ആധുനിക മലയാള കവികളിലൊരാളായ കടമ്മനിട്ട രാമകൃഷ്ണൻ 1935 ൽ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലാണ് ജനിച്ചത് , അദ്ദേഹത്തിന്റെ അച്ഛൻ രാമൻ നായർ ഒരു പടയണി കലാകാരനായിരുന്നു , പടയണി എന്ന അനുഷ്ഠാന കലാരൂപം കടമ്മനിട്ടയുടെ കവിതകളെ സ്വാധീനിച്ചിട്ടുണ്ട് ,നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി , എഴുപതുകളിലാണ് കടമ്മനിട്ട കവി എന്ന നിലയിൽ ശ്രദ്ധേയനാക്കുന്നത് ,മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. ആധുനിക മലയാള കവിതക്ക് ദ്രാവിഡ പാരമ്പര്യത്തിനിണങ്ങുന്ന രൂപഭംഗി നൽകുവാൻ കടമ്മനിട്ടക്ക് കഴിഞ്ഞു.. അദ്ദേഹം ഒരു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്
കിരാതവൃത്തം
കവിയരങ്ങുകളിൽ കവിത ചൊല്ലി കവിതയുടെ ചൊല്ലൽ പാരമ്പര്യം തിരിച്ചു കൊണ്ടുവന്ന കവിയാണദ്ദേഹം. കടമ്മനിട്ടയുടെ കവിയരങ്ങുകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
കിരാതവൃത്തം എന്ന കവിത ആരംഭിക്കുന്നത് രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഒരു കാട്ടാളനെ വർണ്ണിച്ചു കൊണ്ടാണ് ,
കാട്ടാളന്റെ കണ്ണിൽ പെറ്റു കിടക്കുന്ന ഈറ്റപ്പുലിയെ കവി കുടിയിരുത്തിയിരിക്കുന്നു , വാത്സല്യത്തിന്റെ വന്യമായ മാതൃബിംബമാണ് ഈറ്റപ്പുലി,കുഞ്ഞിൻറെ സംരക്ഷണ ബാധ്യതയാണ് അതിൻറെ രോഷത്തിനു കാരണം, തനിക്കുള്ളതിനെയൊക്കെ സംരക്ഷിക്കാനാണ് കാട്ടാളനും രോഷാകുലനാക്കുന്നത് , കൊത്തുവാനാഞ്ഞ കരിമൂർ യനെപ്പോലെയാണ് കാട്ടാളന്റെ പുരികം ,കാട്ടാളനും പ്രതികാരത്തിനായി വെമ്പി നിൽക്കുകയാണ് ,
പ്രകൃതിയുമായി ബന്ധപ്പെട്ട ബിംബ കല്പനകളിലൂടെ ഒരു കാട്ടാളന്റെ രൂപഭാവങ്ങളിലേക്ക് കവി നമ്മെ ആനയിക്കുന്നു.
തുടർന്ന് പരിസര വർണ്ണനയിലൂടെ കാട്ടാളന്റെ രോഷത്തിന് കാരണമെന്തെന്ന് കവി വ്യക്തമാക്കുന്നു .
ചുട്ടു ചാമ്പലായ വനത്തിന് നടുവിലാണ് കാട്ടാളൻ നിൽക്കുന്നത് ,
തൻറെ ആവാസവ്യവസ്ഥ തകർത്തവരോടുള്ള പ്രതികാരമാണ് കാട്ടാളന്റെ കണ്ണുകളിൽ ഉള്ളത് ,
പടയണിയിലെ ഭൈരവിക്കോലത്തിൻറെ രൂപം കാട്ടാളനിൽ കവി ചേർത്തു വച്ചിരിക്കുന്നു ,
ഭൈരവി കോലത്തിനെ പോലെ നെഞ്ചത്ത് പന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്.
പന്തം അഗ്നിയാണ് , അഗ്നി സത്യത്തിന്റെ പ്രതീകമാണ്, കാട്ടാളൻ തന്റെ ഉള്ളിലെ നേരിന്റെ തീയിൽ എരിഞ്ഞ് നിൽക്കുകയാണ് ,
വിശാലമായ ആകാശത്തിനെ അച്ഛനായും തീകത്തിയാളുന്ന മലയോരത്തിനെ അമ്മയായും വർണ്ണിച്ചിരിക്കുന്നു , മണ്ണ് അമ്മയും വാനം ആകാശവുമായ പ്രകൃതിയുടെ പുത്രനാണ് കാട്ടാളൻ. മുല പാതി മുറിഞ്ഞവൾ എന്ന പ്രയോഗത്തിൽ കണ്ണകിയുടെ ദ്രാവിഡ പുരാവൃത്തം സൂചിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ മുലകളാണ് പർവ്വതങ്ങളും നദികളും അവക്കുണ്ടായ നാശവും ഇവിടെ സൂചിപ്പിക്കുന്നുണ്ട്.
