2020, ഡിസംബർ 31, വ്യാഴാഴ്‌ച

മാപ്പിളപ്പാട്ടിലെ കേരളീയത

മാപ്പിളപ്പാട്ടിലെ കേരളീയത
 എം എൻ കാരശ്ശേരി,
പാഠ വിശകലനം - റെജി കവളങ്ങാട്



മലയാള സാഹിത്യത്തിൽ പഴയ കാലം മുതൽ ഭാഷ, ആവിഷ്കാര രീതി ,പ്രമേയം തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ  പലതരം  കവിതാ രീതികൾ  നിലവിലുണ്ട്.പതിനഞ്ചാം നൂറ്റാണ്ടിനു  മുമ്പ് മണിപ്രവാളം, പാട്ട് എന്ന്  രണ്ട് കൈവഴികളിൽ ആയിട്ടാണ് മലയാള കവിത ഒഴുകി വന്നത്..മലയാളവും സംസ്കൃതവും കൂടിചേർന്ന കവിതാ രീതിയാണ് മണിപ്രവാളം. പാട്ടിൽ ആദ്യകാലത്ത് തമിഴ് സ്വാധീനം കൂടുതലായിരുന്നു .ചീരാമചരിതം, കണ്ണശ്ശരാമായണം തുടങ്ങിയ കൃതികളാണ് പാട്ട് കവിതയിൽ കാണപ്പെടുന്നത്.പാട്ടു കവിത പൊതുവെ ഭക്തിരസപ്രധാനവും നാടൻ താളങ്ങളിൽ എഴുതപ്പെടുന്നതും  എതുക ,മോന തുടങ്ങിയ പ്രാസങ്ങൾ ഉള്ളതും ആയിരുന്നു.(എതുക -ഒന്നാമത്തെ വരിയുടെ രണ്ടാം അക്ഷരം തന്നെ രണ്ടാമത്തെ വരിയുടെയും രണ്ടാം അക്ഷരമായി വരുന്നത്.  മോന - ഒരു വരി രണ്ടായി മുറിക്കുമ്പോൾ ആദ്യഭാഗം തുടങ്ങുന്ന അക്ഷരം കൊണ്ടു തന്നെ രണ്ടാം പകുതിയും ആരംഭിക്കുന്നത്) എഴുത്തച്ഛൻ ചെറുശ്ശേരി തുടങ്ങിയ കവികൾ പാട്ട് രീതിയിലാണ് കവിത എഴുതിയത്.എന്നാൽ അവരുടെ കവിത പഴയ പാട്ട് കവിതയിൽ നിന്നും വ്യത്യസ്തമായിരുന്നു , അവ ഇന്നത്തെ മലയാളവുമായി കൂടുതൽ അടുത്തു നിൽക്കുന്നവയാണ് , അവയിൽ തമിഴ് സ്വാധീനം കുറഞ്ഞും സംസ്കൃതത്തിന്റെ സ്വാധീനം കൂടിയും കാണപ്പെടുന്നു.ഭാഷയുടെ ചരിത്രം നാടിൻറെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു , മറ്റു ദേശങ്ങളിലുള്ള ആളുകളുമായി സമ്പർക്കത്തിൽ ആകുമ്പോൾ  നമ്മുടെ ഭാഷയിൽ അന്യഭാഷകളിൽ നിന്ന് പദങ്ങൾ കടന്നു വരാറുണ്ട്. വലിയ തോതിലുള്ള സമ്പർക്കത്തിന്റെ ഫലമായി മിശ്ര ഭാഷകൾ രൂപം കൊള്ളാറുണ്ട്. ഭാരതത്തിലെ പ്രാദേശിക ഭാഷകളെ എല്ലാം  സംസ്കൃതം വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട് , മണിപ്രവാളം ഇത്തരത്തിൽ സംസ്കൃത സ്വാധീനം കൊണ്ട് ഉണ്ടായ മിശ്ര ഭാഷയാണ്. അറബി ഭാഷയുമായി ഉണ്ടായ സമ്പർക്കത്തിന്റെ ഫലമായി അറബിമലയാളം എന്ന് മിശ്രഭാഷ രൂപംകൊണ്ടിട്ടുണ്ട്. അറബി ലിപിയിൽ ആണ് ഇത് രേഖപ്പെടുത്തിയിരുന്നത്.ഇതിൽ ഗദ്യവും പദ്യവും ഉണ്ട് , പദ്യകൃതികൾ  മാപ്പിളപ്പാട്ടുകൾ എന്ന് അറിയപ്പെടുന്നു.ആദ്യകാലത്ത് ഇത് മുസ്ലീങ്ങൾക്കിടയിൽ മാത്രമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്  . ജനാധിപത്യ കാലത്ത് ജാതി മതങ്ങളുടെ അതിർവരമ്പുകൾ കുറഞ്ഞു വന്നതോടെ മതങ്ങളുടെയും ജാതികളുടെയും വേലിക്കെട്ടുകളിൽ ഉണ്ടായിരുന്ന കലകൾ എല്ലാവരുടേതും ആയി മാറി. മാപ്പിളപ്പാട്ട് ,കഥകളി, കൂത്ത് തുടങ്ങിയ എല്ലാ കലകളിലും ഈ ജനാധിപത്യവൽക്കരണം സംഭവിച്ചു.മാപ്പിളപ്പാട്ട് എന്ന പേരിൽ നിന്നുതന്നെ അതിന് പഴയ പാട്ട് കവിതയുമായുള്ള ബന്ധം മനസ്സിലാക്കാം , പാട്ട് കവിതയുടെ പഴയ പ്രാസ വ്യവസ്ഥകളും ഈണവും  മാപ്പിളപ്പാട്ടിൽ കാണാം.500 വർഷത്തോളം പഴക്കമുള്ള ഗാനശാഖയാണ് മാപ്പിളപ്പാട്ട്  , ആദ്യകാലത്ത് മുസ്ലിം മത സംബന്ധിയായ വിശുദ്ധ യുദ്ധങ്ങളുടെ കഥ കളാണ് മാപ്പിളപ്പാട്ടുകളായി രചിക്കപ്പെട്ടത് ,പിന്നീട് പ്രണയ  കഥകളും നാടൻ ഇതിവൃത്തങ്ങളും മാപ്പിളപ്പാട്ടിന് വിഷയമായിത്തീർന്നു.