2020, ജൂലൈ 5, ഞായറാഴ്‌ച

പ്രകാശം ജലം പോലെയാണ് (പാഠവിശകലനം - റെജി കവളങ്ങാട് )


കഥ - പ്രകാശം ജലം പോലെയാണ് (പാഠവിശകലനം - റെജി കവളങ്ങാട്)

പന്ത്രണ്ടാം ക്ലാസ്സിലെ മലയാളം രണ്ടാമത്തെ പാഠഭാഗമായ പ്രകാശം ജലം പോലെയാണ് എന്ന കഥ  ലോക പ്രശസ്ത സാഹിത്യകാരനായ  ഗബ്രിയേൽ ഗാർസിയ മാർക്വേസ് ആണ് എഴുതിയിട്ടുള്ളത്.
അദ്ദേഹത്തിൻറെ ലൈറ്റ് ഈസ് ലൈക് വാട്ടർ എന്ന കഥയുടെ വിവർത്തനമാണ് ഈ പാഠഭാഗം .

ടോട്ടോ , ജോവൽ എന്നീ രണ്ടു കുട്ടികൾ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ .സ്പെയ്നിലെ മാഡ്രിഡ് നഗരത്തിലാണ് അവർ  താമസിക്കുന്നത്.
ഫ്ലാറ്റിൻറെ അഞ്ചാം നിലയിൽ താമസിക്കുന്ന ഈ കുട്ടികളുടെ ജീവിതത്തിൽ ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നു എന്ന രീതിയിലാണ് കഥ എഴുതിയിട്ടുള്ളത്.

വെള്ളത്തിൽ കൂടിഓടിക്കാവുന്ന തരത്തിലുള്ള ഒരു തുഴവള്ളം വാങ്ങി കൊടുക്കണം എന്നാണ് കുട്ടികൾ ആദ്യം അവരുടെ അച്ഛനമ്മമാരോട് ആവശ്യപ്പെടുന്നത്.  അച്ഛൻ അത് വാങ്ങിക്കൊടുക്കുന്നു. കൂട്ടുകാരുടെ സഹായത്തോടെ കുട്ടികൾ വള്ളം അഞ്ചാം നിലയിലേക്ക് കയറ്റി കൊണ്ടു വരുന്നു. ഷവറിലെ വെള്ളം മാത്രമുള്ള ഫ്ലാറ്റിൽ എന്തിന് വള്ളം എന്ന അമ്മയുടെ ചോദ്യം അവർ കാര്യമായിട്ടെടുക്കുന്നില്ല ,

അങ്ങനെയിരിക്കെ  ഒരു ചർച്ച നടക്കുന്നു  വീട്ടുപകരണങ്ങളിലെ കവിത എന്നതായിരുന്നു ചർച്ചയുടെ വിഷയം , സ്വിച്ച് ഇടുമ്പോൾ ബൾബ് തെളിയുന്നത് എങ്ങനെയാണ് എന്ന്  കുട്ടികൾ ചോദിക്കുമ്പോൾ  കഥയിൽ ഇടയ്ക്ക് കടന്നുവരുന്ന കഥാകാരൻ തന്നെ ടാപ്പ് തുറക്കുമ്പോൾ വെള്ളം വരുന്നതുപോലെയാണ്  സ്വിച്ച് ഇടുമ്പോൾ പ്രകാശം വരുന്നത് എന്ന് പറയുന്നു.

