ഓർമ്മക്കുറിപ്പ്
*മിനി ബേബി*
I
വെളിച്ചത്തിലേക്ക്
അമിതമായ തിരക്ക് അത്ര നല്ലതൊന്നുമല്ല. എവിടേക്കെത്താനാണ് നമ്മുടെ ഈ ഓട്ടം. നീണ്ടു നീണ്ടു പോകുന്ന ഈ ലോക് ഡൗൺ ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ്. തിരക്കില്ലെങ്കിലും മനസ്സിൽ ഇരുട്ടാണ്. കൊറോണ എന്ന ഇരുട്ട്. എന്തൊക്കെയോ അശുഭചിന്തകൾ അനുവാദം ചോദിക്കാതെ...... ചില രാത്രികളിൽ പാതി മയക്കത്തിൽ ഇരുട്ടിൽപ്പെട്ട് തപ്പിത്തടയാറുണ്ട് ഞാൻ. എങ്ങും ഒരു തരി വെളിച്ചം പോലുമില്ല. കൈ പിടിക്കാൻ ആരുമില്ല. ഭീതിയോടെ ചുരുണ്ടു കൂടുമ്പോൾ വലിയ ശബ്‌ദത്തോടെ വെളിച്ചത്തിന്റെ അല എന്നെ മൂടുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ട്. പണ്ടെങ്ങോ എന്നിലേക്കിറങ്ങിയത് വെളിച്ചം.....
പാവാട നിറമുള്ള ബാല്യത്തിന്റെ കൈ പിടിച്ചു ഞാൻ എത്തുക എപ്പോഴും അമ്മ വീട്ടിലാണ്
തീരാത്ത ഓർമകളുടെ കലവറ. തലമുടിയുടെ നടുവിലെ വകച്ചിൽ പോലെ പാടവരമ്പ്. പാടത്തേക്കിറങ്ങുന്നിടത്തു് പടിക്കെട്ടുകളാണ്. ഇറങ്ങിചെല്ലുന്നതു കൈത്തോട്ടിലേക്ക്. അത് എന്റെ ശാന്തിതീരമാണ്. വെള്ളത്തിൽ പിടക്കുന്ന ചെറുമീനുകളെ നോക്കി എത്ര നേരം വേണമെങ്കിലും ഞാനിരിക്കും. ആ പാടവരമ്പിലൂടെയാണ് പഠിക്കാൻ പോയ ചാച്ചൻമാർ വരുന്നത്. അധികം പ്രായവ്യത്യാസമില്ലാത്ത അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും നല്ല നേരമ്പോക്കായിരുന്നു. വീടിന് ചുറ്റും പലരുചികളുള്ള മാവുകൾ........ കശുമാവിൻ തോട്ടം. അവിടെയൊക്കെ ചുറ്റി നടക്കുമ്പോൾ മനസുനിറയെ പേടിയാണ്. എന്നാലും സവാരി വേണ്ടെന്ന് വെക്കില്ല. ഏകാന്തതയിലങ്ങനെ നടക്കാൻ ചെറുപ്പത്തിലും എനിക്കിഷ്ടമായിരുന്നു. തഴച്ചു വളർന്ന ആ വൃക്ഷങ്ങൾ എന്തൊക്കെയോ കിന്നാരം പറഞ്ഞിരുന്നു... വയസ്സായ അപ്പനും അമ്മയും മാത്രമായിരിക്കും മിക്കവാറും വീട്ടിൽ. ചാച്ചൻമാർ കിടക്കുന്നത് തണ്ടികയിലാണ്. വീടിനോട് ചേർന്നുള്ള കെട്ടിടമാണ് തണ്ടിക. അമ്മ കൂനിക്കൂനിയാണ് നടക്കുക. വലിയ വൃത്തിയിലൊന്നുമല്ല ആഹാരം പാകം ചെയ്യുക. പക്ഷെ ആ രുചിക്കൂ ട്ടുകൾ എന്നും അദ്ഭുതമായിരുന്നു. നിത്യവഴുതനങ്ങ മെഴുക്കുവരട്ടി......... ഇരുമ്പ്ചട്ടിയിൽ വറക്കുന്ന ഉണക്കമീൻ....... അമ്മയൊന്നു തൊട്ടാൽ മതി. കരിപിടിച്ച അടുക്കളയിലെ ഓരോ പാത്രത്തേയും, കരിക്കട്ടകളെപോലും ഞാൻ സ്നേഹിച്ചു. അമ്മ വിളമ്പിത്തരുന്ന ചോറ് എനിക്ക് അമൃതായിരുന്നു. അപ്പനും അമ്മയ്ക്കും കൂട്ടായി എത്ര ദിവസം വേണമെങ്കിലും ഞാൻ അമ്മവീട്ടിൽ കഴിയും.
അപ്പൻ ജഗജില്ലിയാണ് കെട്ടോ. രാവിലെ 5മണിക്ക് ഉണരും. സൈക്കിൾ ചവിട്ടിയാണ് 2കിലോമീറ്റർ അകലെയുള്ള പലചരക്ക് കടയിൽ പോകുന്നത്. ചിട്ടയുള്ള ജീവിതം. കണക്കുകളൊക്കെ കിറുകൃത്യം. സന്ധ്യക്ക് നീണ്ട പ്രാർത്ഥന. ആഹാരം കഴിഞ്ഞാൽ ഉടനെ കിടക്കും. മച്ചിട്ട മുറി ഒരു അറ പോലെയാണ്. മുറിയിൽ 3കട്ടിലുണ്ട്. എങ്കിലും ഞാൻ തറയിലാണ് കിടക്കാറ്. ഒരു വശത്തെ കട്ടിലിൽ അപ്പൻ. മറുവശത്തു അമ്മ. അമ്മയുടെ കട്ടിലിൽ നിന്ന് കുഴമ്പിന്റ നേർത്ത ഗന്ധം. വാർദ്ധക്യത്തിന്റെ ഞരങ്ങലും മൂളലും എനിക്ക് താരാട്ടുപാട്ടാണ്. മുറിയിൽമുഴുവൻ കുറ്റാകൂരിരുട്ടാണ്. പുതച്ചുമൂടി ആ സുരക്ഷിതവലയത്തിൽ ഞാൻ സുഖ സുഷുപ്തിയിലേക്കു യാത്രയാകും
ആ ഉറക്കത്തിൽ നിന്ന് ഞാൻ ഉണരുക ഒരു വലിയ ശബ്‌ദത്തിന്റെ അകമ്പടിയോടെയാണ്. ഒപ്പം വെളിച്ചത്തിന്റെ വലിയ അലയും. തലയ്ക്കു മുകളിൽ സൂര്യൻ ഉദിച്ചതുപോലെ തോന്നും. പ്രഭാതവെളിച്ചം സൗമ്യമാണെങ്കിലും എനിക്കതു കഠിനമായിരുന്നു. കണ്ണുകൾ എത്ര ഇറുക്കി അടച്ചാലും പുതച്ചു മൂടിയാലും ഉണരാതിരിക്കാൻ കഴിയില്ല. മുറിയിലെ മരക്ക തകാണ് പ്രതി. ഒരു ഭീമാകാരൻ തന്നെയായിരുന്നു ആ കതക്. അത് തുറക്കുന്ന ശബ്‌ദം താഴെയുള്ള പാടം കടന്ന് ദൂരേക്ക്... വളരെ ദൂരേക്ക് സഞ്ചരിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഈ ലോക്ക് ഡൗൺ ഒരു ഉറക്കമാണ്. ഉണർത്താൻ വലിയ വെളിച്ചത്തിന്റെ അല നമ്മെ തേടി വരാതിരിക്കില്ല. നന്മയുടെ ദീപം തെളിയാതിരിക്കില്ല. നമുക്ക് കാത്തിരിക്കാം പ്രിയപ്പെട്ടവരെ.
II
സുന്ദരി മാവ്
ഒരു ഫയൽചിത്രം
ഞാൻ പെൻഷൻ പറ്റിയത് വലിയ തിരക്കിലേക്കായിരുന്നു. തിരക്കൊക്കെ കുറഞ്ഞപ്പോൾ ഞാൻ എന്നെ ഒരു ചട്ടക്കൂട്ടിലാക്കി വീടിന്റെ അകത്തളങ്ങളിൽ തളച്ചിട്ടു. ഇതാണെന്റെ സ്വർഗം എന്ന് ചൊല്ലി ആ പൊട്ടക്കുളത്തിൽ സസുഖം വാണു. ഇടയ്ക്കിടയ്ക്ക് കൂട്ടുകാർ പുറത്തേക്ക് വരൂ എന്ന് പറഞ്ഞ് വിളിച്ചു. വെള്ളത്തിന് മുകളിൽ വന്ന് ചിരിച്ച് കാണിച്ച് ഞാൻ വീണ്ടും ഊളിയിട്ടു. ഇപ്പോഴിതാ ഒരു മാഷ് ചൂണ്ടയുമായി കുളത്തിനരികിൽ ഇരിപ്പാണ്. നമ്മുടെ റെജി മാഷ്. രക്ഷപെടാനുള്ള മാർഗമാണ് ഈ ഓർമക്കുറിപ്പുകൾ
പെൻഷൻ പറ്റുന്നതിനുമുമ്പേ വ്യായാമത്തിന്റെ ഭാഗമായി ഞാൻ സായാഹ്നസവാരി തുടങ്ങിയിരുന്നു. ഫസ്റ്റ് ഇമ്പ്രെഷൻ തീരെയില്ലാത്ത ആളാണ് ഞാൻ എന്നെനിക്കു തോന്നാറുണ്ട്. ഒരു ഭാവക്കാരി എന്നതിൽ കവിഞ്ഞു ആരും എന്നെ വിലയിരുത്താറില്ല. വൈകുന്നേരത്തെ നടപ്പ് നാട്ടുകാരിൽ ഒരു ചെറിയ മതിപ്പൊക്കെ ഉണ്ടാക്കി. ചെറു പുഞ്ചിരിയിലൂടെ അവർ എന്നോട് സംവദി ക്കാൻ തുടങ്ങി. വഴിയിലെ ചെടികളും മരങ്ങളും ആസ്വദിച്ചു കാണുന്ന ഓരോ വീടുകളുടെയും മാനമറിഞ്ഞു തനിയെ..... ഞാനങ്ങനെ ലയിച്ച് നടക്കും. പല വഴികളുണ്ടായിരുന്നു എനിക്ക്. വ്യത്യസ്തകാഴ്ചകളിൽ കണ്ണും നട്ട് നടക്കുക എത്ര രസകരമാണ്. ലോക്ക് ഡൗൺ ആ സാധ്യതകൾ ഇല്ലാതാക്കി. എർണാ കുളം ഗ്രീൻ സോനാക്കിയതിന്റെ പിറ്റേന്ന് ഞാനിറങ്ങി. ഞങ്ങളുടെ പഴയ വീടിന്റെ സമീപതുകൂടിയായിരുന്നു അന്നത്തെ യാത്ര. ആളനക്കമില്ലാതെ കിടക്കുന്ന ആ വീട്ടിലേക്ക് ഞാൻ സ്നേഹത്തോടെ നോക്കി. ചെറിയ ഗേറ്റ് തുറന്നു കിടക്കുന്നു ഞാൻ വെറുതെ അകത്തേക്ക് കയറി. മുറ്റത്തെ മാവിൻചുവട്ടിൽ ഏറെ കൊതിച്ചുണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരുന്നു.
വീട് വിറ്റു എന്ന് കേട്ടപ്പോൾ വലിയ വിഷമമൊന്നും തോന്നിയില്ല. അടുപ്പമില്ലാഞ്ഞിട്ടല്ല. വാസ്തവത്തിൽ അത്രയും അലിഞ്ഞു ചേർന്ന വേറൊരു വീട് ഉണ്ടായിട്ടില്ല. കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ച പോലും കഴിയുന്നതിന് മുൻപാണ് വീടിന് കല്ലിട്ടത്. പുതുമണം മാറാത്ത ആഭരണങ്ങളും ചിട്ടികളും ഒക്കെ സഹായിച്ചിട്ടാണ് അതൊന്നു പൂർത്തിയായത്. ഞങ്ങളുടെ സ്വപ്‌നങ്ങൾ പൂവണിഞ്ഞു തുടങ്ങിയത് അവിടെ വെച്ചാണ്. ഞാനേറെ സ്നേഹിച്ച സൗന്ദര്യമുള്ള ഒരു വീട് തന്നെയായിരുന്നു അത്. അടിച്ചും തുടച്ചും മിനുക്കിയും വീട്ടിലിരിക്കാനായിരുന്നു എനിക്കേറെ ഇഷ്ടം. എന്നിട്ടും എന്തേ വിഷമം തോന്നിയില്ല എന്ന് ചോദിച്ചാൽ നിവൃത്തികേടുകൊണ്ടോ നിർബന്ധബുദ്ധി കൊണ്ടോ അല്ല വിറ്റത്. പുതിയ ഒരെണ്ണം പണിയാനാണ്. വേറെയും ഉണ്ട് കാരണം. ഞാനൊന്നു പുറകോട്ടു ക്ലിക്ക് ചെയ്യുകയാണ്.
തിരക്കുകളില്ലാത്ത കൊച്ചുഗ്രാമത്തിൽ ഒരേക്കറിൽ ഒരു വീടുണ്ടായിരുന്നു. പഴമയുടെ ഗന്ധം പേറി നിന്ന മച്ചിട്ട വീട്. ഞാൻ ജനിച്ചതവിടെയായിരുന്നു. എന്റെ ബാല്യവും കൗമാരവും പൂവിട്ടത് അവിടെയാണ്. നിറഞ്ഞ മരങ്ങൾക്കിടയിലൂടെ ചുറ്റി നടക്കാൻ നല്ല രസമായിരുന്നു.എന്തെല്ലാം ഫലവൃക്ഷങ്ങളായിരുന്നു അവിടെ. ഇന്നും ആ വീടും പുരയിടവും ഒരു ചിത്രമായി മനസ്സിലുണ്ട്. വീടിന്റെ മുൻപിൽ വിശാലമായ വഴി. അത് അവസാനിക്കുന്നത് പൊതു ഇടവഴിയിലേക്കാണ്. ഡാഡി എപ്പോഴും പറയും "മോളേ നിന്റെ കല്യാണത്തിന് ആ ഇടവഴി വരെ പന്തലിടും " അണിഞ്ഞൊരുങ്ങി വരാനൊന്നിച്ചു ആ വഴിയിലൂടെ വരുന്നത് ഞാൻ പലവട്ടം സ്വപ്നം കണ്ടു. എന്റെ മോഹങ്ങൾ പൂവണിഞ്ഞില്ല. എന്റെ കല്യാണ ആവശ്യത്തിനുതന്നെ ആ വീട് വിൽക്കേണ്ടി വന്നു. വിറ്റു കഴിഞ്ഞ് അവിടെ താമസിച്ച ഒരു ദിവസം പോലും ഞാൻ കര യാതിരുന്നിട്ടില്ല. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. ആ വീടിന്റെ ഭിത്തിയിൽ തലോടി ഞാൻ എത്ര വട്ടം മാപ്പ് പറഞ്ഞെന്ന് എനിക്കറിയില്ല. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന്റ തലേന്ന് ഉറങ്ങിയില്ല. എന്റെ കല്യാണ ആൽബത്തിൽ ഒരു ചിത്രമാകാൻ പോലും എന്റെ പ്രിയപ്പെട്ട വീടിന് കഴിഞ്ഞില്ലല്ലോ. ദുഃഖത്തിന്റെ പാരമ്യത്തിൽ എത്തിച്ച ആ ഓർമകൾ മരിക്കാതിരുന്നതുകൊണ്ടാവാം ഈ വീടിന്റെ നഷ്ടം എന്നെ തളർത്താതിരുന്നത് എന്ന് ഞാൻ കരുതുന്നു.
ഞാൻ പറയാൻ വന്നത് ഈ വീടിന്റെ മുറ്റത്തെ മാവിനെക്കുറിച്ചാണ്. വീട് പണിത ഉടൻ ഭർത്താവ് മുറ്റത്തൊരു മാവ് നട്ടു. അത് വലുതായത് ഞങ്ങളുടെ മുൻപിലാണ്. അങ്കണതൈമാവ് ആദ്യമായി പൂത്തപ്പോഴും മാമ്പഴം തന്നപ്പോഴും ഉത്സവമായിരുന്നു വീട്ടിൽ. നല്ല മുഴുത്ത മാമ്പഴം. പല വട്ടമായി പൂക്കുന്ന മാവിൽ മാസങ്ങളോളം മാമ്പഴം ഉണ്ടാകും. കാണെക്കാണെ അത് വലുതായി. രണ്ടാം നിലയിലെ ജനാലയിലൂടെ മാവിനെ തൊടാൻ എനിക്കിഷ്ടമായിരുന്നു. മാമ്പഴം തിന്നാൻ വരുന്ന കിളികളുടെ ശബ്‌ദം ഉണർത്തുപാട്ടായി. മാവ് പിന്നെയും വളർന്നു. വീടിന് മുകളിൽ പടർന്നു. ശരിക്കും ഒരു കുട പോലെ. പച്ചക്കുട പിടിച്ച വീട്. സത്യത്തിൽ ആ മാവ് വീടിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. വീട്ടിൽ വന്നുപോകുന്ന അതിഥികളാരും മാവിനെ പറ്റി രണ്ട് വാക്ക് പറയാതെ പോയില്ല. എന്റെ കൂട്ടുകാരുടെ ഇഷ്ട്ട ഇരിപ്പിടമായിരുന്നു ഇത്. മാവിനും ഇരിപ്പിടത്തിനും ഇടയിൽ ആമ്പൽപൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു കുളമുണ്ടായിരുന്നു. വീട് വിറ്റപ്പോൾ മാവ് ഒരു നഷ്ട്ടബോധമായി എന്നെ പൊതിഞ്ഞു
വീടുവാങ്ങിയവർ വളരെ നല്ലവരാണ്. അവർ ഈ മാവിനെ സ്നേഹിക്കും. ഒരു പക്ഷേ ഞങ്ങളേക്കാൾ..... ഈ വീടിന്റെ ഏറ്റവും വലിയ സൗഭാഗ്യം മാവ് തരുന്ന കാറ്റും തണലും തണുപ്പുമാണ്. ആ വർഷമായിരുന്നു മാവ് ഏറ്റവും കൂടുതൽ കായ്ച്ചത്. റോഡിലുടെ ആളുകൾ അതിശയത്തോടെ മാവിനെ നോക്കി നോക്കി പോകുന്നത് കാണാം. കറിക്കു പോലും ഒരു മാങ്ങാ ഞാൻ പറിച്ചില്ല. വീട് വാങ്ങിയവർക്ക് കൊച്ചുകുട്ടികളുണ്ട്. അവർ മതിയാകുവോളം തിന്നട്ടെ. അടുത്ത് തന്നെയാണ് ഞങ്ങൾ വീട് പണിയുന്നത്. ഇനിയും വരാലോ മാവ് കാണാലോ... ഞാനങ്ങനെ ദിവാസ്വപ്നങ്ങളിൽ മുഴുകി നടന്നു. വീട്ടുടമസ്ഥൻ വിദേശത്താ ണ്. അവധിക്കാലത്തു മാത്രമേ വീട്ടിലുണ്ടാകൂ. പെട്ടെന്നൊരുദിവസം അദ്ദേഹം കയറി വന്നു. " മാവ് വെട്ടുകയാണ്. മാവിന്റെ വേരുകൾ വീടിന് ദോഷം ചെയ്യും. ബഡ്ഡ് ചെയ്യണമെങ്കിൽ ചെയ്തോളു " ശരിക്കും ഇടിവെട്ടേറ്റതുപോലെയായി. അവിശ്വസനീയമായതെന്തോ കേട്ടതുപോലെ... ഒറ്റ ശ്വാസത്തിൽ മാവിനെപ്പറ്റി എന്തെല്ലാം പറഞ്ഞു എന്ന് എനിക്കുതന്നെ അറിയില്ല. ജനാലയിലൂടെ ഞാൻ മാവിനെ നോക്കി. നിറയെമാങ്ങകളുമായി പച്ചപ്പിന്റെ ഒരു കോട്ട പോലെ.. എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. എന്തു പറഞ്ഞിട്ടും കാര്യമില്ല. ഇവിടെയുള്ളതൊന്നും ഇനി ഞങ്ങളുടേതല്ല. എല്ലാ അവകാശവും തീറെഴുതി കൊടുത്തുകഴിഞ്ഞല്ലോ
മാവ് വെട്ടുന്നതിന്റെ തലേന്ന് ഉറങ്ങാതെ മാവിനെ നോക്കി കിടന്നു. എന്തൊരു പ്രൗഡിയാണ് എന്റെ സുന്ദരിമാവിന്. രാവിലെ പിരിയാനാവാതെ ഞാനതിനെ തൊട്ടു നിന്നു. അതിന്റെ പരുക്കൻ ശരീരത്തിൽ വിരലോടിച്ചു. മാവ് വെട്ടുന്നതിനു സാക്ഷിയാവാൻ നിന്നില്ല. ഒഴിവാക്കാനാകാത്ത ഒരു പരിപാടി. എത്ര നന്നായി. വൈകിട്ട് വീട്ടിലേക്ക് വരാൻ തന്നെ മടിയായിരുന്നു. വഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ ഞാൻ പാളി നോക്കി. മുറ്റത്തു തെളിഞ്ഞ വെളിച്ചം. സുന്ദരിമാവിന്റെ ശരീരവും കൈകളും വിരലുകളും അരിഞ്ഞരിഞ്ഞു കൂട്ടിയിരിക്കുന്നു. ഹൃദയത്തിൽ തീയാളുന്നു. ശരീരത്തിൽ ചൂടും. ഞങ്ങൾ പോകുന്നതുവരെ കാത്തിരിക്കാമായിരുന്നു അവർക്ക്. അന്നും ഉറങ്ങിയില്ല. എത്രയുംവേഗം അവിടെനിന്നിറങ്ങാൻ തിടുക്കമായി. മനസ്സ്കൊണ്ട് മാവിനൊപ്പം ഞാൻ പടിയിറങ്ങികഴിഞ്ഞിരുന്നു. .... ഞാൻ മാവ് നിന്ന ഭാഗത്തേക്ക് നോക്കി.ഒരു അടയാളം പോലുമില്ല. എല്ലാം ടൈലിട്ടു ഭംഗി വരുത്തിയിരിക്കുന്നു. ടൈലിനെ തട്ടിത്തെറിപ്പിച്ചു ഭൂമിക്കടിയിൽനിന്ന് ആ മാവ് ഉയർത്തെഴുന്നേറ്റു വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഭ്രാന്തമായി ചിന്തിച്ചു....
ഇന്നിനി നടപ്പ് വയ്യ. ചെറിയ ഗേറ്റ് ചേർത്തടച്ചു ഞാൻ തിരിഞ്ഞു നടന്നു.
3
"പരിസമാപ്തി" ...
പുതിയവീടിന്റെ രണ്ട് വശവും റബ്ബർ തോട്ടമാണ്. റബ്ബർ കാട് എന്ന് പറയുന്നതാകും കൂടുതൽ നല്ലത്. അത്രയ്ക്ക് ഇടതൂർന്നാണ് മരങ്ങൾ നിൽക്കുന്നത്. ആകാശം കാണാൻ പ്രയാസമാണ്. രാത്രി അങ്ങോട്ട് നോക്കിയാൽ കൊടുംകാടാണെന്നു തോന്നും. പലതരം പക്ഷികളുടെ ശബ്‌ദം കേൾക്കാം. ചിലതൊക്കെ കേൾക്കുമ്പോൾ പേടിയാകും. പകൽ അണ്ണാൻ കുഞ്ഞുങ്ങളുടെ മേളമാണ്. എവിടെ നോക്കിയാലും കാണാം. ചിൽ ചിൽ ശബ്‌ദവും കേൾക്കാം. അവയെ കാണുമ്പോഴൊക്കെ പഴയവീട്ടിൽ വെച്ച് മക്കൾ ഒരു അണ്ണാൻകുഞ്ഞിനെ വളർത്താൻ ശ്രമിച്ച കാര്യം ഓർമ്മ വരും. വിരുന്നുകാരോട് യാത്ര പറഞ്ഞ് പുറത്ത് നിന്നപ്പോഴാണ് ബെർളി കളി കഴിഞ്ഞ് വന്നത്. കൈയിൽ ഇറുക്കിപിടിച്ചിരിക്കുന്ന ഒരു അണ്ണാൻകുഞ്ഞ്. ഫ്രഡി ഓടിയെത്തി. "എവിടുന്ന് കിട്ടിയെടാ "
"റോഡിൽ കിടന്നതാ ചേട്ടായി. വല്ല കാക്കയും കൊണ്ടിട്ടതായിരിക്കും "ചേട്ടനും അനുജനും പരിശോധനക്കായി അകത്തേക്ക്. 'ഫ്രഡിക്കു പരീക്ഷ അടുത്തു വരുന്നു. ഈ അണ്ണാൻകുഞ്ഞ് ഇന്നത്തെ പഠിത്തം അപഹരിക്കുമല്ലോ ദൈവമേ 'എന്റെ മനസ്സ് മൗനമായി കേണു. മുകളിലത്തെ മുറിയിൽ ചർച്ചകൾ കേൾക്കാം. ഞാൻ നോക്കാൻ പോയില്ല. അണ്ണാൻകുഞ്ഞിനോടും ബെർളിയോടും വല്ലാത്ത ദേഷ്യം തോന്നി. "അമ്മേ... കുറച്ച് പാൽ വേണം "ഫ്രഡിയാണ്. പുറകിൽ ബെർളിയുമുണ്ട്. "പാലില്ല" "എന്നാ കുറച്ച് പാൽപ്പൊടി കലക്ക് അമ്മേ "ഞാൻ പാൽപ്പൊടി കലക്കിക്കൊടുത്തു. അകത്തെ കാലുഷ്യം പുറത്ത് കാണിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. എന്തെങ്കിലും പറഞ്ഞു പോയാൽ ഞാൻ കാരുണ്യ മില്ലാത്തവളാകും. ബെർളി ഒരു ഫില്ലർ ഉണ്ടാക്കി പാൽ അണ്ണാൻ കുഞ്ഞിന്റെ വായിൽ ഇറ്റിച്ചു കൊടുത്തു. ഫ്രഡി പാഷൻ ഫ്രൂട്ട് ജ്യൂസ് റെഡിയാക്കി. അതാണത്രേ അണ്ണാൻകുഞ്ഞിന് കൂടുതൽ ഇഷ്ടപ്പെട്ടത്. എന്റെ ദൈവമേ ഫ്രഡിയുടെ സമയം പോകുകയാണല്ലോ എന്ന് ഞാൻ വീണ്ടും കേണു.
തിരക്കുകളൊക്കെ ഒതുങ്ങിയപ്പോൾ ഞാൻ മുകളിൽ ചെന്ന് നോക്കി. അണ്ണാൻകുഞ്ഞ് രണ്ടുപേരുടെയും കൈകളിൽ മാറിമാറി വിശ്രമിക്കുന്നു. ഇപ്പോൾ ജനിച്ചു വീണ കുഞ്ഞിനെപ്പോലെ മയങ്ങി കിടക്കുന്നു. കൈയ്യോ മറ്റോ മുറിയുമ്പോൾ കെട്ടാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന വെള്ളത്തുണികൊണ്ട് അണ്ണാന്റെ കണ്ണും ശരീരവുമൊക്കെ തുടക്കുന്നുണ്ട്. ഒറ്റക്കണ്ണനായിരുന്നു ആ അണ്ണാൻകുഞ്ഞു. "കണ്ടിട്ട് ഇത് ജീവിക്കുമെന്ന് തോന്നുന്നില്ലല്ലോ മോനെ "അതൃപ്തി ഒതുക്കി ഞാൻ പറഞ്ഞു. മക്കൾ രണ്ടുപേരും പ്രതികരിച്ചില്ല. കൂടുതൽ സമയം ഞാൻ നോക്കിനിന്നില്ല. സ്നേഹിച്ചു പോയെങ്കിലോ. രാവിലെ ഞാനും ബെർളിയും ഒരുമിച്ചാണിറങ്ങിയത്. "ബെർളി നേരത്തേ വരണം. ചിലപ്പോ അണ്ണാൻ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവരും"ഫ്രഡി യാണ്. എന്റെ ദൈവമേ ഫ്രഡിയുടെ ഇന്നത്തെ ദിവസവും പോയതുതന്നെ..