മാപ്പിളപ്പാട്ട് കവികളിൽ ഏറെ ജനപ്രിയനായിത്തീർന്ന പുലിക്കോട്ടിൽ ഹൈദറിന്റെ രചനകളെക്കുറിച്ചാണ് ശ്രീ എം എൻ കാരശ്ശേരി ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.പ്രമേയം ,ഭാഷ , കാഴ്ചപ്പാട് എന്നിവയിലെല്ലാം പുലിക്കോട്ടിൽ ഹൈദർ കേരളീയതക്ക് വലിയ പ്രാധാന്യം നൽകി.മാപ്പിളപ്പാട്ട് കവികളിൽ ഈ ഒരു പ്രത്യേകത ഏറ്റവും കൂടുതലുള്ളത് ഹൈദറിനാണ്.ഒറ്റപ്പാട്ടുകൾ കെട്ടുന്നതായിരുന്നു അദ്ദേഹത്തിൻറെ ശീലം അത്തരത്തിൽ രണ്ടായിരത്തോളം പാട്ടുകൾ ഉണ്ട് .മാപ്പിളപ്പാട്ടിലെ മറ്റു കവികൾ അറേബ്യൻ ചരിത്രത്തെയും ഇസ്ലാമിക ഇതിവൃത്തങ്ങളെ യും കാല്പനിക കഥകളെയും മാപ്പിളപ്പാട്ടിന്  തെരഞ്ഞെടുത്തപ്പോൾ പുലിക്കോട്ടിൽ ഹൈദർ തന്റെ നാടിന്റെ കഥകളാണ് പാട്ടുകളാക്കിയത് വെള്ളപ്പൊക്കമാല ഇതിന് നല്ല ഉദാഹരണമാണ്.കാല്പനികതയും ഭക്തിയും അല്ല തൻറെ ചുറ്റുപാടും കണ്ട മനുഷ്യരുടെ ജീവിത യാഥാർത്ഥ്യങ്ങൾ നിറഞ്ഞ നാട്ടുകഥകൾ ആണ് അദ്ദേഹത്തിന് ഇഷ്ടം .പൊതുവേ മാപ്പിളപ്പാട്ട് കവികൾ മറ്റു ഭാഷകളിലെ പദങ്ങൾ കൂട്ടിക്കലർത്തി സങ്കര ഭാഷയിലാണ് എഴുതാറുള്ളത്.പുലിക്കോട്ടിൽ ഹൈദർ അങ്ങനെയല്ല . അദ്ദേഹം തൻറെ ജന്മദേശമായ ഏറനാട്ടിലെ ഭാഷയാണ് മാപ്പിളപ്പാട്ട് രചനയ്ക്കായി സ്വീകരിച്ചത്.വാമൊഴിയെ വരമൊഴി ആക്കി മാറ്റുവാൻ മെനക്കെടാതെ അതേപടി  അദ്ദേഹം പാട്ടിൽ ഉപയോഗിച്ചിരിക്കുന്നു. മലമ്മൽ , നരീനെ തുടങ്ങിയ പ്രയോഗങ്ങൾ അവിടെ സുലഭമാണ്.സ്ത്രീകളുടെ ജീവിത ദുഃഖങ്ങൾക്ക് പ്രാധാന്യം കൊടുത്തു എന്നതാണ് പുലിക്കോട്ടിൽ ഹൈദറിന്റെ പാട്ടുകളുടെ മറ്റൊരു പ്രത്യേകത.പുരുഷന്റെ ക്രൂരതയും വഞ്ചനയ്ക്കും പാത്രമാകുന്ന സ്ത്രീത്വം ഹൈദറിൻറെ രചനാ വൈഭവത്തെ നിരന്തരം പ്രചോദിപ്പിച്ചു.മറിയക്കുട്ടിയുടെ കത്ത് ആണ് ഇത്തരം രചനകളിൽ ഏറെ പ്രസിദ്ധം. ബെല്ലാരി ജയിലിൽ കിടക്കുന്ന ഭർത്താവ് മറിയക്കുട്ടിയെ സംശയിച്ചു കൊണ്ട് കത്ത് എഴുതിയപ്പോൾ അതിനു മറുപടിയായി എഴുതുന്ന കത്ത് രൂപത്തിലാണ് ഈ പാട്ട് രചിച്ചിട്ടുള്ളത്."ബെല്ലാരി ക്കുടനെ ഞാൻ വരാം , ഒട്ടു വഴിയുണ്ടോ, വല്ലികൾക്കവിടേക്ക് വരാൻ പാടുണ്ടോ ?"തുടങ്ങിയ വരികൾ ഏറെ ഹൃദയസ്പർശിയാണ്.ജീവിത പുരോഗതിക്ക് തടസ്സം എന്നു തോന്നിയ എല്ലാ ആചാരങ്ങളെയും അദ്ദേഹത്തിൻറെ രചനകൾ പുച്ഛിക്കുന്നു..ദുരാചാരമാല, കലിയുഗം, കാതുകുത്തുമാല , സ്ത്രീമർദ്ദിമാല, മാരന്മാരുടെ തകരാറ് തുടങ്ങിയഗാനങ്ങൾ ഇതിന് ഉദാഹരണമാണ്.കത്തുകളുടെ രൂപത്തിൽ എഴുതുന്ന കത്തുപാട്ടുകൾ മാപ്പിളപ്പാട്ടുകൾ ക്കിടയിൽ ഇപ്പോഴും സജീവമാണ്  ,അന്ധവിശ്വാസങ്ങളോടുള്ള എതിർപ്പും വാമൊഴിയോടുള്ള അടുപ്പവും കൊണ്ട് ഹൈദറിന്റെ കത്ത് പാട്ടുകൾ വേറിട്ടുനിൽക്കുന്നു.നിമിഷകവന ശേഷി കൊണ്ട് അനുഗൃഹീതനായിരുന്നു പുലിക്കോട്ടിൽ ഹൈദർ .ഇരുപതാം നൂറ്റാണ്ടിലെ മലബാറിൻറെ രാഷ്ട്രീയവും ഗാർഹികവും സാമ്പത്തികവുമായ അനേകം മുദ്രകൾ പേറുന്ന മനോഹരമായ മാപ്പിളപ്പാട്ടുകൾ ആണ് പുലിക്കോട്ടിൽ ഹൈദർ രചിച്ചിട്ടുള്ളത് .പ്രകൃതിയും സ്ത്രീയും നേരിട്ട സങ്കടങ്ങളെ പറ്റിയുള്ള ആ പാട്ടുകൾ അനീതിക്കെതിരായ പോരാട്ടത്തിന്റെ ഗാഥകൾ ആണ് .മാപ്പിളപ്പാട്ടുകളുടെ ചരിത്രം ഭാഷാപരമായ പ്രത്യേകതകൾ, പുലിക്കോട്ടിൽ ഹൈദറിന്റെ രചനകളുടെ പ്രധാന സവിശേഷതകൾ എന്നിവയെ മുൻനിർത്തിയുള്ള ചോദ്യങ്ങളാണ് ഈ പാഠത്തിൽ നിന്ന് വരാൻ സാധ്യതയുള്ളത്