വീണ്ടും അമ്പിനാൽ മുറിവേറ്റ കരിമ്പുലിയോടു കാട്ടാളനെ ഉപമിക്കുന്നു , ഉരുൾ പൊട്ടുന്നത് മനുഷ്യന് തടയാനാവാത്ത പ്രകൃതിയുടെ സംഹാരരൂപമാണ് , കാട്ടാളൻ ഉരുൾ പൊട്ടിയതു പോലെയാണ് പുറപ്പെട്ടു വരുന്നത് , കരയെ ചൂഴ്ന്നു നിൽക്കുന്ന കടലിന്റെ വേരു പറിക്കാൻ അവൻ ഉഴറുന്നു , ഇവിടെയെല്ലാം ആക്രമിക്കപ്പെട്ട പ്രകൃതിയുടെ പേരിൽ മണ്ണിന്റെ മകനായ കാട്ടാളൻ പ്രതികാരത്തിനിറങ്ങി എന്ന ആശയമാണ് കവി ആവിഷ്കരിക്കുന്നത്
അലകടൽ എന്ന പ്രയോഗം കാട്ടാളന്റെ ശത്രു നിരയുടെ വൈപുല്യം സൂചിപ്പിക്കുന്നുണ്ട്
ഒരേ സമയം വന്യമായി പോരാട്ടത്തിനിറങ്ങുകയും അതേ സമയം തന്റെ നഷ്ടങ്ങളോർത്ത് കരയുകയും ചെയ്യുന്നുണ്ട് കാട്ടാളൻ .
താനും തന്റെ ജീവിത വ്യവസ്ഥയും ഉടൻ ഇല്ലാതെയാകുമെന്ന തിരിച്ചറിവാണ് അയാളുടെ കോപത്തിനും പോർവിളിക്കും കാരണം.
കാട് കത്തിയെരിഞ്ഞതിനു നടുവിൽ നിന്ന് വിഷക്കടലു പോലെ നിർജീവമായ, മരിച്ച പിതാവിനോട് തുല്യമെന്ന് കവി ഉപമിക്കുന്ന മാനത്തിനു കീഴിൽ കാട്ടാളൻ മഴനീര് കൊതിക്കുന്ന വേഴാമ്പലായി മാറുന്നു , ക്രൂരമായ പരിസ്ഥിതി ചൂഷണവും നാഗരികതയുടെ വേട്ടയാടലും തകർത്തുകളഞ്ഞ ആദിവാസി /കീഴാള/ ഗ്രാമീണ ജനതയുടെ പ്രതീകമാണ് കാട്ടാളൻ.
മാനത്തിന് മൗനം എന്നതുകൊണ്ട് ദൈന്യതക്കു നേരെ കണ്ണടക്കുന്ന അധികാര സ്ഥാനങ്ങളെയാണ് ഉദ്ദേശിക്കുന്നത് , തന്റെ സംസ്കാരത്തിനോടുള്ള ഭ്രാന്തമായ സ്നേഹം പെരുകിയവനാണ് കാട്ടാളൻ ,അവൻ തനിക്ക് നഷ്ടപ്പെട്ട ഓരോന്നും എണ്ണിപ്പറഞ്ഞ് മാന്തോപ്പുകളുരുകും മണ്ണിലിരിക്കുന്നു , മാവും മാന്തോപ്പും കേരളീയതയുടെ ചിഹ്നങ്ങളാണ് ,
ഇടിമിന്നലുപൂക്കും മാനത്ത് കിനാവുകൾ വിതച്ചവനാണ് കാട്ടാളൻ ,
സ്വതന്ത്ര ഇന്ത്യയിൽ ഗ്രാമീണ ജനവിഭാഗങ്ങളുടെ പ്രതീക്ഷകളിലും വിമോചന സ്വപ്നങ്ങളിലുമുണ്ടായ നിരാശയാണ് ഇവിടെ സൂചിപ്പിക്കുന്നത് , കിരാതവൃത്തം ഇന്ത്യയെ ആകമാനം കാഴ്ച്ചയിലുൾപ്പെടുത്തുന്നതും കുറേയേറെ ലോക പശ്ചാത്തലമുള്ളതുമായ കവിതയാണ്.
