2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

കേശിനീമൊഴി- പാഠവിശകലനം- റെജി കവളങ്ങാട്


കേശിനീ മൊഴി



ണ്ണായി വാര്യർ


പ്രശസ്തനായ കവി, ആട്ടക്കഥാകൃത്ത് എന്നിങ്ങനെ തിളങ്ങിയ വ്യക്തിയാണ് ഉണ്ണായിവാര്യർ. ക്രിസ്തു വർഷം1682 നും 1759 നും ഇടക്കാണ് ജീവിതകാലം എന്ന് വിശ്വസിക്കുന്നു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. സംസ്കൃതത്തിലും, തർക്കശാസ്ത്രത്തിലും, വ്യാകരണത്തിലും, ജ്യോതിഷത്തിലും പാണ്ഡിത്യം നേടി. കുംഭകോണം, തഞ്ചാവൂർ, കാഞ്ചീപുരം എന്നിവടങ്ങളിൽ സഞ്ചരിച്ച് സംഗീതം പഠിച്ചു. ശ്രീരാമനെ സ്തുതിച്ചു കൊണ്ടെഴുതിയ രാമപഞ്ചശതി, ഗിരിജാകല്യാണം, ഗീതപ്രബന്ധം, നളചരിതം ആട്ടക്കഥ എന്നിവയാണ് വാര്യരുടെ കൃതികൾ.



കഥകളിയുടെ സാഹിത്യരൂപത്തിനാണ് ആട്ടക്കഥ എന്നു പറയുന്നത്. അതുകൊണ്ടുതന്നെ അരങ്ങിൽ ആടുമ്പോഴാണ് ആട്ടക്കഥകൾക്കു പൂർണത ലഭിക്കുക. ഇതിനപവാദമാണു നളചരിതം ആട്ടക്കഥ. സാഹിത്യകൃതി എന്ന നിലയിൽ തന്നെ ഇതു ശ്രേഷ്ഠമായി നിലനിൽക്കുന്നു.


നളചരിതം ആട്ടക്കഥ  


മഹാഭാരതം ആരണ്യപർവത്തിലെ 52 മുതൽ 79 വരെയുള്ള അധ്യായങ്ങളിൽ വർണിക്കപ്പെട്ട "നളോപാഖ്യാന“മാണു നാലുദിവസത്തെ അഭിനയത്തിനുതകുന്ന വിധത്തിൽ ഉണ്ണായി വാര്യർ നളചരിതം ആട്ടക്കഥയിലൂടെ പുനരാഖ്യാനം നിർവഹിച്ചത്. നിഷധരാജാവായ നളൻ വിദർഭ രാജപുത്രിയായ ദമയന്തിയെക്കുറിച്ചു കേട്ടറിഞ്ഞ് അവളിൽ അനുരാഗബദ്ധനാവുന്നു. ഒരു സ്വർണഹംസം നളനുവേണ്ടി ദമയന്തിയുടെയടുത്തു ദൂതുപോവാൻ സമ്മതിക്കുന്നു. ഹംസം ദമയന്തിയോടു നളകഥ പറഞ്ഞ് അവളിൽ നളനോടുള്ള അനുരാഗം ജനിപ്പിക്കുന്നു. ഒരുപാടു തടസ്സങ്ങൾക്കൊടുവിൽ നളൻ ദമയന്തിയെ വിവാഹം കഴിച്ചുവെങ്കിലും കലിബാധിതനായി ദമയന്തിയെ ഉപേക്ഷിക്കേണ്ടിവരുന്നു- ഒപ്പം രാജ്യവും നഷ്‌ടപ്പെട്ടു. പിന്നീടു പലവിധ പരീക്ഷണങ്ങൾ നേരിട്ടു കലിവിമുക്തനായിത്തീർന്നു നഷ്‌ടപ്പെട്ട രാജ്യം തിരികെപ്പിടിച്ചു ശിഷ്‌ടകാലം ദമയന്തിയോടൊന്നിച്ചു സുഖജീവിതം നയിക്കുന്നതാണു നളചരിതത്തിലെ കഥ.