സ്കൂളിൽ തിരക്കുകളിൽ മുഴുകി നടന്നപ്പോഴും ഒരു ശല്യമായി അണ്ണാൻ കുഞ്ഞു മനസ്സിലുണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴിക്കു ബെർളി അണ്ണാൻകുഞ്ഞിനെയോർത്തു ഉൽക്കണ്ഠ കുലനായി. മൃഗാശുപത്രിയിൽ ഇറങ്ങാൻ ഭാവിച്ചെങ്കിലും അത് അടഞ്ഞുകിടക്കുകയായിരുന്നു. അണ്ണാന്റെ തത്സമയറിപ്പോർട്ട് വീട്ടിൽനിന്നും കിട്ടികൊണ്ടിരുന്നു. വീട്ടിൽ ചെന്നതേ ചേട്ടനും അ നുജനും അണ്ണാൻകുഞ്ഞുവിശേഷങ്ങളിൽ മുഴുകി. പകൽ അത് ഒരുവിധം ആക്റ്റീവ് ആയിരുന്നത്രേ. ഫ്രഡി യുടെ ചുറ്റും അത് ഓടിനടന്നു. അവന്റെ കൈയിൽ കെട്ടിപ്പിടിച്ചു കിടന്നു. സന്തോഷം കൊണ്ട് സ്വയം മറന്നു പോയത്രേ. പെട്ടെന്നാണ് അവസ്ഥക്ക് മാറ്റം വന്നത്. അണ്ണാൻകുഞ്ഞ് രണ്ട് കൈയും തലയിൽ വെച്ച് ചുരുണ്ടുകൂടി. എന്തു ചെയ്യണമെന്നറിയാതെ ഫ്രഡി പ്രതിസന്ധിയിലായി. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കണ്ടത്. അണ്ണാൻകുഞ്ഞിന്റെ കണ്ണിൽ ചെറിയ ചെറിയ പുഴുക്കൾ നുഴയുന്നു. എങ്ങനെ പുഴുക്കളെ കളയും? സുഹൃത്തുക്കളെയൊക്കെ അവൻ വിളിച്ചു ചോദിച്ചു. ആർക്കും വ്യക്തമായ ഉത്തരം നൽകാനായില്ല. അവസാനം ഗീതച്ചേച്ചി തന്നെ സഹായത്തിനെത്തി. "യൂക്കാലി". യൂക്കാലി ഒഴിച്ചപ്പോൾ പുഴുക്കൾ കൂട്ടമായി പുറത്തേക്കിറങ്ങി. കൈകൊണ്ട് മൃദുവായി അതിനെയെല്ലാം ഫ്രഡി എടുത്തുകളഞ്ഞു. കണ്ണ് ഡെറ്റോൾ കൊണ്ട് തുടച്ചു ഇളനീർകുഴമ്പ് ഒഴിച്ചു. പാഷൻ ഫ്രൂട്ട് ജ്യൂസും കുടിച്ച് അണ്ണാൻകുഞ്ഞ് മയക്കത്തിലേക്ക് പ്രവേശിച്ചു. "ഇന്ന് വല്ലതും പഠിച്ചോ മോനെ "അണ്ണാൻ കുഞ്ഞുവിശേഷങ്ങളോട് പ്രതികരിക്കാതെ ഞാൻ ചോദിച്ചു. "ഇല്ല അമ്മേ " ഒന്നും മിണ്ടിയില്ല. വെറുതെ എന്തിന് മോശക്കാരിയാകണം. മുകളിൽ തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്. തിരക്കൊഴിഞ്ഞപ്പോൾ ഞാൻ കയറിനോക്കി. ഒരു വലിയ കാർഡ് ബോർഡ് പെട്ടിയിൽ മൃദുവായ തുണികൾക്കിടയിൽ അണ്ണാൻകുഞ്ഞു ശയിക്കുന്നു. കാർഡ്ബോർഡ് പെട്ടി തുളച്ചു ബൾബിട്ടിട്ടുണ്ട്. രണ്ടു പേരും കാവൽ നില്ക്കുന്നു." ഇത് ജീവിക്കുമോ? "അതൃപ്തി അറിയിക്കാതെ ഞാൻ ചോദിച്ചു. "ജീവിക്കുന്നെങ്കിൽ ജീവിക്കട്ടെ അമ്മേ. ചെയ്യാനുള്ളതൊക്കെ ചെയ്തു എന്ന ആശ്വാസം നമുക്കുണ്ടാവുമല്ലോ " പുഴുത്തു കിടന്നാലും ഇവർ എന്നെ നോക്കുമായിരിക്കും എന്നൊരാശ്വാസം എനിക്ക് തോന്നാതിരുന്നില്ല. മുറിയിൽ മുഴുവൻ തുണികളും പാത്രങ്ങളും നിരന്നിട്ടുണ്ട്. ദേഷ്യപ്പെടാൻ പോയില്ല. രാത്രി കിടന്നപ്പോൾ നഷ്ട്ടപ്പെട്ടുപോയ ഫ്രഡിയുടെ സമയത്തെകുറിച്ചായിരുന്നു ചിന്തിച്ചത്. 5 മണിക്ക് എഴുന്നേറ്റു. മുകളിൽ അണ്ണാൻകുഞ്ഞിന്റെ കാർഡ്ബോർഡ് പെട്ടിയിൽ ലൈറ്റില്ല. എന്തുപറ്റി ആവോ. ചായയുമായി ഫ്രഡിയെ ഉണർത്തി. ഇന്ന് "എഴുന്നേൽക്കുന്നില്ല അമ്മേ. ഇന്നലെ ശരിക്കുറങ്ങിയില്ല. അണ്ണാൻകുഞ്ഞ് ചത്തുപോയി അമ്മേ "കരയണോ ചിരിക്കണോ എന്നറിയാതെ ഞാൻ കുറച്ച് സമയം ഗോവണിപ്പടിയിൽ ഇരുന്നു..
4.
പച്ചപ്യാരീമിഠായിയും ഞാനും
.. .... ........
ഞാൻ നാലാം ക്ലാസ്സ് വരെ പഠിച്ചത് പിണ്ടിമന യു പി സ്കൂളിലാണ്. അഞ്ചു മുതൽ ഏഴുവരെ കീരംപാറ സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിലും. വീട്ടിൽ നിന്നു യു പി സ്കൂളിലേക്ക് ഒരുകിലോമീറ്ററും കീരംപാറയിലേക്ക് രണ്ടു കിലോമീറ്ററും ദൂരമുണ്ട്. നടന്നാണ് സ്കൂളിലേക്ക് പോവുക. കൂട്ടുകാരുടെ കൂടെ മഴക്കാലത്ത് വെള്ളം തെറിപ്പിച്ചുള്ള യാത്ര ഇപ്പോൾ ആലോചിക്കുമ്പോൾ ഒരു സിനിമയിലെ ഫ്രെയിം പോലെയാണ് തോന്നുക. വഴികൾക്കൊക്കെ പേരക്കയുടെയും പച്ചമാങ്ങയുടെയും കോവക്കയുടേയുമൊക്കെ മണവും രുചിയും. യു പി സ്കൂളിൽ ഞാനൊരു പഠിപ്പി ആയിരുന്നു. ഹോം വർക്ക് ചെയ്യാത്ത കുട്ടികളെയൊക്കെ പുറത്ത് നിർത്തുമ്പോൾ ഒരു ജേതാവിനെപ്പോലെ ഞാൻ അകത്തിരുന്നു. പുറത്ത് നിൽക്കുന്ന കുട്ടികൾ എന്നെ കൊഞ്ഞനം കുത്തി കാണിക്കും. ഒളിച്ചിരുന്ന് തിന്നുന്ന ഉപ്പുമാവിന്റെ രുചി നാവിൽ ഇപ്പോഴുമുണ്ട്. ഇരപ്പുങ്കൽ തോട് സ്കൂളിന് മുൻ പിലെ മനോഹരമായ കാഴ്ചയാണ്. കല്ലുകളിൽ തട്ടി അതിലെ വെള്ളം പതഞ്ഞൊഴുകുന്നത് എന്റെ മനസിന്റെ ഭിത്തികളിലൂടെയാണ്. ഞാൻ കണ്ട ആദ്യത്തെ വെള്ളച്ചാട്ടം. അതിന് ചുറ്റും മുതിർന്നവർ ഭീതിയുടെ വല തീർത്തിരുന്നു. അതിനടുത്തേക്കു പോകാൻ എന്നും പേടിയായിരുന്നു. കോതമംഗലതുനിന്ന് ആറു കിലോമീറ്റർ വന്നാൽ എരപ്പുങ്കൽ ആയി. ഇടത്തേക്ക് തിരിഞ്ഞാൽ വീട്ടിലേക്കുള്ള വഴിയായി. ഇടത്തു കനാലും വലത്തു എന്റെ യു പി സ്കൂളും. ഓർമ്മകളിലൂടെയുള്ള ജീവിതം ഒരു പുനർജ്ജന്മം പോലെയാണ്. എന്റെ കുഞ്ഞു പാദങ്ങളുടെ ഗന്ധമുള്ള വഴികൾ എന്നും എനിക്ക് പ്രിയപ്പെട്ടവയാണ്
വലിയ ഗ്രൗണ്ടിലൂടെ നടന്നു വേണം സെൻറ് സ്റ്റീഫൻസ് ഹൈസ്കൂളിലേക്ക് കയറാൻ. അതിലൂടെ പത്തുമണിയാകുമ്പോൾ ഓടിക്കിതച്ചു വരുന്ന പാവാടക്കാരി ഇപ്പോഴും മനസ്സിലുണ്ട്. അന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒറ്റ സ്കൂളാണ്. അവിടുത്തെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു രാധയും മിൽസിയും. രാധയോട് ഇത്തിരി ഇഷ്ട്ടം കൂടുതലുണ്ടായിരുന്നു. പിന്നീട് കണ്ട കൂട്ടുകാരിലൊക്കെ ഞാൻ രാധയെ തേടിയിരുന്നു. കൃഷ്ണന്റെ രാധക്ക് എന്റെ രാധയുടെ മുഖഛായയാന്നെന്നു തോന്നാറുണ്ട്. ഉച്ചക്ക് ഊണ് കഴിക്കാൻ സ്കൂളിനടുത്തുള്ള കൈത്തോടിനരികിൽ പോകും. നല്ല ഒഴുക്കുള്ള വെള്ളമാണ്. രണ്ട് വശത്തും പുൽമേട്. അവിടെയിരുന്ന് കിലുക്കാംപെട്ടിയെ പ്പോലെ കളിച്ചും ചിരിച്ചും.... എത്ര ആകുലതകൾ നിറഞ്ഞതാണെങ്കിലും ബാല്യം മറിക്കാൻ ആഗ്ര ഹിക്കാത്ത താളുകളാണ്. എത്ര പിടിച്ചു വലിച്ചാലും പോരാതെ അതങ്ങനെ ചുറ്റിത്തിരിയും. തോട്ടിലെ ഒഴുക്കുള്ള വെള്ളത്തിൽ എന്റെ എത്ര ചോറ്റുപാത്രങ്ങളാണ് നഷ്ടപ്പെട്ടത്. അവസാനം ഗതി കെട്ട് പാളയിൽ വരെ ചോറ് തന്നുവിട്ടിട്ടുണ്ട് മമ്മി. കരഞ്ഞുകൊണ്ട് അതുമായി ഇടവഴിയിലൂടെ ഓടി ഞാൻ മറ്റേവീട്ടിലെത്തും (അമ്മവീട് )
ചെറുപ്പത്തിൽ ഞാനത്ര വികൃതിയായിരുന്നോ എന്തോ. എന്തായാലും എന്നെ അടിക്കാൻ വീട്ടിൽ ഈർക്കിലി എപ്പോഴും റെഡിയാണ്.
എന്റെ വീട്ടിൽ നിന്ന് അമ്മവീട്ടിലേക്ക് കഷ്ടിച്ചു ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. പോകുന്ന വഴി രണ്ടു വശത്തും ബന്ധുവീടുകൾ. അവധി ദിവസങ്ങളിൽ എല്ലായിടത്തും ഒരു സന്ദർശനം എന്റെ പതിവാണ്. കൂടെ അനുജത്തി സിനിയുമുണ്ടാവും. സുജയുടെ വീടാണ് എന്റെ സ്വപ്നഭവനം. ഡാഡിയുടെ ചേട്ടന്റെ മകളാണ് സുജ. എന്റെ കളിക്കൂട്ടുകാരി. അക്കാലത്തു ആ പ്രദേശത്തെ ഏറ്റവും വലിയ വീടാണ് അത്. ഞാൻ കണ്ട ആദ്യത്തെ രണ്ടു നില വീട്. നല്ല വൃത്തിയുള്ള മുറികൾ, ചിത്രതുന്നലുള്ള വിരിപ്പുകൾ. എല്ലാം എത്ര കൊതിയോടെയാണെന്നോ നോക്കിനിന്നിട്ടുള്ളത്. ഒരിടത്തും കാണാത്ത മാമ്പഴങ്ങളൊക്കെ അവിടുത്തെ തൊടികളിൽ ഉണ്ടായിരുന്നു. ആ സമൃദ്ധി ആസ്വദിച്ചു സുജയുടെ പുറകെ നടന്നാൽ സമയം പോകുന്നതറിയില്ല. വൈകുന്നേരമാകുമ്പോഴേക്കും സിനി ചിണുങ്ങിതുടങ്ങും "ചേച്ചി വീട്ടി പോകാം "
ഞാൻ കേട്ടമട്ടു ഭാവിക്കില്ല. അവസാനം പേടി ഉള്ളിലൊതുക്കി നിഴൽ വീണ വഴിയിലൂടെ അവൾ ഓടിപ്പോകും. സന്ധ്യയാകുമ്പോ വടിയുമായി ഡാഡി എത്തും. വീട്ടിൽ ചെന്നാൽ മമ്മിയുടെ ഈർക്കിലിക്കഷായം.
അന്നൊക്കെ ആൺ കുട്ടികളോടുള്ള എന്റെ മനോഭാവം എന്തായിരുന്നുവെന്ന് ഓർക്കുന്നില്ല. സൗഹൃദഭാവം ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. എന്നിട്ടും എനിക്കൊരു പ്രേമലേഖനം കിട്ടി. രാധയുമായി പിണങ്ങിയിരുന്ന ഒരു ദിവസമായിരുന്നു അത്. ഉച്ചത്തെ ഇന്റെർവെല്ലിനുശേഷം ക്ലാസ്സ് ടീച്ചർ ഹാജർ വിളിക്കുകയാണ്. പുതിയ പിരീഡിലേക്കുള്ള പുസ്തകമെടുക്കാൻ ഞാൻ ബാഗ് തുറന്നു. ബാഗിൽ വാ പൊളിച്ചിരിക്കുന്ന ഒരു ബുക്കിന് നടുവിൽ അൽപ്പം കട്ടിയിൽ ഒരു പേപ്പർ നാലായി മടക്കി വെച്ചിരിക്കുന്നു. 'രാധയാകും. പിണക്കം മാറാൻ കത്തെഴുതിവെച്ചിരിക്കുകയാണ് 'ഞാൻ ഒളികണ്ണിട്ടു നോക്കി. അവൾക്ക് ഭാവവ്യത്യാസമൊന്നുമില്ല. ഞാൻ ആ കത്തെടുത്തു നിവർത്തി. അതിൽ അതാ രണ്ട് പച്ചപ്യാരിമിട്ടായി. എന്റെ കൈകൾ വിറക്കാൻ തുടങ്ങി. ഇതിനുമുൻപ് ഇതിലും വലിയ വഴക്കുകൾ കൂടിയിട്ടുണ്ട്. ഒരു നാരങ്ങമിട്ടായിപോലും രാധ വാങ്ങിത്തന്നിട്ടില്ല. ഞാൻ കത്തിന്റെ അവസാനം നോക്കി. ഒരു ആൺകുട്ടിയുടെ പേര്. എന്റെ ഹൃദയത്തിലുണ്ടായ വികാര വിചാരങ്ങൾ എന്താണെന്നു പറഞ്ഞറിയിക്കാൻ സാധിക്കില്ല. കത്തും കൈയ്യിൽ പിടിച്ച് കരഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റുനിന്നു. എന്റെ പേര് വിളിച്ചിട്ടും പ്രതികരിക്കാതിരുന്നപ്പോൾ ടീച്ചർ തല പൊക്കി നോക്കി.
"എന്താ മിനിമോൾ "
"എന്റെ ബാഗിലിരുന്നതാ "
വിറച്ചുകൊണ്ട് ഞാൻ ആ കത്ത് ടീച്ചർക്ക് നീട്ടി. എന്റെ ക്ലാസ്സിൽ പഠിക്കുന്നകുട്ടി തന്നെയാണ്. അവനെ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ചു. കത്തെഴുതാൻ സഹായിച്ച ഒൻപതാം ക്ലാസ്സുകാരനെയും വെറുതെ വിട്ടില്ല.
ഇന്റർവെൽ സമയത്ത് സ്റ്റാഫ്റൂമിൽ നല്ല നേരമ്പോക്കായിരുന്നു. കത്തിലെ ഉള്ളടക്കം തന്നെ കാരണം. എന്തൊക്കെയായിരിക്കും ആ കുട്ടി എഴുതിയിരിക്കുക. പിൽക്കാലത്തു് അതൊന്ന് വായിച്ചു നോക്കിയിട്ട് കൊടുക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
അന്ന് വൈകിട്ട് അഭിമാനത്തോടെയാണ് വീട്ടിലേക്ക് നടന്നത്. കിട്ടിയ പ്രേമലേഖനം വായിച്ചുപോലും നോക്കാതെ ക്ലാസ്സ്‌ടീച്ചറിന് കൈമാറിയ ഞാൻ ശരിക്കും നന്മനിറഞ്ഞവളല്ലേ? മമ്മി എന്നെ അഭിനന്ദിക്കുന്നത് സങ്കൽപ്പിച്ചു ഞാൻ പുളകം കൊണ്ടു. വീട്ടിലെത്തിയതും സംഭവങ്ങളെല്ലാം ഞാൻ മമ്മിയെ വർണ്ണിച്ചു കേൾപ്പിച്ചു. ഇല്ല. പ്രതീക്ഷിച്ച തെളിമയൊന്നും മമ്മി യുടെ മുഖത്തില്ല. തന്നെയുമല്ല മുറുകി മുറുകി വരുന്നുമുണ്ട്. കാരണമില്ലാതെ ഞാൻ പേടിച്ചു. എന്തായിരിക്കും മമ്മിക്ക്. ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ.
"നിന്നെക്കാൾ സൗന്ദര്യമുള്ള എത്ര കുട്ടികളുണ്ട് സ്കൂളിൽ. പിന്നെ എന്താടി നിനക്ക് മാത്രം പ്രേമലേഖനം കിട്ടിയത്? "
രാക്ഷസിഭാവത്തോടെ മമ്മി തുള്ളുകയാണ്
ഒന്നും മനസ്സിലാവാതെ ഞാൻ അന്തംവിട്ടിരുന്നു.
ഇന്നെനിക്ക് മനസ്സിലാകുന്നു.
ആറു പെൺകുട്ടികളുടെ അമ്മയായ മമ്മിയുടെ വേവലാതി...
ഒരു പേരുദോഷം പോലും കേൾപ്പിക്കാതെ എല്ലാവരെയും വിവാഹം കഴിപ്പിച്ചു അയച്ചതിന് പിന്നിലുള്ള പ്രയത്‌നം.
മമ്മി മടിയിലിരുത്തി താലോലിച്ചതോ വാത്സല്യത്തോടെ കവിളിൽ ഉമ്മ വെച്ചതോ ഒന്നും എന്റെ ഓർമയിലില്ല. എങ്കിലും സ്നേഹത്തിന്റെ നിറകുടമായിരുന്നു എന്റെ മമ്മി. ആ കരുതലും സുരക്ഷിതത്വവും നമുക്കെവിടെ കിട്ടാനാണ്.
മമ്മി ഇപ്പോൾ എന്റെ കൂടെയുണ്ട്. പഴയ കാര്യങ്ങളൊക്കെ പറയുമ്പോൾ അത്ര സന്തോഷമില്ല. കുറച്ചുകൂടി വാത്സല്യം മക്കളോട് കാണിക്കാമായിരുന്നു എന്നൊരു കുറ്റബോധം മനസിലുണ്ടെന്നു തോന്നുന്നു.
ഏഴാം ക്ലാസ്സ് വരെയേ ഞാനവിടെ പഠിച്ചുള്ളൂ. എനിക്ക് കത്തെഴുതിയ കുട്ടിയെ ഒരിക്കൽകൂടി കാണണം എന്ന് തോന്നിയിട്ടുണ്ട്. ഇന്നും ആ കുട്ടിക്ക് എന്റെ മനസ്സിൽ പന്ത്രണ്ടു വയസ്സാണ്.
അങ്ങനെ പച്ചപ്യാരി മിട്ടായി എന്റെ ജീവിതത്തിലെ കുസൃതി നിറഞ്ഞ ഓർമയായി. എന്റെ ആദ്യത്തെ (അവസാനത്തെയും )പ്രേമലേഖനത്തെക്കുറിച്ചുള്ള ഓർമ്മ
5.
പെറുക്കി കൂട്ടിയ ഓർമ്മ ചീന്തുകൾ
അല്ലലും അലച്ചിലുമില്ലാതെ വർത്തമാനകാലത്തിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞിരുന്ന ഞാനിന്ന് തിരിച്ചുപോകാൻ വഴിയറിയാതെ അലയുകയാണ്. മഴയിൽ നനഞ്ഞുകുതിർന്നു കിടക്കുന്ന വഴിയിലൂടെ നടന്ന് മുത്തുച്ചിപ്പികൾ പെറുക്കിക്കൂട്ടുന്നു. ഡാഡിയെപറ്റി എഴുതണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.
പ്രതാപിയായ അപ്പന്റെ ഇളയ മകൻ. അന്നത്തെ കാലത്ത് പത്താം ക്ലാസ്സിൽ നൂറിൽ നൂറ് മാർക്ക് മേടിച്ച മിടുക്കൻ. അഭിനയം, കഥാപ്രസംഗം, ഫാൻസി ഡ്രസ്സ് എന്നിവയിലൊക്കെ ഒന്നാമൻ. വൈലോപ്പിള്ളി യുടെ' മാമ്പഴം 'കഥാപ്രസംഗമായി എന്നെ പഠിപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗമത്സരത്തിന് നിറഞ്ഞ കണ്ണുകളോടെ കാണികളെ കരയിപ്പിച്ചുകൊണ്ട് ഞാൻ മാമ്പഴം അവതരിപ്പിച്ചത് ഓർമ്മ വരുന്നു.
ഡാഡിയുടെ പ്രേതസാന്നിധ്യമുള്ള കഥകൾ കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു. ഒരേ കഥകൾ തന്നെ പലപ്രാവശ്യം പറയിപ്പിക്കും.
സണ്ടേസ്കൂൾ അധ്യാപകനായ ഡാഡി പള്ളിമേടയിലെ മുറിയിൽ കിടക്കുന്നു. രാത്രി ശവക്കോട്ടയിൽനിന്ന് വരുന്ന കാലടി ശബ്‌ദം മുറിയുടെ മുൻപിൽ നിൽക്കുന്നു. വാതിൽ തുറക്കുമ്പോൾ ആരുമില്ല.
രാത്രിയിൽ മീൻ പിടിക്കാൻ പോയ ഡാഡിയുടെ പുറകിൽ ഒരു പെരുച്ചാഴി . ഡാഡി നടക്കുമ്പോൾ നടക്കും. നിൽക്കുമ്പോൾ നിൽക്കും.അറിയാത്ത വഴിയിലൂടെയൊക്കെ ഡാഡി ചുറ്റി കറങ്ങിയത്രേ.
ഒരു രാത്രിയിൽ ആരോ തുങ്ങി മരിച്ച മരത്തിന്റെ ചുവട്ടിലൂടെ പോരുമ്പോൾ എന്തോ ശബ്‌ദം. പേടിച്ചരണ്ട് മുകളിലേക്ക് നോക്കിയപ്പോൾ ആരോ തൂങ്ങി നിൽക്കുന്നു.
ഇങ്ങനെ എത്ര എത്ര കഥകൾ.
ഡാഡി പറഞ്ഞ കഥകളോർത്തു പുറത്തെ മരരൂപങ്ങളെ സൂക്ഷിച്ചു നോക്കി ഉറങ്ങാതിരുന്ന എത്ര എത്ര രാത്രികൾ.
കന്നി ഇരുപതാം തിയതി ചെറുപള്ളിയിലെ പെരുന്നാൾ. ഞങ്ങൾ കാത്തിരിക്കുന്ന സുദിനം അന്ന് ഡാഡി ഞങ്ങളെ പള്ളിയിൽ കൊണ്ടുപോകും. കൈ നിറയെ സാധനങ്ങൾ വാങ്ങി തരും. ഒരു വർഷത്തേക്കുള്ള ഡ്രസ്സുകളൊക്കെ എടുത്തു തരുന്നത് അന്നാണ്. പള്ളിയുടെ അടുത്തുള്ള മാതാ തിയേറ്ററിൽ സിനിമ കാണിക്കും. ചിലപ്പോ അടുത്ത തിയേറ്ററിലെ സെക്കന്റ് ഷോ യും കഴിഞ്ഞാണ് മടങ്ങാറുള്ളത്.
അതുപോലെ ഒരു ദിവസമായിരുന്നു അത്. എല്ലാം കഴിഞ്ഞ് ഡാഡി യുടെ ബൈക്കിന്റെ പുറകിൽ അള്ളിപിടിച്ചിരിക്കുകയാണ് ഞാനും സിനിയും. നല്ല തണുത്ത കാറ്റ്. പുറകിലിരിക്കുന്ന തുണിക്കെട്ട് ഞാൻ ഇടയ്ക്കിടയ്ക്ക് തപ്പിനോക്കും. അതിനകത്താണ് മനസ്സ് മുഴുവൻ. എത്രനേരം നോക്കി നടന്ന് തെരഞ്ഞെടുത്തതാ. അത് എങ്ങനെയൊക്കെ തയ്ക്കണമെന്നൊക്കെ ആലോചിച്ചാണ് ഇരുപ്പ്. വീടെത്തി. ഞാനാണ് ആദ്യം ഇറങ്ങിയത്. ബൈക്കിന്റെ പുറകിൽ നോക്കി. അവിടം ശൂന്യം. ഹൃദയം നിന്നുപോകുന്നതുപോലെ തോന്നി. ഡാഡി അപ്പോൾ തന്നെ തിരിച്ചുപോയി. മിടിക്കുന്ന ഹൃദയത്തോടെ ഞങ്ങൾ അവിടെത്തന്നെ നിന്നു. പോയതുപോലെ തന്നെ ഡാഡി മടങ്ങി വന്നു. അന്ന് ഒഴുക്കിയ കണ്ണുനീരിന് കണക്കില്ല. ആ പൊതിയിൽ തുണി മാത്രമല്ല ഞങ്ങളുടെ സ്വപ്നങ്ങളു മുണ്ടായിരുന്നു.
