2021, ജനുവരി 27, ബുധനാഴ്‌ച

കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ - പ്രൊഫസർ എം എൻ വിജയൻ . പാഠവിശകലനം റെജി കവളങ്ങാട്

കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ

പ്രസിദ്ധനായ സാഹിത്യ നിരൂപകനും പ്രഭാഷകനും ആയിരുന്നു പ്രഫസർ എം എൻ വിജയൻ . സാഹിത്യകൃതികളെ    ചരിത്രം രാഷ്ട്രതന്ത്രം തുടങ്ങിയ പലതരം അറിവുകളുടെ വെളിച്ചത്തിൽ നോക്കിക്കാണാനും വിലയിരുത്താനുമാവും, വിജയൻ മാഷ്  മന:ശാസ്ത്രപരമായ വിലയിരുത്തലുകൾ നടത്തിയ ഒരു സാഹിത്യനിരൂപകനായിരുന്നു.

അദ്‌ഭുതാത്മകമായി , സുഭഗമായി, അർഥഗർഭമായി വാക്കുകൾ നൃത്തം ചെയ്യുന്നതാണ് കവിത എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ലേഖനം ആരംഭിക്കുന്നത്. ശബ്ദഭംഗിയെക്കാൾ അർഥ ഭംഗിക്കാണ് ഈ നൃത്തത്തിൽ സ്ഥാനമുള്ളത് ,

വൈലോപ്പിള്ളിയുടെ സഹൃന്റെ മകൻ എന്ന കവിത ഒരേ സമയം എഴുന്നള്ളത്തിന് നിന്ന് മദം പൊട്ടിയോടുന്ന ഒരു ആനയുടെ കഥയും ജന്മവാസനകളിൽപ്പെട്ട് സാമൂഹ്യ നിയമങ്ങളെ മറന്ന് പ്രവർത്തിക്കുന്ന ഒരു മനുഷ്യന്റെ കഥയുമാണ്
ഇദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെ മനുഷ്യ മനസ്സിനെ മന:ശാസ്ത്രജ്ഞനായ ഫ്രോയ്ഡ് വിശകലനം ചെയ്യുന്നുണ്ട്. മിഠായി കാണുമ്പോൾ കുട്ടികൾ വാശി പിടിക്കുന്നതു പോലെ ജന്മവാസനകൾ മനുഷ്യമനസ്സിനെ നിരന്തരം ആകർഷിച്ചു കൊണ്ടിരിക്കുന്നു ഇദ് എന്നതുകൊണ്ട് ഇതാണ് ഉദ്ദേശിക്കുന്നത് , സാമൂഹ്യ നിയമങ്ങൾ ജന്മവാസനകൾ പുറമെ കാണിക്കുന്നതിൽ നിന്ന് മനുഷ്യനെ തടയുന്നു. സദാചാരം ശരി തെറ്റുകൾ ഇവയെക്കുറിച്ചുള്ള ബോധം ഉള്ളിലെ ആഗ്രഹങ്ങളെ നിയന്ത്രിച്ചു നിർത്താൻ നിർബന്ധിക്കുന്നു , അരുതായ്മകളെക്കുറിച്ചുള്ള ഈ ബോധമാണ് സൂപ്പർ ഈഗോ, 
നിത്യജീവിതത്തിൽ ഇദ്, സൂപ്പർ ഈഗോ ഇവയേ വേണ്ടതുപോലെ നിയന്ത്രിച്ച് കൊണ്ടുപോകാനുള്ള കഴിവാണ് ഈഗോ. അത് യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ബോധമാണ്.

ചില സന്ദർഭങ്ങളിൽ മനുഷ്യർ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് കോപം തുടങ്ങിയ ജന്മവാസനകളിൽപ്പെട്ട് ഭ്രാന്തമായി പെരുമാറാറുണ്ട് , സാമൂഹ്യ നിയമങ്ങളിൽ ഒതുങ്ങി നിൽക്കാൻ ചിലപ്പോഴൊക്കെ കഴിയാറില്ല. മദം പൊട്ടി ആളുകളെ ചവിട്ടി ഓടുന്ന ആനയുടെ വർണ്ണന മനുഷ്യന്റെ വർണ്ണന കൂടിയാകുന്നത് ഇങ്ങനെ തികച്ചും മന:ശാസ്ത്രപരമാണെന്നും അത് നല്ല കവിതയാകുന്നത് അങ്ങനെയാണെന്നും വിജയൻ മാഷ് പറയുന്നു
ഒരർത്ഥത്തിൽ കവിഞ്ഞ് മറ്റൊരു അർത്ഥം ഇല്ലെങ്കിൽ അത് കവിത ആവുകയില്ല എന്ന് എം എൻ വിജയൻ പറയുന്നു.പദങ്ങൾ സാധാരണ സംസാരിക്കുമ്പോൾ ലഭിക്കുന്ന അർത്ഥം മാത്രം ഉദ്ദേശിച്ചു കൊണ്ടല്ല കവിതയിൽ പ്രയോഗിക്കുന്നത്.
അനേകം അർത്ഥങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് പോലെയാണ് കവികൾ പദപ്രയോഗം നടത്തുന്നത്.

