2020, ജൂലൈ 30, വ്യാഴാഴ്‌ച

കഥ - മിനി ബേബി


വഴിക്കണ്ണ് 

അഞ്ജു കാത്തുനിന്നു. 
ഗോകുൽ ഇനിയും എത്തിയിട്ടില്ല. സിദ്ധാർത്ഥിന് കൂട്ട് നിൽക്കുകയാവും. 
പോലീസിന്റെ ചോദ്യം ചെയ്യൽ ഇനിയും കഴിഞ്ഞില്ലേ? 
'അപർണ എപ്പോഴാണ് വന്നത്? '
'എന്തൊക്കെ സംസാരിച്ചു? '
'നിങ്ങൾ തനിച്ചായിരുന്നോ വിട്ടീൽ? '
'സ്ഥിരം ആ കുട്ടി വരാറുണ്ടോ? '
ഒറ്റ ശ്വാസത്തിൽ ഒരായിരം ചോദ്യങ്ങൾ. 
പാവം സിദ്ധാർഥ്. 
ക്ലാസ്സ്‌ ഡിസോർഡർ ആയിട്ട് മൂന്ന് ദിവസമായി. 
കലപില കൂട്ടുന്ന കാക്കകളെപ്പോലെ കുട്ടികൾ. 
ചിന്നിയും... ചിതറിയും... കൂട്ടമായും.... 
ചർച്ചകൾ മാത്രം. സ്റ്റാഫ് റൂമിലും സ്ഥിതി വ്യത്യസ്തമല്ല. 
അപർണക്ക് ചാർത്തിക്കിട്ടുന്ന പട്ടങ്ങൾ അഞ്ജുവിനെ അലോസരപ്പെടുത്തി. 
'എത്ര സുന്ദരിയായിരുന്നു അവൾ. '
'പഠിക്കാൻ മിടുമിടുക്കി. '
'ഞാൻ ഒരിക്കെ മിണ്ടിയിട്ടുണ്ട്. '
'കഷ്ടം എനിക്കൊന്ന് പരിചയപ്പെടാൻ പറ്റിയില്ല. '
അഭിപ്രായപ്രകടനങ്ങളുടെ ഘോഷയാത്ര. 
അഞ്ജു അക്ഷമയോടെ നോക്കി. 
ചെമ്പകത്തിന്റെ ചുവട്ടിലെ ചോദ്യം ചെയ്യൽ അവസാനിച്ചെന്ന് തോന്നുന്നു. 
സിദ്ധാർഥും ഗോകുലും ഓടി വരുന്നുണ്ട്. 
സിദ്ധാർത്ഥിന്റെ മുഖത്ത് പതിവ് പതർച്ച കണ്ടില്ല. 
"ഇന്നത്തെ സൂപ്പർ ചോദ്യം എന്തായിരുന്നു? "
"എന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അപർണയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നുവത്രെ "
"ആരുടെ മൊഴി? "
"അടുത്ത വീട്ടിലെ ആമിനുമ്മയുടെ "
"നേരാണോ സിദ്ധാർഥ്? "
"നിനക്കും വട്ടായോ അഞ്ജു? "
"വാസ്തവത്തിൽ അപർണ എത്ര നേരം നിന്റെ വീട്ടിൽ ഉണ്ടായിരുന്നു? "
ഗോകുലാണ് 
"പതിനഞ്ചു മിനിറ്റ്. ഫിസിക്സിന്റെ ഒരു നോട്ടു വാങ്ങാൻ വന്നതാ "
"അതുവരെ അപർണ എന്ത് ചെയ്തു "
"നീയും എന്നെ ചോദ്യം ചെയ്യുകയാണോ? "
"അല്ല.... തീയില്ലാതെ..".. 
"എന്നാ നീ തീയിട്ടു പുകക്ക്. ഞാൻ പോണു 
അഞ്ജു... ബൈ... "
സിദ്ധാർഥ് സൈക്കിളിൽ ദൂരെ മറഞ്ഞു. 
അഞ്ജുവും ഗോകുലും സാവധാനം നടന്നു. 