ഡാഡിക്ക് തടികൂപ്പ് ബിസ്സിനസ്സ് ആയിരുന്നു. അതിലൊക്കെ ലാഭമുണ്ടാക്കാൻ നല്ല മിടുക്ക്. മുള്ളരിങ്ങാടും പറമ്പിക്കുളത്തുമൊക്കെ ഞങ്ങളെ കൊണ്ടുപോയിട്ടുണ്ട്. വനത്തിലൂടെയുള്ള യാത്രയും വനത്തിനകത്തു ജോലിക്കാർ പാചകം ചെയ്തു തന്ന ആഹാരത്തിന്റെ രുചിയുമൊക്കെ ഇന്നും ഓർക്കുന്നു.
നാട്ടിലൊക്കെ എല്ലാവർക്കും ഡാഡിയോട് സ്നേഹമാണ്. നല്ല രസികനാണത്രെ. നല്ല വായനശീ ലവുമുണ്ടായിരുന്നു. ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്തുകൊണ്ടു വരും. എല്ലാം നോവലുകളാണ്. അതൊന്നും കുട്ടികൾക്ക് വായിക്കാനുള്ളതല്ല. ഒളിച്ചും പാത്തും ഞാൻ വായിച്ച ആദ്യത്തെ നോവലാണ് 'മദീന '. ഡാഡി ഇലക്ഷനോക്കെ നിന്നിട്ടുണ്ട്. പഞ്ചായത്ത് മെമ്പർ ആയിട്ട്. ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി ഞങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചത് ഓർമ്മ വരുന്നു
വീടിന്റെ മുൻപിൽ ഗീവർ ഗീസ് സഹദായുടെ ഒരു കുരിശിൻതൊട്ടിയുണ്ട്. അതിന്റെ ഒരു ഭാഗത്ത് സ്റ്റേജ് ഉണ്ടാക്കി. ബന്ധുക്കളായ കുട്ടികളും ഉണ്ടായിരുന്നെന്ന് തോന്നുന്നു. പരിപാടികൾ ഗംഭീരം കാണികൾ ഒത്തിരിയുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ ഞങ്ങൾ ഉറപ്പിച്ചു.
ഡാഡി ജയിക്കും. പക്ഷേ ഡാഡി ജയിച്ചില്ല.
കൂപ്പിലെ ജീവിതം ഡാഡിയെ ഒരു മദ്യപാനിയാക്കി. എന്റെ ബാല്യകാലസ്വപ്നങ്ങൾക്ക് കറുത്ത നിറം പകർന്നത് ഡാഡിയുടെ മദ്യപാനമാകാം. എന്റെ വിവാഹത്തിന് രണ്ട് വർഷം മുൻപ് ഡാഡി മദ്യപാനം നിർത്തി. അതു വരെ ആ ദുഃഖം താങ്ങിയാണ് ഞാൻ നടന്നത്.
ഒരു പ്രത്യേകരീതിയിലുള്ള മദ്യപാനമായിരുന്നു ഡാഡിയുടേത്. തുടങ്ങിയാൽ പിന്നെ തുടർന്നുകൊണ്ടേയിരിക്കും. ചിലപ്പോ ഒരു മാസം ചിലപ്പോ രണ്ട് മാസം. ആഹാരമൊന്നും വേണ്ട. മദ്യം മാത്രം മതി. ലഹരിയില്ലാത്ത സമയത്ത് ഞങ്ങൾ കരഞ്ഞു കാല് പിടിക്കും. അപ്പോഴൊക്കെ എത്ര പാവമാണെന്നോ ഡാഡി. പക്ഷെ ഒന്നും ഡാഡിയുടെ നിയന്ത്രണത്തിലല്ല. കുടിക്കാതിരിക്കാൻ ഞങ്ങൾ കുട്ടികൾ കൂടെ പോയിട്ടുണ്ട്. മമ്മിയും ഞങ്ങളും കണ്ണിലെണ്ണയൊഴിച്ചു നോക്കിയിരുന്നിട്ടാണ് ഡാഡി യെ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു വരുന്നത്. അപ്പോഴേക്കും ആരോഗ്യവും പണവും എല്ലാം നഷ്ട്ടപ്പെട്ടിട്ടുണ്ടാവും. പിന്നെ ഒരു വർഷം ചിലപ്പോ കുടിക്കില്ല. കുടിക്കാതിരിക്കുമ്പോൾ അതിന്റെ മണം പോലും അലർജിയാണ്.
ഒൻപതു മണിയായാലും ഡാഡി വീട്ടിലെത്തിയില്ലെങ്കിൽ ഉറപ്പിക്കാം. ഡാഡി കുടി തുടങ്ങി. വീടിന്റെ മുൻവശത്തുള്ള ഗ്രില്ലിൽ മുഖം ചേർത്ത് മമ്മിയോടൊപ്പം വഴിയിലേക്ക് നോക്കി ഞാൻ നിൽക്കും. അനിയത്തിക്കു ട്ടികളൊക്കെ ഉറക്കമായിട്ടുണ്ടാവും. സമയം നീളുന്തോറും എന്റെ ഭയം വർദ്ധിക്കും. വേദപുസ്തകം നെഞ്ചോടു ചേർത്ത് കണ്ണുനീർ ഒലി പ്പിച്ചുകൊണ്ട് നിൽക്കുന്ന എന്റെ രൂപം ഇ ന്നോർക്കുമ്പോൾ സഹതാപം തോന്നുന്നുണ്ട്.
എന്ത് വിഷമം ഉണ്ടായാലും വേദപുസ്തകം നെഞ്ചോടു ചേർത്തുപിടിച്ചാൽ പരിഹാരം ഉണ്ടാവുമെന്ന് ആരാണ് എനിക്ക് പറഞ്ഞു തന്നതെന്ന് ഓർമ്മയില്ല. ഒരു പക്ഷെ ഡാഡി യുടെ അമ്മയാകും. എന്റെ തലതൊട്ടമ്മ. അമ്മക്ക് കൊച്ചുമക്കളിൽ എന്നോടായിരുന്നു ഏറ്റവും പ്രിയം. എനിക്ക് അമ്മ ജീവനായിരുന്നു. അമ്മ ഒരിക്കലും മരിക്കരുതേ എന്ന് ഞാൻ എന്നും പ്രാർത്ഥിക്കുമായിരുന്നു. എവിടെ പോയാലും അമ്മ എന്നെ കൊണ്ടുപോകും. കോതമംഗലത്തുള്ള വെല്യമ്മായിയുടെ വീട്ടിൽ പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം. ആനച്ചിറ വീട് എന്നും എനിക്ക് അദ്ഭുതമായിരുന്നു. അവിടെ എത്ര മുറികളുണ്ടെന്നു ഇപ്പോഴും എനിക്കറിയില്ല. അമ്മായിയുടെ സ്നേഹം, വാത്സല്യം ഒക്കെ തെളിഞ്ഞ ഓർമ്മ. പലഹാരം വെക്കാനായി ഒരു ചെറിയ മുറി തന്നെയുണ്ടായിരുന്നു അവിടെ. പല തരം പലഹാരങ്ങൾ. അച്ചപ്പം, കുഴലപ്പം, ഉണ്ട, പല തരം ഉപ്പേരികൾ, പല നിറത്തിലുള്ള ബിസ്‌ക്കറ്റുകൾ,..... ചുരുട്ട് അവിടുത്തെ ഒരു സ്പെഷ്യൽ പലഹാരമാണ്. ഇപ്പോൾ ചെന്നാലും അവിടെ ചുരുട്ട് ഉണ്ടാകും. അമ്മയുടെ ഉപ്പു ബിസ്‌ക്കറ്റ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അവിടെ എത്തിയാൽ ആ പലഹാരമുറിയിലേക്ക് അമ്മ എന്നെ കൊണ്ടുപോകും. ഇഷ്ട്ടം പോലെ കഴിക്കാം. കോതമംഗലത്തെ ഏറ്റവും പ്രതാപിയായിരുന്നു ചാച്ചൻ. രണ്ടു മൂന്നു ബസ്സു കൾ, പമ്പ് എന്നിവയൊക്കെ ഉണ്ടായിരുന്നു. ഞങ്ങൾ കുട്ടികളോട് കൂട്ടുകൂടാൻ വലിയ ഇഷ്ട്ടമായിരുന്നു ചാച്ചന്. ഞങ്ങളെ നിരത്തിയിരുത്തി പേൻ ചീകി കൊന്നതൊക്കെ ഓർമ്മ വരുന്നു. എത്ര വലിയ വീടുകൾ കണ്ടാലും എന്റെ മനസ്സിൽ ആനച്ചിറ വീടിന്റെ പ്രതാപം അംഗീകരിച്ചു കൊടുക്കാൻ പ്രയാസമാണ്. സിമന്റിട്ട വിശാലമായ മുറ്റം, വിവിധതരം പക്ഷികൂടുകൾ... എന്റെ അമ്മായിയുടെ വീടാണ് എന്ന് അഭിമാനത്തോടെ ഓർത്തു സമപ്രായക്കാരായ അമ്മായിയുടെ കൊച്ചുമക്കളോടൊത്തു കളിച്ചു നടന്ന കാലം കഴിഞ്ഞ ജന്മത്തിലായിരുന്നോ?
കുറച്ച് ദിവസം താമസിച്ചിട്ടു ഞാനും അമ്മയും കൈ നിറയെ പലഹാരങ്ങളുമായി തിരിച്ചുപോകും. രാത്രി അമ്മയുടെ മുറിയിലാണ് ഞാൻ കിടക്കുന്നത്. അമ്മ ഉറക്കത്തിൽ ഒന്ന് മൂളിയാൽ പോലും ഞാൻ ഞെട്ടി ഉണരും. അമ്മക്ക് വയസ്സ് ഏറുന്തോറും എന്റെ ആധി വർധിച്ചു വന്നു.. ഒരു ദിവസം അമ്മ വല്ലാതെ കരയുന്നത് കെട്ട് ഞാൻ ഞെട്ടി ഉണർന്നു. എന്തോ കുഴപ്പമുണ്ട്. കരഞ്ഞു കൊണ്ടു ഞാൻ ഡാഡി യെ വിളിച്ചു. പെട്ടെന്ന് തന്നെ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും എത്തി. മുറിയിൽ നല്ല തിരക്ക്. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ഞാൻ ഓടിനടന്നു. പിന്നെ വേദപുസ്തകം നെഞ്ചോട്ചേർത്ത് ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അമ്മയുടെ ചെവിയിൽ പ്രാണി പോയതായിരുന്നു. രംഗം ശാന്തമായപ്പോഴും ഞാൻ വേദപുസ്തകത്തിൽ മുഖമമർത്തി കരയുകയായിരുന്നു. എല്ലാവരും കൂടിയിരുന്ന് എന്നെ കളിയാക്കി. അമ്മ മരിക്കുമ്പോൾ ഞാൻ ക്രൈസ്‌തവ മഹിളാലയത്തിൽ പഠിക്കുകയാണ്. സുഖമില്ല എന്നു പറഞ്ഞാണ് എന്നെയും സുജയേയും കൂട്ടാൻ വന്നത്. വീടിനടുത്തെത്തിയപ്പോൾ ആൾക്കൂട്ടം കണ്ട് അലമുറയിട്ടുകൊണ്ടു വീട്ടിലേക്കോടിയ പച്ചപാവടക്കാരിയെ ഞാനോർക്കുന്നു.
ഡാഡി യുടെ മദ്യപാനം എന്നിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കി. എവിടെച്ചെന്നാലും മറ്റുള്ളവർക്ക് ചോദിക്കാനുള്ള വിശേഷമായി അത്. വേദനയിലേക്ക് കൈ ചൂണ്ടാനാണല്ലോ എല്ലാവർക്കും ഇഷ്ടം. അ വധിക്ക് നാട്ടിലുള്ളപ്പോഴൊക്കെ ഡാഡിയുടെ മുറിയുടെ തൊട്ടടുത്ത മുറിയിലാണ് ഞാൻ കിടക്കാറ്. മമ്മിയുടെ തേങ്ങൽ ഒരു താരാട്ടുപാട്ടായി എന്നെ പൊതിയുമ്പോൾ ഞങ്ങൾ ആറുപേരുടെ അവസ്ഥ എന്തായി തീരും എന്നോർത്ത് ഉറങ്ങാതെ കിടന്നിട്ടുണ്ട് ഞാൻ.
അവസാനകാലത്തു ഡാഡി എന്റെ കൂടെയായിരുന്നു. ജീവിച്ച് കൊതിതീർന്നില്ല ഡാഡിക്ക്. മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് ലിസ്സി ആശുപത്രിയിലേക്ക് പോകുന്ന വഴി ഞാനാ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. വയസ്സാകുമ്പോൾ മനുഷ്യർക്ക് കുട്ടികളുടെ മുഖം വരുമോ ? ഞാൻ ഡാഡി യോട് ചേർന്നിരുന്നു. ആ കൈകൾ എന്റെ കൈക്കുള്ളിലാക്കി. നിസ്സഹായതയോടെ അപ്പോൾ എന്നെ നോക്കിയ നോട്ടം നനവായി മനസ്സിലുണ്ട്.
മരിക്കുന്നതിന് ഒരാഴ്ച മുൻപ് മമ്മിയോട് പറഞ്ഞു "ഇവൾക്ക് സ്കൂളിൽ പോകുന്നതിന് മുൻപും കിടക്കാൻ പോകുന്നതിന് മുൻപും എന്റെ അടുത്തൊന്നു വന്നാലെന്താ "ഞാനത് ശീലിച്ചുവന്നതായിരുന്നു. എന്നിട്ടും അന്ന് ഡാഡി യോട് പറയാതെയാണ് പോയത്. സ്കൂളിൽ ചെന്ന് ഒരു മണിക്കൂർ കഴിഞ്ഞില്ല. ഫോൺ വന്നു. 'ഡാഡി ക്ക് സുഖമില്ല '. ഒരു യാത്രപോലും പറയാതെ ഡാഡി എന്നെ വിട്ടുപോയി ക്കഴിഞ്ഞിരുന്നു
6.
വഴിയേ പോയ വയ്യാവേലി
പുതിയ വീടിന്റെ പുറകുവശം കണ്ണെത്താദൂരത്തോളം പാടമാണ്. ആ പാ ടത്തിന്റെ സൗന്ദര്യം കണ്ടിട്ടാണ് ഇവിടെ വീട് വെച്ചത്. എല്ലാ കിടപ്പുമുറിക്കും പാ ടത്തേക്കു തുറക്കുന്ന ജാലകങ്ങളുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളിലെല്ലാം ഞാൻ ആ പാടത്തേക്ക് നോക്കിയിരിക്കും. ഉറക്കം വരാത്ത രാത്രികളിൽ പോലും ഞാനങ്ങനെ ചെയ്യാറുണ്ട്. നിലാവ് പെയ്യുന്ന രാത്രികളിൽ അതൊരു കാഴ്ച്ച തന്നെയാണ്. പലതരം കിളികൾ പാടത്തു വിരുന്നു വരും. കൊടിയ വേനലിൽ പോലും പാടത്തു വെള്ളമുണ്ട്. അവിടവിടെ കുളങ്ങളുമുണ്ട്. കുറച്ച് ദിവസമായി കുളത്തിൽ നീന്തിതുടിക്കുന്ന ഒരിനം പക്ഷികളെ കാണുന്നു. ലക്ഷണം കണ്ടിട്ട് എരണ്ടകളാണെന്നു തോന്നുന്നു. എരണ്ടകുഞ്ഞുങ്ങളെ ഞാൻ അടുത്ത് കണ്ടിട്ടുണ്ട്. പഴയ വീട്ടിൽ വെച്ച്.
പള്ളി കഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളു. ഒരു ചെറിയ വലിയ വിശേഷവുമായി ഗീതചേച്ചി എത്തി. "ദേ കനാലിൽ കുറെ കുഞ്ഞുങ്ങൾ. താറാവ് പോലിരിക്കും. "
"എന്നിട്ട് "ഫ്രെഡി ഉത്സാഹവാനായി
"അപ്പുറത്തെ വീട്ടിലെ സുഭദ്ര ചേച്ചി കൊണ്ടുപോയിട്ടുണ്ട്. പത്തു പതിനൊന്നു കുഞ്ഞുങ്ങളുണ്ട്. എന്നോട് വേണോന്ന് ചോദിച്ചതാ "
"അയ്യോ കഷ്ടം ചേച്ചിക്ക് കൊണ്ടുവരമായിരുന്നില്ലേ? "എന്റെ മോനെ തീരെ ചെറുതാ. കൊണ്ടുവന്നാൽ നമ്മുടെ കോഴിപ്പരിഷകളും ഗിനികളും കൂടി അതിനെ സൂപ്പാക്കില്ലേ? "
"എന്നാലും രണ്ടുമൂന്നെണ്ണത്തിനെ കൊണ്ടുവരാമായിരുന്നു "
എന്ത് തരം കുഞ്ഞുങ്ങളാണെന്നറിയാനുള്ള ആഗ്രഹത്തോടെ ഞാനും പറഞ്ഞു.
അടുത്ത നിമിഷം മൂന്നു കുഞ്ഞുങ്ങളുമായി ഗീതചേച്ചി എത്തി. കറുപ്പും വെളുപ്പും നിറത്തിൽ പുള്ളികളുള്ള മൂന്ന് സുന്ദരികുഞ്ഞുങ്ങൾ. താറാവിന്റെ ചുണ്ടുകളും കാലുകളും. "ഇത് എരണ്ടകുഞ്ഞുങ്ങളാണ്. വെള്ളത്തിൽ നീന്തും "അപ്പ അറിവ് പകർന്നു.
കുഞ്ഞുങ്ങളേയും തൂക്കി ഞങ്ങൾ കുളത്തിനരികിലേക്ക് നീങ്ങി. വെള്ളത്തിലിട്ടതും അവ ഉഷാറായി. വിചാരിച്ചതുപോലെയല്ല. പുലികളാണ് കേട്ടോ. വെള്ളത്തിൽ മുങ്ങി പൊങ്ങുന്നു. ഊളിയിടുന്നു. ആമ്പലിന്റെ ഇലകളിൽ വിശ്രമിക്കുന്നു.
"കൊള്ളാലോ അമ്മേ "
എന്റെ പുറകിൽ ആസ്വദിച്ചു ചിരിക്കുന്ന ഫ്രെഡി.
പെട്ടെന്ന് ഒരു ഭൂതോദയം പോലെ അവന്റെ പരീക്ഷയെ കുറിച്ചുള്ള ചിന്ത മനസ്സിൽ വന്നു.
"മോനെ നീ പോയി പഠിക്കു"
"കാക്ക കൊണ്ടുപോകാതെ എരണ്ടകളെ നോക്കിക്കോളണെ "ഞാനും എരണ്ടകുഞ്ഞുങ്ങളും തനിച്ചായി. കാക്കകളെ ഓടിച്ചു ഞാൻ കുളത്തിന് ചുറ്റും പലവട്ടം വലം വെച്ചു.
ഈ ബെർളി ഇത് എവിടെപ്പോയി കിടക്കുന്നോ? ഗീതചേച്ചി ആടിന് പുല്ല് മുറിക്കാനും പോയി. ഒരു ഞായറാഴ്ച എന്തെല്ലാം പണികളുള്ളതാ.
ഞാനാകെ പ്രതിസന്ധിയിലായി. താമസിയാതെ ബെർളി എത്തി. ആഹാ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. ബെർളിയെ കാവലിരുത്തി ഞാൻ വല തേടിപ്പോയി. വല കാണാനില്ല.
വലിയൊരു ചരുവം തയ്യാറാക്കി അതിൽ വെള്ളം ഒഴിച്ചു. എരണ്ടകുഞ്ഞുങ്ങളെ അതിൽ നിക്ഷേപിച്ചു. ഇടക്ക് വിശ്രമിക്കാൻ ഒരു തടിക്കഷണവും ഇട്ടു കൊടുത്തു
എരണ്ടക്കുഞ്ഞുങ്ങൾ ഉത്സാഹത്തോടെ വെള്ളത്തിൽ തുഴഞ്ഞു. വെള്ളത്തിലിട്ടുകൊടുത്ത അരിയും ഗപ്പിയും ഒന്നും അവർ തിന്നുന്നത് കണ്ടില്ല. ഇതിനിടെ എരണ്ടകളെക്കുറിച്ചുള്ള ഒരു ഗവേഷണം തന്നെ ബെർളി നടത്തി. വളർത്താൻ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ട കഥയാണ് കൂടുതലും കേട്ടത്. ഇന്റർനെറ്റ് പരതി. അവർ പായലാണത്രെ ഭക്ഷിക്കുന്നത്. ബെർളി പായൽ തേടിപ്പോയി. എറണ്ടകുഞ്ഞുങ്ങളെ ഒരു മുറം കൊണ്ട് മൂടി ഞാനെന്റെ ജോലികളിലേക്ക് പ്രവേശിച്ചു. ഇടയ്ക്കിടയ്ക്ക് എറണ്ടകൾ ഉയർന്നുപൊങ്ങി മുറത്തിന്റെ ചെറിയ വിടവിലൂടെ പുറത്തേക്കു ചാടി. പുറത്ത് ചാടുന്ന കുഞ്ഞുങ്ങളെ തിരിച്ചു ചാരുവത്തിൽ നിക്ഷേപിക്കേണ്ട ചുമതല എന്നിലായി.
"ഒന്നും വേണ്ടായിരുന്നു "എന്റെ മനസ്സ് പരിതപിച്ചു.
ഇടക്ക് ഫ്രെഡി സുഖവിവരങ്ങൾ അന്വേഷിക്കാൻ വന്നു.
"എരണ്ട കുഞ്ഞുങ്ങളുടെ അമ്മ വീടിന് ചുറ്റും പറന്നു നടക്കുന്നുണ്ട് അമ്മേ. കുഞ്ഞുങ്ങളെ കൊണ്ടുപോയിരുന്നെങ്കിൽ നന്നായിരുന്നു. "
കാക്കപ്രായം കഴിയുന്നതുവരെ വരെ വളർത്തിയിട്ടു സ്വതന്ത്രമാക്കാമെന്നായിരുന്നു ബെർളി പറഞ്ഞിട്ട് പോയത്.
കുഞ്ഞുങ്ങളെ കൊണ്ടുവരമായിരുന്നു എന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പൂർണ്ണസുരക്ഷ ഗീതചേച്ചി ഏൽക്കുമെന്നാണ് വിചാരിച്ചത്. ഇതിപ്പോൾ....
എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.
പായലുമായി ബെർളി എത്തി. കൂടെ അവന്റെ കളിക്കൂട്ടുകാരായ ശ്രീക്കുട്ടനും ഉണ്ണിക്കുട്ടനും. പായൽ വിതറിയ കുളത്തിനരികിൽ അവർ എറണ്ടകൾക്ക് കാവലിരുന്നു. പായൽ തിന്ന് വെള്ളത്തിൽ തിമർത്തു നടക്കുന്ന അവ നല്ലൊരു കാഴ്ച യായിരുന്നു. സുഭദ്ര ചേച്ചിയുടെ വീട്ടിൽ പോയി മൂന്ന് കുഞ്ഞുങ്ങളെക്കൂടി അവർ വാങ്ങി.
നിറഞ്ഞ സന്തോഷത്തിനിടയിൽ ആകാശത്തു അമ്മയുടെ ദീനരോദനം. എല്ലാവരും ആ കരച്ചിലിന് ചെവി കൊടുത്തു. അന്തരീക്ഷം ആകെ മാറി. എന്ത് ചെയ്യണം എന്ന ചർച്ചകളായിരുന്നു പിന്നീട്. ഫ്രെഡിയും സംഘത്തിൽ ചേർന്നു.
പരീക്ഷണാർത്ഥം മൂന്നു കുഞ്ഞുങ്ങളെ ദൂരെ നിർത്തി കാക്കകളെ ഓ ടിച്ചു അവർ ചുറ്റും നിന്നു. അതാ.. അമ്മ പറന്നു വരുന്നു. കുട്ടികളെ ചിറകിനടിയിൽ ഒതുക്കി അത് എങ്ങോട്ടോ പോയി. അടുത്ത അവസരത്തിനായി സംഘം കാത്തുനിന്നു. അധികം വൈകിയില്ല. പക്ഷിയമ്മ പിന്നെയും പറന്നു വന്നു. മൂന്നു കുഞ്ഞു ങ്ങളെകൂടി അമ്മക്ക് മുൻപിൽ വെച്ചുകൊടുത്തു. പുഷ്പകവിമാനത്തിലെന്നപോലെ അമ്മയുടെ ചിറകിൽ അള്ളിപ്പി ടിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കി സംഘം സ്വയം മറന്നുനിന്നു. എന്റെ ഉള്ളിൽ എന്തോ നനഞ്ഞു. അതിനൊപ്പം വഴിയേ പോയ വയ്യാവേലി ഒഴിഞ്ഞു പോയതിന്റെ ഗൂഢസന്തോഷവും ചിറകടിച്ചു.
7
7.അനർഘനിമിഷം
എല്ലാവർക്കും ഒരു ആൺകുട്ടിയെങ്കിലും വേണം എന്ന പക്ഷക്കാരിയാണ് ഞാൻ. അത് പെൺകുട്ടികളോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ചെറുപ്പത്തിലെപ്പോഴോ ഞാനറിയാതെ എന്റെ ഉള്ളിൽ വേദനയായി വേരുറച്ചുപോയ ചില നഷ്ടബോധങ്ങളിൽ നിന്ന് ഉളവായതാണ്. ഞങ്ങൾ ആറു പെൺകുട്ടികളാണ്. ഒരു ആൺകുട്ടിക്ക് വേണ്ടിയുള്ള ഡാഡിയുടെയും മമ്മിയുടെയും കാത്തിരിപ്പ് എനിക്ക് തന്ന സമ്മാനങ്ങളാണ് എന്റെ അനിയത്തികുട്ടികൾ. മമ്മി ആൺകുട്ടികളെ കാണുമ്പോൾ കൊതിയോടെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നോക്കിലും വാക്കിലുമൊക്കെ ആ ആഗ്രഹം തെളിഞ്ഞു നിന്നു. ഓരോ പ്രസവം കഴിയുമ്പോഴും മമ്മിയുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു.
ഞാനും സുജയും പള്ളിയിൽ പോകുമ്പോഴൊക്കെ ഉരുകി വീണ മെഴുകുതിരി തിന്നുമായിരുന്നു. ദൈവത്തിനു എണ്ണ കൊണ്ടുപോകുന്ന പുഴുവിനെ തൊട്ട് ആ എണ്ണ നെറ്റിയിൽ വെക്കുമായിരുന്നു. അങ്ങനെയൊക്കെ ചെയ്താൽ എന്താഗ്രഹമുണ്ടെങ്കിലും സാധിക്കുമത്രേ.
സുജ എന്താണ് പ്രാർഥിച്ചിരുന്നത് എന്ന് എനിക്കറിയില്ല. ഞാൻ പ്രാർഥിച്ചിരുന്നത് രണ്ട് കാര്യങ്ങൾ മാത്രം
"ഡാഡിയുടെ മദ്യപാനം മാറ്റിത്തരണേ "
"എനിക്കൊരു കുഞ്ഞാങ്ങള ഉണ്ടാവണേ "അഞ്ചു ആങ്ങളമാരുടെ ഓമനപെങ്ങൾ ആയിരുന്നു മമ്മി. കാണാൻ കൊതിച്ചുണ്ടായ പെൺകുട്ടി.
ഡാഡിയുടെ ജാതകത്തിൽ പുത്രദുഃഖിതൻ എന്ന് ഉണ്ടായിരുന്നത്രെ. എത്ര ഗുണമില്ലെങ്കിലും വേണ്ടില്ല ഒരു മകനെ കിട്ടിയാൽ മതി എന്നായിരുന്നു ഡാഡി ക്ക്. മകനേ ഉണ്ടാവില്ല എന്നായിരുന്നു അതിന്റെ അർത്ഥമെന്ന് ആരറിഞ്ഞു.
