ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത,കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജ്ജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച് 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ 1987 ഫെബ്രുവരി 6ന് അന്തരിച്ചു.
കുടുംബം
മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പൺഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയായിരുന്നു ഭർത്താവ്. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനായിരുന്നു.
വിദ്യാഭ്യാസം
വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾവശമാക്കി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. തുടർന്ന് കഥാരചനയിൽഏർപ്പെട്ട് പേരെടുത്തു.
അന്തർജനത്തിൻറെ തിരഞ്ഞെടുത്തകഥകളുടെ അവതാരികയിൽ, അവരുടെ സാഹിത്യസൃഷ്ടിപരമായ അന്തശ്ചോദനയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; 'നിയന്ത്രണാതീതമായ സർഗചോദനയ്ക്ക് കീഴടങ്ങി സാഹിത്യസൃഷ്ടി ചെയ്യുന്ന ഒരെഴുത്തുകാരിയാണ് ശ്രീമതി ലളിതാംബിക അന്തർജനം. ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ് അന്തർജനം.' ജൻമനാ കവിയായ അവരുടെ കവിത്വത്തിൻറെ അഭിരാമത, കവിതയിലെപോലെ കഥകളിലും കാണാൻകഴിയും.
1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്.
പുരസ്കാരങ്ങൾ
കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.
സൃഷ്ടികൾ തിരുത്തുക
ചെറുകഥകൾ തിരുത്തുക
മൂടുപടത്തിൽ (1946)
കാലത്തിന്റെ ഏടുകൾ (1949)
തകർന്ന തലമുറ (1949)
കിളിവാതിലിലൂടെ (1950)
കൊടുങ്കാറ്റിൽ നിന്ന് (1951)
കണ്ണീരിന്റെ പുഞ്ചിരി (1955)
അഗ്നിപുഷ്പങ്ങൾ (1960)
തിരഞ്ഞെടുത്ത കഥകൾ (1966)
സത്യത്തിന്റെ സ്വരം (1968)
വിശ്വരൂപം (1971)
ധീരേന്ദ്ര മജുംദാറിന്റെ അമ്മ (1973)
പവിത്ര മോതിരം (1979)
മാണിക്കൻ
നോവൽ തിരുത്തുക
അഗ്നി സാക്ഷി (1977)
മനുഷ്യനും മനുഷ്യരും (1979)
ആത്മകഥ തിരുത്തുക
ആത്മകഥക്ക് ഒരാമുഖം
കവിതാസമാഹാരങ്ങൾ
ലളിതാഞ്ജലി
ഓണക്കാഴ്ച
ശരണമഞ്ജരി
ഭാവദീപ്തി
നിശ്ശബ്ദസംഗീതം
ഒരു പൊട്ടിച്ചിരി
ആയിരത്തിരി - 1969
മറ്റുകൃതികൾ
ഗ്രാമബാലിക(ലഘുനോവൽ)
പുനർജന്മം,വീരസംഗീതം(നാടകം)
കുഞ്ഞോമന,ഗോസായി പറഞ്ഞ കഥ(ബാലസാഹിത്യം)
അഗ്നിസാക്ഷി
അഗ്നിസാക്ഷി എന്ന നോവലിലെ ഒരു ഭാഗമാണ് ലാത്തിയും വെടിയുണ്ടയും എന്ന പാഠഭാഗം .
സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി എഴുതിയ നോവലാണ് അഗ്നിസാക്ഷി. തേതിക്കുട്ടി എന്ന് വിളിക്കുന്ന ദേവകി മാനമ്പിള്ളി എന്ന അന്തർജനത്തിന്റെ കഥയാണ് ഈ നോവലിൽ പറയുന്നത്.
സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായുവും വെളിച്ചവും അനുഭവിച്ചാണ് അവർ ബാല്യം ചെലവഴിച്ചത്. എന്നാൽ ഭർത്താവിന്റേത് പഴയ ആചാരങ്ങളിലും മാമൂലുകളിലും അടിയുറച്ച ഇല്ലമായിരുന്നു.
വായനയില്ലാതെ പുറംലോകത്തെ വിവരങ്ങളൊന്നുമറിയാതെ വിഷമിച്ച തേതിക്കുട്ടിക്ക് കൂട്ടായത് ഭർത്താവിന്റെ അർദ്ധസഹോദരിയായ തങ്കമാണ് . തേതിയുടെ ഭർത്താവ് സ്നേഹമുള്ളയാളും ശുദ്ധനുമായിരുന്നു , എന്നാൽ ഭാര്യയോടൊപ്പം ചെലവഴിക്കാൻ അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല , സദാ പൂജകളും വീട്ടുകാര്യങ്ങളുമായി കഴിയുന്ന അദ്ദേഹം സ്വകാര്യതകൾക്ക് വലിയ സ്ഥാനം നൽകിയില്ല.
തങ്കം വിവാഹിതയായി ബ്രിട്ടീഷ് സർക്കാരിന്റെ ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പം ദൂരദേശങ്ങളിലേക്ക് പോകുന്നതോടെ തേതിക്ക് ഭർതൃഗൃഹം ദുസ്സഹമായിത്തീരുന്നു . നാടിന്റെ മോചനം സ്വപ്നം കണ്ട അവർ വീടുവിട്ടിറങ്ങുകയാണ് . പിന്നീട് ഗാന്ധിജിയുടെ അനുയായിയാവുകയും , സ്വാതന്ത്ര്യാനന്തരം സന്യാസിനിയായി മാറുകയും ചെയ്യുന്നു.