പ്രത്യേകതകൾ 


ആട്ടക്കഥയുടെ നിയതമായ ചിട്ടവട്ടങ്ങളെ വാര്യർ ലംഘിച്ചിരുന്നതായി കാണാം.പദ്യങ്ങൾ സംസ്കൃതത്തിലും പദങ്ങൾ മലയാളത്തിലും രചിക്കുന്ന രീതിയൊന്നും അദ്ദേഹം പിന്തുടർന്നു കാണുന്നില്ല. നാടകീയതയാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. കാവ്യഗുണത്തിൻറെ കാര്യത്തിൽ മുന്പുണ്ടായിരുന്ന എല്ലാ കാവ്യങ്ങളെയും പിന്തള്ളാൻ നളചരിതം ആട്ടക്കഥയ്ക്കായി


കലി ബാധിതനായ നളൻ, അനുജനായ പുഷ്കരനുമായി ചൂത് കളിച്ച് രാജ്യം നഷ്ടപ്പെട്ട്  ദമയന്തിയോടൊപ്പം കാട്ടിൽ അലയവെ  ദമയന്തിയെ വേർപെട്ട് നടക്കുന്നു. കാട്ടുതീയിൽ പെട്ട കാർകോടകൻ എന്ന സർപ്പത്തിനെ രക്ഷിക്കുന്നു കാർ കോടകൻ നളനെ ദംശിക്കുകയും നളൻ വിരൂപനായി മാറുകയും ചെയ്യുന്നു, കാർകോടകൻ കൊടുത്ത വസ്ത്രം ധരിച്ചാൽ നളന് പഴയ രൂപം തിരിച്ചു കിട്ടും എന്നാൽ കലിബാധ ഒഴിയണമെങ്കിൽ ഋതുപർണ്ണ മഹാരാജാവിന്റെ പക്കലുള്ള അക്ഷഹൃദയമന്ത്രം പഠിക്കണം അതിനായി നളൻ അയോധ്യയിലെത്തി ബാഹുകൻ എന്ന പേരിൽ ഋതുപർണ്ണന്റെ സാരഥിയായി കഴിയുന്നു.


കാട്ടിൽ നിന്ന് ദമയന്തി ചേദി രാജ്യത്ത് എത്തിച്ചേരുകയും രാജ്ഞിയുടെ തോഴിയായി കഴിയുകയും ദമയന്തിയെ അന്വേഷിച്ച് അച്ഛൻ ഭീമരാജാവ് അയച്ചയാൾ അവളെ കണ്ടെത്തി വീട്ടിലെത്തിക്കുകയും ചെയ്യുന്നു. നളനെ കണ്ടെത്താനായി അയച്ച ആളുകളിൽ നിന്ന് നളനെപ്പോലൊരാൾ അയോധ്യയിലുണ്ടെന്ന് മനസ്സിലാക്കിയ ദമയന്തി അയാളെ നേരിട്ട് കാണാനുള്ള ഉപായമെന്ന നിലയിൽ തന്റെ രണ്ടാം വിവാഹമാണെന്ന് ഒരു ദൂതനെക്കൊണ്ട് ഋതുപർണ്ണനെ അറിയിക്കുന്നു. പിറ്റേന്നു തന്നെ വിദർഭയിലെത്തിയെങ്കിലേ വിവാഹത്തിൽ പങ്കെടുക്കാനാവൂ.

നളന് അശ്വഹൃദയം എന്ന വിദ്യ വശമുള്ളതു കൊണ്ട് കുതിരകളെ വായൂ വേഗത്തിൽ തെളിക്കാൻ കഴിയും, യാത്രക്കിടയിൽ നളൻ ഋതുപർണ്ണനിൽ നിന്ന് അക്ഷഹൃദയമന്ത്രം പഠിക്കുകയും കലി ഒഴിഞ്ഞു പോവുകയും ചെയ്യുന്നു. വിദർഭയിലെത്തിയ ഋതുപർണ്ണൻ താനറിഞ്ഞ വാർത്ത വ്യാജമാണെന്ന് മനസ്സിലാക്കുന്നു ,അദ്ദേഹം ഭീമരാജാവുമായി കുശലം പറയുന്നതിനിടയിൽ ദമയന്തി തന്റെ ഭൃത്യയായ കേശിനിയെ ബാഹുകന്റെ അടുത്തേക് അയക്കുന്നതാണ് പാഠസന്ദർഭം.