ജിനിയെ മമ്മി പ്രസവിച്ചത് വീട്ടിലാണ്. അന്നെനിക്ക് ആറ് വയസ്സ്. മമ്മിയുടെ കരച്ചിലും ആളുകളുടെ തിരക്ക്കൂട്ടലും കണ്ട് ഞാൻ പുറത്തുകൂടി നടന്നു. വയറ്റാട്ടി വന്നിട്ടുണ്ട്. കുട്ടികൾക്കൊന്നും ആ പരിസരത്തേക്ക് പ്രവേശനമില്ല. എനിക്ക് വയറുവേദന എടുക്കുന്നുണ്ടായിരുന്നു. പലവട്ടം ഞാനത് പറയുകയും ചെയ്തു. ആരും കേട്ടമട്ട് ഭാവിച്ചില്ല. ഇടയ്ക്കിടയ്ക്ക് എവിടെയൊക്കെയോ ഡാഡിയേയും കണ്ടു. കുറെയധികം സമയം കഴിഞ്ഞപ്പോൾ ഒരു കുട്ടിയുടെ കരച്ചിൽ. ഞാൻ ഓടിച്ചെന്നു. ആരുടേയും മുഖത്തു വലിയ സന്തോഷമില്ല. ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് ആരും എന്നോട് പറഞ്ഞില്ല. ഡാഡി പെട്ടെന്ന് പുറത്തേക്ക് പോകുന്നത് കണ്ടു. ഞാൻ വയറുവേദന മറന്ന് പുറകെ ഓടി.
"പോവല്ലേ ഡാഡി... പോവല്ലേ... "ഞാൻ ഉറക്കെ കരഞ്ഞു.
ഡാഡിയുടെ പുറകെ പൊതുവഴി വരെ ഞാൻ ഓടി. തിരിഞ്ഞു പോലും നോക്കാതെ ഡാഡി പോയി.
അന്ന് രാത്രി മൂക്കറ്റം കുടിച്ചാണ് ഡാഡി വന്നത്.
ഓരോ കുട്ടിയുണ്ടാകുമ്പോഴും ഇത് ആവർത്തിച്ചു.
ഏറ്റവും ഇളയ അനുജത്തി റിനി ഉണ്ടായത് ആശുപത്രിയിലാണ്.
അന്നെനിക്ക് പതിനാല് വയസ്സ്. വീട്ടിൽ ഞാനും അപ്പനും അനിയത്തികുട്ടികളും മാത്രം. അവരുടെ കളിയും ചിരിയുമൊന്നും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മനസ്സ് അങ്ങ് ദൂരെ മമ്മിയുടെ കൂടെയായിരുന്നു. ഇതോടെ പ്രസവം നിർത്തു കയാണ്. ഇതിനകം തന്നെ മമ്മി ഒരു കോലമായിട്ടുണ്ട്.
ദൈവമേ ഇപ്രാവശ്യമെങ്കിലും
"ദൈവമേ ഇപ്രാവശ്യമെങ്കിലും ഒരു ആൺകുട്ടിയെ തരില്ലേ? "
ഇടയ്ക്കിടയ്ക്ക് അപ്പന്റെ അടുത്ത് ചെല്ലും
"അപ്പാ മമ്മി പ്രസവിച്ചോ"?
ചോദ്യം പല വട്ടമായപ്പോൾ അപ്പൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.
"ആണായാലെന്താ പെണ്ണായാലെന്താ.. നന്നായാൽ നന്ന്" 'പെൺകുട്ടിയായിരിക്കും'ഞാൻ ഊഹിച്ചു. ആരും കാണാതിരിക്കാൻ പുറത്തെ കുളിമുറിയിൽ കയറി ആവോളം കരഞ്ഞു. പിന്നെ മുഖം കഴുകി പുറത്ത് വന്നു. അനിയത്തിക്കുട്ടികളെ ഞാൻ സഹതാപത്തോടെ നോക്കി.
ബീക്കുട്ടൻ കരയുന്നുണ്ട്. അവളെയും എടുത്തുകൊണ്ട് ഞാൻ അകത്തുപോയി. ആൺകുട്ടിയോടുള്ള കൊതികൊണ്ടാണ് എല്ലാവരും അങ്ങനെ വിളിക്കുന്നത്. പിൽക്കാലത്തു് സ്കൂളിൽ വെച്ചു റിനി ബീക്കുട്ടാ എന്ന് വിളിച്ചു എന്നും പറഞ്ഞ് പുകിലുണ്ടാക്കിയിട്ടുണ്ട് അവൾ. പിന്നീട് എത്ര കഷ്ട്ടപ്പെട്ടിട്ടാണെന്നോ റിനി കുഞ്ഞേച്ചി എന്ന് വിളിച്ചുതുടങ്ങിയത്. ഇപ്പോഴും എല്ലാവർക്കും അവൾ ബീക്കുട്ടൻ തന്നെ
കല്യാണാലോചന സമയത്തൊക്കെ "പെൺകുട്ടികൾ മാത്രമുള്ള വീടാ. അവർക്കും പെൺകുട്ടികൾ മാത്രമേ ഉണ്ടാകൂ "
എന്ന് നാട്ടുകാർ അടക്കം പറഞ്ഞിരുന്നു എന്ന് കേട്ടിട്ടുണ്ട്.
എന്റെ ഗർഭകാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഒൻപത് മാസവും ആശങ്കയോടെയാണ് അതിജീവിച്ചത്. കോതമംഗലം ബസ്സേലിയോസ് ആശുപത്രിയിലായിരുന്നു ഞാൻ.
പ്രസവമുറിയിൽ മാതാവിന്റെ രൂപത്തിലേക്ക് നോക്കി ഞാൻ കിടന്നു. അടുത്തുള്ള കട്ടിലുകളിൽ അലറികരയുന്ന ഗർഭിണികൾ. 'എല്ലാം സഹിക്കാനുള്ള കെൽപ്പു തരണേ 'ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
ഇടക്കെപ്പോഴോ പരിശോധിക്കാൻ വന്ന നേഴ്സ് "ബ്രീച്ചാ... ബ്രീച്ചാ... ഡോക്ടറെ വിളിക്ക് "എന്നും പറഞ്ഞ് ഓടുന്നത് കണ്ടു. എല്ലാവരുടെയും മുഖത്ത് ഉൽക്കണ്ഠ. എന്റെ ഹൃദയം നിലച്ചുപോകുന്നതുപോലെ എനിക്ക് തോന്നി. എന്റെ വയറ്റിലുള്ളത് കുഞ്ഞ് തന്നെയല്ലേ? അതോ വല്ല മുന്തിരിക്കുലയുമാണോ? (അങ്ങനെ കേട്ടിട്ടുണ്ട് )
എന്താ.... എന്താ... ഞാൻ പലരോടും ചോദിച്ചു. ആരും എനിക്ക് മറുപടി തന്നില്ല. എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി. ഒൻപത് മാസം ഞാൻ സഹിച്ച കഷ്ടപ്പാടുകൾ വീണ്ടും വീണ്ടും ഓർത്തു. പുറത്ത് കാത്തു നിൽക്കുന്ന എന്റെ മമ്മി... ഡാഡി... ഭർത്താവ്.. അനിയത്തികുട്ടികൾ.. ഞാൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി.
അപ്പോഴാണ് കുമാരിചേച്ചി വന്നത്. എന്റെ അമ്മായിയുടെ മകളാണ്. അവിടെ ലാബിലാണ് ജോലി ചെയ്യുന്നത്.
"മോൾ പേടിക്കണ്ടാട്ടൊ. കുഴപ്പമൊന്നുമില്ല "
"എന്താ ചേച്ചി ഈ 'ബ്രീച്ചു ' എന്ന് പറഞ്ഞാൽ "ആധിയോടെ ഞാൻ ചോദിച്ചു
"അതോ. കുട്ടിയുടെ ഊരയാണ് ആദ്യം വരുന്നത്. സാരമില്ല. ഇപ്പോൾ ഡോക്ടർ വരും "
ഞാൻ ദീർഘമായി നിശ്വസിച്ചു.
ഡോക്ടർ രമണി അടുത്തെത്തിയതും ഞാൻ പ്രസവിച്ചു. എല്ലാവരുടെയും മുഖത്ത് ആശ്വാസം. അതൊരു വേദനയില്ലാത്ത പ്രസവമായിരുന്നു
കുഞ്ഞിന്റെ ഓമനമുഖം മുഖത്തോടടുപ്പിച്ചു നേഴ്സ് എന്റെ ചെവിയിൽ മന്ത്രിച്ചു. 'ആൺകുട്ടി'
എന്റെ ഉള്ളിൽ പൂത്തിരി കത്തി. അതുവരെ ജീവിതത്തിലുണ്ടായ എല്ലാ വിഷമങ്ങളും ഞാൻ മറന്നു. പുറത്തെ വാതിൽക്കൽ ഉൽക്കണ്ഠയോടെ കാത്തു നിൽക്കുന്ന മമ്മിയുടെ മുഖം മനസ്സിൽ തെളിഞ്ഞു. ആശ്വാസത്തോടെ ഞാൻ കണ്ണടച്ച് കിടന്നു. എന്റെ ജീവിതത്തിലെ അനർഘനിമിഷമായിരുന്നു അത്.
8 ഹോംതീയേറ്റർ
ഇനിയൊരു ജന്മമുണ്ടെങ്കിൽ നീണ്ടമുടിയുള്ള ഒരു പാട്ടുകാരിയായി ജനിക്കണം എനിക്ക്. അത്രക്കുണ്ട് പാട്ടിനോടും മുടിയോടുമുള്ള ഇഷ്ട്ടം. ഞങ്ങളുടെ വീട്ടിലെ പാട്ടുകാരി സിനിയായിരുന്നു. മനസ്സിന് വിഷമം വരുമ്പോഴും ഉറക്കം വരാത്ത രാത്രികളിലും അവളെക്കൊണ്ട് പാട്ട് പാടിക്കും. എപ്പോ പറഞ്ഞാലും, അവൾ പാടും. എന്റെ പാവം കുട്ടി.
സിനി ശാസ്ത്രിയമായി സംഗീതം അഭ്യസിച്ചിട്ടുണ്ട്.
വീടിന്റെ അടുത്താണ് ചെമ്മീൻകുത്തു കനാൽ. നല്ല വീതിയുണ്ടതിന്. വെള്ളം നിറഞ്ഞു കിടക്കുന്ന കനാൽ ഭീതിയോടെ മാത്രമേ നോക്കിനിൽക്കാനാവു. പലരും കാൽതെന്നി വീണ് മരിച്ചിട്ടുണ്ട് അവിടെ. കനാൽ ബണ്ടിൽ കൂടി ഏകദേശം ഒന്നൊന്നര കിലോമീറ്റർ നടന്നാൽ മുത്തംകുഴിയായി. അവിടെ സ്വാമിയുണ്ട്. ഞങ്ങളുടെ ബാലാരിഷ്ടത കൾക്കുള്ള എല്ലാ മരുന്നും അവിടെ കിട്ടും. അങ്ങോട്ടുള്ള യാത്ര ഒരു ഹരമായിരുന്നു. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ സ്വാമിയുടെ അടുത്ത് പോകും. ഒരു വശത്തു കനാൽ. മറുവശത്തു ചെരിഞ്ഞു കിടക്കുന്ന പുൽമേട്. അതൊക്കെ കണ്ട് കണ്ട് തിരിച്ചുവരാൻ സമയമെടുക്കും. സ്വാമിയുടെ വീട് മുത്തംകുഴിയിൽ തന്നെയാണ്. മകൾ ലളിതചേച്ചി സംഗീതാധ്യാപിക. ലളിതചേച്ചിയായിരുന്നു സിനിയുടെ ഗുരു. സിനിയുടെ കൂടെ ഞാനും ആ വീട്ടിൽ പോയിട്ടുണ്ട്. അവിടുത്തെ വൃത്തിയും വെടിപ്പും വ്യത്യസ്ത രുചികളുള്ള പലഹാരങ്ങളുമൊക്കെ ഇന്നും ഓർമ്മകളെ തളിർപ്പിക്കുന്നു. സിനിയോട് വലിയ കാര്യമായിരുന്നു. അവിടെ പോയിട്ട് വരുമ്പോൾ സിനി ഒരു പട്ടത്തിക്കു ട്ടിയെപോലിരിക്കും. നീണ്ടമുടിയിൽ കനകാംബരം ചൂടി....... റോഡരികിലുള്ള ഞങ്ങളുടെ വീട്ടിൽ നിറയെ പൂച്ചെടികൾ ഉണ്ടായിരുന്നു. മുല്ല... റോസാ..പിച്ചി.. സൂര്യൻ പൂവ് എന്ന് ഞങ്ങൾ വിളിച്ചിരുന്ന ജെർബെറ..
നിർമ്മല കോളേജിൽ പഠിക്കുമ്പോൾ ഞാൻ കനകാംബരപൂക്കൾ ചൂടിയായിരുന്നു എന്നും പോയിരുന്നത്. സാരിയായിരുന്നു സ്ഥിരം വേഷം. എനിക്ക് ഒരു ഹിന്ദു ഛായയാണെന്ന് മറ്റുള്ളവർ പറയുന്നത് എനിക്കിഷ്ട്ടമായിരുന്നു
ഒരു പാട്ടുകാരനെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. അത് സാധിച്ചില്ലെങ്കിലും പാട്ട് പാടുന്ന രണ്ട് മക്കളെ കിട്ടി. ഫ്രെഡി വയലിൻ വായിക്കും. അപ്പച്ചനാണ് ഗുരു. അപ്പച്ചന്റെ വയലിൻ ഭദ്രമായി ഇവിടെയുണ്ട്.
"പത്തുനൂറ് വർഷത്തെ പഴക്കമുണ്ട് മോളേ ഈ വയലിന്. അന്റോണിയോ വയലിനാണിത്. ലക്ഷങ്ങളാ ഇപ്പോൾ ഇതിന്റെ വില. "അപ്പച്ചൻ ആവർത്തിച്ചുപറയാറുള്ള ഡയലോഗ്
ഉള്ളിൽ ചിരി വരുമെങ്കിലും ചിരിക്കാറില്ല
അപ്പച്ചന്റെ ബഡായിയായിട്ടേ എല്ലാവരും ഇതിനെ കരുതാറുള്ളു. ആരുടെയോ മച്ചിൻപുറത്തു മാറാലയിൽ കുരുങ്ങികിടന്ന വയലിൻ ആയിരുന്നു അത്. തറവാട്ടിലെ തടി വിറ്റാണ് അപ്പച്ചൻ വയലിൻ പഠിച്ചത്. അതിന്റെ പേരിൽ വീതം പോലും കിട്ടിയില്ല അദ്ദേഹത്തിന്. ഏതായാലും ആ വയലിൻ അപ്പച്ചന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു.
വിവാഹം കഴിഞ്ഞ് വലതുകാൽ വെച്ച് ഭർത്താവിന്റെ വീട്ടിലേക്ക് കയറുമ്പോൾ വയലിന്റെ മധുരസ്വരം സുഖമുള്ള ഒരു സാന്നിധ്യമായിരുന്നു.
വളരെ ദൂരെയുള്ള വീടുകളിൽ പോലും അപ്പച്ചന് ശിഷ്യൻമാരുണ്ട്. വയലിൻ പഠിപ്പിക്കുക മാത്രമാണ് തന്റെ നിയോഗം എന്ന് കരുതിയിരുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. പ്രായം എൺപതു കഴിഞ്ഞിട്ടും അപ്പച്ചന്റെ സ്വഭാവത്തിന് മാറ്റം വന്നില്ല. രാത്രി ഉറക്കം വരുന്നത് വരെ വയലിൻ വായിച്ചുകൊണ്ടിരിക്കും. കേൾക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ സന്തോഷം ഒന്ന് കാണേണ്ടതാണ്. വയലിന്റെ ചരിത്രം... പ്രാധാന്യം.... സംഗീതം പഠിച്ച വഴികൾ....
സ്നേഹവും സഹതാപവും ചിലപ്പോഴൊക്കെ അപ്പച്ചന്റെ മുന്നി ലിരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. അധ്യാപനവും ഒരു കലയാണെന്ന് അപ്പച്ചനിൽ നിന്നാണ് പഠിച്ചത്. സ്കൂളിൽ കുട്ടികളുടെ മുൻപിൽ നിൽക്കുമ്പോൾ ആ സമർപ്പണബോധം ഒരു ഉൾവിളിയായി തന്നെ പൊതിയാറുണ്ട്. പ്രായാധിക്യവും രോഗവും പിടിമുറുകിയപ്പോൾ മക്കളെല്ലാവരും അപ്പച്ചനെതിരായി.
"നാണമായിട്ടു പുറത്തിറങ്ങാൻ വയ്യാ. ഇനി വീട്ടിലിരുന്നുള്ള പഠിപ്പിക്കലൊക്കെ മതി." ആരെയെങ്കിലും പഠിപ്പിക്കാതെ അപ്പച്ചന് ജീവിക്കാൻ വയ്യായിരുന്നു. വയലിൻ തൂത്തു തുടക്കുമ്പോൾ അപ്പച്ചന്റെ കണ്ണുകൾ തിളങ്ങുന്നത് കണ്ടിട്ടുണ്ട്. മരിക്കുന്നതിന്റെ തലേ ദിവസവും പള്ളിയിലെ കുർബാനക്ക് വയലിൻ വായിച്ചിരുന്നു.
മരണസമയത്ത് ഒന്നുമൊന്നും അറിയാതെ പള്ളിമേടയിൽ വിശ്രമത്തിലായിരുന്നു അന്റോണിയോ വയലിൻ. അപ്പച്ചൻ മരിച്ചിട്ടു പത്തു വർഷം കഴിഞ്ഞു. ഈ വയലിൻ അപ്പച്ചന്റെ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ കോടികളേക്കാൾ വിലയുണ്ടിതിന്. സ്നേഹമായും നോവാ യും വാത്സല്യമായും പശ്ചാത്താപമായുമൊക്കെ ആ വയലിൻതന്ത്രികൾ പ്രിയപ്പെട്ടവരെ വേട്ടയാടുന്നു. അപ്പച്ചനെ കുറെക്കൂടി സ്നേഹിക്കാമായിരുന്നു. കുറച്ചു സമയം കൂടി അദ്ദേഹത്തോടൊത്തു ചിലവഴിക്കാമായിരുന്നു.
വൈകിയെത്തുന്ന തിരിച്ചറിവുകൾ മരണം പോലെ തന്നെയാണ്.
അപ്പച്ചന്റെ ആ സംഗീതമാണ് മക്കൾക്ക് പകർന്നു കിട്ടിയത്. ഗൗരവത്തോടെ സംഗീതത്തെ സ്നേഹിച്ചത് ബെർളിയാണ്. പാട്ട് കേൾക്കാനും പേടിച്ചുപാടാനുമൊക്കെ നല്ല ഉത്സാഹം. പുതിയത് പഠിച്ചാൽ ഞാനാണ് ആദ്യത്തെ കേൾവിക്കാരി. അവന്റെ മുഖത്തുനോക്കി സ്വയം മറന്നങ്ങനെ ഇരിക്കും.
വെറുതെ ഇരിക്കുന്ന ശീലം അവന് പണ്ടേയില്ല.
പ്ലസ് ടു കഴിഞ്ഞു കണ്ടെത്തിയത് ഹോട്ടൽ നയിൽപ്ലാസയിലെ വെയിറ്റർ ജോലി
ജോലിക്കുവേണ്ടിയുള്ള അന്വേഷണം ഒരു തമാശയായേ എല്ലാവരും കണ്ടുള്ളു. ഇന്റർവ്യൂവിനു പോകാനൊരുങ്ങിയപ്പോഴാണ് റിയാലിറ്റിയിലേക്ക് വന്നത്.
"നീ ശരിക്കും പോകുകയാണോ? "
"അതെന്താ അമ്മേ ഞാൻ വെറുതെ പറയുകയാണെന്നാണോ കരുതിയത്? "
"ഇന്റർവ്യൂ സക്സസ്സ്. വെയിറ്ററാകാൻ ചെന്ന അവനെ മതിപ്പോടെ അവർ റിസപ്‌ഷണലിസ്റ്റ് ആക്കി.
ഒരു ഹോം തിയേറ്റർ വാങ്ങുകയായിരുന്നു അവന്റെ ലക്ഷ്യം. ആദ്യത്തെ ശമ്പളം രണ്ടായിരം രൂപയായിരുന്നു.
വെറുതെ ഇരിക്കുമ്പോഴൊക്കെ അവൻ കൂട്ടാനും കുറയ് ക്കാനും തുടങ്ങി. ബെർളി യുടെ മനസ്സിന്റെ വേഗതക്കൊപ്പം ഓടാൻ തനിക്കും ഉത്സാഹമായിരുന്നു.
ഹോം തിയേറ്ററിന്റെ സാധനങ്ങൾ ഓരോന്നായി വാങ്ങിതുടങ്ങി.
ലാഭം നോക്കിയും ക്വാളിറ്റി നോക്കിയും ഒരു ചെറിയ സാധനത്തിനുവേണ്ടി പോലും അനേകം കടകൾ കയറിയിറങ്ങി.
"ഒരിക്കൽ പറഞ്ഞു
ഒരു രൂപക്ക്പോലും വിലയുണ്ട് അമ്മേ "
തിരിച്ചറിവുകളിലൂടെ തന്റെ കുട്ടി വളരുകയാണ്. എന്ന് അഭിമാനിച്ചെങ്കിലും രാത്രികളിൽ ഡ്യൂട്ടി ചെയ്യുന്ന മകനെ ഓർത്ത് ഞാൻ ഞെട്ടി ഉണർന്നു.
ഒരു സംഭവം ഓർമ്മ വരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ബെർളി വീട്ടിൽ വന്ന ദിവസം. ഞാൻ മൂല്യനിർണയ ക്യാമ്പിലാണ്. എന്റെ സ്കൂളിലെ സഹപ്രവർത്തക രാജിയും മക്കളും അന്ന് വീട്ടിൽ വരുമെന്ന് പറഞ്ഞിരുന്നു. അവരെ സ്വീകരിക്കാൻ ഞാൻ ബെർളിയെ ഏൽ പ്പിച്ചു. മുവാറ്റുപുഴയിൽ നിന്ന് അവർ പുറപ്പെട്ടപ്പോഴേ ഞാൻ വിളിച്ചു പറഞ്ഞു. സ്റ്റോപ്പിൽ നിന്ന് അവരെ കൂട്ടിക്കോളം എന്ന് ബെർളി പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോ രാജിയുടെ ഫോൺ വന്നു
"മിനിടീച്ചറെ... ബെർളിയെ വിളിച്ചിട്ട് എടുക്കാത്തതുകൊണ്ട് ഞങ്ങൾ ഒരു ഓട്ടോറിക്ഷ വിളിച്ചിങ്ങു പൊന്നു. കാളിങ് ബെല്ലടിച്ചിട്ടു ആരും എടുക്കുന്നില്ല. "
എന്റെ മനസ്സിൽ തീയാളി
രാജി പിന്നെയും പിന്നെയും ബെർളിയെ വിളിച്ചുകൊണ്ടിരുന്നു. പ്രതികരണമില്ല
ആടിന് പുല്ല് മുറിക്കാൻ പോയിട്ട് തിരിച്ചു വന്ന ഗീത ചേച്ചി
"ബെർളി..... "എന്ന് അലറുന്നത് എനിക്ക് ഫോണിൽ കേൾക്കാം. വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയിരിക്കുന്നു.
ഞാൻ ഭ്രാന്ത് പിടിച്ചത് പോലെയായി...
"പേടിക്കണ്ട മിനിടീച്ചറെ "എന്ന് രാജി ആശ്വസിപ്പിക്കുന്നുണ്ട്. ക്യാമ്പിലെ കൂട്ടുകാർ എന്റെ ചുറ്റുമുണ്ട്
അപ്പു (ടീച്ചറുടെ മകൻ )എങ്ങനെയോ രണ്ടാം നിലയിൽ കയറി. കമ്പി ഉപയോഗിച്ച് വാതിൽ തുറന്നു. ബെർളിയുടെ അടുത്തെത്തി കുലുക്കി വിളിച്ചു
ഇവർ എങ്ങനെ അകത്തു കയറി എന്ന് അന്ധാളിച്ചു അവൻ ഞെട്ടി ഉണർന്നു.
അത്രക്കൊക്കെ അവൻ ബുദ്ധിമുട്ടിയാണ് സ്വന്തം അധ്വാനം കൊണ്ട് ഒരു ഹോം തിയേറ്റർ മേടിക്കണം എന്ന ആഗ്രഹം കൊണ്ടായിരുന്നു.
ബഹളമയമായ ഒരു ദിവസത്തിന്റെ ഒടുക്കം ഹോം തിയേറ്റർ സജ്ജമായി.
"അമ്മേ.. ഇവിടെ വന്നിരിക്ക് "
ശബ്‌ദങ്ങൾ പല ദിശകളിലൂടെ ഒഴുകി എത്തി.
"വെള്ളം ഒഴുകുന്ന ശബ്‌ദം കേൾക്കുന്നില്ലേ അമ്മേ "
"വെടി മുഴങ്ങുന്ന ശബ്‌ദം കേൾക്കുന്നില്ലേ "
എന്റെ കുട്ടിയുടെ ഉത്സാഹത്തിന്റെ ശബ്‌ദമായിരുന്നു വാസ്തവത്തിൽ കേട്ടിരുന്നത്
ഇനി ഒരാഴ്ചയേ ബെർളി നാട്ടിലുള്ളു. പഠനത്തിനായി വിദേശത്തേക്ക് പോകുകയാണ്.
ശബ്‌ദകോലാഹലങ്ങൾ ഒരിക്കലും തനിക്കിഷ്ട്ടമായിരുന്നില്ല
എങ്കിലും ഇടയ്ക്കിടയ്ക്ക് ആ ഹോം തിയേറ്റർ ഓൺ ചെയ്യും
അതിലൂടെ ഒഴുകിവരുന്ന ശബ്‌ദം ബെർളിയുടെ സാന്നിധ്യംമായിരുന്നു. അവന്റെ അധ്വാനത്തിന്റ താളമായിരുന്നു.
മനസ്സിൽ പ്രാവ് കുറുകുന്നു.
എന്റെ കുട്ടി വളർന്നു. അവന്റെ ആഗ്രഹങ്ങളും. പഴയ ഹോം തിയേറ്റർ ഇന്ന് വീടിന് മുകളിൽ പൊടി പിടിച്ച് കിടപ്പുണ്ട്. അവന്റെ മുറിയിൽ വിലപിടിപ്പുള്ള സ്റ്റീരിയോ. പുതിയ ഒരു സ്പീക്കർ ഡിസൈൻ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വിളിച്ചപ്പോ പറഞ്ഞു
എന്തെല്ലാം വാങ്ങിയാലും എന്റെ മനസ്സിൽ ആ ഹോം തിയേറ്ററിനുള്ള സ്ഥാനം മറ്റൊന്നിനുമുണ്ടാവില്ല. അതിൽ നിന്നൊഴുകിയ പാട്ടിന്റെ അല ഒരു ശമനതാളമായി ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു.
9
9.ഗിനിക്കോഴി
പെൻഷൻ പറ്റി വീട്ടിലിരുന്നു തുടങ്ങിയപ്പോൾ എനിക്കൊരു കോഴിപ്രേമം. മൂത്ത മോളുടെ വീട്ടിൽ നിന്ന് ഒരു സുന്ദരികോഴിയെ കൊണ്ടുവന്നു. അത് പൊരുന്തിയപ്പോൾ മുട്ട വെച്ചു. ഊണിലും ഉറക്കത്തിലും വിരിയാൻ പോകുന്ന കുഞ്ഞുങ്ങളെപ്പറ്റിയായിരുന്നു വിചാരം. ഇരുപത്തൊന്നു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ വിരിഞ്ഞു. പിന്നെ ഒരു മണിക്കൂറോളം അവയുടെ കൂടെയാണ് എന്റെ സഞ്ചാരം. ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന സമയം. അവരെ ഓമനിച്ചു ഓരോ പേര് വിളിക്കുന്നതും വഴക്ക് പറയുന്നതുമൊക്കെ ഇളയ മകൾ കൌ തുകത്തോടെയാണ് വീക്ഷിച്ചത്. അത്ഭുതത്തോടുകൂടി അതൊക്കെ ബെർളിയോട്
പറയുകയും ചെയ്തു. എന്നെ കാണുമ്പോൾ മണിച്ചിത്രത്താഴിലെ ശോഭനയെ ഓർമ്മ വരുന്നു എന്ന് ഒരിക്കൽ പറഞ്ഞു.