ചരിത്രം കവിതയെ സ്വാധീനിക്കുന്നുണ്ട്.ഒരേ വസ്തുവിനെ  പല കാലങ്ങളിൽ ജീവിച്ചിരുന്ന കവികൾ പല രീതിയിലാണ് വർണ്ണിച്ചിട്ടുള്ളത്.
കല്യാണസൗഗന്ധികം തുള്ളലിൽ കുഞ്ചൻ നമ്പ്യാർ ഗന്ധമാദന പർവ്വതത്തിൽ ചെല്ലുന്ന ഭീമസേനൻ വാഴക്കുലകളെ കാണുന്നത് പവിഴവും പച്ചരത്ന കല്ലും ഇടകലർത്തിയ മാലപോലെ ആണ് എന്ന് വർണിക്കുന്നു.ചങ്ങമ്പുഴയുടെ വാഴക്കുല എന്ന എന്ന കാവ്യത്തിൽ ആകട്ടെ വാഴക്കുല ജന്മിത്ത സമ്പ്രദായത്തിനെതിരായ പ്രതിഷേധത്തിന്റെ ചിഹ്നം ആയി മാറുന്നു.നമ്പ്യാരുടെ കാലത്ത് ജന്മിത്തം ഉണ്ടായിരുന്നു എങ്കിലും അത് തെറ്റാണ് എന്ന കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല.ചങ്ങമ്പുഴയുടെ കാലത്ത്  ജന്മിത്വത്തിന് എതിരായ ചിന്തകൾ സമൂഹത്തിൽ ഉള്ളതുകൊണ്ട് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്.ഒരേ വസ്തുവിനെ തന്നെയാണെങ്കിലും പല പലകാലങ്ങളിൽ ജീവിച്ച കവികൾ  പല ലക്ഷ്യങ്ങളോടെ ആണ് അതിനെ വർണ്ണിച്ചിട്ടുള്ളത്.അതായത് കവിതയിൽ വാക്കും അർത്ഥവും തമ്മിലുള്ള ബന്ധം എല്ലായിപ്പോഴും ഒരുപോലെയല്ല .ഇതിനെ അവ്യവസ്ഥിതത്വം എന്നാണ് വിജയൻമാഷ് വിളിക്കുന്നത്.കാളിദാസന്റെ യക്ഷൻ മേഘത്തിനെ കാണുന്നത്  നായികയോട് പ്രണയം  പറഞ്ഞു കൊടുക്കാൻ ഉള്ള ഉപകരണം ആയിട്ടാണ്. എന്നാൽ വള്ളത്തോൾ ആവട്ടെ  മേഘങ്ങളെ  നൂൽ നൂൽക്കാൻ ഉള്ള ഉള്ള പഞ്ഞിക്കെട്ടുകൾ ആയി ആണ് കാണുന്നത്. രണ്ടു കവികളും ജീവിച്ചിരുന്ന കാലത്തെ ചരിത്ര  സംഭവങ്ങളും  സമൂഹത്തിൻറെ കാഴ്ചപ്പാടുകളും  അവരുടെ  കവിതയെ സ്വാധീനിച്ചിരിക്കുന്നു.ഒരേ വസ്തു ഒരേ രീതിയിലല്ല അവർക്ക് അനുഭവപ്പെടുന്നത്.

കവികൾ ജീവിതത്തിൻറെ ഒരിക്കലും തീരാത്ത സൗന്ദര്യം ആവിഷ്കരിക്കുന്നു എന്നും .മനുഷ്യന്റെ അനുഭവങ്ങൾക്ക് അതിരുകളില്ല എന്ന് അവർ വീണ്ടും വീണ്ടും തെളിയിക്കുന്നു എന്നും  അതുകൊണ്ടാണ്  കവികൾ സ്വന്തമായി ലോകം സൃഷ്ടിക്കുന്ന വരാണ്  എന്ന് പറയുന്നതെന്നും  എം എൻ വിജയൻ മാഷ് പറയുന്നു.




കവിത  എന്നാൽ  ഈണത്തിൽ എന്തെങ്കിലും പറഞ്ഞുവയ്ക്കുന്നത് മാത്രമല്ല എന്നും  കവിതയെ കവിത യാകുന്നത്  വാക്കുകൾക്ക് മാന്ത്രികമായ രീതിയിൽ  അനേകം അർഥങ്ങൾ  സമ്മാനിക്കുവാൻ ഉള്ള  കവിയുടെ ശേഷി ആണ് എന്നും  എല്ലാം തുറന്നു പറയുന്നതു മാത്രമാണ് കവിത  എന്ന് പറയാൻ ആവില്ല എന്നും   പറയുന്നതിനുള്ളിൽ  അനേകം രഹസ്യമായ അർത്ഥങ്ങൾ ഒളിപ്പിച്ചുവെക്കുന്ന വരാണ് നല്ല കവികൾ  എന്നും കാവ്യാസ്വാദനത്തിനെക്കുറിച്ച്  തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ്  കാവ്യചിന്തകനായ എം എൻ വിജയൻ ഇവിടെ ചെയ്യുന്നത്.


സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...