ശ്ലോകം, പദം എന്നിങ്ങനെയാണ് ആട്ടക്കഥ രചിക്കുന്നത് പദം എന്ന ഭാഗമാണ് വിസ്തരിച്ച് അഭിനയിക്കുന്നത് ശ്ലോകം ചുരുക്കി പറയലാണ് , രണ്ടു രംഗങ്ങൾക്കിടയിൽ നടന്ന കാര്യങ്ങളും ഇനിവരുന്ന കഥാഭാഗത്തെക്കുറിച്ചുള്ള സൂചനകളുമാണ് ശ്ലോകത്തിൽ പറയുന്നത് , പാഠഭാഗത്ത് ആദ്യം ഒരു ശ്ലോകമാണുള്ളത് - കേശിനി ചെയ്ത കാര്യങ്ങളാണ് ഇതിൽ സൂചിപ്പിക്കുന്നത് , നേരം വെളിച്ചമായപ്പോൾ തന്നെ കേശിനി ബാഹുകന്റെയടുത്ത് ചെന്ന് കളിപറഞ്ഞ്  ഓരോ കാര്യങ്ങൾ തിരക്കി , (വെളിച്ചമേ ചെന്നു എന്ന പ്രയോഗത്തിന് നേരിട്ടു ചെന്നു എന്നും ആശയം പറയാവുന്നതാണ് വെളിച്ചമേ ചെന്ന കേശിനി പിന്നീട് ഒളിച്ചുനിൽക്കുന്നുമുണ്ടല്ലോ) , രണ്ടു പേരും ഭൃത്യരാണല്ലോ അവർക്കിടയിലുള്ള സൗഹൃദമാണ് സൂചിപ്പിക്കുന്നത് , എന്നാൽ സമർഥയായ കേശിനി ബാഹുകൻ പറഞ്ഞതു മാത്രം വിശ്വസിച്ചു പോരുന്നവളല്ല . അവൾ ഒളിച്ചു നിന്ന് അയാളെ നിരീക്ഷിക്കുന്നു അപ്പോൾ കണ്ട കാര്യങ്ങളും ബാഹുകൻ പറഞ്ഞ കാര്യങ്ങളും ദമയന്തിയോട് പറഞ്ഞു കേൾപ്പിക്കുന്നതാണ് തുടർന്നു വരുന്ന പദത്തിൽ കാണുന്നത്

ദമയന്തി, കേശിനി എന്ന് രണ്ട് സ്ത്രീ വേഷങ്ങൾ മാത്രമാണീ രംഗത്തുള്ളത് . കഥകളിയിൽ ഉത്തമരായ പുരുഷ കഥാപാത്രങ്ങളെ പച്ചവേഷത്തിലും പ്രതിനായകൻ രാക്ഷസൻ തുടങ്ങിയ കഥാപാത്രങ്ങളെ അവരുടെ സ്വഭാവമനുസരിച്ച് കത്തി, താടി, കരി തുടങ്ങിയ വേഷങ്ങളിലുമാണ് അവതരിപ്പിക്കുന്നത് , ഓരോന്നിന്റെയും മുഖാലങ്കാരവും ആടയാഭരണങ്ങളും വ്യത്യസ്തമാണ്, സ്ത്രീകൾ ബ്രാഹ്മണർ തുടങ്ങിയവർക്ക് മിനുക്ക് വിഭാഗത്തിലുള്ള വേഷമാണ് നിശ്ചയിച്ചിട്ടുള്ളത് , ഈ രംഗത്ത് രണ്ട് മിനുക്ക് വേഷങ്ങളാണുള്ളത് അതിൽ കേശിനി മാത്രമാണ് സംസാരിക്കുന്നത് , ഭൃത്യയായ കേശിനി രാജകുമാരിയായ ദമയന്തിയോട് സംസരിക്കുന്നതിന്റെ ഭാഷാപരമായ ഔചിത്യം കവി പാലിക്കുന്നത് കാണാം രംഗഭാഷ അഭിനയിക്കാനുള്ളതാണല്ലോ, ആ രംഗബോധം വാര്യരുടെ കഥാപാത്ര ചിത്രീകരണത്തിൽ മികവോടെ കാണാൻ കഴിയും