"കോഴികൾ ഇണങ്ങില്ല അമ്മേ. അവർക്ക് നമ്മൾ പറയുന്നതൊന്നും മനസ്സിലാവുകയും ഇല്ല "
മോൾ പറയും
ബീക്കുട്ടന്റെ സിന്ധുമതികുഞ്ഞമ്മയെ ആണ് എനിക്ക് ഓർമ്മ വന്നത്. കറുത്ത നിറത്തിലുള്ള ഒരു പിടക്കോഴിയായിരുന്നു അത്. അവൾ മടിയിലിരുത്തി അരിയും ഗോതമ്പും കൊടുക്കും. കെട്ടിപ്പിടിച്ചു ഉമ്മ വെയ്ക്കും. മുട്ട ഇടാൻ കയറിയാൽ കൂട്ടിരിക്കും. അവൾ സ്കൂൾ വിട്ട് ഗേറ്റിൽ എത്തിയാൽ എ വിടെയായാലും സിന്ധു മതികുഞ്ഞമ്മ ഓടി വന്ന് സ്നേഹപ്രകടനം നടത്തും. മൂർഖൻ പാമ്പ് കൊത്തി അത് ചത്തപ്പോൾ അവൾ സഹിക്കാനാവാതെ കരഞ്ഞത് ഓർക്കുന്നു. ഇനി ഒരിക്കലും ഒരു ജീവികളെയും സ്നേഹിക്കില്ലെന്നു ആ ചെറുപ്രായത്തിൽ തന്നെ അവൾ തീരുമാനിച്ചിരുന്നു.
.9.
ഗിനിക്കോഴി
പെൻഷൻ പറ്റി വീട്ടിലിരുന്നു തുടങ്ങിയപ്പോൾ എനിക്കൊരു കോഴിപ്രേമം. മൂത്ത മോളുടെ വീട്ടിൽ നിന്ന് ഒരു സുന്ദരികോഴിയെ കൊണ്ടുവന്നു. അത് പൊരുന്തിയപ്പോൾ മുട്ട വെച്ചു. ഊണിലും ഉറക്കത്തിലും വിരിയാൻ പോകുന്ന കുഞ്ഞുങ്ങളെപ്പറ്റിയായിരുന്നു വിചാരം. ഇരുപത്തൊന്നു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ വിരിഞ്ഞു. പിന്നെ ഒരു മണിക്കൂറോളം അവയുടെ കൂടെയാണ് എന്റെ സഞ്ചാരം. ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന സമയം. അവരെ ഓമനിച്ചു ഓരോ പേര് വിളിക്കുന്നതും വഴക്ക് പറയുന്നതുമൊക്കെ ഇളയ മകൾ കൌ തുകത്തോടെയാണ് വീക്ഷിച്ചത്. അത്ഭുതത്തോടുകൂടി അതൊക്കെ ബെർളിയോട്
പറയുകയും ചെയ്തു. എന്നെ കാണുമ്പോൾ മണിച്ചിത്രത്താഴിലെ ശോഭനയെ ഓർമ്മ വരുന്നു എന്ന് ഒരിക്കൽ പറഞ്ഞു.
"കോഴികൾ ഇണങ്ങില്ല അമ്മേ. അവർക്ക് നമ്മൾ പറയുന്നതൊന്നും മനസ്സിലാവുകയും ഇല്ല "
മോൾ പറയും
പഴയ വീട്ടിൽ വെച്ച് ഞങ്ങൾ രണ്ടു മൂന്ന് ഗിനിക്കോഴികളെ വളർത്തിയിരുന്നു. അതിനോടനുബന്ധിച്ചു എന്റെ മനസ്സിലുണ്ടായ ഒരു മുറിവ് ഇപ്പോഴുമുണ്ട്. എന്താണെന്നറിയില്ല നിസ്സാരമെന്നു തോന്നാമെങ്കിലും ചില കാര്യങ്ങൾ അങ്ങനെയാണ്.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഒരു രാത്രി. അക്കാലങ്ങളിൽ പൊതുവെ എനിക്ക് ഉറക്കം കുറവായിരുന്നു. വിദേശത്തു പഠിക്കുന്ന മക്കളെക്കുറിച്ചുള്ള വിചാരം കൊണ്ടായിരുന്നോ എന്തോ.പ്രാർത്ഥനകൾ ഉരുവിട്ട് നോക്കി. ഉറക്കത്തെ ശക്തമായി പ്രണയിച്ചിരുന്ന പഴയ കാലങ്ങളെ ഓർമ്മയിൽ കൊണ്ടുവന്നു നോക്കി. ആ പഴയ കാലത്താണ് താൻ എന്ന് സങ്കൽപ്പിച്ചു നോക്കി..... ഇന്നിനി ഉറങ്ങാൻ ആവുമെന്ന് തോന്നുന്നില്ല. സമയം എത്രയായിട്ടുണ്ടാവും. പന്ത്രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ചെറുതായൊന്നു മയങ്ങിയോ എന്ന് സംശയം. ബ്ലാക്കി എന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന് സ്വപ്നം കണ്ടാണ് കണ്മിഴിച്ചത്. വളരെ ഇണക്കമുള്ള ഞങ്ങളുടെ റോട് വീലർ ആണ് ബ്ലാക്കി. കിറ്റി എന്ന പേരിൽ ഒരു ജർമ്മൻ ഷെപ്പേർഡ് കൂടിയുണ്ട് വീട്ടിൽ. രാത്രി ബ്ലാക്കിയെ അഴിച്ചു വിടും. പുലർച്ചെ ബ്ലാക്കിയെ കൂട്ടിൽ കയറ്റിയിട്ട് കിറ്റിയെ അഴിച്ചുവിടും. രണ്ടുപേരെയും ഒരുമിച്ച് അഴിച്ചുവിട്ടാൽ കളികൾക്ക് ഒരന്തവുമുണ്ടാവില്ല. നാശനഷ്ട്ടങ്ങൾക്കും.
പുറത്ത് ബ്ലാക്കി ആരെയോ ഓടിക്കുന്ന ശബ്‌ദം. ഞാൻ ചെവി വട്ടം പിടിച്ചു. 'ഗിനികോഴിയുടെ ശബ്‌ദമാണല്ലോ.' ചാടിയെഴുന്നേറ്റു ജനലിൽ കൂടി പുറത്തേക്ക് നോക്കി. ഗിനിക്കോഴി ജീവനും കൊണ്ട് ഓടുന്നു. ബ്ലാക്കി പുറകെ കാറ്റ് പോലെ.
ബ്ലാക്കി.... ബ്ലാക്കി.... ഉറക്കെ വിളിച്ചു. കേട്ട മട്ടില്ല. ഭർത്താവ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. ഉദാസീനമായ ഉറക്കം. പുറത്തെ ബഹളം കേട്ടിട്ടുണ്ടാവും. തീർച്ച. ഇതിനുമുൻപ് പലവട്ടം ഗിനിയെ കിറ്റിയിൽ നിന്ന് രക്ഷിച്ചിട്ടുള്ളതുമാണ്. കണ്ടാൽ ഭയങ്കരൻ ബ്ലാക്കിയാണെങ്കിലും കുറുമ്പ് കൂടുതൽ കിറ്റി ക്കാണ്
അങ്കലാപ്പോടെ ഞാൻ എഴുന്നേറ്റു അപ്പുറത്തെയും ഇപ്പുറത്തെയും ജനാലകൾ തുറന്നു നോക്കി. ഗിനിയുടെ കരച്ചിൽ നേർത്തു വരുന്നു. രക്ഷപെട്ടിട്ടുണ്ടാവുമോ അതോ അവസാനത്തെ പിടച്ചിലായിരിക്കുമോ? വീടിന്റെ ഒരു ഭാഗത്ത് നിന്ന് നോക്കിയിട്ടും കാഴ്ചകൾ വ്യക്തമായില്ല. പുറത്തേക്കിറങ്ങിയാൽ ബ്ലാക്കി ദേഹത്തേക്ക് ചാടും. കടിക്കാനല്ലെങ്കിലും ആ സ്നേഹപ്രകടനം എനിക്കത്ര സുഖകരമല്ല. അസമാധാനത്തോടെ ഞാൻ വീണ്ടും കിടന്നു. പാവം ഗിനിക്കോഴി. അതിനെന്തു സംഭവിച്ചിട്ടുണ്ടാവും
ആനിക്കാട് സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് പോയപ്പോഴാണ് ആദ്യമായി ഗിനിക്കോഴികളെ പരിചയപ്പെട്ടത്. അഞ്ചാറെണ്ണമുണ്ടായിരുന്നു. ഒരേ രൂപത്തിൽ... ഒരേ ശബ്‌ദത്തിൽ.... അതിന്റെ ചലനങ്ങൾക്കെല്ലാം ഒരേ താളം. ഞാൻ താല്പര്യത്തോടെ ഗിനി വിശഷങ്ങൾ ചോദിച്ചു അവിടുത്തെ സിസ്റ്ററോട്.
സ്ക്കൂളിനോട് ചേർന്നാണ് സിസ്റ്റർമാരുടെ മഠം. ചുറ്റും പറമ്പാണ്. കാട് പിടിച്ച് കിടക്കുന്ന അവിടെ പാമ്പിന്റെ ശല്യം വളരെ കൂടുതലായിരുന്നു. അതിൽ നിന്ന് ഒരു രക്ഷപെടലായിരുന്നു. തീറ്റ തിന്നാൻ സമയമാകുമ്പോൾ അത് മഠപരിസരത്തേക്ക് വരും. അല്ലാത്തപ്പോഴൊക്കെ കാട്ടിലാണ്. കിടപ്പും മുട്ട ഇടലും എല്ലാം. മുട്ട സാധാരണ നിലയിൽ ലഭിക്കാറില്ല. എന്നാലും പരസ്പരസഹകരണത്തോടെ സിസ്റ്റർമാരും ഗിനിക്കോഴികളും സന്തോഷമായി കഴിഞ്ഞു. പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയപ്പോൾ ഗിനികോഴികളും മനസ്സിൽ ചേക്കേറിയിരുന്നു. ഫ്രെഡി അവധിക്കു നാട്ടിൽ വന്നപ്പോൾ ഞാൻ ഗിനി വിശേഷങ്ങൾ പറഞ്ഞു. ഗിനിക്കോഴികൾ അവന്റെ മനസ്സിലും ചേക്കേറി. പറഞ്ഞ് പറഞ്ഞ് ഞങ്ങളുടെ വീടിന്റെ തന്നെ മോഹമായി ഗിനിക്കോഴി
ഒരു ചെറിയ സൗന്ദര്യപിണക്കത്തിന്റെ വീർത്ത മുഖവുമായി ഞാനിരുന്ന ഒരു ദിവസമാണ് ഗിനിക്കോഴികൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. ഭർത്താവിന്റെ ഉത്സാഹത്തോടെയുള്ള വിളി കേട്ടപ്പോഴേ ഫ്രെഡി പുറത്തേക്കോടി.
"അമ്മേ.. അമ്മേ... ഓടിവാ... ഓടിവാ "
മനസ്സിൽ ആകാംക്ഷ ഉണ്ടെങ്കിലും പിണക്കത്തിന്റെ പിടി വിടാതെ ഞാൻ പൂമുഖത്തേക്ക് ചെന്നു. ഒരു ചെറിയ കാർഡ് ബോർഡ് പെട്ടിയിൽ മൂന്ന് ഗിനിക്കുഞ്ഞുങ്ങൾ. ഭർത്താവ് പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് പാളി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചി ല്ലെന്ന് ഭാവിച്ചു
മൂന്നുപേരായിരുന്നു അവർ. ഒരുമിച്ച് നടക്കും. ഒരേ ശബ്‌ദത്തിൽ കരയും. ഉയരത്തിൽ പറന്നുയരുന്നത് കാണാനാണ് ഏറ്റവും രസം.
ആദ്യമൊക്കെ കമ്പി വലക്കുള്ളിൽ ബന്ധനത്തിലായിരുന്നു. പിന്നെ സാവധാനം സ്വാതന്ത്ര്യം കൊടുത്തുതുടങ്ങി. പലപ്പോഴും കാടുകൾ തേടി അവ കണ്ണെത്താദൂ രത്തേക്കു പോയി. വൈകുന്നേരം അവയെ കണ്ടെത്തുന്നത് ഒരു പണിയായി. ഇവിടെ മൂന്നുപേർ പുതുതായി വന്നിട്ടുണ്ടെന്ന് നാട്ടുകാരൊക്കെ അറിഞ്ഞു. അവരുടെ അടയാളവാക്യങ്ങളായിരുന്നു പലപ്പോഴും വഴികാട്ടികളായത്. ചിലപ്പോഴൊക്കെ റോഡിന്റെ ഓരം ചേർന്ന് അവർ ദൂരേക്ക് സഞ്ചരിച്ചു. കാലക്രമേണ അവ ഞാങ്ങളുമായി ചങ്ങാത്തത്തിലായി. കൂട്ടിലൊക്കെ കയറിത്തുടങ്ങി. കോഴികളും ഗിനികളും പക്ഷേ ഒരിക്കലും ചങ്ങാത്തത്തിലായില്ല. രണ്ടു കൂട്ടരും തങ്ങളുടേതായ ഇടങ്ങളിൽ തനിച്ച് കഴിഞ്ഞു.
വീട്ടിനുള്ളിൽ സംഗതികൾ ശാന്തമായിരുന്നില്ല. രാത്രികളിൽ അവയുടെ നിർത്താത്ത കരച്ചിൽ കേട്ട് 'ഇതെന്തു ശല്യം' എന്ന് ഭർത്താവ് ജല്പിച്ചുതുടങ്ങി. 'ഇതിന് ഉറക്കമില്ലേ? 'അവയുടെ കരച്ചിൽ ഒരു താരാട്ടുപാട്ടാക്കി മാറ്റി ഞാൻ. ഉറങ്ങാത്ത രാത്രികളിൽ അവയുടെ കരച്ചിൽ എനിക്കെന്തോ ആശ്വാസമായിരുന്നു. 'ഞാൻ തനിച്ചല്ല ഉറങ്ങാതെ അവയുമുണ്ട് കൂടെ 'ഒരിക്കൽ ഗിനികളിൽ ഒന്ന് തൂങ്ങി നിൽക്കുന്നത് കണ്ടു. മരുന്നും മന്ത്രവുമൊക്കെ ചെയ്തെങ്കിലും അത് ചത്തുപോയി. ആൺതു ണയില്ലാതെ പെണ്ണുങ്ങൾ തനിച്ചായി. കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു അവക്ക്. ഒരാൾ മയിലുപോലെ. ഒരാൾ നീല നിറത്തിൽ. മയിലിയായിരുന്നു കുറുമ്പി.നീലി വെറും പാവം. വളർന്നു വരുന്തോറും കുറുമ്പും വളർന്നു. അതിഥികൾക്കൊരു കാഴ്ചയായിരുന്നു മയിലിയും നീലിയും. ചിലപ്പോഴൊക്കെ വീടിന്റെ ഏറ്റവും മുകളിൽ. അല്ലെങ്കിൽ മാവിന്റെ തുഞ്ചത്തു. ഇത്ര വലിയ പക്ഷി ഇത്ര ഉയരത്തിൽ. എല്ലാവരും അത്ഭുതം കൂറി. മുട്ടയിടാറായപ്പോൾ ഇരിക്കാനുള്ള സൗകര്യങ്ങൾ പലയിടത്തും ഒരുക്കി വെച്ചു. ഞാനാണ് കണ്ടത്. കൊങ്ങിണിച്ചെടിയുടെ ചുവട്ടിൽ കുഴി കുഴിച്ചു മുട്ടയിട്ടിരിക്കുന്നു. അഞ്ചാറ് മുട്ടകളുണ്ടായിരുന്നു. മുട്ട കാണാനും രസമുണ്ട്. ത്രികോണാകൃതിയിൽ തുടങ്ങുന്ന കോഴിമുട്ട പോലെ. ഒരു കോഴിമുട്ടയുടെ വലുപ്പം. തോടിനു കട്ടി കൂടുതലുണ്ട്. രുചി അതുതന്നെ. ഒരാൾ മുട്ടയിടാൻ കയറിയാൽ മറ്റേയാൾ സുരക്ഷാവലയം തീർത്തു അടുത്ത് തന്നെയുണ്ടാവും. അതൊക്കെ നോക്കിയിരിക്കാൻ നല്ല കൗതുകമുണ്ടായിരുന്നു. മറ്റുള്ളവർ മുട്ട എടുത്തുകൊണ്ടുപോകുന്നു എന്ന് തോന്നിയാൽ അവ സ്ഥലം മാറ്റും. ക്രമേണ വീട്ടിൽ മുട്ടയിടാ തായി. അടുത്തുള്ള പറമ്പുകളിൽ മുട്ടയിട്ടിട്ടുണ്ടാവും. ഞാനും ഗീതച്ചേച്ചിയും എപ്പോഴും വഴക്ക് പറഞ്ഞുകൊണ്ടിരുന്നു. പുറത്തുള്ള സിമന്റ് ബഞ്ചുകളിലും പൂമുഖത്തും അവ വിസർ ജിച്ചു. കാറിന്റെ മുകളിൽ കയറിയിരുന്നു പോറിക്കാൻ തുടങ്ങിയതോടെ ഭർത്താവ് "ഇതെന്ത് സാധനം. ഇതിനെ കൊല്ലൂ.... കൊല്ലൂ... എന്ന് മുറവിളി കൂട്ടി "
മനസ്സിനുള്ളിൽ എനിക്കും അസ്വാരസ്യം. മുട്ടയോ തരുന്നില്ല. ഓമനിച്ചു വളർത്തുന്ന പച്ചക്കറി കൃഷികൾ നശിപ്പിക്കുന്നു. ചെടികളെയും വെറുതെ വിടുന്നില്ല. കൂട്ടിൽ കയറാതെ രാത്രികളിൽ ചുറ്റിക്കറങ്ങുന്നു. ഒന്നു രണ്ടു പ്രാവശ്യം നീലി കിറ്റിയുടെ കൈക്കുള്ളിൽ പെട്ടതാണ്. ഭർത്താവിന്റെ അവസരോചിതമായ ഇടപെടൽ കൊണ്ട് തലനാരിഴക്ക് രക്ഷപെട്ടതാണ്. കാണാൻ അതിസുന്ദരിയായിരുന്ന മയിലിയെയായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം. കയ്ച്ചിട്ടു ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യ. ഭർത്താവ് നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ അവയുടെ നിമിഷങ്ങൾ എണ്ണപ്പെട്ടുതുടങ്ങി എന്നെനിക്ക് തോന്നിത്തുടങ്ങി. ഇവയുടെ കാലം കഴിഞ്ഞാൽ പിന്നെ ഗിനികോഴികളെ വളർത്തില്ല എന്ന് ഞാൻ തീരുമാനിച്ചു.
"മോനെ ഗിനികളെക്കൊണ്ട് ഭയങ്കര ശല്യമാണ്. മിക്കവാറും ഞങ്ങൾ അതിനെ ഒഴിവാക്കിയേക്കും ".
എന്റെ സന്ദേശത്തിന് ഉടൻ മറുപടി വന്നു
"വേണ്ട അമ്മേ. അത് അതിലെ നടന്നോട്ടെ.
കാണാൻ ഒരു ചന്തമല്ലേ?.അമ്മ ക്ഷണിച്ചുകൊണ്ടുവന്നിട്ടു അമ്മ തന്നെ ഒഴിവാക്കാൻ കൂട്ട് നിൽക്കുകയാണോ?"
കൊല്ലണം കൊല്ലണം എന്ന് പറയുമ്പോഴൊക്കെ ഞാൻ പ്രകോപിപ്പിക്കാതെ
മിണ്ടാതിരുന്നു. വീട്ടിൽ ആരും കോഴിയെ കൊല്ലുന്നവരല്ല. പുറത്ത് നിന്ന് ഗിനിയെ കൊല്ലാൻ വേണ്ടി ആരെയും ഇറക്കുമതി ചെയ്യില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു.
ഇന്ന് പക്ഷേ ഗിനി കൊല്ലപ്പെട്ടിട്ടുണ്ടാകുമോ? ഞാൻ പുറത്തേക്കു നോക്കി. ചെവി വട്ടം പിടിച്ചു. ഒരു ശബ്‌ദവും കേൾക്കാനില്ല. നേരം ഒന്ന് വെളുത്താൽ മതിയായിരുന്നു. ഇല്ല പറക്കാൻ കഴിവുള്ള പക്ഷിയല്ലേ അത് രക്ഷപെട്ടിട്ടുണ്ടാവും. ഞാൻ ആശ്വാസത്തോടെ ഉറങ്ങാൻ ശ്രമിച്ചു.
ഉണർന്നപ്പോൾ തന്നെ ഞാൻ ഗീതച്ചേച്ചിയോട് രാത്രിയിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞു. പുരപ്പുറത്തുനിന്ന് നീലി കരയുന്നുണ്ട്. മയിലി എവിടെ? പുറത്തിറങ്ങി നോക്കി. പട്ടിക്കൂട്ടിനരികിൽ അനക്കമില്ലാതെ....
ഹൃദയത്തിൽനിന്ന് ഞാനറിയാതെ ഒരാന്തൽ. സങ്കടം വന്ന് തിങ്ങി. പൊട്ടിക്കരയാൻ തോന്നി. ഇന്നലെ വരെ എത്ര മിടുക്കിയായി നടന്നവൾ. മുറിവുകളൊന്നും കാര്യാമായിട്ടില്ല. ബ്ലാക്കി ചവിട്ടിയായിരിക്കും കൊന്നത്. ഗിനി ചത്തതിനെക്കാൾ അതിലുള്ള എന്റെ പങ്കാണ് എന്നെ ദുഃഖിപ്പിച്ചത്. കുറ്റബോധം
മനുഷ്യനെ എത്ര മാത്രം തകർക്കുമെന്ന് ഞാൻ അൽപ്പാൽപ്പമായി മനസ്സിലാക്കുകയായിരുന്നു.
മനസ്സ് വല്ലാതെ വിങ്ങി. ഞാൻ സാക്ഷിയായി നിന്ന നിമിഷങ്ങൾ വീണ്ടും വീണ്ടും ഞാൻ മനക്കണ്ണാടിയിൽ കണ്ടു. ഒരു നിമിഷം ഞാൻ വാതിലൊന്നു തുറന്നിരുന്നെങ്കിൽ സംഭവങ്ങൾ വേറേയാ കുമായിരുന്നു. പാതി മയക്കത്തിൽ ഭർത്താവ് കാണിച്ച അവഗണനയെക്കാൾ എത്രയോ വലുതാണ് പൂർ ണ്ണ ഉണർച്ചയിൽ ഞാൻ കാണിച്ചത്. ഒരു നിമിഷത്തെ അവഗണയുടെ ഫലമായി നിരത്തിൽ വീണ് പിടഞ്ഞു മരിക്കുന്നവരെക്കുറിച്ചു ഞാൻ ഓർത്തു. മുറിവേറ്റു പിടയുന്ന മനുഷ്യരുടെ ഫോട്ടോ എടുത്ത് രസിക്കുന്നവരെക്കുറിച്ചും ഓർത്തു. അവർക്കൊക്കെ എന്റെ ഛായയാണെന്ന് തോന്നി.
കാരണങ്ങൾ ഒരുപാടുണ്ട് ആശ്വസിക്കാൻ.
'ഞാനെന്തിന് ഇത്ര ബാലിശമായി ചിന്തിക്കണം. മനുഷ്യനൊന്നുമല്ലല്ലോ ചത്തത്. കേവലം ഒരു ഗിനിയല്ലേ? അതും ഒരു ശല്യക്കാരി. എന്തെല്ലാം നാശനഷ്ടങ്ങളാണ് അത് വരുത്തിവെച്ചിരിക്കുന്നത്. '
എത്രയൊക്കെ മറിച്ചു ചിന്തിച്ചിട്ടും എനിക്ക് ആശ്വാസമായില്ല. കുറ്റബോധം പതഞ്ഞു പതഞ്ഞു വരുന്നു. എന്നെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. എന്റെ ക്രൂരമായ അവഗണന ഒരു വേട്ടപ്പ ട്ടിയായി എന്റെ പുറകെ കുതിച്ചു. വിദേശത്തു പഠിക്കുന്ന ഓമനമക്കളുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
എന്റെ പിഴ.. എന്റെ പിഴ. എന്റെ വലിയ പിഴ. മുഖം കൈകളിലമർത്തി ആരും കാണാതെ ഞാൻ പൊട്ടിപ്പൊട്ടിക്കരഞ്ഞു. മനസ്സ് തണുക്കുവോളം.
10
'എന്റെ മഹിളാലയം '
എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയില്ല. പുളിച്ച മാവ് പോലെ പതഞ്ഞുയരുന്ന ഓർമ്മകൾ. ഒരു വല്ലാത്ത വീർപ്പുമുട്ടൽ. മഹിളാലയത്തിന്റെ മണ്ണ് തൊട്ടാണ് ഞാനിപ്പോഴും നിൽക്കുന്നത്. അതില്ലാതെ എനിക്ക് അ സ്‌തിത്വമില്ല. എന്നെ ഞാനാക്കിയ... നന്മയുടെ പാഠങ്ങളും ജീവിതത്തി ന്റെ വളവുതിരിവുകളും എന്നെ പഠിപ്പിച്ച എന്റെ ആത്മവിദ്യാലയം. മഹിളാലയത്തിലെ കൂട്ടുകാർ പങ്കുവെച്ച ഓർമ്മകളുടെയും നൽകിയ ആത്മവിശ്വാസത്തിന്റെയും ബലത്തിൽ ഞാൻ തുടങ്ങട്ടെ.
ഒരായിരം വട്ടം മഹിളാലയത്തിൽ പോകാൻ കൊതിച്ചിട്ടുണ്ട്. പോകാതിരുന്നത് മറ്റൊന്നും കൊണ്ടല്ല. ഒരു പുൽക്കൊടി പോലും മാറാതെ എന്റെ മഹിളാലയത്തിന്റെ ചിത്രം മനസ്സിൽ ഉണ്ടാവണം. "ഇന്നാകെ മാറി "എന്ന് പറഞ്ഞ് കേൾക്കുമ്പോൾ നിസ്സഹായതയോടെ തലതല്ലി കരയുന്നുണ്ട് മനസ്സ്.