ചുറ്റും ചീറിപ്പായുന്ന വണ്ടികൾ. റോഡിലെ തിരക്കുകൾ അരോചകമായി തോന്നി. 
"എന്താ അഞ്ജു വല്ലാതെ "
"ഒന്നുമില്ല. എനിക്ക് കരച്ചിൽ വരുന്നു." 
"എന്തിന്? "
"എനിക്കറിയില്ല "
"സിദ്ധാർത്ഥിന് ഇപ്പോൾ എല്ലാം തമാശയാണ്. രണ്ടുമൂന്നു ദിവസം കൊണ്ട്‌ താരമായതുപോലെ. ഫ്രണ്ട്‌സ് റിക്വസ്റ്റ് എത്രയാ വരുന്നതെന്നറിയാമോ. കൂടുതലും പെൺകുട്ടികളാന്നാ പറഞ്ഞെ "
ഗോകുലിന്റെ ഉത്സാഹം എന്തോ അവൾക്കിഷ്ടപ്പെട്ടില്ല. തെരുവിലെ വില്പനച്ചരക്കുകൾ നോക്കി അവൾ നടന്നു. 
ചെറുനാരങ്ങ..... മാമ്പഴം..... മസാലക്കൂട്ടുകൾ. 
പുറകിൽ വണ്ടിയുടെ നിർത്താത്ത ഹോൺ. 
ഗോകുൽ അഞ്ജുവിനെ സൈഡിലേക്ക് തള്ളി. 
"ആർ യു ആബ്സെന്റ് മൈന്റഡ്? "
അഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു 
"മരണം എന്തെല്ലാം കിരീടങ്ങളാണ് അണിയിക്കുന്നത് അല്ലേ ഗോകുൽ? "
അഞ്ജുവിന്റെ കണ്ണുകളിലെ അസാധാരണഭാവമായിരുന്നു ഗോകുൽ ശ്രദ്ധിച്ചത് 
"അപർണ ഒരു സാധാരണ പെൺകുട്ടിയായിരുന്നില്ലേ?.  നോട്ടുബുക്കിൽ മറ്റാരോ എഴുതിക്കൊടുത്ത കവിത പോലും അവൾക്ക് ഖ്യാതി നേടിക്കൊടുത്തു. സിസ്റ്റർ പറയുന്നത് കേട്ടില്ലേ. അപർണ്ണയെപ്പോലെ ഐഡിയൽ ആയിട്ടുള്ള പെൺകുട്ടിയില്ലെന്ന്. 
വാസ്തവത്തിൽ മരണത്തിന് മുൻപ് ആ സിസ്റ്റർ അവളെ കണ്ടിട്ടുണ്ടാവുമോ? "
"അഞ്ജു... അതിന് നിനക്കെന്താ? "
"ഗോകുൽ.. പോരുന്നോ? ". പുറകിൽ അരുൺ 
"ബൈ.... അഞ്ജു.. "
ബൈക്ക് മിന്നൽ വേഗത്തിൽ പാഞ്ഞുപോയി. 
ആകാശം കറുത്ത് വരുന്നത് അവൾ കണ്ടു. മഴ പെയ്യുമോ? 
കാർമേഘങ്ങൾക്കിടയിൽ അവൾ വെള്ളിമേഘങ്ങൾ തിരഞ്ഞു. ബസ്റ്റാന്റിൽ നല്ല തിരക്കായിരുന്നു. നാലരയാകാൻ ഇനിയും സമയമുണ്ട്. 
ചുണ്ടിൽ ചായം തേച്ച് ഇളിഞ്ഞു ചിരിക്കുന്ന പെണ്ണുങ്ങളെ അവഗണിച്ചു അവൾ ഒതുങ്ങി നിന്നു. 
ഒറ്റക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന ചെന്നായ് കണ്ണുകൾ കണ്ടില്ലെന്നു നടിച്ചു അവൾ ടി വി യിലേക്ക് നോക്കി. വാർത്തകളാണ്. 