കഥാപാത്ര സൃഷ്ടിയിലും കഥാഘടനയിലും സംഭാഷണ നിബന്ധനയിലും മനോവ്യാപാര പ്രതിപാദനത്തിലുമാണ് ഉണ്ണായിവാര്യരുടെ പാടവം കാണാൻ കഴിയുന്നത്.കഥാസന്ദർഭങ്ങൾ എല്ലാം തികഞ്ഞ നാടകീയ ഭംഗിയോടെ ആണ് അവതരിപ്പിക്കുന്നത്. നായികാ നായകൻമാർ മാത്രമല്ല  അല്പനേരത്തേക്ക് കടന്നുവരുന്ന  ചെറിയ കഥാപാത്രങ്ങൾ പോലും  ഓർമയിൽ മായാതെ നിൽക്കും വിധം മിഴിവോടെ ആണ് വാര്യർ ചിത്രീകരിക്കുന്നത് , കേശിനി ഇതിന് മികച്ച ഉദാഹരണമാണ്.

പാഠ സംഗ്രഹം

ലക്ഷ്മീദേവിയെ പോലെ സുന്ദരിയും വിദർഭ രാജകുമാരിയും ആയ  ദമയന്തി നീ കേൾക്കുക . ഈ ബാഹുകൻ പുരുഷരത്നമാണ്  ബുദ്ധിമാനായ അവൻ  എന്നോട് പേരും  വിശേഷങ്ങളും പറഞ്ഞു.

ദമയന്തിയെ കുറിച്ചും നളനെ കുറിച്ചും പറഞ്ഞപ്പോൾ  നളന്റെ ഭാഗത്ത് ഒരു കുറ്റവും ഇല്ല എന്നും ഉണ്ടെങ്കിൽ തന്നെ കുലനാരിയായ ദമയന്തി കോപിക്കാൻ പാടില്ല എന്നുമാണ് അയാൾ പറഞ്ഞത്. അയാളെ കണ്ടിട്ട് മോശം സ്വഭവക്കാരനോ കാപട്യക്കാരനോ ആണെന്ന് തോന്നുന്നില്ല എന്ന് കേശിനി പറയുന്നു, ദമയന്തിയുടെ സൗന്ദര്യവും ബാഹുകന്റെ പൗരുഷവും പുകഴ്ത്തുന്ന രീതിയിലാണ് കേശിനി സംസാരിക്കുന്നത് ,  ഒറ്റക്കിരിക്കുന്ന ഒരു പുരുഷന്റെ സമീപം ഒരു സ്ത്രീ ചെന്ന് കുശലം പറയുമ്പോൾ അയാൾ നല്ലവനാണോ എന്ന് കൃത്യമായി അറിയാൻ പറ്റുമല്ലോ കേശിനിയുടെ വാക്കുകളുടെ സൂചന അതാണ് .


വിവാഹസമയത്ത് അഗ്നി ,വരുണൻ , ഇന്ദ്രൻ , യമൻ എന്നീ ദേവന്മാരുടെ അനുഗ്രഹം മൂലം കൈവന്ന ചില ചില പ്രത്യേക  ഗുണങ്ങൾ  ബാഹുകനിൽ കണ്ടു എന്ന് കേശിനി പറയുന്നു.


നളൻ മനസ്സിൽ വിചാരിക്കുമ്പോൾ  അഗ്നി ജ്വലിക്കുമെന്ന് അഗ്നിദേവനും ജലം ആവശ്യമുള്ളപ്പോൾ മനസ്സിൽ വിചാരിച്ചാൽ എത്തിച്ചേരുമെന്ന് വരുണനും നളൻ എപ്പോഴും ധർമ്മിഷ്ഠനായിരിക്കുമെന്ന് യമനും യാഗങ്ങളിൽ വേഗത്തിൽ മുക്തി ഫലമുണ്ടാകുമെന്ന് ഇന്ദ്രനും നളന് അനുഗ്രഹം നൽകിയിട്ടുണ്ടായിരുന്നു . കേശിനി ഒളിച്ചുനിന്ന് നിരീക്ഷിച്ചപ്പോൾ  ഈ കഴിവുകൾ  ബാഹുകന് ഉള്ളതായി മനസ്സിലാക്കുന്നു.