2020, ഡിസംബർ 28, തിങ്കളാഴ്‌ച

പദത്തിന്റെ പഥത്തിൽ - പാഠ വിശകലനം - കവളങ്ങാടൻ

പദത്തിന്റെ പഥത്തിൽ


പദത്തിൻറെ പഥത്തിൽ എന്ന പാഠഭാഗമാണ് തനതിടം എന്ന യൂണിറ്റിൽ നാടകത്തിനെ തുടർന്ന് ഉൾപ്പെടുത്തിയിട്ടുള്ളത് , ദൃശ്യകലകളുമായി ബന്ധപ്പെട്ട കേരളത്തിൻറെ സാംസ്കാരിക തനിമ ഈ യൂണിറ്റിൽ അനാവരണം ചെയ്യപ്പെടുന്നു.കഥകളി  കേരളത്തിൻറെ സാംസ്കാരിക ചിഹ്നമായി  ലോകംമുഴുവൻ  അറിയപ്പെടുന്നു ,കഥകളിയുടെ ഉത്ഭവവും വളർച്ചയും പ്രത്യേകതകളും സാഹിത്യത്തിൽ അതിനുള്ള സ്ഥാനവും  മനസ്സിലാക്കേണ്ടതാണ് ,

 ഒരുകാലത്ത് കേരളത്തിലെ കലകൾ മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളിൽ ആയിരുന്നു.ആധുനിക വിദ്യാഭ്യാസവും ജനാധിപത്യവും ഈ അകൽച്ചകൾക്ക് അറുതി ഉണ്ടാക്കി.ഇപ്പോൾ തിരുവാതിരയും കഥകളിയും ഒപ്പനയും മാർഗംകളിയും  എല്ലാം എല്ലാ വിഭാഗത്തിൽപ്പെടുന്ന ആളുകളും പഠിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെയൊരു ഒരു മാനവിക സമത്വം രൂപംകൊണ്ടത് കേരളത്തിൽ  നടന്ന നവോദ്ധാനത്തിൻറെ ഭാഗമായി കൂടിയാണ്. ഹൈദരലിയുടെ  ഓർമ്മകൾ  ഈയൊരു പശ്ചാത്തലത്തിലാണ് നമ്മൾ  വായിച്ചു പോകേണ്ടത്. മഹാകവി വള്ളത്തോൾ സ്ഥാപിച്ച കേരള കലാമണ്ഡലം എല്ലാ  കേരളീയകലകൾക്കും പ്രത്യേകിച്ചും കഥകളിക്ക്  വലിയ പ്രോത്സാഹനം നൽകി .

കഥകളി പൊതുവേ ഒരു ഹൈന്ദവ കലയായി  അറിയപ്പെട്ടിരുന്ന  കാലത്താണ് ഹൈദരാലി  കഥകളിസംഗീതം പഠിക്കുവാൻ കലാമണ്ഡലത്തിൽ എത്തിച്ചേരുന്നത്.
നിറത്തിന്റെ പേരിലും മതത്തിൻറെ പേരിലും സഹപാഠികളിൽ നിന്നും തനിക്ക് വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്ന്  ഹൈദരലി വേദനയോടെ സ്മരിക്കുന്നു.
കല മനുഷ്യരെ  അതിരുകൾക്ക് പുറത്തേക്ക് ഒന്നിപ്പിക്കുന്നു , ഹൈദരലിയുടെ ജീവിതം ഇതാണ് തെളിയിക്കുന്നത്.