തുളസിക്കാടുകൾ, ഈറൻ മുടി കോതിയ സന്ധ്യകൾ മുത്തങ്ങാപ്പുല്ലുകൾ എന്നിങ്ങനെ കാട്ടാളന് നഷ്ടപ്പെട്ടവ ഒട്ടനവധിയാണ്
കുറ്റിപ്പുറം പാലം എന്ന കവിതയിൽ ഇടശേരി ഗോവിന്ദൻ നായർ
" പച്ചയും മഞ്ഞയും മാറി മാറി പാറിക്കളിക്കും പരന്ന പാടം
ഫലഭാര നമ്രതരുക്കൾ ചൂഴും നിലയങ്ങൾ വായ്ക്കും നിരന്ന തോട്ടം "
ഇവയൊക്കെ നിറഞ്ഞ തന്റെ ഗ്രാമ ലക്ഷ്മി തനിക്ക് നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടുകയാണെങ്കിൽ കുറേക്കൂടിക്കഴിഞ്ഞ് എഴുതപ്പെട്ട കിരാതവൃത്തത്തിൽ ഈ നഷ്ടങ്ങളെല്ലാം അനുഭവിച്ചു കഴിഞ്ഞ കാട്ടാളനെയാണ് നമ്മൾ കാണുന്നത്.
കറുകപ്പുൽതുമ്പത്തമ്പിളികളമെഴുതിപ്പാടിയ രാവുകൾ ......എന്നിങ്ങനെ അതിമനോഹരമായ വരികൾ കിരാതവൃത്തത്തിന്റെ സാഹിത്യ ഭംഗി വർദ്ധിപ്പിക്കുന്നുണ്ട് . ഗ്രാമീണമായ കളമെഴുത്തും പാട്ടും വനത്തിലെ ആദിവാസികളുടെ നൃത്തവും കവിതയിൽ ജീവിത ലഹരിയുടെ ദൃശ്യബിംബങ്ങളായി കടന്നുവരുന്നു.
കരുത്തും കാന്തിയുമുൾച്ചേർന്ന കാട്ടുജീവിതത്തിന്റെ ആനന്ദങ്ങൾ കാട്ടാളന്റെ മനസ്സിലൂടെ മിന്നിമറയുന്നു, കാട്ടാളനെ നാട്ടാളനാക്കി മാറ്റുന്ന പരിഷ്കാരത്തിലൂടെ പുരാതനമായ ഗോത്ര സംസ്കാരങ്ങളെ അപഹസിക്കുകയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത നഗര നിഷ്ഠൂരതക്കു നേരെ തേൻ കൂടു നിറക്കാൻ പോയ തന്റെ ആൺകുട്ടികളെവിടെ എന്നും പൂക്കൂട നിറക്കാൻ പോയ പെൺ പൈതങ്ങളെവിടെയെന്നും കാട്ടാളൻ ദുഃഖിതനായി ചോദിക്കുന്നു.
കുറത്തി എന്ന കവിതയിൽ
" നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴ്ന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്. "
എന്ന് കവി വികാര തീവ്രമായി , പാവങ്ങളെ അടിമകളാക്കുകയും വേട്ടയാടുകയും ചെയ്യുന്ന നഗര സംസ്കാരത്തിനെ കവി ചോദ്യം ചെയ്യുന്നുണ്ട്
രൗദ്രം, കരുണം, വീരം എന്നീ രസങ്ങളുടെ അഴകാർന്ന ആവിഷ്കാരം കിരാതവൃത്തത്തിലുണ്ട് , പുരാവൃത്തങ്ങളുടെ ശൈലിയിൽ കേരളീയ കലകളുടെ ഭാഷയിൽ, താളത്തിൽ ആധുനിക മനുഷ്യന്റെ സങ്കടങ്ങൾ കവിതയിലാക്കിയ കവിയായിരുന്നു കടമ്മനിട്ട , നാടൻ താളങ്ങളും കലാരൂപങ്ങളുടെ വേഷവും അവതരണവും ആവാഹിക്കുക വഴി മലയാളിയുടെ ആത്മരഹസ്യങ്ങളിലേക്ക് കുടിയേറാൻ ആ കവിതകൾക്ക് കഴിഞ്ഞു.
ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്ന തീത്തുള്ളിയുമായി കരളിൽ നുറുങ്ങിയ നട്ടെല്ല് നിവർത്തിയെഴുന്നേൽക്കുന്ന കാട്ടാളന്റെ ഒരുമ്പെട്ട പടപ്പുറപ്പാട്ടിന്റെ വർണ്ണന വാക്കുകളുടെ ഇറുക്കവും മുറുക്കവും ശക്തിയും സൗന്ദര്യവുമെല്ലാം ഒത്തുചേർന്ന വരികളിലൂടെയാണ് കവി ഉരുക്കി വാർക്കുന്നത് ,
എഴുത്തച്ഛൻ കവിതയുടെ ഒരു മിന്നലാട്ടം നമുക്കീ വരികളിൽ ദർശിക്കാം
കൽമഴുവോങ്ങി തലയറുക്കാനും കുടൽമാലകൾ കൊണ്ട് നിറമാല തൂക്കാനുമിറങ്ങിയ കാട്ടാളനെ കണ്ട് പലരും ഭയന്ന് വിളറി പിടിച്ച് കവി സായുധ കലാപത്തിനാഹ്വാനം ചെയ്യുകയാണ് , കിരാതവൃത്തം നക്സൽ കവിതയാണ് , ഹിംസക്ക് ആർപ്പുവിളിക്കുകയാണ് എന്നൊക്കെ മുറവിളികൂട്ടുകയുണ്ടായി, എന്നാൽ കവിതയുടെ അവസാനം കാട്ടാളൻ പ്രതീക്ഷയുടെ പൂവിതളുകളിൽ വിശ്രമിക്കാൻ കൊതിക്കുന്നുണ്ട്.
ഒരു സൂര്യനുദിക്കുമെന്നും വന മോടികൾ തിരികെ വരുമെന്നും ദു:ഖം തകരുമെന്നും താനന്നു ചിരിക്കുമെന്നും കാട്ടാളൻ പ്രത്യാശിക്കുന്നു.
വ്യക്തമായും താൻ വെറുക്കപ്പെട്ടവരുടെയും വേട്ടയാടപ്പെട്ടവരുടെയും കണ്ണീരു കുടിക്കുന്നവരുടെയും കവിയാണെന്ന് കടമ്മനിട്ട ഉറക്കെ പ്രഖ്യാപിക്കുന്ന കവിതയാണ് കിരാതവൃത്തം. ലാഭക്കണ്ണുകൾ ചുട്ടെരിക്കുന്ന വനവും വറ്റിയ പുഴയും തകർന്ന മലകളും ഈറനാക്കിയ ഉള്ളിൽ നിന്നുമാണ് ആ കവിത ഉറവെടുക്കുന്നത്.
വിഷാദം കടമ്മനിട്ടക്കവിതയിൽ വിലപിച്ചൊഴുകുന്ന ഒരു കാട്ടാറല്ല തിളച്ചുമറിയുന്ന പ്രവാഹത്തിൽ നിന്നുയരുന്ന പൊള്ളിക്കുന്ന നീരാവിയാണ് എന്ന് പ്രശസ്ത നിരൂപക എം ലീലാവതി ടീച്ചർ പറഞ്ഞിട്ടുണ്ട്.
നമ്മുടെ ദ്രാവിഡമായ വിദൂര പാരമ്പര്യ സ്മൃതികളിൽ നിന്ന് എഴുന്നേറ്റ് വരുന്ന ഈ കിരാതൻ വെറുമൊരു കാട്ടാളനല്ല കിരാതരൂപത്തിലുള്ള ശിവനാണ് നഷ്ട സ്വർഗ്ഗത്തെക്കുറിച്ച് വിലപിക്കുന്ന ഒരു ആദിമ പിതാവായി അയാൾ നൃത്തം ചെയ്യുന്നു എന്ന് നിരൂപകനായ ആർ നരേന്ദ്രപ്രസാദ് അഭിപ്രായപ്പെടുന്നുണ്ട്.
(പാഠവിശകലനം തയ്യാറാക്കിയത് റെജി കവളങ്ങാട്)
ശ്രദ്ധേയമായ നിരീക്ഷണങ്ങൾ'' ''നന്ദി മാഷേ
മറുപടിഇല്ലാതാക്കൂThanks sir😊
മറുപടിഇല്ലാതാക്കൂആശയം കൊള്ളാം ആശംസകൾ ഇല്ല 💥
മറുപടിഇല്ലാതാക്കൂ❤️
ഇല്ലാതാക്കൂആശയം നന്നായിട്ടുണ്ട്. എല്ലാം മനസിലാക്കുന്നും ഉണ്ട്. Thanks sir...
മറുപടിഇല്ലാതാക്കൂThank you sir
മറുപടിഇല്ലാതാക്കൂVishsyam😍
മറുപടിഇല്ലാതാക്കൂ❤️
മറുപടിഇല്ലാതാക്കൂഅർഥങ്ങൾ നല്ലതുപോലെ മനസിലാവുന്നത് പോലെ ക്രീയറ്റ് ചെയ്തിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂThank you somech
വളരെ നല്ലത്
മറുപടിഇല്ലാതാക്കൂകുറച്ചു കൂടി short akkamayieunnu
മറുപടിഇല്ലാതാക്കൂ