'കഴിഞ്ഞദിവസം മരിച്ച അപർണ്ണയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടില്ല എന്ന് തെളിഞ്ഞു. ബലപരീക്ഷണം നടന്നതിന്റെ ലക്ഷണവുമില്ല. വക്ക് ഇടിഞ്ഞ കിണറ്റിൽ അപർണ്ണ കാൽ വഴുതി വീണതായിരിക്കുമെന്നു കരുതുന്നു. '
അവൾ നിരാശയോടെ തല കുനിച്ചിരുന്നു. 
പ്രതീക്ഷയുടെ കുമിള പൊട്ടിയതുപോലെ. 
അന്തമില്ലാത്ത കഥകൾ വായനക്കാരെ നിരാശയിലാഴ്ത്തികൊണ്ട്‌ പെട്ടെന്നവസാനിക്കുന്നു. 
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴിയിലെ കിണറുകളെല്ലാം അവൾ ശ്രദ്ധിച്ചു. ഒരു കിണറിന്റെ അരികിലിരുന്നു കല്ലുകൾ പെറുക്കി എറിഞ്ഞു. ആ ശബ്‌ദങ്ങളുടെ ഓളത്തിൽ അവളുടെ മനസ്സ് ത്രസിച്ചു. അബദ്ധത്തിൽ കിണറ്റിൽ ചാടിയ അപർണ്ണ എത്ര നേരം അവിടെ കിടന്നിരിക്കും. എന്തൊക്കെയാവും ചിന്തിച്ചിരിക്കുക. 
മരണം എല്ലാത്തിൽനിന്നുമുള്ള മോചനമാണോ? 
ആത്മാവ് അലഞ്ഞു തിരിഞ്ഞു നടക്കുമോ? 
വീടിന്റെ ഗേറ്റിൽ വ്യാകുലമാതാവിനെപ്പോലെ അമ്മ. 
"എന്റെ കുട്ടി.... എന്തേ വൈകി.?  പേടിച്ച് പോയല്ലോ "
ഒന്നും പറയാതെ അവൾ മുറിയിൽ കയറി. 
ഡ്രസ്സ്‌ പോലും മാറാതെ കട്ടിലിൽ കിടന്നു 
"എന്തേ.... തലവേദനയുണ്ടോ? "
കണ്ണടച്ച് കിടന്ന് മൂളി. 
ചായ മൂടിവെച്ചിട്ട് അമ്മ നടന്നകലുന്നത് അവൾ അറിഞ്ഞു. 
പതിനൊന്നുമണി അടിക്കുന്ന ശബ്‌ദം എണ്ണി അവൾ എഴുന്നേറ്റു. 
ടേബിൾലാമ്പിന്റെ അരണ്ടവെളിച്ചത്തിൽ പത്രക്കടലാസുകൾ അവളുടെ മുൻപിൽ നൃത്തം ചെയ്തു. 
അപർണ്ണയുടെ പല പോസിലുള്ള ചിത്രങ്ങൾ. 
കാഴ്ചയിൽ അവൾ ഇത്ര സുന്ദരിയായിരുന്നോ? 
കാഴ്ചയിൽ അവൾ ഇത്ര സുന്ദരിയായിരുന്നോ?
ക്യാമറ ടെക്നിക് ആയിരിക്കും. 
കിണറിന്റെ ഇരുട്ടിൽ മണിക്കൂറുകൾ കിടന്നാൽ ത്തന്നെ എന്താ. അവൾ താരമായില്ലേ? 
 പുറത്തു മഴയുടെ ശബ്‌ദം. ജനൽ തുറന്നിട്ടു. 
തണുത്ത കാറ്റ്. എന്നിട്ടും കുളിര് തോന്നിയില്ല. 
നോട്ട് ബുക്കിൽ അവൾ അലക്ഷ്യമായി എഴുതി.
മരണം മഴ പോലെ..... മഞ്ഞു പോലെ.... കാറ്റു പോലെ.... 
എന്നെ പൊതിയുന്ന മഴയുടെ താളം മരണതാളം പോലെ എനിക്ക് താരാട്ട് പാടുന്നു.