ഈ പാഠഭാഗത്തു നിന്ന്  വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ  ഹൈദരലിയുടെ ബാല്യകാലവുമായി ബന്ധപ്പെട്ടതാണ്, അദ്ദേഹത്തിൻറെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ,  കലാമണ്ഡലത്തിലെ പഠനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ;അതായത്  കലാമണ്ഡലത്തിൽ ചേരാൻ ഉണ്ടായ ബുദ്ധിമുട്ടുകൾ, അദ്ദേഹത്തിനെ ഇൻറർവ്യൂ ചെയ്ത ആളുകൾ , അദ്ദേഹത്തിൻറെ ഗുരുക്കൻമാർ , അവർക്ക് ഹൈദരലിയോടുണ്ടായിരുന്ന വാത്സല്യം , പഠനകാലത്ത്  അനുഭവിക്കേണ്ടിവന്ന വിവേചനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേകം ഓർത്തു വയ്ക്കേണ്ടത്.

കഥകളി സംഗീതത്തിനെ കുറിച്ചും കഥകളി ഗായകരെ കുറിച്ചും  മനസ്സിലാക്കുക എന്നതും ഈ പാഠഭാഗം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.
പദത്തിൻറെ പഥത്തിൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
കഥകളിപ്പദത്തിൻറെ വഴിയിലൂടെയുള്ള ജീവിത സഞ്ചാരം എന്നുതന്നെയാണ് ആണ്

പദം ആട്ടക്കഥയുടെ ഒരു ഭാഗമാണല്ലോ  , ശ്ലോകം പദം എന്നിങ്ങനെയാണ് ആട്ടക്കഥ എഴുതപ്പെടുന്നത് , അതിൽ പദം  ആണ് സംഗീത ചിട്ടയോടെ ആലപിക്കുന്നത് , പഥം എന്ന വാക്കിന് വഴി എന്നാണ് അർത്ഥം

2020, ഡിസംബർ 22, ചൊവ്വാഴ്ച

ഓർമ്മയുടെ ഞരമ്പ് - പാഠ വിശകലനം

ഓർമ്മയുടെ ഞരമ്പ് - കെ ആർ മീര

പാഠവിശകലനം റെജി കവളങ്ങാട്


നവവധുവായ പെൺകുട്ടി ഭർത്താവിന്റെ മുത്തശ്ശിയുമായി നടത്തുന്ന സംസാരമെന്ന നിലയിലാണ് ഓർമ്മയുടെ ഞരമ്പ് എന്ന കഥ ആരംഭിക്കുന്നത് , വൃദ്ധ തന്റെ കഥ പറയുകയാണ് , വൃദ്ധക്ക് ഓർമ്മ നശിച്ചു എന്നും പഴയ നോട്ടുബുക്ക് തിരയുന്നതാണ് ഇപ്പോഴത്തെ പതിവ് എന്നും വീട്ടുജോലിക്കാരി പത്മാക്ഷി പരിഹാസത്തോടെ പറയുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ജയിലിൽ പോവുകയും സ്വാതന്ത്ര്യാനന്തരം പാർലമെന്റംഗമാവുകയും ചെയ്തയാളായിരുന്നു വൃദ്ധയുടെ ഭർത്താവ്. ഒരു എഴുത്തുകാരിയാവുക എന്നതായിരുന്നു അവരുടെ ജീവിതത്തിലെ വലിയ ആഗ്രഹം . പെൺകുട്ടി എഴുതും എന്നറിഞ്ഞ വ്യദ്ധ തന്റെ എഴുത്തു ജീവിതം പറയുന്നതാണ് കഥയുടെ പ്രധാന ഭാഗം.
കുട്ടിയായിരിക്കെ അവർ കവിതയെഴുതുമായിരുന്നു , മഹാകവി വള്ളത്തോൾ പങ്കെടുത്ത ഒരു യോഗത്തിൽ അവർ സ്വന്തം കവിത വായിക്കുകയും മഹാകവിയുടെ പ്രശംസക്ക് പാത്രമാവുകയും ചെയ്തു. അതു കണ്ടിട്ടാണ് ഭർത്താവ് അവരെ വിവാഹം ആലോചിച്ചത്

അവർ കവിതയെഴുതുമെന്ന് കേട്ട് ഭർത്താവിന്റെ വീട്ടുകാർ പക്ഷെ പരിഹാസത്തോടെയാണ് സ്വീകരിച്ചത്, "പെണ്ണായാൽ ചോറും കറീം വയ്ക്കണം പെറണം " അതിനപ്പുറം പാട്ടും കഥയുമൊന്നും എഴുതണ്ട എന്നായിരുന്നു ഭർത്താവിന്റെ അമ്മയുടെ അഭിപ്രായം. 
ഒരു എഴുത്തുകാരിയാവുക എന്ന സ്വപ്നം രഹസ്യമായി അവർ മനസ്സിൽ സൂക്ഷിച്ചു. 
ഭർത്താവ് ജയിലിൽ പോയകാലത്താണ് അവർ ആദ്യത്തെ കഥയെഴുതുന്നത് , അതാവട്ടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ചായിരുന്നു. കഥയെഴുതിയ വിവരം പറഞ്ഞപ്പോൾ ഭർത്താവ് അത് കാര്യമായെടുത്തില്ല, അന്നത്തെക്കാലത്ത് ഭർത്താവ് വഴിയല്ലാതെ പൊതു സമൂഹവുമായി ബന്ധപ്പെടാൻ കഴിയുമായിരുന്നില്ല , രണ്ടാമത്തെ കഥയെഴുതിയപ്പോൾ ഭർത്താവ് പാർലമെന്റംഗമായിരുന്നു , ഒരു സ്ത്രീ കഥയെഴുതി പുരുഷന്റെ പേര് വച്ച് ആഴ്ച്ചപ്പതിപ്പിനയക്കുന്നതും കഥക്ക് സമ്മാനം കിട്ടുമ്പോൾ അവരുടെ ഭർത്താവ് താനാണ് കഥയെഴുതിയതെന്ന് പറയുന്നു, മൂന്നാമത്തെ കഥയെക്കുറിച്ച് ആകാംക്ഷയോടെ പെൺകുട്ടി ചോദിക്കുമ്പോൾ ക്രൂരമായ ചിരിയോടെ "ദുർമ്മരണം " എന്ന ഒറ്റവാക്കിലൊതുക്കുകയാണ് വൃദ്ധ, കുടുക്കിടുമ്പോൾ ഞരമ്പ് തെറ്റരുതെന്നും തെറ്റിയാൽ ഓർമ്മ തെറ്റുമെന്നും ഉറക്കത്തിലേക്ക് വഴുതുന്നതിനിടയിൽ അവർ പറയുന്നു. വൃദ്ധയുടെ സംസാരം അവിടെ അവസാനിക്കുന്നു , അവരുടെ വാക്കുകൾ പെൺകുട്ടിയുടെ ഉള്ളിൽ വലിയ വിക്ഷോഭങ്ങളുണ്ടാക്കി എന്ന സൂചനകളോടെയാണ് കഥ അവസാനിക്കുന്നത് .

