക്യം എന്നിങ്ങനെ വേഗം കടന്നുപോകും എന്നാൽ ജീവിതത്തിനെ അനശ്വരമാക്കുന്ന ചിലതൊക്കെയുണ്ട് എന്ന് കവി വിശ്വസിക്കുന്നു

(ഒരു വെറ്റില ...... ജീവിത മധുമാസം.)

ഈ വരികൾ പ്രകൃതിയെ കഥാപാത്രങ്ങളുടെ ജീവിതാവസ്ഥയുമായി ചേർത്ത് വർണ്ണിക്കുന്നു. തിരുവാതിര രാത്രിയിൽ വെളുക്കുവോളം വെറ്റില ചവച്ച് ചുണ്ട് ചുവപ്പിക്കുന്നതും നൃത്തവും പാട്ടും തുടിച്ചു കുളിയും കേരളീയരുടെ പാരമ്പര്യമാണ്,  തിരുവാതിര രാത്രി താംബൂല പ്രിയയാണെന്ന് കവി പറഞ്ഞിരിക്കുന്നു.

മഞ്ഞണിഞ്ഞ നിലാവ്  കവിതയിലെ ദമ്പതികളുടെ നരച്ച തലമുടി പോലെയാണെന്ന് പറഞ്ഞിരിക്കുന്നു

മാമ്പൂവിലേക്ക് വണ്ടുകൾ വരും പോലെ കവിതയിലെ ദമ്പതികൾ പഴയ യവ്വനകാലത്തേക്ക് ഓർമ്മകളിലൂടെ സഞ്ചരിക്കുന്നു

(മുപ്പതു കൊല്ലം ....... മാമ്പൂവിലെത്തിച്ചേരാൻ )

കവിതയിലെ ദമ്പതികളുടെ പ്രായം ജീവിത സന്ദർഭം എന്നിവ വ്യക്തമാക്കുന്ന വരികളാണിവ.

മൂപ്പത് വർഷം മുമ്പ് ഭാര്യ പൊന്നാതിര പോലെ സുന്ദരിയായിരുന്നെന്നും അന്ന് തിരുവാതിര രാവിൽ അവർ വെളുക്കുവോളം ഊഞ്ഞാലാടിയെന്നും ഭർത്താവ് ഓർക്കുന്നു , പ്രായം അവർക്കിടയിലെ പ്രണയത്തിന് മങ്ങലേല്പിച്ചിട്ടില്ല.

ഇന്ന് അതേ വീട്ടുമുറ്റത്ത് മകളുടെ കുട്ടിക്കു വേണ്ടി കെട്ടിയ ഊഞ്ഞാലിനരുകിൽ അവർ നിൽക്കുകയാണ് ,

കുട്ടികൾക്ക് മാമ്പഴമാണിഷ്ടം അവർ വളർന്ന് യൗവ്വനത്തിലെത്തിയാലേ പ്രണയത്തിന്റെ ചിഹ്നമായ മാമ്പൂവിനെ ഇഷ്ടപ്പെടുകയുള്ളു,
മാവും മാമ്പഴവും മാമ്പൂവും വൈലോപ്പിള്ളിയുടെ പല കവിതകളിലും കടന്നുവരുന്ന കാവ്യബിംബങ്ങളാണ്.

( വീശുമീ നിലവിന്റെ ....... കാണുമോ വേറെങ്ങാനും )

വൃദ്ധനായ ഭർത്താവ്  ഭാര്യയോട് ഊഞ്ഞാലിൽ കയറിയിരിക്കാൻ പറയുന്നു .
കാറ്റ് ഓളങ്ങളെ ഇളക്കും പോലെ ഞാൻ നിന്നെ ഊഞ്ഞാലാട്ടാം എന്നയാൾ പറയുന്നു.

പ്രായം സൗന്ദര്യം കുറച്ചുവെങ്കിലും യൗവ്വനത്തിലെ മനോഹര സ്മിതം ഭാര്യക്ക് ഇപ്പോഴുമുണ്ട്. ഊഞ്ഞാൽ പടിയിൽ ഒരു വെള്ളിത്താലി പോലെ ഇരിക്കാൻ ഭർത്താവ് ഭാര്യയോട് പറയുന്നു. ശരീരത്തിനുമപ്പുറം മനസ്സുകൾക്കിടയിൽ മങ്ങാതെ നിൽക്കുന്ന പ്രണയം ഈ വരികളിൽ കാണാം , താലി കുടുംബ ജീവിതത്തിന്റെ ചിഹ്നമാണല്ലോ ,

ആതിരയാകുന്ന പെണ്ണ് ഊഞ്ഞാലാടുന്ന ആയിരം കാൽ മണ്ഡപമെന്ന് മനോഹരമായി ഗ്രാമത്തിനെ വർണ്ണിച്ചിരിക്കുന്നു ,

 ഗ്രാമം പ്രണയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും ഇരിപ്പിടമാണ് കവിക്ക് , ജീവിത ദു:ഖങ്ങൾക്കിടയിലും ഗ്രാമത്തിലെ മനുഷ്യർക്ക് സന്തോഷിക്കാനാവുമെന്ന് കവി പറയുന്നു. 