മഹിളാലയം പോലുള്ള ഒരു പ്രശസ്തസ്ഥാപനത്തിൽ പഠിക്കാനുള്ള സാമ്പത്തിക നിലയൊന്നും എന്റെ വീട്ടിലുണ്ടായിരുന്നില്ല. മകൾ പഠിച്ചു നല്ല നിലയിൽ എത്തണം എന്ന അതിമോഹമായിരുന്നു അതിന്റെ പിന്നിൽ. തൊട്ടുമുഖത്തു നിന്ന് ചുവന്ന മണ്ണിട്ട റോഡിലൂ ടെ കുന്ന് കയറിത്തുടങ്ങുമ്പോൾ മനസ്സ് പട പട ഇടിക്കും. ജയിലിലേക്ക് പോകുന്ന അതേ പ്രതീതിയാണ്. കൃത്യമായ ഇടവേളകളിലല്ലാതെ വീട്ടിൽ വിടില്ല. നിയമങ്ങൾ അണുവിട തെറ്റാൻ പാടില്ല. കുന്ന് കയറിത്തുടങ്ങിയാൽ വിജനതയാണ്. കുറച്ച് ദൂരം സഞ്ചരിച്ചാൽ കുന്നിൻമുകളിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ക്രൈസ്‌തവമഹിളാലയം. നടുവിലെ പൂന്തോട്ടത്തിനിരുവശവും വഴികൾ. നടുവിൽ തുറന്നിട്ട സന്ദർശനമുറി. ഞായറാഴ്ച ദിവസം ക്ലാസ്സ്മുറികളിലെ ജനലഴികളിൽ പിടിച്ച് എത്ര എത്ര കണ്ണുകളാണ് ആ സന്ദർശകമുറിയിലേക്ക് നോക്കിയിരിക്കുന്നതെന്നറിയാമോ? വല്ലപ്പോഴും വരുന്ന ഡാഡിയേയും മമ്മിയേയും കാണുന്നതും അവർ കൊണ്ടു വരുന്ന പലഹാരങ്ങൾ വാരിവലിച്ചു തിന്നുന്നതും അവിടെ വെച്ചാണ്. ഒന്നിനും അകത്തേക്ക് പ്രവേശനമില്ല. ആർത്തി കാണിക്കേണ്ട കാര്യ യമൊന്നുമില്ല. മെച്ചപ്പെട്ട ആഹാരം തന്നെയാണ് അവിടെ ലഭിക്കുന്നത്. എങ്കിലും കൗമാരരുചികൾ എപ്പോഴും അമ്മയോട് പറ്റിച്ചേർന്നു നിൽക്കുന്നതാണല്ലോ. കണ്ണുനീർചാലുകളോട് വിടപറഞ്ഞ് തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി അവർ പോകുന്ന കാഴ്ച... ഞാനിവിടെ പെട്ടുപോയല്ലോ എന്ന എന്റെ ആധി... ഒക്കെ ഇപ്പോഴും ഞാൻ അറിയുന്നു.
വലത് വശത്തെ വഴിയുടെ അരികിലാണ് ഓഡിറ്റോറിയം. ഒരായിരം ഓർമ്മകൾ ഉറങ്ങുന്ന ഇടം. കലാപരിപാടികൾ.... ഡാൻസ് ക്ലാസ്സ്... സിനിമ... മീറ്റിംഗുകൾ എല്ലാം നടക്കുന്നത് അവിടെയാണ്. പഠനത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒട്ടേറെ കാര്യങ്ങളുണ്ട് എന്ന് പഠിച്ചത് മഹിളാലയത്തിലാണ്. കലാപരമായി പല കഴിവുകളുമുള്ള ഫ്രെഡിയേയും ബെർളിയേയും പേടിപ്പിച്ചും നിർബന്ധിച്ചും സ്റ്റേജിലേക്ക് തള്ളിവിട്ടിട്ടുണ്ട് ഞാൻ. കുറ്റപ്പെടുത്തലോടെ ഇപ്പോഴും പറയാറുണ്ട് അവർ അനുഭവിച്ച മാനസിക വ്യഥ. മഹിളാലയം മത്സരങ്ങളുടെ ലോകമായിരുന്നു. ഗ്രൂപ്പുകളുടെ... ഹൗസു കളുടെ.... വ്യക്തികളുടെ...
എല്ലാപ്രവർത്തനങ്ങളും മത്സരത്തിൽ അധിഷ്ഠിതമായിരുന്നു. മത്സരം കഴിയുന്ന നിമിഷം എല്ലാവരും ഒന്നാണ്. ആ മത്സരബുദ്ധി ഉള്ളിലെവിടെയോ ഇപ്പോഴും പതുങ്ങി ഇരിപ്പുണ്ട് എന്ന് ചിലപ്പോൾ തോന്നാറുണ്ട്.
ഓഡിറ്റോറിയം കഴിഞ്ഞു മുന്നോട്ട് നടന്നാൽ സ്കൂളിന്റെ പൂമുഖമായി. വലതു വശത്തു നെല്ലിമരം. നെല്ലിമരത്തോടു ചേർന്നാണ് ഊണുമുറി. പൂ മുഖത്തേക്കു കയറിയാൽ ഓഫീസ്. അവിടെയാണ് മേരിക്കുട്ടി കൊച്ചമ്മ ഇരിക്കുന്നത്. ഒരു കുന്നോളം സ്നേഹം ഉള്ളിലൊളിപ്പിച്ചു പരുക്കൻ ഭാവത്തിൽ നടക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചമ്മ. മഹിളാലയത്തിൽ ടീച്ച ർമാരില്ല കൊച്ചമ്മമാരേയുള്ളു. ഓഫീസ് കഴിഞ്ഞാൽ നിറയെ പൂക്കളുള്ള നടുമുറ്റമായി. അതിന് ചുറ്റുമാണ് ക്ലാസ്സുകൾ. അസംബ്ലി നടക്കുന്നത് അവിടെയാണ്. എല്ലാവരും അതാതു ക്ലാസ്സിന്റെ മുൻപിൽ ചിട്ടയോടെ നിൽക്കും. പച്ചപാവാടയും വെള്ളബ്ലൗസുമിട്ട പെൺപട. ഓഫീസിന്റെ മുൻപിൽ നിന്നാണ് മേരിക്കുട്ടി കൊച്ചമ്മ സംസാരിക്കുന്നത്. പഠനത്തിൽ മികവ് കാണിക്കുന്നവരെ അഭിനന്ദിക്കുന്നതും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു ജയിച്ചവരുടെ പേര് വിവരങ്ങൾ അനൗൺസ് ചെയ്യുന്നതും അവിടെ വെച്ചാണ്. 1979കോട്ടയത്ത് വെച്ചു നടന്ന സംസ്ഥാനയുവജനോത്സവത്തിൽ കഥാരചന ഒന്നാം സ്ഥാനം മിനിമോൾ. എം. ബി ഗ്രേഡ് എന്ന് അനൗൺസ് ചെയ്തത് ഇപ്പോഴും ഓർക്കുന്നുണ്ട്. അപകർഷതാബോധത്തെ കൂട്ട് പിടിച്ച് സങ്കടങ്ങൾ കണ്ണുകളിൽ ഒളിപ്പിച്ചു നടന്ന എന്റെ അഭിമാനം ആകാശത്തോളം ഉയർന്ന ഒരു സന്ദർഭമായിരുന്നു അത്.
നടുമുറ്റത്തിനും പു റത്താണ് ബോർഡിങ് സാമ്രാജ്യം. ക്ലാസ്സിനോട് ചേർന്ന് പുറകുവശത്തും വരാന്തയുണ്ട്. ആ വരാന്തയിലാണ് വർഷത്തിൽ ഒരിക്കൽ നടക്കുന്ന സെയിൽ ഉത്സവം (ടക് ).ഞങ്ങളുടെ കൊതികൾക്കു ഒരു ദിവസം. പോക്കറ്റ് മണിയിൽനിന്ന് ഒരു വിഹിതം കൈയിൽ എത്തും. ഹൌസ് അടിസ്ഥാനത്തിലാണ് സെയിൽ. വന്നു പോകുന്ന കുട്ടികൾ വീട്ടിൽ നിന്ന് സാധനങ്ങൾ ഉണ്ടാക്കികൊണ്ടുവരും. കൊച്ചമ്മമാർ പുറത്ത് നിന്ന് വരുത്തിതരും. അടുത്തുള്ള കൊച്ചമ്മമാരുടെ വീട്ടിൽ പോയി ഉണ്ടാക്കും. കൈയിലെ പൈസ തീരുന്നതു വരെ എന്തു വേണമെങ്കിലും വാങ്ങി കഴിക്കാം. ജാപ്പനീസ് കേക്ക്, ബട്ടർ ബീൻസ്, ക്രീം കോൺ തുടങ്ങി മഹിളാലയത്തിന്റെ രുചി എന്ന് ഇപ്പോഴും തോന്നുന്ന വിഭവങ്ങൾ. മുഖം നിറയെ ചിരിയും നനവൂറുന്ന നാവുമായി തിക്കിതിരക്കുന്ന കുട്ടികൾക്കിടയിൽ ഞാൻ എന്നെ തിരിച്ചറിയുന്നുണ്ട്. കൂടുതൽ തുക ഉണ്ടാക്കുന്ന ഹൗസിന് സമ്മാനമുണ്ട്. അതിന്റെ ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്കായിരുന്നു. വിൽക്കാനും വാങ്ങാനും അർ ഹതയുള്ളവർക്കു അത് കൈമാറാനും ഞങ്ങൾ പഠിച്ചു. സ്കൂളിനടുത്തുള്ള ബ്ലൈൻഡ് സ്കൂൾ ഞങ്ങൾ സന്ദർശിക്കാറുണ്ട്. സഹതാപത്തോടും സ്നേഹത്തോടും അവരെ സാന്ത്വനിപ്പിച്ചു. ഞങ്ങൾ പോലും അറിയാതെ നന്മയുടെ ഉറവകൾ പൊട്ടി പുറപ്പെടുകയായിരുന്നു മനസ്സിൽ.
ആറ് മണിക്ക് തുടങ്ങുന്നു ബോർഡിങ് ജീവിതം. ബെല്ലടി കേട്ടാൽ ചാടി എഴുന്നേൽക്കും. അര മണിക്കൂർ കൊണ്ട് പ്രഭാതകൃത്യങ്ങൾ തീർക്കണം. ഓരോ നിമിഷത്തിനും വിലയുണ്ട്. കുട്ടികളായ ഞങ്ങൾ കൃത്യ മായി എല്ലാം ചെയ്തിരുന്നു എന്നത് ഇന്നാലോചിക്കുമ്പോൾ അത്ഭുതമായി തോന്നുന്നു. നാല് കോട്ടജുകൾ. എസ്തർ, ക്രിസ്റ്റീന, സാലി, ഡോറോത്തി. ഞാൻ സാലി കോട്ടജിൽ ആയിരുന്നു. ഉപയോഗിക്കുന്ന ഡ്രസ്സുകൾക്കു കൃത്യമായ കണക്കുകളുണ്ട്. കൂടാനും കുറയാനും പാടില്ല. വൃത്തിയായി സൂക്ഷി ക്കണം. എല്ലാ ആഴ്ചയും കൊച്ചമ്മയുടെ മുൻപിൽ പ്രദർശിപ്പിച്ചു ബോധ്യപ്പെടുത്തുകയും വേണം. എല്ലാ ആഴ്ചയും അലക്കുകാരൻ വരും. ഓരൊരുത്തർക്കും ഓരോ നമ്പർ ഉണ്ട്. കൊടുക്കുന്നതും വാങ്ങുന്നതുമൊക്കെ ഞങ്ങൾ തന്നെ. ജീവിതത്തിൽ അടുക്കും ചിട്ടയും കൃത്യനിഷ്ടയും പഠിച്ചത് അവിടെനിന്നാണ്. രാവിലെ കട്ടിൽ വൃത്തിയായി വിരിച്ചിടണം. ഒരു ചുളിവ് പോലും പാടില്ല. കൃത്യമായ അകലത്തിലിട്ട കട്ടിലുകൾ. കഷ്ടിച്ചു ഒരാൾക്ക് മാത്രം കിടക്കാം. പത്തുമണിയാകുമ്പോൾ അയഞ്ഞ രാത്രി വേഷവുമിട്ടു ഉറക്കം തൂങ്ങിയാണ് കട്ടിലിനടുത്തെത്തുന്നത്. എന്ത് സുഖമായ ഉറക്കം. അത്രയും ആസ്വദിച്ചു പിന്നീടൊരിക്കലും ഉറങ്ങിയിട്ടില്ല. ഉറക്കം വരാത്ത രാത്രികളിൽ ആ കട്ടിലിലാണ് കിടക്കുന്നത് എന്നോർത്തു ഉറങ്ങാൻ ശ്രമിക്കാറുണ്ട് ഇപ്പോഴും.
ബോർഡിങ്ങിലെ കുട്ടികളെ പത്തു ഗ്രൂപ്പുകളായി തിരിച്ചിരുന്നു. പൂക്കളുടെ പേരുകളുള്ള ഗ്രൂപ്പുകൾ. ഞാൻ റോസ് ഗ്രൂപ്പ്. എനിക്ക് മേരിക്കുട്ടി കൊച്ചമ്മയെക്കാൾ പേടി ഗ്രൂപ്പ് ലീഡറെയായിരുന്നു.ബോർഡിങ്ങിലെ പ്രവർത്തനങ്ങളെല്ലാം ഗ്രൂപ്പടിസ്ഥാനത്തിലാണ്. പോയിന്റ് നേടാനും കളയാനും ഗ്രൂപ്പിലെ അം ഗങ്ങൾക്ക് കഴിയും. സ്കൂൾ പരിസരം ഒൻ പതായി ഭാഗിച്ചിട്ടുണ്ട്. ഓരോ ഭാഗവും ഓരോ ഗ്രൂപ്പ് വൃത്തിയാക്കണം. ഒരു ഗ്രൂപ്പിന് വിളമ്പിന്റെ ചുമതലയാണ്. ഒരാഴ്ചയാണ് ഒരു സ്ഥലം വൃത്തിയാക്കുക. ഒരു ഗ്രൂപ്പിൽ എല്ലാ ക്ലാസിലേ യും കുട്ടികൾ ഉണ്ടാകും. ഓരോ പ്രായക്കാർക്കും പറ്റിയ ജോലികൾ ലീഡർ നൽകും. ഇരുപതു മിനിറ്റാണ് ജോലിസമയം. ഇത്രയും വൃത്തിയായി കിടക്കുന്ന പരിസരം കാണാൻ ബുദ്ധിമുട്ടാണ്. ഒരു ജോലിക്കാരി പോലും മഹിളാലയത്തിലില്ല. ആകെയുള്ളത് പാചകപ്പുരയിൽ രണ്ടുമൂന്ന് ചേച്ചിമാർ ആണ്. അടിക്കാനും തൂക്കാനും പുല്ലു പറിക്കാനും ഒക്കെ പഠിച്ചത് അവിടെനിന്നാണ്. വിളമ്പ് ഗ്രൂപ്പാണ് ചപ്പാത്തി ഉണ്ടാക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ചപ്പാത്തി. അതൊരു ആഘോഷദിനമാണ്. കുഴക്കുന്നു.. പരത്തുന്നു... ചുടുന്നു... എന്തൊരു ബഹളമാണെന്നോ അടുക്കളയിൽ. സ്വാതന്ത്ര്യം കിട്ടുന്ന കുറെ നിമിഷങ്ങൾ. വിളമ്പു ഗ്രൂപ്പാകാനാണ് എല്ലാവർക്കും ഇഷ്ടം. എല്ലാവർക്കും വിളമ്പിക്കൊടുത്തിട്ടു ബാക്കി വരുന്നതൊക്കെ ആഘാഷമായി കഴിക്കാം. ചപ്പാത്തി മോഷ്ടിച്ചുകൊണ്ടുപോയി എല്ലാവരും ഉറങ്ങുമ്പോൾ പുറത്തെടുക്കാം.
.ഡൈനിങ്ങ് ഹാൾ പലപ്പോഴും ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പ് പോലെയാകാറുണ്ട്. തരുന്ന ഭക്ഷണം മുഴുവൻ കഴിക്കണമെന്നു നിർബന്ധമാണ്. ഇഷ്ടത്തിനും അനിഷ്ടത്തിനുമൊന്നും ഒരു വിലയുമില്ല. ലീഡറുടെ രൂക്ഷ നോട്ടത്തിന് മുൻപിൽ ഇഷ്ടമില്ലാത്ത എന്തെല്ലാം ആഹാരങ്ങളാണ് വെള്ളം കുടിച്ച് ഇറക്കിയിട്ടുള്ളത്. ശർദിക്കാൻ പോലും പേടിയാണ്. അതും തിന്നാൻ പറഞ്ഞെങ്കിലോ. ഒത്തിരി കണ്ണുനീർ എന്റെ പേരെഴുതിയ സ്റ്റീൽ പാത്രത്തിൽ വീണിട്ടുണ്ട്. ഭാവിജീവിതത്തിൽ രുചിഭേ ദങ്ങൾ നോക്കാതെ എന്തും കഴിക്കാനുള്ള ട്രെയിനിങ് ആയിരുന്നു അതെന്ന് ഇന്ന് മനസിലാക്കുന്നു. മഹിളാലയത്തിൽ പഠിച്ചവർക്ക് എന്തും ഉൾകൊള്ളാൻ പറ്റും
വൈകിട്ട് പഠനസമയം തുടങ്ങുന്നതിനു മുൻപ് പത്തു മിനിറ്റ് ഡിവോഷൻ ഉണ്ട്. ക്ലാസ്സിൽ അവരവരുടെ സ്ഥലത്തിരുന്നു ധ്യാനിക്കുക. കൈയിൽ ബൈബിൾ വേണമെന്ന് നിർബന്ധമാണ്(ക്രിസ്ത്യാനികൾക്ക് )ബെല്ലടിക്കുന്നതിന് മുൻപ് സ്വന്തം സ്ഥലത്തു ബൈബിളുമായി ഇരുന്നിരിക്കണം. അല്ലെങ്കിൽ പോയിന്റ് പോകും. ഒന്നിലും ഒരു വിട്ടുവീഴ്ചയുമില്ല എന്ന് ആവർത്തിച്ചു പറയട്ടെ.
ഞായറാഴ്ച്ച ഒരു പേൻ ചീകലുണ്ട്. മറ്റു ഗ്രൂപ്പിലെ ലീഡർ ആണ് ചീകുന്നത്. ഒരു പേനെങ്ങാൻ കിട്ടിപ്പോയാൽ തീർന്നു അന്നത്തെ ദിവസം. ഗ്രൂപ്പിന്റെ പോയിന്റ് പോകും. എങ്ങനെയെങ്കിലും ഒരു പേനെങ്കിലും കിട്ടിയേ അടങ്ങു എന്നാണ് ചീകുന്ന ലീഡർക്ക്. കിട്ടല്ലേ കിട്ടല്ലേ എന്ന് പ്രാർത്ഥിച്ചു ആധിയോടെ നിന്ന എത്രയോ ദിവസങ്ങൾ. എല്ലാ രീതിയിലും വ്യക്തി ശുചിത്വം വേണമെന്ന് പഠിച്ചത് അവിടെയാണ്.
ഒരു നീണ്ട ഗ്രൗണ്ടിന് ചുറ്റുമാണ് കോട്ടേജുകൾ. നടുക്ക് ചാപ്പൽ. കളിക്കാനുള്ള സമയം കളിക്കാൻ മാത്രമാണ്. പുസ്തകം കൈ കൊണ്ട് തൊടാൻ പോലും പാടില്ല. അതുകൊണ്ടുതന്നെ പാഠപുസ്തകങ്ങളെ പൂർണ്ണമായും മറന്ന് കുറ്റബോധമില്ലാതെ കളികളിൽ ഏർപ്പെടാം. പലതരം കളികൾ ഗ്രൗണ്ടിൽ അരങ്ങേറും. മഹിളാലയത്തിൽ മാത്രം കണ്ടിട്ടുള്ള ഒട്ടേറെ കളികളുണ്ട്. റൗണ്ടസ് കളി നല്ല രസമാണ്. ഏകദേശം ക്രിക്കറ്റ് പോലെയാണ്. കോട്ടേ ജുകൾക്കിടയിലൂടെ കുന്നിൻപുറത്തേക്ക് പോകാം. കുന്നിൻപുറമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. തനിച്ചും ചിലപ്പോൾ കൂട്ടം കൂടിയുമൊക്കെ ഒട്ടേറെ സമയം ഞാനവിടെ ചെലവഴിച്ചിട്ടുണ്ട്. കശുമാവുകളും, കാരക്ക മരങ്ങളും, മാവുമൊക്കെ തിങ്ങി നിന്ന ഒരിടം. കശുമാവിന്റെ കൊമ്പിലിരുന്നു ഞാൻ പറഞ്ഞ കഥകൾ അയവിറക്കി കഴിഞ്ഞ ദിവസം മറിയാമ്മ വിളിച്ചിരുന്നു. ആ കുന്നിൻപുറത്തിന്റെ അതിരിൽ ഞങ്ങളുടെ പെൺസാമ്രാജ്യം അവസാനിക്കുന്നു. താഴ് വാരത്തിലൂടെ ഒരു പണിക്കാരൻ പോകുന്ന കണ്ടാൽ പോലും ഞങ്ങൾ പേടിച്ചോടുമായിരുന്നു. മഹിളാലയം ഒരു പ്രത്യേകലോകമാണ്. പുറത്ത്നിന്നുള്ള ആരേയും ഉൾകൊള്ളാൻ ഞങ്ങളുടെ മനസ്സ് സജ്ജമായിരുന്നില്ല. സങ്കടം വരുമ്പോളൊക്കെ ഞാൻ സുജയെയും വിളിച്ചുകൊണ്ടു ഞാൻ കുന്നിൻപുറത്തേക്ക് പോകും. അവൾ എനിക്ക് പാട്ടുകൾ പാടിതരും. എന്റെ ഒരു പകുതി സന്തോഷത്തെ തേടുമ്പോൾ മറുപകുതി അപകർഷതാബോധത്തിന്റെയും ഒറ്റപ്പെടലിന്റെയും തീവ്രവേദന അനുഭവിച്ചിരുന്നു. എന്റെ നോട്ടത്തിൽ അവിടെയുള്ളവരെല്ലാം സൗഭാഗ്യവതികൾ.... പണക്കാർ... സുന്ദരികൾ... ഞാൻ മാത്രം...
വീട്ടിലെ കനൽകാഴ്ചകൾ മിന്നിമറയുമ്പോളൊക്കെ ചാപ്പലിൽ പോയിരുന്നു ഞാൻ ആവോളം കരയും. ആരോടും പങ്കു വെക്കാൻ തോന്നിയിട്ടില്ല. അതൊക്കെ മോശമല്ലേ? എപ്പോഴും ദുഃഖത്തെ താങ്ങി നടക്കുന്നവർ ഒറ്റപ്പെടും. എന്തിലും സന്തോഷം കണ്ടെത്താനും, പോസിറ്റീവ് എനർജി പ്രസരിപ്പിക്കാനുമാണ് നാം ശ്രമിക്കേണ്ടത് എന്ന് പഠിച്ചത് അവിടെയാണ്. എന്റെ കൂട്ടുകാരൊക്കെ അങ്ങനെയായിരുന്നു. ചിത്രശലഭങ്ങളെപ്പോലെ എല്ലായിടത്തും പ്രഭ പരത്തി അവർ പറന്ന് നടന്നു.
ഒരു സംഭവം ഓർമ്മ വരുന്നു. ഞങ്ങൾ അഞ്ചോ ആറോ പേരുണ്ടായിരുന്നു. ഒരു ഞായറാഴ്ച വൈകുന്നേരം ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്സ് മുറിയിലിരുന്ന് ഓരോ കലാപരിപാടികൾ അവതരിപ്പിക്കുകയാണ്. നല്ല ഈണമൊന്നുമില്ലെങ്കിലും പാട്ട് പാടാൻ ഏറെ ഇഷ്ടമായിരുന്നു എനിക്ക്. കൂട്ടുകാരുടെ മുഖത്ത് നോക്കി പാടാൻ മടിയായതുകൊണ്ടു ഡെസ്കിൽ തല വെച്ച് കിടന്ന് പാടി. തല പൊക്കി നോക്കിയപ്പോൾ ആരുമില്ല. അവർ ഒളിച്ചിരുന്നതാണ്. എന്തോ എനിക്ക് വല്ലാത്ത വിഷമമായിപ്പോയി. എല്ലാവരും പോയിട്ടും ഞാൻ അവിടെത്തന്നെയിരുന്നു. മനസ്സിന്റെ വിങ്ങലും ഒറ്റപ്പെടലും സഹിക്കാനായില്ല. ഡിസ്കിന് മുകളിൽ ഒരു ബുക്കും പെൻസിലും. ഞാനത് തുറന്നു. എന്തൊക്കെയോ കുത്തികുറിക്കാൻ തുടങ്ങി. എഴുത്തിന്റെ ലോകത്തേക്കുള്ള എന്റെ പ്രവേശനമായിരുന്നു അത്. എനിക്ക് രക്ഷപെടാൻ ഒരു വാതിൽ. ആദ്യമായി ഞാനെഴുതിയത് ചെറുകഥയല്ല നോവലാണ്. "സന്ധ്യാചന്ദ്രിക "
ഓരോ അധ്യായങ്ങളായി എഴുതി. ആകാംക്ഷയോടെ കൂട്ടുകാർ കാത്തിരിക്കുന്നത് ഓർക്കുന്നു. ഓണാവധിക്ക് സൂസൻ ചെറിയാൻ ആ നോവൽ വീട്ടിലേക്ക് കൊണ്ടുപോയി. തിരിച്ചു വന്നത് വലിയൊരു സർപ്രൈസുമായി. സൂസന്റെ അപ്പ പ്രസിദ്ധീകരിക്കുന്ന 'പശ്ചിമതാരക 'എന്ന വീക്കിലിയിൽ എന്റെ നോവൽ വരുന്നു. എന്റെ ഫോട്ടോ പതിഞ്ഞ നോവൽലക്കങ്ങൾ എന്നെ എത്ര മാത്രം സന്തോഷിപ്പിച്ചെന്നോ. ഞാൻ അത്ര മോശമല്ല എന്ന് തോന്നി. ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിഞ്ഞ നിമിഷങ്ങൾ
എല്ലാ ലക്കവും എനിക്ക് അയച്ചുതന്നു. തുറന്ന് പരിശോധിച്ചശേഷം കൈയിലെത്തുന്ന അനുമോദനകത്തുകൾ നിധിപോലെ സൂക്ഷിച്ചിരുന്നു വളരെക്കാലം. തോമസ് ടി അമ്പാട്ടിന്റെ കത്ത് അക്കൂട്ടത്തിലുണ്ടായിരുന്നു. ഒന്നും ഇപ്പോൾ എന്റെ കൈയിൽ ഇല്ല. ഒരു പതിനാല് വയസുകാരി പെൺകുട്ടിക്ക് ഇതിന്റെയൊക്കെ മൂല്യങ്ങളെക്കുറിച്ച് അന്ന് എന്തറിയാം. മുപ്പതു അധ്യായങ്ങളോളം ഉണ്ടായിരുന്നു എന്നാണോർമ്മ. സൂസൻ ഇന്ന് എവിടെയാണെന്നറിയില്ല. എന്റെ എഴുത്തിന് ആദ്യമായി വേദി ഒരുക്കിത്തന്ന പ്രിയകൂട്ടുകാരി മറക്കില്ലൊരിക്കലും.
പ്രീഡിഗ്രി കഴിഞ്ഞു വീട്ടിലിരിക്കുമ്പോൾ ഞാൻ വേറൊരു നോവൽ കൂടി എഴുതി. ഒരു മത്സരത്തിനുവേണ്ടി. നേരിട്ട് പേപ്പറിലേക്കു എഴുതുകയായിരുന്നു. ഓരോ അധ്യായവും എഴുതുന്നതിനു മുൻപ് കുറെ നേരത്തേ മനസൊരുക്കമുണ്ട്. ഓരോ രംഗവും മനസ്സിൽ കാണും. സ്വയം കഥാപാത്രമായി മാറും. പിന്നെ തെറ്റുകൂടാതെ പകർത്തിയെഴുതും. എഴുത്തുകാലജീവിതത്തിൽ ഇത്രയും ബുദ്ധിമുട്ടി ഞാൻ ഒന്നും എഴുതിയിട്ടില്ല. ഡാഡിയും മമ്മിയും ചേർന്ന് ഒരു നോട്ടുബുക്കിലേക്ക് പകർത്തി എഴുതി. നോവലിന്റെ പേര് 'സാഗരമേ ശാന്തമാകു 'ഒന്നാം സ്ഥാനം കിട്ടും എന്നൊക്കെ പ്രതീക്ഷിച്ചു. ഒന്നും കിട്ടിയില്ല. ആ നോട്ട് ബുക്ക് നിധി പോലെ എന്റെ കൈയ്യിലുണ്ട്. ഒന്നിനും വേണ്ടിയല്ല. ഡാഡിയുടെയും മമ്മിയുടെയും കരുതലിന്റെയും സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ഓർമ്മക്ക്..