കുടുംബം സ്ത്രീയുടെ ബൗദ്ധിക ജീവിതം നിഷേധിക്കുന്നതിനോടുള്ള പ്രതിഷേധമാണ് ഓർമ്മയുടെ ഞരമ്പ് എന്ന കഥയെന്ന് വ്യക്തമാണ്,

പെണ്ണായാൽ ചോറും കറിയും വയ്ക്കണം പെറണം - എന്ന വാക്യം എത്രമാത്രം സാമൂഹ്യ വിമർശനമാണ് ഉൾക്കൊള്ളുന്നത് , വീടിനുള്ളിൽ സ്ത്രീയുടെ ശാരീരികമായ കഴിവുകൾക്കു മാത്രമേ പരിഗണന ലഭിക്കുന്നുള്ളു , നാടു ഭരിക്കാനും പൊതുക്കാര്യങ്ങളിലിടപെടാനും സാഹിത്യരചനയിലേർപ്പെടാനും പുരുഷൻ നിയുക്തനായിരിക്കുന്നു. ബുദ്ധിപരവും നേതൃത്വപരവുമായ ജോലികൾ പുരുഷനു വേണ്ടി മാത്രം നീക്കിവയ്ക്കുന്ന സാമൂഹിക വിവേചനത്തിനു നേരെയാണ് കെ ആർ മീര വിരൽ ചൂണ്ടുന്നത്


വൃദ്ധയുടെ ആദ്യത്തെ കഥ തന്നെ ഒരു സ്ത്രീ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ പോകുന്നതിനെക്കുറിച്ചാണ് , നാട്ടുകാര്യങ്ങൾ പുരുഷൻ നോക്കിക്കൊള്ളും എന്ന നാട്ടുനടപ്പിനെതിരാണ് ഈ കഥാ സങ്കല്പം , രണ്ടാമത്തെ കഥയാവട്ടെ സാഹിത്യരംഗത്ത് നിലനിന്ന പുരുഷാധിപത്യത്തിനെതിരാണ് . സ്ത്രീകളുടെ രചനകൾക്ക് വേണ്ടത്ര പരിഗണന കിട്ടാറുണ്ടായിരുന്നില്ല , ഭാര്യക്ക് കിട്ടിയ സമ്മാനം തട്ടിയെടുക്കാനും മടിക്കാത്ത ഭർത്താവിനെയാണ് ഈ കഥയിൽ കാണുന്നത്. സ്ത്രീയുടെ ശാരീരികമായ കഴിവുകൾ മാത്രം പരിഗണിക്കുകയും ചോറും കറിയും വെയ്ക്കാനും പശുവിനെ നോക്കാനും കുട്ടികളെ വളർക്കാനും മാത്രമുള്ളതാണ് അവളുടെ ജീവിതമെന്ന് വിധിക്കുകയും ചെയ്യുന്ന വ്യസ്ഥയെ കഥാകൃത്ത് തള്ളിക്കളയുന്നു.

മൂന്നാമത്തെ കഥയെക്കുറിച്ചുള്ള പെൺകുട്ടിയുടെ ചോദ്യത്തിന് ദുർമ്മരണം എന്ന് മാത്രമാണ് വൃദ്ധ ഉത്തരം പറയുന്നത് , വൃദ്ധയുടെ ഉള്ളിലെ എഴുത്തുകാരിക്ക് സംഭവിച്ച ദുർമ്മരണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് , . ഏതെങ്കിലും ഒരാൾ നടത്തിയ കൊലപാതകമല്ല ഒരു സ്ത്രീയിലെ എഴുത്തുകാരിയെ സാമൂഹിക വ്യവസ്ഥ കൊന്നു കളഞ്ഞതാണ് ഇവിടെ സൂചിപ്പിക്കുന്നത് , അതുകൊണ്ടു തന്നെ ഈ കഥ ശക്തമായ സാമൂഹിക വിമർശനം ഉൾക്കൊള്ളുന്നു.