"അഞ്ജു.... ഇന്ന് സ്കൂളിൽ പോകുന്നില്ലേ? "
അമ്മയുടെ ശബ്‌ദം അവളെ മരണത്തിൽനിന്നുണർത്തി. വേഗത്തിൽ കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പോകുമ്പോഴും മരണം മൗനമായി കൂട്ടിന് വന്നു. 
ബസ്സിൽ നിന്നിറങ്ങി. 
മുൻപിൽ പൊട്ടി വീണത് പോലെ ഗോകുൽ. 
വളരെ ഹാപ്പിയാണ്. 
"നീ അറിഞ്ഞില്ലേ? സിദ്ധാർത്ഥിന് പത്രക്കാരിൽ നിന്ന് മോചനമായി. "
അവൾ അലക്ഷ്യമായി മൂളി. 
കോളേജിലേക്കുള്ള എളുപ്പവഴി റെയിൽവേ ട്രാക്കിലൂടെയാണ്. നീണ്ട് നീണ്ട് വളഞ്ഞു പുളഞ്ഞു പോകുന്ന ട്രാക്ക് മരണത്തിന്റെ അവസാനിക്കാത്ത വഴിയാണെന്ന് അഞ്ജുവിന് തോന്നി. 
"ഗോകുൽ....... ഞാനീ റെയിൽവേ ട്രാക്കിൽ മരിച്ചാൽ എന്തായിരിക്കും സംഭവിക്കുക? "
ഗോകുൽ ഒരു നിമിഷം പകച്ചു. 
"തീർച്ചയായും ഇന്നത്തെ താരം ഞാനായിരിക്കും. നീയും താരമാകും. കാരണം എന്റെ ബെസ്റ്റ് ഫ്രണ്ട് നീയല്ലേ? "
ഗോകുൽ നിന്നു. അവളെ സൂക്ഷിച്ചു നോക്കി. 
"അഞ്ജു... നീ നോർമലല്ലേ? "
അവൾ നിർത്താതെ പൊട്ടിച്ചിരിച്ചു. 
അവന്റെ മുഖത്ത് ഭീതിയുടെ പൂക്കൾ വിടരുന്നത് അവൾ കണ്ടു. 
"മരണത്തിന്റെ ഗന്ധമുള്ള കഥകൾ നിനക്കിഷ്ടമാണോ ഗോകുൽ. എനിക്കിഷ്ടമാണ്. ഞാൻ മരിച്ചാൽ എന്റെ ആത്മാവ് രൂപം ധരിച്ചു ഒരു യക്ഷിയായി നിന്റെ അടുക്കൽ വരും. കാരണം നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ? "
"അഞ്ജു... നീ നിർത്തുന്നുണ്ടോ?"
ദൂരെ നിന്ന് ട്രെയിനിന്റെ ചൂളംവിളി 
മരണത്തിന്റെ വിളി അടുത്തടുത്ത് വരുന്നു 
പാളത്തിന്റെ ഹൃദയത്തിലേക്ക് അവൾ ഓടിയത് വളരെ പെട്ടെന്നായിരുന്നു. 
ഒരു ജീവന്മരണപ്പോരാട്ടത്തിനൊടുവിൽ... 
ചിതറിവീണ പുസ്തകങ്ങൾ.... തുറന്നുപോയ 
ചോറ്റുപാത്രം. നടുവിൽ അഞ്ജുവും ഗോകുലും. 
അകന്നു പോകുന്ന ട്രെയിനിന്റെ ചൂളംവിളി. ദൂരെ ജനക്കൂട്ടത്തിന്റെ ഇരമ്പം അവർ കേട്ടു. 
ആശ്വാസത്തിന്റെ കാറ്റിന് അകമ്പടിയായി ചാറ്റൽമഴ. അഞ്ജുവിന്റെ കൈ പിടിച്ച് ഗോകുൽ ഓടി. ആർക്കും പിടി കൊടുക്കാതെ. 
ചിതറി വീണ പുസ്തകങ്ങൾക്ക് നടുവിൽ കഥകളില്ലാതെ ജനം സ്തംഭിച്ചുനിന്നു. 







 

2 അഭിപ്രായങ്ങൾ:

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...