ധാരാളം മാവുകളുണ്ടായിരുന്നു മഹിളാലയത്തിൽ. മാങ്ങകളൊന്നും പറിക്കാൻ അനുവാദമില്ല. അതൊക്കെ നേരത്തേ വിറ്റുപോയതാണ്.കട്ട് പറിക്കാതെ മാർഗ്ഗമില്ലല്ലോ. സിക്ക്റൂമിൽ കിടക്കുമ്പോൾ മാത്രമേ സൗകര്യമുള്ളൂ. ഡൊറോത്തി കോട്ടജിന്റെ അടുത്തുള്ള സിക്ക്റൂം മോഹിപ്പിക്കുന്ന വാസസ്ഥാനമാണ്. പനി വരാൻ കൊതിയാണ്. മൂന്ന് ദിവസം വരെ അവിടെ കിടക്കാം. ശരീരത്തിലെ ചൂട് പോകാതിരിക്കാൻ പുതച്ചു മൂടി കിടക്കും ഞങ്ങൾ. ഊണുമുറിയിൽ ബെല്ലടിച്ചാൽ എല്ലാവരും ഭക്ഷണം കഴിക്കാൻ പോകും. സിക്ക് റൂമിലെ പെണ്ണമ്മ കൊച്ചമ്മ ഉൾപ്പെടെ. സിക്ക് റൂമിനോട് ചേർന്നുള്ള പാഷൻ ഫ്രൂട്ടും മാവിലെ മാങ്ങകളും പിന്നെ ഞങ്ങൾക്ക് സ്വന്തം. നല്ല കുറുമ്പികളുമുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ മാങ്ങാ പറിക്കുന്നതു കണ്ടുകൊണ്ടു വന്ന മേരിക്കുട്ടി കൊച്ചമ്മ "ഇനി പറിച്ചു പോകരുത് "എന്ന് കണ്ണുരുട്ടി.
പിറ്റേന്ന് കൈ പുറകിൽ കെട്ടി വാ കൊണ്ട് മാങ്ങാ കടിച്ചു തിന്നുന്ന അവരെ കണ്ട് കൊച്ചമ്മ അന്തം വിട്ടു. ഡൈനിങ്ങ് റൂമിനടുത്തുള്ള നെല്ലിമരത്തിൽ നെല്ലിക്ക പറിക്കാൻ ആള് വന്നു. കുറച്ച് മിടുക്കികൾ നെല്ലിക്ക വാരി പെറ്റിക്കോട്ടിലിട്ടു അസംബ്ലിക്ക് നിൽക്കുകയാണ്. മേരിക്കുട്ടി കൊച്ചമ്മ എല്ലാവരെയും പേര് വിളിച്ച് നിരത്തി നിർത്തി. പാവാടയുടെ ബട്ടൻ അഴിക്കാൻ പറഞ്ഞു. മഴ പെയ്യുന്നതുപോലെ നെല്ലിക്ക ചറപറാന്ന് ചാടിയതോർക്കുന്നു. ചമ്മി നിൽക്കുന്ന അവരുടെ കുഞ്ഞു മുഖങ്ങൾ. ചിരി വരുന്നു ഇപ്പോഴും.
മേരിക്കുട്ടി കൊച്ചമ്മയാണ് എന്റെ മാതൃക അധ്യാപിക.മദ്രാസിനു വിനോദയാത്ര പോയതോർക്കുന്നു. എല്ലാവരുടെയും കൈയിൽ പത്തു രൂപ വെച്ചു തന്നിട്ട് പറഞ്ഞു. ആവശ്യമില്ലാതെ ചിലവാക്കരുത്. വാങ്ങുന്നതിനു മുൻപ് ആവശ്യമുണ്ടോ എന്ന് മൂന്നു വട്ടം ചിന്തിക്കണം. ഇന്നും ഞാൻ അങ്ങനെയാണ്.
നാനാത്വത്തിൽ ഏകത്വം അവിടെ ദർശിക്കാം. എല്ലാ ജാതിമതങ്ങളിൽ പെട്ടവരും ഒരമ്മ പെറ്റ മക്കളെപ്പോലെയായിരുന്നു. ചാപ്പലിലെ കുർബാന പോലും മാറിമാറിയായിരുന്നു. എല്ലാവരും ചേർന്നു ചാപ്പൽ ഭംഗിയായി ഒരുക്കുന്നതും മനോഹരമായി പാടിയും പ്രാർത്ഥനകൾ ഉരുവിട്ടും ഞങ്ങൾ ഏകമനസ്സായി നിന്നതും ഓർമ്മ വരുന്നു. എന്റെ മനസ്സിലെ പക്വതയുള്ള ദൈവസ്നേഹം അവിടുന്ന് മുളപൊട്ടിയതാണ്. സങ്കടം വരുമ്പോൾ ഇപ്പോഴും എന്റെ മനസ്സ് ആ ചാപ്പലിൽ പോയിരുന്ന് കരയാറുണ്ട്. അന്ന് ഞാൻ ഒഴുക്കിയ കണ്ണുനീരൊക്കെ ഈശോ കുപ്പിയിൽ ശേഖരിച്ചു വെച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്
ഡൈനിങ്ങ് റൂമിന്റെ അടുത്താണ് കുളിമുറികൾ. ഒരു കെട്ടിടം നിറയെ മേൽക്കൂര യില്ലാത്ത ചെറിയ ചെറിയ മുറികൾ. വലിയൊരു തൊട്ടിയിൽ നിന്ന് വെള്ളം മുക്കിക്കൊണ്ടുപോയി കുളിക്കണം. ചിരിച്ചും കളിച്ചും വർത്തമാനം പറഞ്ഞുമുള്ള കുളി. ഇന്ന് സങ്കല്പിക്കാൻ പറ്റുമോ?.
കോട്ടജുകളിൽ കള്ളൻ വരുന്നത് രസകരമായ മറ്റൊരോർമ്മ. നിനച്ചിരിക്കാത്ത നേരത്ത് ആരെങ്കിലും കള്ളൻ കള്ളൻ എന്ന് പറഞ്ഞു കരയും. എല്ലാവരും ബഹളം വെച്ച് ഓടി കൂട്ടം കൂടി നിൽക്കും. ഞങ്ങളിൽ പലരും കള്ളനെ കണ്ടിട്ടില്ല. അതൊരു സങ്കല്പം മാത്രമാണോ എന്ന് ചിലപ്പോ തോന്നാറുണ്ട്. എന്തിനായിരിക്കും കൊച്ചുകുട്ടികൾ താമസിക്കുന്ന ഞങ്ങളുടെ കോട്ടജിൽ കള്ളൻ വരുന്നത്
പിൽക്കാലത്തു കൊച്ചമ്മമാർ പറഞ്ഞു തന്നു. അത് കള്ളനൊന്നുമല്ല. കുന്നിന്റെ താഴ്വാരങ്ങളിലെവിടെയോ താമസിക്കുന്ന കുഞ്ഞുമോൻ ആണ്. ആൾക്ക് മാനസികമായി അൽപ്പം കുഴപ്പമുണ്ട്. കുട്ടികളുടെ പേടിയും ബഹളവും ആസ്വദിക്കാനാണ് ഇടക്കിടക്ക് വരുന്നതത്രെ.
പിന്നെയൊരു രഹസ്യം പറയാം. മഹിളാലയത്തിൽ ചുരുക്കമായി പെൺകുട്ടികൾ തമ്മിൽ പ്രണയിച്ചിരുന്നു.' പിരി 'എന്നാണ് പറയുക. ഒരേ ക്ലാസ്സിലല്ലാത്ത കുട്ടികളുടെ നിഷ്കളങ്കമായ സൗഹൃദത്തെപ്പോലും പലപ്പോഴും കളിയാക്കിയിരുന്നു. 'പിരി '
യഥാർത്ഥത്തിൽ ഉണ്ട് എന്ന് തെളിഞ്ഞാൽ വലിയ കുറ്റമാണ്. മേരിക്കുട്ടി കൊച്ചമ്മ പരസ്യമായി ചോദ്യം ചെയ്യും. ആരും അവരോടു മിണ്ടരുത് എന്ന് ആജ്ഞാപിക്കും.
നല്ലൊരു എഴുത്തുകാരിയാവണം എന്ന ആശംസകളോടെയാണ് എന്നെ യാത്ര അയച്ചത്. മഹിളാലയത്തിൽ നിന്ന് വിട വാങ്ങിയപ്പോൾ കരഞ്ഞോ എന്ന് ഓർക്കുന്നില്ല. ഒരു രക്ഷപെടലായി തോന്നിയിരിക്കാനാണ് സാധ്യത.
ഒരു ജീവിതം മുഴുവൻ സുഗന്ധമായി കൊണ്ടു നടക്കേണ്ട ഓർമ്മകളെയാണ് ഞാനവിടെ പിന്തള്ളുന്നത് എന്ന് അന്ന് എനിക്കറിയില്ലായിരുന്നു. എന്നെനിക്കറിയാം ഒരിക്കലും പടിയിറങ്ങാതെ എന്റെ ഓർമ്മകൾ അവിടെയുണ്ട്. എന്നെ ഇപ്പോഴും നിയന്ത്രിക്കുന്നത് അവിടുന്ന് പഠിച്ച പാഠങ്ങളാണ്. എന്നെ സ്‌നേഹിച്ച... സാന്ത്വനിപ്പിച്ച.... നെഞ്ചോട് ചേർത്ത് പിടിച്ച... പ്രിയ മഹിളാലയമേ.. എത്ര എത്ര ജന്മങ്ങൾ ഉണ്ടെങ്കിലും അതിജീവനത്തിന് ആ കുന്നുംപുറം മതി എനിക്ക്
11 'തുറന്നിട്ട വാതിലുകൾ '
നിനച്ചിരിക്കാത്ത നേരത്തുള്ള മനസ്സ് തുറക്കലായിപ്പോയി ഇത്. റെജി സാർ ഒരു നിമിത്തമായി. പഴയ കൂട്ടുകാർ പലരും വിളിച്ചു. ഓർമ്മയുടെ എത്ര എത്ര വാതിലുകളാണ് അവർ തുറന്നിട്ടത്.
നിമ്മി എഴുതി. 'ഉടയാതെ കൊണ്ട്നടക്കുന്ന ചില്ലുപാത്രം പോലെയാണ് എന്റെ ഓർമ്മകൾ എന്ന്.' ജീവിതവും അങ്ങനെതന്നെയല്ലേ? എത്ര എത്ര വാതിലുകളാണ് അവർ തുറന്നിട്ടത്.
ആനീസ് എന്റെ പഴയൊരു കഥയിലെ വാചകംഓർമ്മിപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്.
'അലക്കുകല്ലിൻ ചുവട്ടിലെ വഴുവഴുപ്പുള്ള മണ്ണിനിടയിൽ ഞാഞ്ഞൂലുകൾ ഇഴഞ്ഞുയരുന്ന പോലെ എന്റെ ഓർമ്മകൾ '
ഞാൻ തന്നെ എഴുതിയതാണോ? ഓർമ്മിക്കുന്നില്ല. പണ്ടെഴുതിയ കഥകളൊന്നും കൈയിലില്ല. ഓർമ്മയിലും. നഷ്ടബോധം തോന്നുന്നു. എല്ലാം സൂക്ഷിച്ചു വെക്കേണ്ടതായിരുന്നു. പിന്നെ ഒന്നുകൂടി ആനിസ് പറഞ്ഞു. ചെറുപ്പകാലങ്ങളിൽ ഞാൻ ചേർത്ത് നിർത്തിയില്ലായിരുന്നെങ്കിൽ ഒന്നുമൊന്നും ആവില്ലായിരുന്നു എന്ന്. ആനീസിന്റെ ഉള്ളിൽ അഗ്നി ഉണ്ടായിരുന്നു. അതാണ് ജ്വലിച്ചത്. എങ്കിലും പ്രിയപ്പെട്ട ആനിസ് എന്റെ ജീവിതത്തിന് അർത്ഥം സമ്മാനിച്ച അംഗീകാരത്തിന് നന്ദി.
മഹിളാലയത്തിൽ കൂടെ പഠിച്ച മായ എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാൻ കൊതിച്ചു. എന്റെ ഭൂതകാലമുറിവുകളെ തൊട്ട് തലോടാൻ വിദൂര ങ്ങളിൽ നിന്നെത്തുന്ന സ്നേഹസ്പർശനങ്ങൾ. എന്റെ കണ്ണുകൾ നിറയുന്നു.
മറ്റേവീട്ടിലെ അമ്മ ഉണ്ടാക്കിയ തവള വറുത്തതിനേപ്പറ്റിയാണ് സിനി പറഞ്ഞത്. അമ്മ ഇരുമ്പ് ചട്ടിയിൽ തവള വറ ക്കുകയാണ്. കൊതിയൂറുന്ന മണം ആസ്വദിച്ചു ഞാനും സിനിയും. ഒരു തവളയെ മുഴുവൻ ഒരാൾ തന്നെ തിന്നണമത്രേ. എന്നാലേ ഗുണമുള്ളൂ. സിനി കൊതിയോടെ നിന്നു. പക്ഷേ അമ്മ അത് മുഴുവൻ എന്നെക്കൊണ്ട് തീറ്റിച്ചു. ഗുണം നഷ്ടപ്പെടുത്തരുതല്ലോ.
മോളി നിർമല കോളേജിലെ ഓർമ്മകൾ പങ്കു വെച്ചു. ഡിഗ്രിക്ക് ഞാനവിടെയായിരുന്നു. പതിനാറു പേർ മാത്രമുള്ള ക്ലാസ്സ്. ഇംഗ്ളീഷ് പഠിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ട്. ഞാനുൾപ്പെടെ എല്ലാവരും വേവലാതിയിലായി. എന്താ ചെയ്യുക. വീട്ടിൽ പോയി ഡിക് ഷണറി നോക്കി ഓരോ വാക്കിന്റെയും അർത്ഥം എഴുതി എഴുതി പഠിച്ചു. കൂട്ടുകാരെ പഠിപ്പിച്ചു. എല്ലാ വിഷയവും അങ്ങനെ പഠിക്കുന്നതും പഠിപ്പിക്കുന്നതും പിന്നീട് ശീലമായി. ഇന്നാലോചിക്കുമ്പോൾ അവർക്കുവേണ്ടിയായിരുന്നു ഞാൻ പഠിച്ചത് എന്ന് തോന്നിപ്പോകുന്നു. ലൈബ്രറിയുടെ അടുത്തുള്ള വരാന്തയായിരുന്നു ഞങ്ങളുടെ പഠനസ്ഥലം. മോളി എനിക്ക് വെറുമൊരു കൂട്ടുകാരിയായിരുന്നില്ല. ഒരിക്കലും പിണങ്ങാത്ത... മിനിമോൾ എന്ന് മാത്രം വിളിക്കുന്ന... കരുതലിന്റെ പൂർണ്ണരൂപമായ ആരോ...
കാളിയാറ്റിലുള്ള മോളിയുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ആ വീടിന്റെ സ്നേഹത്തണലിൽ ഒത്തിരി നേരം ഇരുന്നിട്ടുണ്ട്. എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മോളിയെ എസ്. ബി കോളേജിൽ പഠിക്കാനയച്ചത്.
പ്രീഡിഗ്രിക്ക് അസംഷൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ എസ് ബി കോളേജ് എന്റെ സ്വപ്നമായിരുന്നു. ഒരു കഥയരങ്ങിനു ഞാനവിടെ പോയിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടിനെ കാണുന്നത് അവിടെ വെച്ചാണ്. തോളിൽ തുണിസഞ്ചി.. അയഞ്ഞ ജുബ്ബ.. പാറിപ്പറന്ന തലമുടി... അലക്ഷ്യമായി നടന്നുനീങ്ങിയ അദ്ദേഹത്തെ ആരാധനയോടെ നോക്കി നിന്നതോർക്കുന്നു.
എസ്. ബി കോളേജിനടുത്തുള്ള തങ്കമ്മ ആൻറി യുടെ വീട്ടിൽ താമസിച്ചു ഞങ്ങൾ എം എ പഠനം ആരംഭിച്ചു. പത്തു മുപ്പത് പേരുണ്ട് ആ ഹോസ്റ്റലിൽ. പരിമിതമായ സൗകര്യത്തിലും ഞങ്ങൾ സന്തുഷ്ടരായിരുന്നു. വീടിന്റെ പിന്നിലുള്ള ഗ്രൗണ്ടിലൂടെ ഞങ്ങൾ കൂട്ടമായി കോളേജിലേക്ക് യാത്ര ചെയ്തു. പോസ്റ്റ് ഗ്രാജുവേഷന് മാത്രമാണ് അവിടെ പെൺകുട്ടികൾ. അതൊഴിച്ചാൽ അതൊരു ആൺസാമ്രാജ്യമാണ്. അസംഷനിൽ പഠിക്കുമ്പോൾ സമരവുമായി വരുന്ന എസ്. ബി യിലെ ചേട്ടന്മാരെ കാത്തിരുന്നതോർക്കുന്നു. ബഹളമയമായ അന്തരീക്ഷമൊന്നും എസ് ബി കോളേജിൽ ഉണ്ടായിരുന്നില്ല. ശാന്തമായ ക്ലാസ്സുകൾ... ചർച്ചകൾ.. സെമിനാറുകൾ... എല്ലാമങ്ങനെ ആസ്വദിച്ചു വരികയായിരുന്നു.
ബി എഡി ന് അപേക്ഷിക്കാനുള്ള ഫോമുമായി മോളിയുടെ കുഞ്ചാച്ചൻ(സഹോദരൻ )ചങ്ങനാശ്ശേരിയിൽ എത്തി. എനിക്കും മോളിക്കുമുള്ള ഫോമുകൾ. ബി എഡിന് പോകാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല. കോളേജ് അധ്യാപികയാവാനായിരുന്നു എനിക്ക് മോഹം. നമുക്ക് ഒരുമിച്ച് പോകാം മിനിമോളെ എന്നുള്ള മോളിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാനത് പൂരിപ്പിച്ചു കൊടുത്തത്. ഇന്റർവ്യൂ കാർഡ് വന്നത് എനിക്ക് മാത്രം. പോകാൻ എല്ലാവരും നിർബന്ധിച്ചു. അടുത്ത വർഷം കിട്ടിയില്ലെങ്കിലോ? ഞാൻ താൽപര്യമില്ലാതെ നിന്നു. മോളിക്കായിരുന്നു ഏറ്റവും നിർബന്ധം. ബി എഡു കഴിഞ്ഞു വരുമ്പോൾ എംഎ സെക്കന്റ് ഇയറിലേക്ക് അഡ്മിഷൻ തരാം എന്ന് അധ്യാപകരും ഗ്യാരണ്ടി പറഞ്ഞപ്പോൾ എനിക്ക് വഴിയില്ലാതായി. പോകാനായി ഒരുങ്ങി ഇറങ്ങിയപ്പോൾ ആരും കാണാതെ മാറിപ്പോയിരുന്നു പൊട്ടികരയുന്ന മോളിയുടെ മുഖം ഒരു നൊമ്പര ചിത്രമായി മനസ്സിലുണ്ട്. അവിടെ നിന്നിറങ്ങുമ്പോൾ ഞാനൊരു തീരുമാനമെടുത്തിരുന്നു. എങ്ങനെയെങ്കിലും മോളിക്ക് ബി എഡ് കോളേജിൽ ഒരു അഡ്മിഷൻ വാങ്ങി കൊടുക്കണം. ഈ പഠനത്തിന്റെ ലക്ഷ്യം തന്നെ അതാകട്ടെ.
മഹിളാലയത്തിന്റെ ഒരു ഭാവമുണ്ടായിരുന്നു സെന്റ് ജോസഫ് സ് ട്രെയിനിങ് കോളേജിന്. മഹിളാലയത്തിലെ എട്ടും പൊട്ടും തിരിയാത്ത കുട്ടിയിൽ നിന്ന് ഏറെ വളർന്നത് കൊണ്ട് അവിടുത്തെ ജീവിതം നന്നായി ആസ്വദിക്കാൻ പറ്റി. ഓർമ്മയിൽ തെളിഞ്ഞു വരുന്ന ഒട്ടേറെ മുഖങ്ങൾ. സിസ്റ്റർ എൽസിയൂസ്, സിസ്റ്റർ ഫിലിപ്പ് നേരി, തുളസികതിരിനെ ഓർമ്മിപ്പിക്കുന്ന പ്രിയപ്പെട്ട നിമ്മി. കരുതലോടെ എന്നെ ചേർത്ത് നിർത്തിയ നീണ്ട മുടിയുള്ള ജെസ്സി, നാടകത്തിൽ എന്റെ ഭർത്താവായി അഭിനയിച്ച ഗീതാമണി....
ഒരു ചിത്രശലഭത്തെപ്പോലെ പാറി നടന്ന ഞാൻ എല്ലാവർക്കും പ്രിയങ്കരിയായി. അങ്ങനെ ആകേണ്ടത് എന്റെ ആവശ്യമായിരുന്നു. ഒന്നിനും ഒരിക്കലും ഞാൻ നോ പറഞ്ഞില്ല. ഹോസ്റ്റലിലും കോളേജിലുമൊക്കെ അവതരിപ്പിക്കപ്പെട്ട നാടകങ്ങളിൽ പ്രധാന കഥാപാത്രമായിരുന്നു ഞാൻ. അഭിനയം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ജീവിതത്തിലും അഭിനയമുണ്ടോ എന്ന് സിസ്റ്റർ എൽസിയുസ് ഒരിക്കൽ ചോദിച്ചത് മറക്കില്ല.
ഒരു വർഷം എത്ര പെട്ടെന്നാണ് കടന്നുപോയത്. സ്റ്റഡി ലീവായി. മോളിക്ക് ഒരു അഡ്മിഷൻ. ഞാനെന്താണ് ചെയ്യേണ്ടത്?. ആരെയാണ് സമീപിക്കേണ്ടത്? മലയാള ത്തിന്റെ അധ്യാപികയായ സിസ്റ്റർ എൽസിയൂസിന്റെ മുൻപിലാണ് ആദ്യം അവതരിപ്പിച്ചത്. സിസ്റ്റർ കൈ മലർത്തി. "മിനി തന്നെ പ്രിൻസിപ്പാളിനോട് പറയൂ "
സിസ്റ്റർ ഫിലിപ്പ് നേരിയെ എനിക്ക് പേടിയും ബഹുമാനവുമാണ്. എത്ര ദിവസങ്ങൾ ആ ഓഫീസിന്റെ മുൻപിലൂടെ പഠിക്കാനെന്ന ഭാവത്തിൽ നടന്നെന്ന് ഓർമ്മയില്ല. പറയാനുള്ള ധയിര്യം തരണേ എന്ന് പ്രാർത്ഥിച്ചു. ദിവസങ്ങൾ കൊഴിയുകയാണ്. എന്റെ മോളിക്ക് വേണ്ടി ഒന്നും ചെയ്യാനായില്ലെങ്കിൽ ഞാനെന്തിനാണ് ഇങ്ങോട്ട് പോന്നത്. സ്റ്റഡി ലീവ് തീരാൻ ഒരാഴ്ച ബാക്കി.
കോളേജിലെ ആനുവേഴ്സറിയുടെ ഫോട്ടോ സിസ്റ്ററിനെ കാണിക്കാനായി ഞാൻ ഓഫീസിലേക്ക് കയറി. ഫോട്ടോ കണ്ടുകൊണ്ടിരിക്കുകയാണ് സിസ്റ്റർ. വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി നിന്നു. സിസ്റ്ററിന്റെ മുഖത്തെ ഗൗരവം അയയുന്നത് മനസ്സിലാക്കി രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു
"സിസ്റ്റർ അഡ്മിഷനൊക്കെ തീരാറായോ? "
"ആയി വരുന്നു. എന്തേ? "
ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു. എന്റെ ശബ്‌ദം ഇടറി. കണ്ണുകൾ നിറഞ്ഞു. മോളിയുടെ അവസ്ഥകളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമൊക്കെ സിസ്റ്റർ ചോദിച്ചു. വിവരങ്ങളൊക്കെ എഴുതി വെച്ചു.
"നോക്കാം മിനിമോൾ "
സിസ്റ്റർ തെളിഞ്ഞു ചിരിച്ചു
ആശ്വാസത്തോടെ ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങി. ബി എഡ് കോളേജിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു അത്. ഞാനെന്റെ ലക്ഷ്യം നേടിയിരിക്കുന്നു.
ബി എഡ് ന്റെ റിസൾട്ട് വരുന്നതിനു മുൻപേ എന്റെ വിവാഹമുറപ്പിച്ചു. മോളിക്കുള്ള ഇന്റർവ്യൂ കാർഡ് എന്റെ പേരിലാണ് വന്നത്. കല്യാണക്കുറിയും ഇന്റർവ്യൂ കാർഡുമായി ഞാൻ മോളിയുടെ വീട്ടിലെത്തി. ആ ചിരിയും സന്തോഷവും....
എനിക്ക് തിരിച്ചു എസ് ബി കോളേജിലേക്ക് പോകാനായില്ല. ബി എഡ് പഠനം എന്റെ ജീവിതത്തിലെ സൗഭാഗ്യമായി. വഴിത്തിരിവായി
എന്നെക്കാളധികം സെന്റ് ജോസഫ് സ് ട്രെയിനിങ് കോളേജ് മോളിയെ സ്നേഹിച്ചു. അവരുടെ തണലിൽ മോളി വളർന്നു. എന്നെക്കാളേറെ. ആ സ്നേഹസ്വരം ഇടയ്ക്കിടെ എന്നെ തേടിയെത്തും. മിനിമോളെ.. എന്ന വിളിയുടെ ഈണം പോലും മാറിയിട്ടില്ല.
പരസ്പരം കൊണ്ടും കൊടുത്തും നേടുന്ന സൗഭാഗ്യങ്ങൾ എത്ര കാലം കഴിഞ്ഞാലും കനലായി കിടക്കും. മനസ്സ് തളരുമ്പോൾ കത്തിജ്വലിക്കും.
പ്രിയപ്പെട്ട മോളി അതിരുകളില്ലാത്ത ആ നിഷ്കളങ്കസ്നേഹം എന്റെ വലിയ സമ്പാദ്യങ്ങളിലൊന്നാണ്.
12.
'എന്റെ പ്രണയസങ്കല്പങ്ങൾ '
കഴിഞ്ഞ ദിവസം റെജി സാർ പറഞ്ഞു എന്റെ ഭർത്താവിനെ കണ്ടാൽ പട്ടാളത്തിലെ മേജറെപ്പോലുണ്ടെന്ന്. പിന്നെ കുസൃതിയോടെ ഒന്നുകൂടി ചോദിച്ചു "എന്താ ടീച്ചർ നിങ്ങളുടെ പ്രണയത്തെപ്പറ്റി എഴുതാത്തത് "
ഞങ്ങളുടെ ജീവിതത്തെപ്പറ്റി എഴുതാം. അതിൽ പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടാകും... ഉണ്ടാകാതിരിക്കില്ല.
1987ജൂലൈ 5.ഒരു നനഞ്ഞ പ്രഭാതമായിരുന്നു
അത്. പള്ളിയിൽ വിവാഹം നടക്കുമ്പോൾ പുറത്ത് കോരിച്ചൊരിയുന്ന മഴ.