 കുരുക്കിടുമ്പോൾ ഞരമ്പ് തെറ്റരുത് എന്നും അവർ പറയുന്നു, വൃദ്ധ എപ്പോഴോ നടത്തിയ ആത്മഹത്യാശ്രമം എന്നാണ് ഇതിനെ മനസ്സിലാക്കേണ്ടത് , അവർ അനുഭവിച്ച മാനസിക സംഘർഷം അത്ര തീവ്രമായിരുന്നു. സ്വന്തം കുഞ്ഞുങ്ങൾക്ക് പേരിടുന്ന കാര്യത്തിൽ പോലും അവരുടെ ഇഷ്ടങ്ങൾക്ക് പരിഗണന കിട്ടിയില്ല , ടാഗോറിന്റെ പേരിനു പകരം ശ്രീരാമന്റെ പേരാണ് ആൺകുട്ടിക്ക് ഇടുന്നത് , ഇവിടെയും ചില ധ്വനികൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

തന്റെ കഥകളെഴുതിയ നോട്ടുബുക്ക് തിരയുന്ന വൃദ്ധയെ കുട്ടികളുടെ പഴയ നോട്ടുബുക്കുകൾ കൊടുത്ത് പറ്റിക്കുന്നത് ദയനീയമായ ജീവിത ചിത്രം തന്നെയാണ്. ആത്മപ്രകാശനത്തിന് ശ്രമിച്ച് എങ്ങും സ്വയം അടയാളപ്പെടുത്താനാവാതെ പരാജയപ്പെട്ടു പോയ സ്ത്രീ ജീവിതമാണ് കെ ആർ മീര ചിത്രീകരിക്കുന്നത്.

കഥയുടെ പ്രമേയം സ്ഫുരിക്കുന്നതു പോലെ തന്നെയാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത് , പശ്ചാത്തല വർണ്ണനകൾ പോലും കഥാപാത്രങ്ങളുടെ ജീവിതാവസ്ഥ സൂചിപ്പിക്കുന്നുണ്ട് , സ്വാതന്ത്ര്യം എന്ന പദം ഉച്ചരിക്കുമ്പോൾ തെറ്റിക്കുന്ന പല്ല് സെറ്റ് , ചുമരിലെ ഫോട്ടോകളിൽ മാലയിട്ട പുരുഷന്റെ ചിത്രം മാത്രം മേധാവിത്വ ഭാവത്തോടെ നിൽക്കുന്നത്. മുറിയിൽ എപ്പോഴോ കത്തിത്തീർന്ന ചന്ദനത്തിരിയുടെ ഗന്ധം (വൃദ്ധയുടെ ജീവിതം തന്നെയാണത് ) , വീട്ടിലെ ഏറ്റവും വായു കടക്കുന്ന മുറിയതാണെന്ന പ്രയോഗം, പെൺകുട്ടിയുടെ സീമന്തരേഖയിലിട്ട സിന്ദൂരം വിയർപ്പിലൊഴുകുന്നതിനെ രക്തത്തിനോടുപമിക്കുന്നത് , അവളുടെ ഭർത്താവ് വരുമ്പോൾ "അർഹിക്കുന്ന ആദരം കിട്ടാത്ത യജമാനന്റെ ഈർഷ്യയോടെ " അയാൾ ചോദിക്കുന്നത് ..... ഇവയെല്ലാം വിവാഹ ജീവിതത്തിലും കുടുംബ വ്യവസ്ഥയിലും അടിച്ചമർത്തലുകളെ നേരിടേണ്ടിവരുന്ന സ്ത്രീ ജീവിതത്തിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.

കഥയുടെ അവസാന ഭാഗത്ത് പെൺകുട്ടി കണ്ണാടിയിൽ നോക്കി തന്റെ കഴുത്തിലെ വയലറ്റ് ഞരമ്പ് തിരയുന്നു. വൃദ്ധയുടെ അനുഭവം തെന്നെയാണ് തനിക്കും വരാൻ പോകുന്നതെന്ന തിരിച്ചറിവ് അവളിലുണ്ട് , നവവധുവായി ഭർത്താവിനോടൊപ്പം അണിഞ്ഞൊരുങ്ങി പോകാൻ അവൾ തയ്യാറായില്ല , പരമ്പരാഗത മൂല്യവ്യവസ്ഥകളെ ചോദ്യം ചെയ്യാനുള്ള കരുത്ത് അവളിൽ ഉരുവം കൊള്ളുന്നു.


സ്ത്രീകൾ ആക്രമിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക സാഹചര്യത്തിൽ  ഓർമ്മയുടെ ഞരമ്പ് എന്ന കഥ കൂടുതൽ ചർച്ചെയ്യെടേണ്ടതായുണ്ട്.  കഥാപാത്രങ്ങളെ ഉജ്വലമായി തനിമയോടെ അവതരിപ്പിക്കാനും കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു

2020, ഡിസംബർ 16, ബുധനാഴ്‌ച

എൻ എ നസീർ -വേരുകൾ നഷ്ടപ്പെടുത്തുന്നവർ

വേരുകൾ നഷ്ടപ്പെടുത്തുന്നവർ -എൻ എ നസീർ

പാഠ വിശകലനം - റെജി കവളങ്ങാട്


മണ്ണും പ്രകൃതിയും വിശാലമായ പ്രപഞ്ചവും  ഉൾപ്പെടുന്ന  ആവാസ വ്യവസ്ഥയുടെ ഭാഗമാണ് മനുഷ്യനും .
എന്നാൽ  മനുഷ്യൻ  സമൂഹം ആയി  ജീവിക്കുവാൻ തുടങ്ങിയ കാലം മുതൽ  പ്രകൃതിയെ കീഴടക്കുക പ്രകൃതിയെ ചൂഷണം ചെയ്യുക എന്നത് അവൻറെ സംസ്കാരത്തിൻറെ ഭാഗമായി മാറി. കാടും പുഴകളും ധാതുവിഭവങ്ങളും ജീവജാലങ്ങളും  മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടി മാത്രം ഉള്ളതാണ്  എന്ന തെറ്റായ ധാരണ വികസിച്ചുവന്നു. വലിയ നഗരങ്ങളും വ്യവസായങ്ങളും  രൂപംകൊണ്ടപ്പോൾ ഭൂമിയിൽ ജീവൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലായിത്തീർന്നു മനുഷ്യന്റെ പ്രവർത്തനങ്ങൾ .