 പാചകത്തിനുള്ള  വസ്തുക്കൾ  കൊട്ടാരത്തിൽനിന്നും  എത്തിയപ്പോൾ ബാഹുകൻ അഗ്നിയും ജലവും സങ്കല്പിച്ചുവരുത്തുന്നത് അവൾ കണ്ടു , വിഭവങ്ങൾ പാചകം ചെയ്ത്  ഋതുപർണ രാജാവിന്  കൊടുത്ത് തിരിച്ചുവന്ന് ഒരു തേരിൽ  ഒറ്റയ്ക്ക്  ഇരിക്കുന്നു എന്നും  അപ്പോൾ  മാനസിക സംഘർഷം കൊണ്ട് എന്നവണ്ണം അയാൾ തേരിൽ ഉണ്ടായിരുന്ന  വാടിയ പൂവുകൾ കൈയിലിട്ട് മർദ്ദിച്ചുവെന്നും  ആ സമയത്ത്  പൂവുകൾ പുതിയത് പോലെ വിടർന്നുവന്നു  എന്നും കേശിനി പറയുന്നു , ഇതും നളന് ഉണ്ടായിരുന്ന ഒരു പ്രത്യേക കഴിവാണ്. ഇതൊക്കെ കൌതുകമുണ്ടാക്കി എന്ന് കേശിനി പറയുന്നു.


ഭാഷാപരമായ സൗന്ദര്യം  നളചരിതത്തിന്റെ മികവാണ്, അനേകം അർഥങ്ങൾ ലഭിക്കുന്നതു പോലെയും ഒട്ടും വാചാലതയില്ലാതെ ചേർച്ചയോടെ  പരമാവധി ചുരുക്കിപ്പറയുന്ന തരത്തിലുമാണ് കവി രചന നടത്തിയിട്ടുള്ളത് , പാടാനും ആടാനും മികച്ചതാണ് നളചരിതം , കഥാപാത്രങ്ങളുടെ തനിമയോടെ അവരുടെ ഉള്ളിലേ സൂക്ഷ്മഭാവങ്ങൾ തെളിയും പോലെ തന്നെയാണ് ഉണ്ണായി വാര്യർ വർണ്ണന നടത്തിയിട്ടുള്ളത് , സംസ്കൃതത്തിനോട് അമിത താല്പര്യം പ്രദർശിപ്പിച്ചിട്ടില്ല, ഭാഷ അതിവിദഗ്ധമായാണ് ഉപയോഗിച്ചിട്ടുള്ളത് , മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ കൃതികളിലൊന്നാണ് നളചരിതം, ആട്ടക്കഥകൾ നൂറുകണക്കിന് കവികൾ രചിച്ചിട്ടുണ്ട് എന്നാൽ നളചരിതത്തിനോളം കാവ്യഭംഗി മറ്റൊന്നിനുമില്ല, മലയാളത്തിലെ ശാകുന്തളം എന്നാണ് ഈ ആട്ടക്കഥ അറിയപ്പെടുന്നത്


വിധിവിഹിതം കൊണ്ട് മനുഷ്യർ ദുരിതങ്ങളനുഭവിക്കുന്നതും സൽഗുണങ്ങൾ അവരെ രക്ഷിക്കുന്നതുമാണ് നളകഥയുടെ പ്രമേയം. പരസ്പരം ഇഷ്ടപ്പെടുന്ന നായികാ നായകന്മാരുടെ പ്രണയവും അതിന് നേരിടുന്ന വിഹ്നങ്ങളും കഠിനമായ ജീവിത വ്യഥകളും അത്യന്തം നാടകീയതയോടെ ഉണ്ണായി വാര്യർ ആട്ടക്കഥയായി അവതരിപ്പിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...