2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

അവകാശങ്ങളുടെ പ്രശ്നം - (നോട്ട് -കവളങ്ങാടൻ )

അവകാശങ്ങളുടെ പ്രശ്നം - പത്മരാജൻ

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991).[1] ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 
മലയാള കഥയിലും നോവലിലും വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.
നക്ഷത്രങ്ങളെ കാവൽ (കേരളസാഹിത്യ അക്കാദമി പുരസ്കാരം)
വാടകക്കൊരു ഹൃദയം,
ഉദ്ദകപ്പോള,
ഇതാ ഇവിടെവരെ,
ശവവാഹനങ്ങളും തേടി ,
മഞ്ഞുകാലംനോറ്റ കുതിര,
പ്രതിമയും രാജകുമാരിയും ,
കള്ളൻ പവിത്രൻ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകളാണ്

അവകാശങ്ങളുടെ പ്രശ്നം

വിചിത്രമായ ആഖ്യാന രീതിയിൽ എഴുതപ്പെട്ട കഥയാണ് അവകാശങ്ങളുടെ പ്രശ്നം. യുക്തികൾ പരാജയപ്പെടുമ്പോൾ വായനക്കാർ കഥയുടെ ധ്വനി തലങ്ങളന്വേഷിച്ചു പോകുന്നിടത്താണ് ഈ കഥയുടെ അസ്വാദനം ആരംഭിക്കുന്നത്.രാപകലില്ലാത്ത കച്ചവടത്തിന്റെ ലോകത്ത് അകപ്പെട്ടു പോകുന്ന  ദിവാകരൻ എന്ന മനുഷ്യനാണിതിലെ കഥാപാത്രം. മരിച്ചവരുടെ ഛായാചിത്രങ്ങൾ വിൽക്കുന്ന തെരുവിൽ അയാൾ സ്വന്തം അച്ഛനമ്മമാരുടെ ചിത്രങ്ങളന്വേഷിച്ച് എത്തിച്ചേരുന്നു. ആദ്യം മുതലേ തന്നെ അസാധാരണമായ സംഭവങ്ങളാണ് കഥയിലുള്ളത്.




ചിത്രമാക്കി മാറ്റുകയും പ്രദർശനത്തിനും വിൽപ്പനക്കും വയ്ക്കുന്നതും വംശനാശം വരുകയോ ഉപയോഗം നിന്ന് പഴമയുടെ ഭാഗമാവുകയോ ചെയ്യുന്ന വസ്തുക്കളാണ് , ഇവിടെ ദിവാകരൻ അയാളുടെ അച്ഛനമ്മമാരുടെ ചിത്രങ്ങളാണ് അന്വേഷിച്ചു നടക്കുന്നത്. മാതാപിതാക്കളുടെ ചിത്രം അയാളുടെ കൈവശമില്ല, അയാളുടെ ഓർമ്മയിൽ പോലും അവരുടെ അവ്യക്തമായ ചിത്രമേ ഉള്ളു , അതുകൊണ്ടാണ് വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയുമോ എന്ന കടക്കാരന്റെ ചോദ്യത്തിനു മുമ്പിൽ അയാൾ കുഴങ്ങുന്നത് .

ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം ദിവാകരൻ അയാളുടെ അച്ഛനമ്മമാരെ കണ്ടിട്ടില്ലേ അതോ അവരെ അയാൾ മറന്നു പോയതാണോ എന്നതാണ്. വേറെന്തു മറന്നു പോയാലും സ്വന്തം അച്ഛനമ്മമാരെ ആരും മറക്കാനിടയില്ല അപ്പോൾ അച്ഛനമ്മമാർ എന്നതുകൊണ്ട് കഥാകൃത്ത് മറ്റു ചിലതാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. അച്ഛനമ്മമാർ എന്നതു കൊണ്ട് അവരെയല്ലെങ്കിൽ പിന്നെ നമ്മളോരോരുത്തരും ജനിച്ചുവളർന്ന നമ്മളോരോരുത്തരെയും നമ്മളാക്കിയ പൈതൃകവും സംസ്കാരവുമാണ് പത്മരാജൻ വിവക്ഷിക്കുന്നതെന്ന് മനസ്സിലാക്കാം , അതന്വേഷിച്ച് ദിവാകരൻ തെരുവിലെത്തുന്നു എന്നത് ഏറെ ആശയനിബിഢമായ ഒരു ആഖ്യാനം തന്നെയാണ് , അവകാശങ്ങളുടെ പ്രശ്നം എന്നകഥ ഒരു തലമുറയുടെ കഥയായി മാറുന്നതും അങ്ങനെയാണ്.

സ്വന്തമായിട്ടുള്ളതെന്തിനെയും അവജ്ഞയോടെ വലിച്ചെറിയുകയും അന്യരുടെ നിർമ്മിതികളെ അന്വേഷിച്ചു നടക്കുകയും ചെയ്തവരുടെ കഥയാണ് ദിവാകരന്റെ കഥ, ഭാഷ, കല, വിശ്വാസങ്ങൾ, അറിവുകൾ അങ്ങനെ നൂറ്റാണ്ടുകളായി നമ്മുടെ ജീവിതത്തിന് രൂപവും പൊരുളും നൽകിയിരുന്നതിനെയെല്ലാം ആധുനികതയുടെ പേരിൽ വേണ്ടെന്നു വച്ചവരുടെ പിൻനടപ്പിന്റെ കഥയാണ് പത്മരാജൻ പറയുന്നത്.

