2022, മാർച്ച് 18, വെള്ളിയാഴ്‌ച

ശസ്ത്രക്രിയ

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരം വയലാർ അവാർഡ് എന്നിവ ലഭിച്ചിട്ടുള്ള  എഴുത്തുകാരനാണ് കെ പി രാമനുണ്ണി .വിധാതാ വിൻറെ ചിരി, സൂഫി പറഞ്ഞ കഥ ,  ദൈവത്തിൻറെ പുസ്തകം തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ പ്രധാന കൃതികൾ .സൂഫി പറഞ്ഞ കഥ എന്ന നോവൽ സിനിമയാക്കിയിട്ടുണ്ട്.

മധ്യവയസ്കനായ  ഒരാൾക്ക് അയാളുടെ അമ്മയുമായുള്ള തീവ്രമായ വൈകാരിക ബന്ധത്തിൻറെ ആഖ്യാനമാണ് ശസ്ത്രക്രിയ എന്ന കഥ . ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷൻ തീരുമാനിച്ചതോടുകൂടി അമ്മ മകനോട് വിചിത്രമായ രീതിയിൽ പെരുമാറാൻ തുടങ്ങുന്നു.
അവർ ഇമവെട്ടാതെ മകനെ ദീർഘനേരം നോക്കി നിൽക്കുന്നു.കുളിച്ചു വരുന്ന മകൻറെ തല വീണ്ടും തുവർത്തി രാസ്നാദിപ്പൊടിയിട്ടു  കൊടുക്കുന്നു.ഭാര്യയോട് അനുവാദം ചോദിച്ചതിനു ശേഷം അയാളെ കൂടെ കിടത്തി ഉറക്കുന്നു.ഉറങ്ങാതെ അയാളുടെ തലയിൽ തടവി കൊണ്ടിരിക്കുന്നു.മകൻറെ തല മടിയിൽവെച്ച് കുട്ടിക്കാലത്തെ കഥകൾ പറഞ്ഞു കൊടുക്കുന്നു.ജനറൽ ഹോസ്പിറ്റലിലെ സീനിയർ സർജനായ മകൻ അയാളുടെ ആറു വയസ്സുള്ള കുട്ടിയെ പോലും ലാളിക്കുന്നത് നിർത്തിയ സമയത്താണ് അമ്മ ഇത്തരത്തിൽ പെരുമാറുന്നത് .
ബാല്യത്തിലേ പിതാവിനെ നഷ്ടപ്പെട്ട അയാളെ അമ്മ  വളരെ കരുതലോടെയാണ് വളർത്തിയത്.അമിത ലാളന കൊണ്ട് മകൻ വഷളാകുമെന്ന് ഭയന്ന് സ്നേഹം പോലും വളരെ പിശുക്കിയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അയാളുടെ വിവാഹശേഷം  മകൻറെ സ്വകാര്യതയിൽ നിന്ന് മന:പൂർവ്വം അകന്നു നിൽക്കുവാനും അവർ ശ്രമിച്ചിരുന്നു.

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം താൻ ജീവിച്ചിരുന്നില്ലെങ്കിലോ എന്ന ചിന്ത അമ്മയെ പിടി കൂടുന്നു.  മകനെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയാണ് ഈ കഥയിൽ ഉള്ളത് . എന്നാൽ അത് മറച്ചുവച്ചാണ് അവർ അവനെ വളർത്തിയത്. തൻറെ അവസാനദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന ചിന്തയിൽ നിന്നും അവർക്ക് രക്ഷപെടാൻ ആവുന്നില്ല. മകൻ മുതിർന്ന ആൾ ആയി എന്ന യാഥാർത്ഥ്യം മറന്ന് ഒരു ഭ്രാന്തിയെ പോലെ അവർ താൻ അത്രയുംകാലം ഒളിപ്പിച്ചുവെച്ച സ്നേഹം പ്രകടിപ്പിക്കുന്നു. തൻറെ ശരീരത്തിൽ തൻറെ മകൻ തന്നെ ശസ്ത്രക്രിയ ചെയ്യണമെന്ന് അവർ വാശി പിടിക്കുന്നു. 