"ഏതു ധൂസര സങ്കല്പത്തിൽ വളർന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടെഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും "
(ധൂസരം -ഭംഗിയുള്ളത്)

എന്ന് മറ്റൊരു കവിതയിൽ ഗ്രാമ വിശുദ്ധിയെ കവി പാടിപ്പുകഴ്ത്തുന്നുണ്ട്

(പാഴ്മഞ്ഞാൽ ചൂളീടിലും ....... പാടി നിർത്തുക പോകാം )

വൃദ്ധരായ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളെന്നതിനുമപ്പുറം കവിയുടെ ജീവിത വീക്ഷണം ആവിഷ്കരിക്കുന്ന കവിതയാണ് ഊഞ്ഞാലിൽ,

പ്രതിസന്ധികളിൽ തളർന്നു പോകാത്ത ആത്മവീര്യത്തിന്റെ ആരാധകനാണ് കവി ,

 ശക്തിയുടെ കവി എന്നാണ് വൈലോപ്പിള്ളി അറിയപ്പെട്ടത് , മനുഷ്യാധ്വാനത്തിനെയും മരണത്തിനു തകർക്കാനാവാത്ത ജീവിത വിജയങ്ങളെയും കവി ഇഷ്ടപ്പെട്ടു, കവിതയിലെ വൃദ്ധ ദമ്പതികൾ കഴിഞ്ഞു പോയ യവ്വനത്തെക്കുറിച്ചാണ് ഓർക്കുന്നതെങ്കിലും നിരാശയോ പരാജയബോധമോ അവരുടെ മനസ്സിലില്ല, 

പട്ടിണിക്കിടയിലും തിരുവാതിര ആഘോഷിക്കുന്ന മനുഷ്യരാണ് അവർക്കു ചുറ്റുമുള്ളത് , ആകാശത്തിലെ യുദ്ധവിമാനത്തെ അവർ ഭയപ്പെടുന്നില്ല , നാളെയും തിരുവാതിര വരും മാവുകൾ പൂക്കും മനുഷ്യർ പരസ്പരം പ്രണയിക്കും സുഖമെന്നതു പോലെ ദുഃഖവും താല്കാലികമാണ്, കൊലക്കുടുക്ക് തീർക്കാവുന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റുന്നതുപോലെ പ്രതിസന്ധികളെ അതിജീവനമാർഗ്ഗമാക്കാനുള്ള ശക്തി മനുഷ്യനുണ്ട് എന്ന് കവി പറയുന്നു.

അതുകൊണ്ട് നീ ഒരിക്കൽ കൂടി കല്യാണി കളവാണി എന്ന ഗാനം പാടുക മനുഷ്യ ജീവിതത്തിൽ സാരമായത് ഇത്തരം സുന്ദര നിമിഷങ്ങളാണ് എന്ന് കവിതയിലെ ഭർത്താവ് പറയുന്നു.

 വാർധക്യത്തിന്റെ പേരിൽ ദുഃഖിക്കുകയല്ല തന്റെ ഭാര്യ ശകുന്തളയാണെന്നും വീട്ടുമുറ്റം മാലിനീ നദീതീരമാണെന്നും നക്ഷത്രം വിടർന്ന ആകാശം വനജ്യോത്സ്ന യാണെന്നുമുള്ള ധീര സങ്കല്പത്തിൽ മുഴുകുകയാണ് കവിതയിലെ ഭർത്താവ് ,

 സുന്ദരമായ ഈ രാത്രിയും കടന്നുപോകും നാളെ ജോലികൾ നിറഞ്ഞ പകൽ വരും അതാണ് ജീവിതം എന്ന പക്വതയുള്ള ജീവിത വീക്ഷണം അവതരിപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത് ,
അമിത വൈകാരികതക്കിടം നൽകാതെ എന്നാൽ മനോഹരമായ പ്രകൃതി വർണ്ണനകൾ ഉൾപ്പെടുത്തിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത് , വാർധക്യത്തിലും തീവ്രമായ പ്രണയം ഈ കവിതയെ മനോഹരമാക്കുന്നു

ജീവിതത്തിനെ സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന കവിയാണ് വൈലോപ്പിള്ളി

-പാഠവിശകലനം  തയ്യാറാക്കിയത് -  റെജി കവളങ്ങാട്

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...