 ജീവികളും സസ്യങ്ങളും വംശനാശ ഭീഷണി നേരിട്ടു കാലാവസ്ഥാ വ്യതിയാനം ഉണ്ടായി. കാടുകൾ ചുരുങ്ങി ചുരുങ്ങി വന്നു പുഴകൾ മാലിന്യച്ചാലുകളായി മാറി, മനുഷ്യന്റെ തന്നെ നിലനില്പ് അപകടത്തിലായി, ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ രൂപം കൊണ്ടത് ഈ സാഹചര്യത്തിലാണ്. അപ്പോൾ ശാസ്ത്രലോകവും സാഹിത്യവും രാഷ്ട്രീയ നേതൃത്വങ്ങളും ഭൂസംരക്ഷണ ലക്ഷ്യവുമായി മുന്നിട്ടിറങ്ങി , കവിത ,നോവൽ, കഥ ,സിനിമ, ചിത്രകല, ശില്പകല തുടങ്ങിയ സർഗ്ഗാത്മക മേഖലകളിളെല്ലാം ഭൂമിയുടെ രക്ഷക്കായി കലാസൃഷ്ടികളുണ്ടായി.  ശ്രീ എൻ . എ. നസീറിന്റെ പ്രവർത്തനങ്ങളെയും എഴുത്തിനെയും ഈ രീതിയിലാണ് നോക്കിക്കാണേണ്ടത്. 'വേരുകൾ നഷ്ടപ്പെടുത്തുന്നവർ "എന്ന തലക്കെട്ടിന്റെ ഔചിത്യവും ഇത്തരത്തിലാണ് മനസ്സിലാക്കേണ്ടത്.

മണ്ണിലേക്ക് വീഴുന്ന ഒരു മരത്തിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ എന്നവണ്ണം ആണ് അത് പറഞ്ഞിട്ടുള്ളത്.ഇലകൾ മണ്ണിൽ ദ്രവിച്ച് വീണ്ടും വേരുകളിലൂടെ  ഇലകളായി മാറുന്നു , ഭൂമിയിൽ നിന്ന് ജലവും ഭക്ഷണവും സ്വീകരിച്ചാണ് ജീവനുള്ളതെല്ലാം നിലനിൽക്കുന്നത്. മരിച്ച് മണ്ണിലേക്ക് അലിഞ്ഞു ചേരുന്നവയാണ് ഇലകളായും കായ്കളായും പുനർജ്ജനിക്കുന്നത്. ഈ ഒരു ജൈവ ബന്ധത്തിനെക്കുറിച്ചാണ് നസീർ ഇവിടെ പ്രതിപാദിക്കുന്നത്.

"ഈ ഇല അടരുകൾ എല്ലാംതന്നെ അങ്ങ് താഴെയുള്ള വേരുകൾ തേടി ചെല്ലുകയാണ് വേരുകളിലൂടെ വൃക്ഷത്തിൽ എത്തി പുനർജനിക്കാൻ  "

"ജലാശയങ്ങളും വേരുകളും തമ്മിൽ എന്തൊക്കെ സന്ദേശങ്ങൾ കൈമാറുന്നുണ്ടാകാം. "

"അതെ ഓരോ വൃക്ഷവും വേരുകളിലൂടെ ആകാശത്തോളം ഉയർന്നു നിൽക്കുന്നത് ആസ്വദിക്കണമെങ്കിൽ നാം വേരുകൾക്കൊപ്പം ഭൂമിയോളം താഴണം. "

ഇത്തരം വാക്യങ്ങളിലെ ഭാഷ ചിന്തിപ്പിക്കുന്നതാണ്.

കുറുവ ദ്വീപിലെ പുഴയും വേരുകളും വർണ്ണിക്കുമ്പോഴും ഷോളയാർ കാടുകളിലെ ചീനി വൃക്ഷങ്ങൾക്ക് ചുവട്ടിൽ ചെമ്പൻ , കുമാരൻ ഇവരോടൊപ്പം ഉറങ്ങിയത് വർണ്ണിക്കുമ്പോഴും നസീർ വെറും പ്രകൃതി വിവരണമല്ല നൽകുന്നത് മറിച്ച് പ്രകൃതിയുടെ ഔന്നത്യം അറിയണമെങ്കിൽ മണ്ണിലേക്കിറങ്ങിച്ചെല്ലണമെന്നും മനുഷ്യർക്കുമാത്രമല്ല ജീവനും ജീവിതവുമുള്ളതെന്നും മണ്ണും മരങ്ങളും പുഴകളും കാറ്റുമെല്ലാം പരസ്പരം ഇഴ ചേർന്ന് നിൽക്കുന്നതാണ് പ്രകൃതി എന്നും നമുക്ക് അതിൽ നിന്നും വേറിട്ടൊരു നിലനിൽപ്പില്ല എന്നുമുള്ള പ്രകൃതിപാഠമാണ്  പകർന്നുനൽകുന്നത്.