 അച്ഛനമ്മമാർ ബുധനാഴ്ച സിനിമയ്ക്ക് പോയപ്പോൾ കുട്ടികൾ ഏറ്റവും പ്രകാശമുള്ള ഒരു ബൾബ് പൊട്ടിച്ചു എന്നും അതിൽനിന്നും സ്വർണ്ണനിറമുള്ള പ്രകാശം ജലം പോലെ മുറിയിലാകെ  പരന്നൊഴുകി എന്നും മൂന്നടി ഉയരത്തിൽ പ്രകാശജലം നിറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ വൈദ്യുതി വിച്ഛേദിച്ച് തങ്ങളുടെ തുഴവള്ളം വെള്ളത്തിൽ ഇറക്കുകയും പ്രകാശ ജലത്തിലൂടെ തുഴഞ്ഞു നടക്കുകയും ചെയ്തു  എന്നു മാണ് കഥയിൽ പറയുന്നത്.
ബുധനാഴ്ച ദിവസങ്ങളിൽ കുട്ടികൾ ഇതൊരു പതിവാക്കിയത്രെ.
തുടർന്ന്  മുങ്ങൽ ഉപകരണങ്ങൾ വാങ്ങി കൊടുക്കണം എന്ന് അവർ  ആവശ്യപ്പെടുന്നു , ടോട്ടോയും ജോവലും  സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കുള്ള  സമ്മാനം വാങ്ങിയപ്പോൾ  അച്ഛൻ അവർക്ക് മുങ്ങൽ സാമഗ്രികൾ വാങ്ങി കൊടുക്കുന്നു , തുടർന്നുള്ള ബുധനാഴ്ചകളിൽ അവർ ഇണക്കമുള്ള സ്രാവുകളെപ്പോലെ മുറിയിലാകെ മുങ്ങി നടക്കുന്നു വർഷങ്ങളായി കാണാതെ കിടന്ന പലതും അവർ കണ്ടെടുക്കുന്നു ,
വർഷാവസാനത്തിൽ രണ്ട് സഹോദരന്മാരും മാതൃകാ വിദ്യാർത്ഥികളായി വാഴ്ത്തപ്പെടുകയും പഠനമികവിനുള്ള സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.
ഇത്തവണ തങ്ങളുടെ കൂട്ടുകാരെ വീട്ടിൽ വിളിച്ച് ഒരു പാർട്ടി കൊടുക്കണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്. മാതാപിതാക്കൾ സസന്തോഷം അത് അംഗീകരിക്കുന്നു , പതിവുപോലെ  അച്ഛനുമമ്മയും സിനിമയ്ക്ക് പോയ ബുധനാഴ്ച അവർ സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചു വരുത്തുകയും 
 ബൾബുകൾ എല്ലാം പൊട്ടിച്ച് പ്രകാശജലം ഒഴുക്കുകയും ചെയ്യുന്നു,
അഞ്ചാം നിലയിലെ  ജനാലകൾ വഴി പ്രകാശജലം താഴേക്ക് ഒഴുകുകയും ആ പ്രദേശമാകെയും പട്ടണത്തിലേക്കുള്ള വഴിയും പ്രകാശജലത്തിൽ മുങ്ങുകയും ചെയ്യുന്നു

അപകട സന്ദേശം കേട്ട് എത്തിയവർ കണ്ടത് കുട്ടികൾ പ്രകാശ ജലത്തിലൂടെ  നീന്തി നടക്കുന്നതും  ടോട്ടോയും ജോവലും തുഴവള്ളത്തിൽ കയറി  നടക്കുന്നതുമാണ് ,
വീട്ടുപകരണങ്ങൾ അവയുടെകവിതയുടെ നിറവിൽ എന്നതുപോലെ ഒഴുകിനടന്നു, സമീപത്തെ എലമെന്ററി സ്കൂളിലെ കുട്ടികളും പ്രകാശ ജലത്തിൽ മുങ്ങിപ്പോയി എന്നും അക്വേറിയത്തിൽ നിന്നും രക്ഷപ്പെട്ട വർണ്ണ മത്സ്യങ്ങൾ മാത്രമാണ് ജീവനോടെ അവശേഷിച്ചത് എന്നും കഥയിൽ പറയുന്നു,  പ്രകാശത്തിൽ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം അറിഞ്ഞുകൂടാത്ത മാട്രിഡ് നഗരത്തിലാണ് ഇത് നടന്നതെന്നു പറഞ്ഞു കൊണ്ടാണ് മാർക്വെസ് കഥ അവസാനിപ്പിക്കുന്നത്.

മാജിക്കൽ റിയലിസം എന്ന രചനാരീതി ഉപയോഗിച്ചാണ് ഈ കഥ എഴുതിയിട്ടുള്ളത്  ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ നടക്കുന്നതുപോലെ ആയിരിക്കും ഇത്തരത്തിൽ കഥ പറയുന്നത് , എന്നാൽ പറയുന്ന കാര്യങ്ങൾക്ക് ഉദ്ദേശിക്കുന്ന യാഥാർത്ഥ്യങ്ങളുമായി വലിയ ബന്ധം ഉണ്ടായിരിക്കും ,പൊതുവേ ലാറ്റിനമേരിക്കൻ എഴുത്തുകാരാണ് ഇത്തരത്തിൽ കഥകളും നോവലുകളും എഴുതിയിട്ടുള്ളത്. ഗബ്രിയേൽ ഗാർസിയ മാർക്കേസ് ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലും ഇപ്രകാരം തന്നെയാണ് എഴുതിയിട്ടുള്ളത്. 

പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ മാജിക്കൽ റിയലിസം കൊണ്ട് എന്തെല്ലാം അർത്ഥതലങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് എന്ന് നമുക്ക് പരിശോധിക്കാം , ഒന്ന് - മാഡ്രിഡ് എന്ന മഹാനഗരത്തിൽ ആണ് കുട്ടികൾ താമസിക്കുന്നത് , ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിലാണ് അവർ ജീവിക്കുന്നത് , പ്രകൃതിയുമായി കൂട്ടു ചേർന്ന് കടലും പുഴയും മണ്ണും മരങ്ങളും കണ്ട് സ്പർശം, ഗന്ധം ,രുചി തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളിലൂടെ വളർന്നുവരേണ്ട പ്രായത്തിൽ കൂററൻ കോൺക്രീറ്റ് കെട്ടിടത്തിൽ അടച്ചു കഴിയാൻ വിധിക്കപ്പെട്ടവരാണവർ , കാഡ്ജിനെ ഇന്ത്യാസ് എന്ന ഗ്രാമത്തിൽ നിന്നും ആണ് അവർ മാഡ്രിഡിലേക്ക് വന്നത് , അവിടെ കടലും കടലിലേക്കു ഇറക്കാൻ വള്ളവും വള്ളം വയ്ക്കാനുള്ള സ്ഥലവും ചെടികളും മരങ്ങളും എല്ലാമുണ്ടായിരുന്നു , ആ പ്രകൃതി സൗഭാഗ്യങ്ങളുടെ നഷ്ടം കുട്ടികളെ വല്ലാതെ വേദനിപ്പിക്കുന്നു , അതുകൊണ്ടാണ് തുഴവള്ളം വേണമെന്ന് അവർ ആവശ്യപ്പെടുന്നത്, അച്ഛൻ അപ്പോൾ അവരോട് പറയുന്നത് കാഡ്ജിനെയിൽ ചെല്ലുമ്പോൾ വാങ്ങിക്കാം എന്നാണ് പക്ഷേ അവർ അത് സമ്മതിക്കുന്നില്ല , ഇത് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോകാനുള്ള അവരുടെ തീവ്രമായ അഭിലാഷമാണ് സൂചിപ്പിക്കുന്നത്.

പ്രകാശ ജലത്തിലൂടെ അവർ വീടിനുള്ളിലേ ദ്വീപുകളിലേക്കാണ് സഞ്ചരിക്കുന്നത് ഇതും കാഡ്ജിനെ എന്ന ഗ്രാമത്തിനെ ഓർമ്മിപ്പിക്കുന്നു. വീട്ടുപകരണങ്ങളിലെ കവിതയാണ് അവരുടെ ചർച്ചാ വിഷയം കവിതയെന്നാൽ ഉള്ളിൽ തിങ്ങിനിറയുന്ന വികാരങ്ങളുടെ കവിഞ്ഞൊഴുക്കാണല്ലോ , പ്രകാശ ജലത്തിലൂടെ ഒഴുകിയപ്പോഴാണ് വീട്ടുപകരണങ്ങളിലെ കവിതക്ക് നിറവുണ്ടായത് എന്നും പറയുന്നുണ്ട് , അവസാനം 
" സ്പെയ്നിൽ പൊള്ളുന്ന വേനലും മഞ്ഞും കാറ്റുമുള്ള നദിയോ കടലോ ഇല്ലാത്ത പ്രകാശത്തിൽ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വായത്തമല്ലാത്ത ആളുകളുള്ള മാട്രിഡ് നഗരത്തിലാണ് ഇത് നടന്നത് " എന്ന് പറയുകയും ചെയ്യുന്നുണ്ട് , പഴങ്കഥകളും അത്ഭുത ഐതീഹ്യങ്ങളും വിശ്വാസങ്ങളും നഗരങ്ങളിലെക്കാൾ ഉള്ളത് ഗ്രാമങ്ങളിലാണല്ലോ , അവയിൽ പലതും നമ്മുടെ ഓണ സങ്കല്‌പം പോലെ ഗ്രാമീണ ജനതയുടെ ആഗ്രഹങ്ങളുടെ ആവിഷ്കാരവുമാണ് , ഗ്രാമത്തിലേ ജനങ്ങൾ ഇത്തരം കഥകളിൽ വിശ്വസിക്കുന്നതും യുക്തിചിന്ത മാറ്റിവയ്ക്കുന്നതും അതുകൊണ്ടാണ് , ഇവിടെ മാർക്വേസ് യുക്തിക്കു പകരം അയുക്തിയെ കൂട്ടുപിടിക്കുന്നതും അതിനെ ശാസ്ത്രമെന്ന് വിളിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെയാണ്.