തേതിയെക്കുറിച്ച് തങ്കം നായരുടെ ഓർമ്മകൾ എന്ന നിലയിലാണ് കഥ മുന്നോട്ട് പോകുന്നത്. ദേശാഭിമാനം ജ്വലിക്കുന്ന തരത്തിലുള്ള ഭാഷയാണ് അന്തർജനം ഉപയോഗിച്ചിരിക്കുന്നത്. നാടിന്റെ സ്വാതന്ത്ര്യത്തിനായി പട്ടാളത്തിന്റെ തോക്കിനിരയായ ആയിരങ്ങളുടെ സ്മാരകമായി മാറുകയാണ് നോവൽ, സ്വാതന്ത്ര്യാനന്തരം അധികാരമോഹികൾ ജനാധിപത്യം കീഴടക്കിയപ്പോൾ ദേശസ്നേഹത്തിനായി കഷ്ടതകൾ സഹിച്ച ദേവകീ മാനമ്പിള്ളിയെപ്പോലുള്ളവർ ആനുകൂല്യങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ വേണ്ടി കണക്കു പറഞ്ഞു നടന്നില്ല. ഭർതൃഗൃഹം ഉപേക്ഷിച്ചു പോയെങ്കിലും അവർ ഭർത്താവിനോടുള്ള പ്രണയം ഉപേക്ഷിച്ചില്ല .
ആചാരബദ്ധമായ ജീവിതത്തിൽ കുടുങ്ങിപ്പോയിരുന്നെങ്കിലും ഉണ്ണിയേട്ടൻ , തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയെ മറന്ന് മറ്റൊരു വിവാഹത്തിന് തയ്യാറായില്ല .യാത്ര പറയുമ്പോൾ ഭാര്യ ഊരി നൽകിയ താലി മരണ സമയത്ത് അദ്ദേഹം അനുജത്തിയെ ( തങ്കം ) ഏല്പിക്കുന്നു .
അവസാനം , ഗംഗാ തീരത്തു വച്ച് തങ്കം സുമിത്രാനന്ദയായി മാറിയ തേതിയേടത്തിയെ കണ്ടുമുട്ടുന്നു . തന്റെ കൈവശമിരുന്ന ആ പഴയ താലി അവർ സന്യാസിനിയെ ഏല്പിക്കുന്നു . സുമിത്രാനന്ദ അത് കുറച്ചുനേരം തീയിലിട്ടതിനുശേഷം എടുത്ത് തങ്കത്തിന് കൊടുക്കുകയും ചെയ്യുന്നു. അഗ്നിയിൽ ഉരുകി ശുദ്ധമായ സ്വർണ്ണം പുതിയ തലമുറ ഏറ്റുവാങ്ങുന്നു, പഴയ തലമുറ കാത്തു പോന്ന ഉജ്വലമായ ദേശാഭിമാനം കൂടിയാണ് കൈമാറുന്നത് ,
പാഠഭാഗത്തിൽ , പോലീസ് നിരോധനം ലംഘിച്ചു കൊണ്ട് പ്രകടനം നടത്തുന്ന വീരവാനരസേനയിലെ കുട്ടികളിലൊരാൾ ത്രിവർണ്ണപതാകയുമായി ക്ലോക് ടവറിലേക്ക് കയറുന്നതും പോലീസുകാർ ആ കുട്ടിയെ വെടിവച്ച് വീഴ്ത്തുന്നതും കണ്ടുകൊണ്ട് വീടിനുള്ളിൽ നിൽക്കുന്ന തങ്കം നായരുടെ ചിന്തകളാണ് അവതരിപ്പിച്ചിരിക്കുന്നത് . ബ്രിട്ടീഷ് സർക്കാരിനെതിരായി ചിന്തിക്കാത്തയാളാണ് അവരുടെ ഭർത്താവ് . കുട്ടികൾ വീരവാനരസേനയിൽ ചേരാതിരിക്കാൻ അവരെ നാട്ടിലേക്ക് പറഞ്ഞു വിട്ടിരിക്കുന്നു . വഴിയിൽ പിടഞ്ഞു വീഴുന്ന ആ കുട്ടി തങ്ങൾക്കു വേണ്ടി കൂടിയാണ് വീരമരണം വരിച്ചതെന്ന കുറ്റബോധം തങ്കം നായർക്കുണ്ട് . ആ കുട്ടിയുടെ മരണം വർണ്ണിക്കുന്ന ഭാഗത്ത് വികാരോജ്വലമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത് .
നാടിന്റെ നന്മക്കായി മക്കളെ ദാനം ചെയ്ത അമ്മമാരും , തന്നെപ്പോലെ മക്കളെ സ്വാതന്ത്ര്യ സമരത്തിൽ നിന്നും ഒളിച്ചു നിർത്തിയ അമ്മമാരും ഭാരതീയരാണെന്ന് അവർ വേദനയോടെ ഓർക്കുന്നു , രണ്ടു കൂട്ടരുടെയും മക്കളെ സ്വീകരിക്കണമെന്ന് അവർ ഭാരതാംബയോട് പ്രാർഥിക്കുന്നു. ആചാരങ്ങളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്ന
സ്ത്രീ ജീവിതത്തിനെക്കുറിച്ചുള്ള സ്വപ്നങ്ങളും ഈ നോവലിലുണ്ട്
ഒരു കാലഘട്ടത്തിന്റെ നൊമ്പരങ്ങളും ത്യാഗങ്ങളും ദേശസ്നേഹത്തിൽ ചാലിച്ചെഴുതിയ മനോഹരമായ നോവലാണ് അഗ്നിസാക്ഷി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