 ഏറ്റവും ദയനീയമായുള്ളത് തന്റെ ഉത്ഭവത്തിനും നിലനില്പിനും കാരണമായതിനെയൊക്കെ അന്വേഷിച്ച് ദിവാകരൻ കടയിലെത്തുന്നു എന്നതാണ് , കടയിലെത്തുന്നത് ഉപഭോക്താവാണ് , ഉപഭോക്താവിന് ആവശ്യമുള്ളതെല്ലാം ആരൊക്കെയോ ഉല്പാദിപ്പിച്ച് കടയിൽ നിരത്തി  നാണയത്തുട്ടുകൾ കൊണ്ട് മൂല്യമിട്ട് ലാഭം കിട്ടുന്നതു പോലെ വിൽക്കുന്നു. "ഉപ്പുതൊട്ട് കർപ്പൂരം വരെ അച്ഛനും അമ്മയുമല്ലാത്തതെല്ലാം അവിടെ കിട്ടും " എന്നാണ് നമ്മൾ കേട്ടിട്ടുള്ളത് ,
കൈമോശം വന്ന പൈതൃകമന്വേഷിച്ച് അയാൾ കടയിലെത്തുന്നു കടക്കാർ തമ്മിൽ തമ്മിൽ നോക്കി കണ്ണിറുക്കി അയാളെ പരിഹസിച്ച് ചിരിക്കുന്നു , കച്ചവടത്തിന്റെ കപടലോകമല്ലാതെ മറ്റൊന്നും തെരഞ്ഞെടുക്കാനില്ലാത്തയാളാണ് ദിവാകരൻ, അയാൾ എന്തു തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നതവരാണ്, ഏകീകൃതമായ ഉല്പാദനവും ഉപഭോഗവും അടിച്ചേൽപ്പിക്കുന്നിടത്ത് പ്രാദേശികമായ ഒന്നിനും നിലനില്പില്ല , ദിവാകരനും അയാളുടെ സംസ്കാരവും വിലയില്ലാതാകുന്നതും തെരുവിലെ മരണമടഞ്ഞ ചിത്രങ്ങളാകുന്നതും അങ്ങനെയാണ്.

  താനാരാണെന്ന വിശ്വാസത്തിനടിസ്ഥാനമായ സ്വത്വബോധത്തിന്റെ വേരുകൾ തിരഞ്ഞ് നടക്കുന്നവനാണ് ദിവാകരൻ , അസ്ഥിത്വദുഃഖം തന്നെയാണ് അയാൾ അനുഭവിക്കുന്നത് ,
സ്വന്തമായി ഒന്നും ഉല്പാദിപ്പിക്കാനില്ലാത്തവർ, കല സാഹിത്യം വേഷം ഭാഷ വിശ്വാസങ്ങൾ  ഇവയിലെല്ലാം സ്വന്തമായുണ്ടായിരുന്ന നീക്കിയിരിപ്പുകൾ ഉപേക്ഷിച്ച് നഗര ലോകത്തിനു പിന്നാലെ ഭ്രമിച്ച് നടന്നവർ കുറേ കഴിഞ്ഞ് അവിടെയൊന്നും തങ്ങൾക്ക് വേരുകളില്ല എന്ന് തിരിച്ചറിഞ്ഞ് വന്ന വഴികൾ തിരഞ്ഞു പോകുന്ന ഗൃഹാതുരമായ അന്വേഷണമാണ് അവകാശങ്ങളുടെ പ്രശ്നം എന്ന കഥ മുന്നോട്ടുവയ്ക്കുന്നത് , കമ്പോളസംസ്കാരത്തിന്റെ ലോകത്ത് മനുഷ്യൻ അനുഭവിക്കുന്ന സാംസ്കാരികമായ ശൂന്യതയാണ് അയാളുടെ ദുഃഖത്തിന് കാരണം. സ്വന്തം പൈതൃകത്തെക്കുറിച്ച് അയാൾക്ക് ഏകദേശ ധാരണയുണ്ട് അതുകൊണ്ടാണ് വല്ലവരും വച്ചു നീട്ടുന്ന ഏതെങ്കിലുമൊരു ചിത്രം സ്വീകരിക്കാനയാൾക്ക് സാധിക്കാത്തത് , കഥയുടെ അവസാനം കടയിൽ കയറിവരുന്ന കുട്ടികൾ ദിവാകരനെ കണ്ടതേ അയാളെ തെരഞ്ഞെടുക്കുന്നു അവരുടെ മനസ്സിൽ ദിവാകരനുള്ളതുപോലൊരു പൈതൃകബോധം പ്രവർത്തിക്കുന്നില്ല , അവർക്ക് ചുമരിൽ പ്രദർശിപ്പിക്കാനൊരു ചിത്രം മതി, കഥകളിയെക്കുറിച്ചൊന്നുമറിയാതെ അതിന്റെ വലിയ ചിത്രം കൊണ്ട് വീടലങ്കരിക്കുന്നവരെപ്പോലെ എല്ലാ വിശ്വാസങ്ങളും കലകളും മൂല്യങ്ങളും വെറും കൗതുകമായി മാറിയവരുടെ  പ്രദർശന ത്വരയാണ് കുട്ടികളെ പെട്ടെന്ന് തെരഞ്ഞെടുപ്പിന് പ്രാപ്തരാക്കുന്നതെന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ് , അവർക്ക് പിതൃ ചിഹ്നമായി ഒരു ചിത്രം കിട്ടിയാൽ മതി. എങ്കിലും കുഞ്ഞ് അമ്മയെ തിരയുന്നതു പോലെ ഉല്പത്തിയുടെ ഉണ്മകൾക്കു നേരെയുള്ള ആത്മബന്ധം അവരുടെയും കണ്ണുകളും നിറക്കുന്നുണ്ട്.