എന്നാൽ മുതിർന്നവർക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുന്നില്ല അവർക്ക് നഗരത്തിലെ ആഡംബര ജീവിതവും ചൂതാട്ടവും സിനിമയും ഒക്കെയാണ് പ്രിയതരം , കഥയിൽ കുട്ടികളുടെ ലോകവും മുതിർന്നവരുടെ ലോകവും തമ്മിലുള്ള അകലം ശ്രദ്ധേയമാണ്.

പ്രകാശം ജലം പോലെയാണ് എന്ന കഥയുടെ ആഖ്യാന സവിശേഷത കൊണ്ട് കൈവരുന്ന  മറ്റൊരു അർത്ഥം  കൊളംബിയയും സ്പെയിനും തമ്മിലുള്ള രാഷ്ട്രീയബന്ധമാണ്. വളരെക്കാലം സ്പെയിനിന്റെ കോളനിയായിരുന്ന രാജ്യമാണ് കൊളംബിയ, ഇരുട്ടിൽ നിന്ന് മോചിപ്പിക്കുന്നതാണല്ലോ പ്രകാശം , കഥയിൽ പ്രകാശം സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിട്ടാണ് കടന്നുവരുന്നത് ,അത് ജലംപോലെ എല്ലാത്തിനും മീതെ ഒഴുകിപ്പരക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു. അത് സൃഷ്ടിക്കുന്നതാവട്ടെ ടോട്ടോയും ജോവലുമാണ് . അവർ കൊളംബിയയുടെ ഇളം തലമുറയാണ് , വേണമെന്നു വച്ചാൽ ടീച്ചറുടെ കസേര പോലും സ്വന്തമാക്കാനുള്ള ഇച്ഛാശക്തിയുള്ളവരാണ്, കസേര അധികാരത്തിന്റെ ചിഹ്നമാണ് , സ്വന്തം ഗ്രാമമായ കാഡ്ജിനെ ഇന്ത്യാ സ് മാത്രമാണ് അവരുടെ ഉള്ളിലുള്ളത് , മാഡ്രിഡ് നഗരത്തിലെ ഒന്നും അവരെ ആകർഷിക്കുന്നില്ല , വിചിത്രമായ കാര്യം ടാപ്പ് തുറന്ന് ജലമൊഴുക്കാനല്ല ബൾബ് പൊട്ടിച്ച് കളഞ്ഞ് പ്രകാശ ജലമൊഴുക്കാനാണ് അവർ ശ്രമിക്കുന്നതെന്നതാണ് , എന്തുകൊണ്ട് പ്രകാശജലമൊഴുക്കാൻ ബൾബ് പൊട്ടിച്ചു കളയുന്നു ?കോളനിവാഴ്ച ഉള്ള രാജ്യങ്ങളിലെ ചരിത്രം, പാഠപുസ്തകം ഇവയെല്ലാം കൊളോണിയൽ താൽപര്യങ്ങൾക്കനുസരിച്ച് ആയിരിക്കും  നിർമ്മിച്ചിട്ടുണ്ടാവുക , രാഷ്ട്രീയ അധികാരം ഇല്ലാതായാലും സാംസ്കാരിക അധീശത്വം നിലനിൽക്കും, പ്രകാശം അറിവിൻറെ പ്രതീകം കൂടിയാണല്ലോ അതുകൊണ്ടാണ് നിലവിൽ പ്രകാശം തരുന്ന ബൾബ് പൊട്ടിച്ചു കളഞ്ഞ്  പുതിയ പ്രകാശം സൃഷ്ടിക്കുന്നതിനെക്കുറിച്ച് മാർകേസ് കഥയിൽ പറയുന്നത്. പുതിയ അറിവിന്റെ നിർമ്മിതിയിലൂടെയാണ് സ്വാതന്ത്ര്യം സൃഷ്ടിക്കേണ്ടത് എന്ന ആശയം ഇവിടെ കാണാം , കൊളംബിയയുടെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട വ്യക്തി കൂടിയായിരുന്നു ഗാബോ . അവസാന ഭാഗത്ത് വഞ്ചിയിലിരുന്ന് ടോട്ടോ വിളക്കുമാടവും (അഭയകേന്ദ്രം ) ജോവൽ സെക്സ്റ്റെന്റ് വഴി പടിഞ്ഞാറൻ നക്ഷത്രത്തിനെയും തിരയുന്നു, നക്ഷത്രം പ്രതീക്ഷയുടെ ചിഹ്നമാണ് ; ദിശാസൂചകവുമാണ് , മാതൃകാ വിദ്യാർത്ഥികളായി വാഴ്ത്തപ്പെട്ട കുട്ടികളും കൂടി ചേർന്നാണ് ഹെഡ്മാസ്റ്ററെ കളിയാക്കുന്നത് , സ്കൂളിലെ പാട്ട് അവർ മാറ്റിപ്പാടുന്നു , മറ്റൊരു വൈചിത്ര്യം സ്വർണ്ണ മത്സ്യങ്ങളല്ലാതെ മറ്റൊന്നും ജീവനോടെ അവശേഷിച്ചില്ല എന്ന പ്രസ്താവനയാണ് , പ്രകാശം സ്വാതന്ത്ര്യമാണെങ്കിൽ അതിൽ മുങ്ങിമരിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമാണ്, ഗാബോ എന്ന വിളിപ്പേരുള്ള മാർക്വേസ് ഒരു ജനതയുടെ സ്വപ്നത്തിന് സാഹിത്യരൂപം നൽകുകയാണ് ചെയ്തിരിക്കുന്നത്. 