ഞങ്ങളുടെ വിവാഹം ആശിർ വദിച്ചത് തോമസ് പ്രഥമൻ കത്തോലിക്കാ ബാവയാണ് (അന്ന് ബാവ ആയിട്ടില്ല ). വിവാഹം കഴിഞ്ഞു തെളിഞ്ഞ അന്തരീക്ഷത്തിലേക്കാണ് ഇറങ്ങിയത്. സൂട്ടും കോട്ടുമിട്ട വരനെ ഇടക്കൊക്കെ പ്രണയത്തോടെ ഞാൻ ഒളിഞ്ഞു നോക്കി എന്ന് പറഞ്ഞ് കളിയാക്കാറുണ്ട് ഭർത്താവിന്റെ വീട്ടുകാർ. ക്യാമറയുടെയും വീഡിയോയുടെയുമൊക്കെ മുൻപിൽ ഡീസെന്ററായി നിൽക്കണം എന്നൊക്കെ പഠിച്ചത് പിന്നീടല്ലേ. കാണാൻ വന്ന് രണ്ടാഴ്ച്ച ക്കു ശേഷമായിരുന്നു കല്യാണം. രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോൾ ഭർത്താവ് വിദേശത്തേക്ക് പറന്നു. മസ്കറ്റിൽ ഓയൽ കമ്പനിയിൽ ആയിരുന്നു അദ്ദേഹത്തിന് ജോലി. മൂന്നു മാസം കൂടുമ്പോൾ ഒന്നര മാസത്തെ ലീവുണ്ട്. കരഞ്ഞു തളരേണ്ട കാര്യമൊന്നുമില്ല. ഒരു കഥ എഴുതുന്ന സൂക്ഷ്മതയോടെ വടിവൊത്ത അക്ഷരത്തിൽ ഞാൻ പ്രണയലേഖനങ്ങൾ എഴുതി. അത് വായിച്ച് ചേട്ടൻ പുളകം കൊള്ളു ന്നതും മറുവാക്ക് ഒരുക്കുന്നതുമൊക്കെ സങ്കൽപ്പിച്ചു ആനന്ദിച്ചു.
കാത്തു കാത്തിരുന്നു വന്ന ആ കത്ത് എന്റെ പ്രതീക്ഷകൾക്കുമൊക്കെ അപ്പുറത്തായിരുന്നു. തേൻ പുരണ്ട സംബോധനയിൽ തുടങ്ങുന്നു. പിന്നെ പ്രാരാബ്ധക്കെട്ടുകളാണ്. ചെയ്യേണ്ട കാര്യങ്ങൾ അക്കമിട്ട് എഴുതിയിരിക്കുന്നു. റബ്ബർ വെട്ടുന്നതിനെക്കുറിച്ചു... തെങ്ങിന് വളമിടുന്നതിനെക്കുറിച്ചു.... പെങ്ങളുടെ കല്യാണാലോചനയെപ്പറ്റി..
അവസാനം പുതുപെണ്ണല്ലേ എന്ത് വിചാരിക്കും എന്ന ചിന്തയോടെ പ്രണയകുളിരുള്ള ഒന്നോ രണ്ടോ വാചകങ്ങൾ.
വടിവൊത്ത രൂപം പോലെ തന്നെ വടിവില്ലാത്ത അക്ഷരങ്ങളും എനിക്ക് പ്രിയമായിരുന്നു. ആ കത്തുകളൊക്കെ സൂക്ഷിച്ചുവെച്ചു വീണ്ടും വീണ്ടും വായിച്ചു. പല നിറത്തിലുള്ള ലെറ്റർ പാഡുകളിലൂടെ വിരലോടിച്ചു. വാക്കുകൾക്കപ്പുറത്തെ പ്രണയം തിരിച്ചറിയുകയായിരുന്നു ഞാൻ.
ഇരുപത്തിരണ്ടാം വയസ്സിൽ കുടുംബഭാരം തലയിലേറ്റിയ ആളാണ്. വളരെ മോശമായ അവസ്ഥയിൽ നിന്ന് പടി പടിയായി ഉയർന്ന കുടുംബം. കളിച്ചു നടക്കേണ്ട പ്രായത്തിൽ എല്ലാഭാരങ്ങളും ചുമക്കേണ്ടിവന്നതിന്റെ അസഹിഷ്ണുത അദ്ദേഹത്തിന്റെ സ്വഭാവത്തെ സ്വാധിനിച്ചിരിക്കാം. പെട്രോളിന് വില കുറഞ്ഞപ്പോൾ ലോങ് ലീവിൽ നാട്ടിലെത്തി.സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം ചേർത്ത് വീഡിയോ കാസറ്റ് ലൈബ്രറിയാണ് ആദ്യം തുടങ്ങിയത്. വീഡിയോ ഷൂട്ടിങ്ങും ഉണ്ടായിരുന്നു. തൊടുന്നതെല്ലാം പൊന്നാക്കാനുള്ള കഴിവ്, ചെയ്യുന്ന ജോലിയോടുള്ള തീവ്രമായ ആത്മാർത്ഥത. ഇത് രണ്ടുമാകാം അദ്ദേഹത്തിന്റെ ഉയർച്ചക്കുള്ള കാരണങ്ങൾ. വിവാഹം കഴിഞ്ഞ് നാലാം ദിവസം കല്ലിട്ട ഒരു പുരയിടമുണ്ട് റോഡരികിൽ. അവിടെ മനോഹരമായ ഒരു വീട്. അതായിരുന്നു ആദ്യ ലക്ഷ്യം. വിവാഹത്തിന് മുൻപേ പ്ലാനൊക്കെ തയ്യാറാക്കി വെച്ചിരുന്നു. മുവാറ്റുപുഴയിൽ ഒരു വാടകവീട് തരമാക്കി. വലിയ സൗകര്യങ്ങളൊന്നുമില്ല എങ്കിലും സ്വർഗമായിരുന്നു
അവിടെ. രണ്ടുനിലവീട്ടിലും
മൂന്നുനിലവീട്ടിലും കിട്ടാതിരുന്ന ശാന്തിയും സന്തോഷവും അവിടെ കിട്ടിയിരുന്നു. ഞാനും കുഞ്ഞുഫ്രഡിയും എല്ലാം ഒരുക്കിവെച്ചു ഉച്ചക്ക് ഉണ്ണാൻ വരുന്ന അപ്പയെ കാത്തിരുന്നതോർക്കുന്നു. പാചകത്തിൽ പുതിയ പുതിയ പരീക്ഷണങ്ങൾ. ശരിക്കും ഒരു വീട്ടമ്മയായി ജീവിച്ചത് അവിടെയാണ്. മനസ്സ്കൊണ്ട് ഏറ്റവും അടുത്തു നിന്ന കാലം. വിവാഹ വാർഷികത്തിന് ഒരു സമ്മാനം പതിവുണ്ട്. വീടുപണി നടക്കുന്ന സമയമായതുകൊണ്ട് പൈസക്കൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. ആ വർഷം സമ്മാനം വാങ്ങാതിരിക്കാൻ ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി. എന്നിട്ടും പതിവ് തെറ്റിക്കാതെ ഒരു സിൽക്ക് സാരിയുമായി വന്നതോർക്കുന്നു. മജന്ത ബോർഡറുള്ള ഒരു തെളിഞ്ഞ പച്ചസാരി. പിൽക്കാലത്തു് വിലകൂടിയ ധാരാളം സാരികൾ ലഭിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്ന എന്തും സ്വന്തമാക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് ഉയർന്നിട്ടുണ്ട്. ആ പച്ചസാരിയുടെയും അത് സമ്മാനിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ ചെറുപുഞ്ചിരിയുടെയും വില മറ്റൊന്നിനുമില്ല.
കരുതൽ, സ്നേഹം, ഒരു കാര്യത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന നിർബന്ധം. ഇതൊക്കെ ഏത് ഭാര്യയും ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്. അതിന്റെയൊക്കെ അപ്പുറത്ത് വേറൊന്നുകൂടിയില്ലേ? മനസ്സ് തുറന്ന് സംസാരിക്കുന്ന ശീലം ചേട്ടന് ഒരിക്കലുമുണ്ടായിരുന്നില്ല. എന്താണ് ചിന്തിക്കുന്നതെന്ന് ഒരിക്കലും അറിയാൻ പറ്റില്ല. എന്റെ കൊച്ചു കൊച്ചു മോഹങ്ങളും സങ്കല്പങ്ങളുമൊന്നും സഫലമായില്ല. ഞാൻ ചിലപ്പോഴൊക്കെ പറയും ചേട്ടൻ ഒട്ടും റൊമാന്റിക് അല്ലെന്ന്. മരം ചുറ്റി പ്രേമം കൊതിക്കുന്ന പെണ്ണ് എന്ന് പറഞ്ഞ് കളിയാക്കും അപ്പോൾ. ഒരു സംഭവം ഓർമ്മ വരുന്നു.
ഒരു സർട്ടിഫിക്കറ്റ് വാങ്ങാനായി തിരുവനന്തപുരത്തിന് പോകുകയാണ്. ട്രെയിനിലാണ് യാത്ര.വിവാഹം കഴിഞ്ഞിട്ട് അധികമായില്ല. ട്രെയിൻ യാത്ര എനിക്ക് പുതുമയാണ്. അതിന്റെ ത്രില്ലുണ്ട് മനസ്സിൽ. ഭർത്താവിനെ മുട്ടിയുരുമ്മി തിരുവനന്തപുരം വരെ... എന്ത് രസമായിരിക്കും. റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറേയധികം മാസികകളും കോമിക് ബുക്കുകളും വാങ്ങി. കൗതുകത്തോടെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. ചേട്ടൻ വായനയിലാണ്. ട്രെയിനിൽ ആഹാരസാധനങ്ങൾ കൊണ്ടുവരുമ്പോൾ "വേണോ "എന്ന് ചോദിക്കാൻ മാത്രമാണ് മുഖമുയർത്തുന്നത്. ചേട്ടനോട് ചേർന്നിരുന്നുകൊണ്ട് പുറത്തെ കാഴ്ചകൾ കാണാൻ... മനസ്സിലെ കൊച്ചു കൊച്ചു കൗതുകങ്ങൾ പങ്കുവെക്കാൻ... ഉറക്കം വരുമ്പോൾ ആ മടിയിൽ ചുരുണ്ടു കൂടാൻ...
ഞങ്ങൾ മാത്രമുള്ള യാത്രകൾ എന്നും ഇങ്ങനെയൊക്കെത്തന്നെ യായിരുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലുമൊക്കെ കൂടെയുണ്ടാവുന്നതാണ് എനിക്കിഷ്ടം. മറ്റുള്ളവരോട് രസകരമായി സംസാരിക്കും. തമാശകളും.. പൊട്ടിച്ചിരികളും... അനുഭവങ്ങളും..
എനിക്കും ആസ്വദിക്കാലോ.
പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവം ഒത്തിരി ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ
ദേഷ്യപ്പെടും. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബ് കൈയ്യിൽ പിടിച്ച് നടക്കുന്നതുപോലെയാണ് പലപ്പോഴും. കൂട്ടുകാരോട് രസകരമായി ചിലതൊക്കെ അവതരിപ്പിക്കാറുണ്ട്. അവരോടൊപ്പം പൊട്ടിച്ചിരിക്കുമ്പോൾ ആ ഓർമ്മകൾക്ക് പുറകിലെ കണ്ണുനീർ ഉണങ്ങിയ പാടുകൾ എന്നെ പിന്തിരിഞ്ഞു നോക്കാറുണ്ട്
ഒന്നു രണ്ട് സംഭവങ്ങൾ പങ്കു വെക്കാം
പഴയ വീട്ടിൽ വെച്ചാണ്. ഏതോ കല്യാണ കാസറ്റ് എഡിറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വി സി ആറിനു എന്തോ തകരാറ്. ശരിയാക്കിക്കൊണ്ടിരുന്നപ്പോൾ കറൻറ് പോയി. ടോർച്ചടിച്ചു ശരിയാക്കാനായി പിന്നത്തെ ശ്രമം. കറന്റ് വരട്ടെ എന്ന് പറഞ്ഞ് നോക്കി. കാത്തിരിക്കാനുള്ള ക്ഷമ ഒട്ടുമില്ലാത്ത ആളാണ്. എല്ലാം ആ നിമിഷം തന്നെ വേണം. ഭാഗ്യദോഷത്തിന് ടോർച്ചിന് ചാർജ് ഇല്ലായിരുന്നു.
"ആവശ്യപ്പെടുമ്പോൾ ഇതിന് ചാർജ് കാണില്ല "എന്ന് പറഞ്ഞ് സർവ്വശക്തിയോടെ നിലത്തേക്കെറിഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല. അടുക്കളയിൽ അരിപ്പെട്ടിയുടെ മുകളിൽ ഇരുന്ന് കരഞ്ഞു. വിദേശത്തുനിന്നു കൊണ്ടുവന്ന ടോർച്ചാണ് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഇനി അങ്ങനെ ഒരു ടോർച്ചു...
കറന്റ് വന്നു. ഞാൻ അവിടെത്തന്നെയിരുന്നു.
"മിനി. ഒരു ചൂലെടുത്തോ. ഇത് അടിച്ചു വാരി കളയാം"
ചേട്ടൻ ഡ്രോയിങ് റൂമിൽ നിന്നും വിളിച്ചു പറഞ്ഞു.
എറണാകുളത്തു മൂല്യനിർണയക്യാമ്പ് നടക്കുകയാണ്. രാവിലെ പോകണം. വൈകിട്ട് വരുമ്പോൾ വൈകും. മഴയുള്ള സമയം. യാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ നല്ല ക്ഷീണമാണ്. പതിവ് സമയത്ത് തന്നെ അന്നും വന്നു. പുതുമുഖത്തു ആളെ കാണുന്നില്ല. എന്തു പറ്റി? ഞാൻ അകത്തേക്ക് കയറി. ദിവാൻകോട്ടിൽ നീണ്ട് കിടപ്പുണ്ട്. മുഖത്ത് പതിവില്ലാത്ത ഗൗരവം. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്തോ ഒരു വശപ്പിശക്. പെട്ടെന്ന് ഞാൻ ഞെട്ടലോടെ മനസ്സിലാക്കി
ഒരു ബർമുഡയാണ് ഇട്ടിരിക്കുന്നത്. അന്നൊക്കെ അതൊരു ഫാഷൻ ആയിട്ടില്ല. ഒരിക്കലും അങ്ങനെ നടന്നിട്ടുമില്ല.
"ഇതെന്താ ചേട്ടാ ഇങ്ങനെ? മുണ്ട് എവിടെ? "അങ്കലാപ്പോടെ ഞാൻ ചോദിച്ചു
"മുണ്ട് വേണ്ടേ "മുഖത്ത് ദേഷ്യം ഇരമ്പുന്നു.
ഡ്രസ്സ് പോലും മാറാതെ ഞാൻ ഓടി മുണ്ട് തപ്പാൻ. ഒന്നുരണ്ടെണ്ണം അലക്കിയിട്ടില്ല. അലക്കിയത് ഉണങ്ങിയിട്ടില്ല. നല്ല മുണ്ടുകൾ ധാരാളമുണ്ട് അലമാരയിൽ. ഒരെണ്ണം എടുത്ത് ഉടുത്തുകൂടെ.? ആരോട് ചോദിക്കാൻ. ഉണങ്ങിത്തുടങ്ങിയ ഒരു മുണ്ട് തേച്ചു കൊടുത്തു. ഉടുത്തില്ല അന്ന് മുഴുവൻ ആ ബർമുഡ ഇട്ട് നടന്നു. വിട്ടുവീഴ്ചാ മനോഭാവം ഒരിക്കലും കണ്ടിട്ടില്ല. ഭക്ഷണസാധനങ്ങലാണെങ്കിലും സമയത്ത് കൊടുക്കാൻ മറന്നാൽ പിന്നെ എത്ര നിർബന്ധിച്ചാലും കഴിക്കില്ല. ചേട്ടന്റെ മുൻപിൽ ചോറും കറികളും നിരത്തുമ്പോൾ ഇപ്പോഴും പേടിയാണ്. നന്നായില്ലെങ്കിൽ പൊട്ടിത്തെറിക്കും. കഴിക്കാതെ എഴുന്നേറ്റു പോകും. ഞാനാണ് ശരി. ഞാൻ മാത്രമാണ് ശരി എന്നാണ് വിചാരം. മറ്റുള്ളവരുടെ വ്യക്തിത്വ ത്തിനോ, ഇഷ്ടനിഷ്ടങ്ങൾക്കോ, ന്യായങ്ങൾക്കോ ഒരു വിലയും കല്പിക്കാറില്ല. എന്തു പറഞ്ഞാലും സമ്മതിക്കുക. സമാധാനത്തിനുള്ള മാർഗ്ഗം അത് മാത്രമാണ്. എഴുത്തു.. വായന... ഒക്കെ വിവാഹത്തിന് ശേഷം നിന്നുപോയി. സന്തോഷമുള്ള മുഖത്തോടെ എപ്പോഴും ഞാൻ ആ കണ്മുൻപിൽ തന്നെ വേണം. എവിടെപ്പോയാലും നന്നായി ഒരുങ്ങി പോകുന്നതാണ് ഇഷ്ടം. സത്യത്തിൽ കടുത്ത നിറങ്ങളെ സ്നേഹിച്ചു തുടങ്ങിയത് വിവാഹശേഷമാണ്. മുഖത്തെ വിഷാദഭാവം മാറ്റി എപ്പോഴും ചിരിക്കാൻ പഠിച്ചതും.
എന്റെ കണ്ണ് നിറയാൻ ഭർത്താവ് സമ്മതിച്ചിട്ടില്ല എന്ന് വേണമെങ്കിൽ വീര്യം പറയാം. കണ്ണുനീർ കാണുന്നതാണ് ഏറ്റവും ദേഷ്യം. പലപ്പോഴും കരയാൻ കൊതിച്ചിട്ടുണ്ട്. ആരും കാണാതെ കരഞ്ഞു സങ്കടം തീർത്തിട്ടുണ്ട്. കരയുമ്പോൾ ആശ്വസിപ്പിക്കുന്ന ഭർത്താവിനെ സ്വപ്നം കാണാത്ത പെണ്ണുങ്ങൾ ഉണ്ടോ? എന്തായാലും തൊട്ടാവാടിയായിരുന്ന ഞാൻ ആകെ മാറി. ഭർത്താവിനും മക്കൾക്കും വേണ്ടി എന്നെ ട്യൂൺ ചെയ്ത് വെച്ചു. എനിക്ക് സ്വന്തമായ ഒരിടം ഒരിക്കലും കിട്ടിയില്ല എന്നത് പരമമായ സത്യം.
വാടകവീട്ടിൽ താമസിക്കുന്ന സമയത്താണ് എനിക്ക് കാടായിരുപ്പ് സെന്റ് പീറ്റേഴ്സ് പുബ്ലിക്ക് സ്കൂളിൽ ജോലി കിട്ടിയത്. ഫ്രെഡി മോനെ എന്റെ വീട്ടിലാക്കി.ഷീമോൾ ചിറ്റ അവന് അമ്മയായി. അവന്റെ ഓർമ്മകൾ തുടങ്ങുന്നത് അവിടെയാണ്. ചിറ്റയുടെ സ്നേഹവും ചിറ്റ തന്ന ഡയറിമിൽക്കുമൊക്കെയാണ് മനസ്സിൽ. ആഴ്ചയിൽ ഒരിക്കൽ വരുന്ന വിരുന്നുകാരുടെ സ്ഥാനമായിരുന്നു ഞങ്ങൾക്ക്. നല്ല തിരക്കുള്ള സമയം. അന്ന് ഞങ്ങൾക്ക് ഒരു വെള്ള വെസ്പ സ്കൂട്ടർ ആണ്. അതിന്റെ പുറകിലെ യാത്ര നന്നായി ആസ്വദിച്ചിരുന്നു. സത്യത്തിൽ കാറിനേക്കാൾ നല്ലത് സ്കൂട്ടർ തന്നെയല്ലേ? മുന്തിയ കാറുകളിലെ ഭാവങ്ങൾ യഥാർത്ഥമല്ല. സുഖവും പ്രൗഡിയും മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രത. മക്കളെ നെഞ്ചോടു ചേർത്തിരുത്തി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദമ്പതിമാരെ കാണുമ്പോൾ അവരുടെ കരുതലും സ്നേഹവും മഴയായി വന്ന് എന്നെ തൊടാറുണ്ട്. മുന്തിയ കാറിലിരുന്ന് അസൂയയോടെ ഞാനവരെ തിരിഞ്ഞു നോക്കും.
ഞങ്ങൾ ആദ്യമായി വാങ്ങിയ കാർ ഒരു വെള്ള അമ്പാസിഡർ ആണ്. ഞാൻ തർബിയത്തിലും കുട്ടികൾ നിർമ്മലയിലുമുള്ള കാലം. വൈകിട്ട് കാറുമായി ഞങ്ങളെ കൂട്ടാൻ വന്നതോർക്കുന്നു. പുതിയതല്ലെങ്കിലും നല്ല കലയുള്ള കാർ. അതിൽ ആദ്യമായി കയറിയിരുന്നപ്പോഴുള്ള സന്തോഷം. ചിരി അമർത്തിപ്പിടിക്കാൻ പാടുപെട്ടു. കുട്ടികൾ ചിരിച്ചുകൊണ്ടേയിരുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വന്തം കാറിലാണ് സഞ്ചരിക്കുന്നത് എന്ന ഓർമ്മ. എത്ര ദിവസം സന്തോഷം കൊണ്ട് ഉറങ്ങാതിരുന്നു. ഞാനും കുട്ടികളും വർഷങ്ങളോളം അതിലാണ് യാത്ര ചെയ്തത്. രാവിലെയും വൈകുന്നേരവും കൃത്യസമയത്തു ഓടുന്ന കാർ. പിൽക്കാലത്തു് പലരും ആ കാറിന്റെ കൃത്യതയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.
സ്കൂളിലെ അധ്യാപകർ മൊബൈൽ ജയിൽ എന്നാണ് ഞങ്ങളുടെ കാറിനെ വിളിക്കുക. എനിക്കോ കുട്ടികൾക്കോ ഒരു കുസൃതികൾക്കും ഇടം തന്നില്ല. കൂട്ടുകാരുടെ കൂടെ ഒരു ഷോപ്പിംഗ്. ഒരു കറക്കം. ഇതൊക്കെ ആരാണ് ആഗ്രഹിക്കാത്തത്. "ഞങ്ങൾക്ക് ബസ്സിൽ പോകണം "എന്ന് വാശി പിടിച്ച് കരഞ്ഞിട്ടുണ്ട് ഫ്രെഡിയും ബെർളിയും. സർവീസ് കാലം മുഴുവൻ ആരോഗ്യത്തോടെ ഇരുന്നതിന്റെ ഒരു കാരണം ക്ലേശമില്ലാത്ത യാത്ര തന്നെയാണ്. പക്ഷെ അഞ്ചു മിനിറ്റ് വൈകിയതിന്റെ പേരിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറി കാത്തു നിന്നതിന്റെ പേരിലും ബാഗിൽ കിടക്കുന്ന മൊബൈലിന്റെ ശബ്‌ദം കേൾക്കാതിരുന്നതിന്റെ പേരിലുമൊക്കെ ഒത്തിരി വഴക്ക് കേട്ടിട്ടുണ്ട്.അപ്പോഴൊക്കെ കണ്ണുനീരിനെ നിയന്ത്രിക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ. ബസ്സാണ് ഭേദം എന്ന് നുറ് വട്ടം തോന്നിയിട്ടുള്ള സന്ദർഭങ്ങൾ.
ഒരു പട്ടാളക്കാരനാവാനാ യിരുന്നു ഇഷ്ടം. രൂപം മാത്രമല്ല സ്വഭാവവും പട്ടാളക്കാരന്റെ തന്നെയാണെന്ന് ഞാൻ പറയാറുണ്ട്. സ്വതവേ അടുക്കും ചിട്ടയുമുള്ള എനിക്ക് പോലും പൊരുത്തപ്പെട്ടു പോകാൻ വിഷമം തോന്നിയിട്ടുണ്ട്. എല്ലാ കാര്യത്തെക്കുറിച്ചും കാഴ്ചപ്പാടുകളുണ്ട്. മക്കളാണെങ്കിലും ഭാര്യ യാണെങ്കിലും അതിനെ വിമർശിക്കുന്നത് ഇഷ്ടമല്ല. എന്നാലും സുഖത്തിലും സന്തോഷത്തിലും എപ്പോഴും കുടുംബത്തെ കൂടെ നിർത്തി. തനിച്ച് ഒരു സിനിമയ്ക്കു പോലും പോയിട്ടില്ല. അമ്മ വീട്ടിലിരുന്നാൽ നമ്മുടെ ബിസ്സിനസ്സൊക്കെ നഷ്ടത്തിലാകും എന്ന് പറഞ്ഞു ഫ്രെഡി കളിയാക്കാറുണ്ട്. 'അപ്പയും വീട്ടിലിരിക്കും 'എന്നാണ് അവൻ അർത്ഥ മാക്കുന്നത്.
രാമായണത്തിൽ ഒരു രംഗമുണ്ട്.'സ്വയംവരം കഴിഞ്ഞ് രാമനും സീതയും വസിഷ്‌ഠാശ്രമത്തിലെത്തിയപ്പോൾ അനസൂയ സീതയെ ആടയാഭരണങ്ങൾ അണിയിച്ചു രാമന്റെ അടുത്തിരുത്തി ചന്തം കണ്ട് നിർവൃതികൊണ്ടു '
ഞാനെന്റെ പെണ്മക്കളെ അങ്ങനെ ചേർത്തിരുത്തി ചന്തം കാണാറുണ്ട്. അവരുടെ കണ്ണുകളിലെ പ്രണയവർണ്ണങ്ങൾ കണ്ട് സന്തോഷിക്കാറുണ്ട്.
എന്റെ മനസ്സിലും പ്രണയം വറ്റിയിട്ടില്ല. വൈലോപ്പിള്ളിയുടെ ഊഞ്ഞാലിൽ എന്ന കവിത എത്ര മനോഹരമാണ്. വാർധക്ക്യത്തിന്റെ പൂമുഖപടിയിൽ ഞാൻ കാത്തിരിക്കുകയാണ്. ജീവിതത്തിന്റെ ഈ വേഗതയൊക്കെ തീരുമ്പോൾ എന്റെ പ്രണയം സ്വീകരിക്കാൻ വരും. അന്ന് ആ മുഖത്ത് നോക്കി മനോഹരമായി പുഞ്ചിരിക്കണം. ആ കൈകളിൽ തൂങ്ങി കിലുക്കാംപെട്ടിയെപ്പോലെ ചിരിക്കണം. കടലിലെ തിരകളെണ്ണിക്കൊണ്ടു ആ തോളത്തു ചാരി ഒരുപാട് നേരം ഇരിക്കണം.
വരും...
വരാതിരിക്കില്ല....
നടന്ന് നടന്ന് ഞാനെന്റെ കൊച്ചു കുളത്തിനരികിൽ എത്തിയിരിക്കുന്നു.
റെജി മാഷേ... ചുണ്ടയുമായി മാറിത്തരൂ..
ഞാൻ പോകട്ടെ.
അവിടെ ഞാൻ വളർത്തുന്ന ചെടികൾ...
പെറ്റു വളർത്തിയതുപോലെ കുറെ കോഴിക്കുഞ്ഞുങ്ങൾ.... .
ഫ്രെഡി നട്ടുവളർത്തി എന്നെ ഏൽപ്പിച്ചിട്ടുപോയ ഫലവൃക്ഷങ്ങൾ... .
പാടത്തു ഭർത്താവ് ഓമനിച്ചു പരിപാലിക്കുന്ന പച്ചക്കറികൾ...
പിന്നെ മുടങ്ങാതെ എന്നെ തേടിയെത്തുന്ന പെണ്മക്കളുടെ കിളിനാദങ്ങളുമുണ്ട്...
നിറമുള്ള ഓർമ്മകൾ തന്ന സുരക്ഷിതത്വത്തിൽ ഞാൻ സ്വസ്ഥമായിരിക്കട്ടെ.. 🙏🙏🙏🙏🙏🙏🙏🙏🙏
(ശുഭം )