കാട്ടുചോല കരയിലിരുന്ന് പ്ലാസ്റ്റിക് കുപ്പിയിലെ മിനറൽ വാട്ടർ കുടിക്കുന്നവരെക്കുറിച്ച് ഓർത്ത് നസീർ പരിതപിക്കുന്നു.
കാനന ഭംഗികൾ നിറഞ്ഞ പാൽകാച്ചിമല കണ്ട് തിരികെ വള്ളികളിലൂർന്നിറങ്ങി വരുമ്പോൾ ഒരു കരടിയമ്മയും മക്കളും അരുകിലൂടെ കടന്നുപോയി എന്നദ്ദേഹം പറയുന്നു ,വേരുകളിലൂടെ ഒരു മടക്കം എന്നാണതിനെ വിശേഷിപ്പിക്കുന്നത് "വസുധൈവ കുടുംബകം" എന്ന ഉപനിഷദ് വാക്യം കൊണ്ട് മനുഷ്യരും മൃഗങ്ങളും സസ്യലതാദികളുമെല്ലാം ഒരു കുടുംബമാണെന്നാണ് ഉദ്ദേശിക്കുന്നത് , നസീർ പറയുന്നതും ഈ വിശ്വസ്നേഹം തന്നെയാണ്.

"ഇന്ന് അടിച്ചിൽത്തൊട്ടിയിൽ അരുണാചലം ഇല്ല , വേരുകളുടെ രഹസ്യം അറിയുന്നവരുമില്ല, ഒരു ചെറിയ പനിക്കു വേണ്ടി അവർ പട്ടണത്തിലെ ഡോക്ടർമാരെത്തേടിപ്പോകുന്നു ...." 
നസീറിന്റെ ഈ വാക്കുകളിലെ നഷ്ടബോധം നമുക്ക് കൈമോശം വന്ന പാരമ്പര്യ അറിവുകളെച്ചൊല്ലിയുള്ളതാണ്. ചികിത്സ വലിയ വ്യാപാരമായി മാറിയ ഇക്കാ ലത്ത് നാം ചെറിയ രോഗങ്ങൾക്കു പോലും  ഏറെ തുക ചെലവാക്കി നടത്തുന്ന ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുടെ ഉള്ളടക്കം എന്താണ് അവയ്ക്ക് ദോഷഫലങ്ങൾ ഉണ്ടോ , എന്നൊന്നു മറിയുന്നില്ല . വേരുകളും ഇലകളും കൊണ്ട് സ്വയം ചികിത്സിച്ചിരുന്നവരാണ് നമ്മൾ , പ്രകൃതിയിൽ നിന്ന് അകന്നപ്പോഴാണ് നമ്മൾ ചികിത്സാ വ്യാപാരത്തിനടിമകളായത് , ഇത് നമ്മുടെ സംസ്കാരത്തിന് സംഭവിച്ച നഷ്ടമാണ്, അരുണാചലത്തിനെപ്പോലുള്ള വൈദ്യന്മാർ കൊണ്ടുനടന്ന അറിവുകൾ എന്നെന്നേക്കുമായി  നഷ്ടപ്പെട്ടു.
ഉടുമ്പുമാരിയും അത്തരത്തിലൊരാളാണ് , വേരുകളും ഇലകളും തിരിച്ചറിയാൻ കഴിയാത്തവരായിപ്പോയി പുതിയ തലമുറ.

ഇലകൾ വേരുകൾക്കായി മണ്ണിലേക്ക് വീഴുന്നു , മണ്ണ് അഴുകാത്ത മാലിന്യക്കൂനയാക്കുന്ന നമ്മൾ ഈ പരസ്പര ബന്ധം നശിപ്പിക്കുന്നു , ഇരിങ്ങോൾക്കാവ് പോലെ കേരളത്തിലെമ്പാടും കാവുകളുണ്ടായിരുന്നു അവ വെട്ടി വെളുപ്പിച്ച നമ്മൾ ആരോഗ്യകരമായ ജീവിതത്തിനുള്ള സാഹചര്യമാണ് നഷ്ടപ്പെടുത്തിയത് , വേരുകൾ നഷ്ടപ്പെടുത്തിയവർ എന്നാണ് നസീർ ഇന്നത്തെ തലമുറയെ വിശേഷിപ്പിക്കുന്നത്.

"വസിക്കാൻ ഇടമില്ലാത്തിടത്ത് പുതിയ പാതകളും പദ്ധതികളുമായി വരുന്നവർക്ക് മണ്ണിനെക്കുറിച്ചും വേരുകളെക്കുറിച്ചും എന്തറിയാം " എന്ന് അദ്ദേഹം കച്ചവട സംസ്കാരത്തിനെ ചോദ്യംചെയ്യുന്നു.

മണ്ണിനു നേരെയുള്ള ആക്രമണങ്ങൾക്ക് പ്രകൃതി പ്രളയമായും മണ്ണിടിച്ചിലായും ആഗോളതപനമായും തിരിച്ചടി നൽകുന്നുണ്ട് , പ്രകൃതിയെ ആരാധിക്കുന്ന, ധ്യാനിക്കുന്ന, പ്രപഞ്ച താളവുമായി ഒത്തു നിൽക്കുന്ന, ഒരു മനുഷ്യനെയാണ് നസീറിന്റെ വാക്കുകളിൽ കാണുന്നത്. മനുഷ്യർ വയ്ക്കുന്ന കാട്ടുതീയിൽ നിന്നു പോലും പുനർജനിക്കുന്ന ഒരു കാട്ടാൽ വൃക്ഷമായി ജനിക്കണമെന്ന അദ്ദേഹത്തിന്റെ സ്വപ്നം നമുക്കും ഏറ്റുവാങ്ങാം. 

 വസ്തുതകളെ സാഹിത്യ ഭംഗിയോടെയാണ് ലേഖകൻ അവതരിപ്പിക്കുന്നത് , പ്രചോദനാത്മകമാണ് അദ്ദഹത്തിന്റെ ഭാഷ.
എൻ.എ.നസീർ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മാത്രമല്ല പരിസ്ഥിതി ചിന്തകനും പരിസ്ഥിതി പ്രവർത്തകനും സാഹിത്യകാരനുമാണെന്ന് ഈ ലേഖനം തെളിയിക്കുന്നു.

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...