വെളിച്ചത്തിനു പിന്നിലൊരു ചതിയുണ്ടെന്നും വെളിച്ചത്തിന്റെ കബളിപ്പിക്കലിനേ നേരിട്ടു കൊണ്ട് അയാൾ കടകൾ തോറും തിരഞ്ഞു നടന്നു എന്നും കഥയിൽ പറഞ്ഞിരിക്കുന്നു. പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ വെളിച്ചം സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെങ്കിൽ ഇവിടെ പ്രകാശം ചതിയുടെ ചിഹ്നമാണ് , ദിവാകരൻ എന്ന പേരുതന്നെ ശ്രദ്ധിക്കേണ്ടതാണ് വെളിച്ചം സൃഷ്ടിക്കേണ്ടയാൾ മറ്റുള്ളവർ സൃഷ്ടിച്ച വെളിച്ചത്തിൽ കൺചിമ്മി കുഴങ്ങി നിൽക്കുകയാണിവിടെ,

ഒരു ദിവസം ഉച്ച മുതൽ പിറ്റേന്ന് പ്രഭാതം വരെ ദിവാകരൻ അച്ഛനമ്മമാരുടെ ചിത്രമന്വേഷിക്കുന്നു , ഒരാൾ അയാളുടെ യൗവ്വനത്തിൽ തുടങ്ങുന്ന പൈതൃകാന്വേഷണം അയാൾക്കു ശേഷം പുതിയ തലമുറ ഏറ്റെടുക്കുന്നതായും ഇതിനെ വ്യാഖ്യാനിക്കാം  , കഥാവസാനത്തിൽ ദിവാകരൻ മരിച്ചവരുടെ ചിത്രങ്ങൾക്കിടയിൽ സ്ഥാനം പിടിക്കുന്നുണ്ടല്ലോ. 
ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ വ്യഥകളും സ്വന്തം മുഖം തിരഞ്ഞു പോകേണ്ടിവരുന്നതിന്റെ സന്ദിഗ്ധതയും അപമാനവീകരണവും നഗരവൽക്കരണത്തിന്റെ സങ്കീർണ്ണതകളും ഈ കഥയുടെ പ്രമേയമാണ്. നഷ്ടപ്പെട്ടതിനെയെല്ലാം വിപണിയിൽ നിന്ന് തിരിച്ചു പിടിക്കാമെന്ന് കരുതിയ ദിവാകരന്റെ പരാജയത്തിന്റെ കഥയാണിത്. ചലചിത്രകാരനായ കഥാകൃത്ത് തികഞ്ഞ ദൃശ്യബോധത്തോടെയാണ് കഥപറയുന്നത് . ഇരുട്ടും വെളിച്ചവും ഇടകലരുന്ന ദൃശ്യ വർണ്ണന കഥക്ക് ചലചിത്ര ചാരുത പകരുന്നുണ്ട്. എന്തവകാശമെന്നും അവ എന്തു പ്രശ്നങ്ങളെ നിർധാരണം ചെയ്യാൻ തരുന്നു എന്നതും അധുനിക മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ,
കഥയുടെ ആഖ്യാന രീതിയിൽ പത്മരാജൻ കൊണ്ടുവരുന്ന പുതുമയും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

( പാഠവിശകലനം തയ്യാറാക്കിയത് റെജി കവളങ്ങാട്)

3 അഭിപ്രായങ്ങൾ:

  1. ഈ പാഠം തന്നെ ഒന്നും മനസ്സിലായിട്ടില്ല അപ്പോൾ ആണ് ആശയം 😔😶 നാളെ exam ആണ് തീരുമാനം ആയല്ലോ മാഷേ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2023, ജൂലൈ 17 8:27 AM

    ഇപ്പഴും ഒന്നും മനസ്സിലായിട്ടില്ല 🤣🤣

    മറുപടിഇല്ലാതാക്കൂ
  3. ആ ഇപ്പൊ കുറച്ചൂടി ഒക്കെ തല തിരിഞ്ഞു 😭

    മറുപടിഇല്ലാതാക്കൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...