ടോട്ടോയും ജോവലും കാലങ്ങളായി മറന്നു കിടന്നിരുന്ന പലതും മുങ്ങിയെടുക്കുന്നുണ്ട് , അധിനിവേശ വാഴ്ച്ചയിൽ തരം താഴ്ത്തപ്പെട്ട സ്വന്തം സംസ്കാരത്തിനെ തന്നെയാണ് അവർ മുങ്ങിയെടുക്കുന്നത്. പ്രകാശജലം കണ്ട് നഗരത്തിൽ അപായ മുന്നറിയിപ്പുണ്ടായി എന്നതും ശ്രദ്ധിക്കേണ്ടതാണ്, ആകെക്കൂടി ഈ കഥക്ക് വലിയ രാഷ്ട്രീയമാനം ഉള്ളതുകാണാം , മാജിക്കൽ റിയലിസത്തിന് ഗ്രാമീണ ജനതയുടെ പരമ്പരാഗതമായ കഥപറച്ചിൽ രീതിയുമായി ബന്ധമുണ്ട് - ഇത്തരം കാരണങ്ങൾക്കൊണ്ടാണ് പ്രകാശം ജലം പോലെയാണ് എന്ന കഥ ലോക പ്രശസ്തി നേടിയത് , ഇതിന്റെ സാഹിത്യ ഭംഗിയും ഏറെ വാഴ്ത്തപ്പെട്ടിട്ടുണ്ട്

റെജി കവളങ്ങാട് ,
( Blog ലെ ലേഖനങ്ങൾ മാറ്റങ്ങൾ വരുത്തി പ്രചരിപ്പിക്കരുത് )

10 അഭിപ്രായങ്ങൾ:

  1. വളരെ ലളിതവും... ഹൃദ്യവും ആയ വിവരണം.... ഏറ്റവും നന്നായി കഥ യുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിഞ്ഞു.... അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  2. സർ
    വളരെ നന്നായി കഥയുടെ എല്ലാ തലങ്ങളും ഇതിൽ
    ഉൾക്കൊള്ളിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 👍

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായി തന്നെ ഇ പാഠഭാഗം മനസിലാക്കാൻ കഴിഞ്ഞു തീർത്തും ലളിതമായി. അഭിനന്ദനങൾ 👍

    മറുപടിഇല്ലാതാക്കൂ
  4. Thank you very much sir.കഥയിലെ അർത്ഥതലങ്ങൾ നന്നായി മനസിലാക്കുവാൻ കഴിഞ്ഞു ��

    മറുപടിഇല്ലാതാക്കൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...