അമ്മയുടെ ഗർഭപാത്രത്തിൽ നിന്നാണ്  ജീവിതം ആരംഭിക്കുന്നത്.
ഒരു അവയവം എന്നതിനുമപ്പുറം ജീവിതത്തിൻറെ ആരംഭം കുറിക്കുന്ന സ്ഥലം എന്നും  തലമുറയിൽ നിന്നും തലമുറയിലേക്കുള്ള തുടർച്ച സംഭവിക്കുന്ന സ്ഥലം എന്നും ഉള്ള പ്രാധാന്യം ആ ശരീരഭാഗത്തിനുണ്ട് . 
വാർദ്ധക്യത്തിനോടടുത്ത മകനെ ബാല്യത്തിലേക്ക് തിരിച്ചു കൊണ്ടു പോകുവാൻ ഉള്ള ഒരു അമ്മയുടെ വിഫലമായ ശ്രമം കഥയെ ഹൃദയസ്പർശിയാക്കി മാറ്റുന്നു.
കാലമെത്രകഴിഞ്ഞാലും അമ്മ മനസ്സിന് മാറ്റമുണ്ടാവില്ല മക്കളെന്നും അമ്മയ്ക്ക് കുട്ടികൾ തന്നെ  , ഒരു ശസ്ത്രക്രിയ ചിലപ്പോൾ ജീവിതത്തിന് വിരാമം ഉണ്ടാക്കിയേക്കാം. ഈ തിരിച്ചറിവ് തന്നെയാണ് പ്രായം മറന്ന് മകനെലാളിക്കാൻ ഈ അമ്മയെ പ്രേരിപ്പിക്കുന്നത്. ബാല്യത്തിന്റെ ഗൃഹാതുരത്വവും മരണ ബോധവും നിറഞ്ഞുനിൽക്കുന്ന കഥയാണ് ശസ്ത്രക്രിയ.   കവിഞ്ഞൊഴുകുന്ന മാതൃ സ്നേഹം വിചിത്രമായെ പെ
രുമാറ്റങ്ങളെ സാധൂകരിക്കുകയും യുക്തിയെ അപ്രസക്തമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ട് എന്ന സത്യം ഈ കഥ വെളിപ്പെടുത്തുന്നു.

2022, മാർച്ച് 16, ബുധനാഴ്‌ച

സംക്രമണം

പ്രശസ്ത കവി ആറ്റൂർ രവിവർമ്മയുടെ കവിതയാണ് സംക്രമണം.തൻറെ ഉള്ളിൽ കുറെ നാളായി ഒരുത്തിയുടെ ജഡം അളിഞ്ഞു നാറുന്നു എന്നു പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. സ്ത്രീ സമൂഹത്തിൽ നേരിടുന്ന ദുരവസ്ഥകൾ ആണ് ഈ അളിഞ്ഞുനാറ്റം.

അറിവ് വെച്ചപ്പോൾ മുതൽ അവൾ കവിയുടെ കണ്ണിലൊരു നൂലട്ട ആയി ഉണ്ട് .
കണ്ണിൻറെ കാഴ്ച തെളിയുന്നതിനായി കണ്ണിൽ ഇടാറുള്ള ചെറിയ വിരയാണ് നൂലട്ട . തലമുറകൾക്ക് ജന്മം നൽകി വളർത്തി വലുതാക്കുന്ന സ്ത്രീ ജന്മങ്ങൾക്ക് നൂലട്ടയുടെ വിലയേ സമൂഹം കല്പിക്കുന്നുള്ളു , കണ്ണുതെളിയുമ്പോൾ അവളെ വേണ്ടെന്നുവയ്ക്കും.

കിടയ്ക്കുക എന്നാൽ കിട്ടുക എന്നാണർഥം അവൾക്ക് ഒരു പെണ്ണിന്റെ തല കിടച്ചു എങ്കിലും 
കണ്ണുകൊണ്ട് ലോകത്തിൻറെ വിശാലത കാണുവാനും കാതു കൊണ്ട് കടലിൻറെ ശബ്ദം കേൾക്കുവാനും അവസരം കിട്ടുകയില്ല. അവൾ വീടിനുള്ളിൽ തളച്ചിടപ്പെടുന്നു.
 അവളുടെ വായ നിശ്ശബ്ദമാക്കപ്പെടുന്നു അവളുടെ ചുണ്ടുകൾ മുറിവിന് വക്കുകളാണ് എന്ന് കവി പറയുന്നു.

അവളുടെ ജോലി സമയം തീരുമ്പോൾ നക്ഷത്രങ്ങൾ പോലും ഉറങ്ങിയിട്ടുണ്ടാവും അവൾ ജോലികളെ കുറിച്ച് ഓർത്ത് പിടഞ്ഞെണീക്കുമ്പോൾ സൂര്യൻ ഉണർന്നിട്ടുണ്ടാവില്ല.
മനുഷ്യവർഗ്ഗം ഏറെ പുരോഗമിച്ചെങ്കിലും സ്ത്രീകളുടെ അവസ്ഥ പഴയതു തന്നെയാണ്.
പലരംഗങ്ങളിലും  പുരോഗമിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും  അവൾ ഇപ്പോഴും  പീഡനം അനുഭവിക്കുന്നു.
ചവിട്ടു കൊണ്ടിട്ടും ഉണരാത്തതുപോലെ തൻറെ  ദുരവസ്ഥ തൻറെ വിധിയാണ് എന്നുള്ള ഒരു വിശ്വാസവും അവൾക്കുണ്ട്.

കുറ്റിച്ചൂലിനും നാറാത്തേപ്പിനും ഒപ്പം ജീവിച്ച് മണ്ണിൽ അടിഞ്ഞുകൂടേണ്ടവളാണ് അവൾ  . 
കവിതയുടെ ആദ്യ പകുതിയിൽ ചരിത്രത്തിൽ സംഭവിച്ചതും ഇപ്പോഴും തുടരുന്നതുമായ സ്ത്രീ ജീവിതത്തിനെ ചുരുങ്ങിയ വാക്കുകളിൽ നൂലട്ട, നാറാത്തേപ്പ്, തുടങ്ങിയ സാദൃശ്യ കല്പനകളിലൂടെ കവി വ്യക്തമാക്കുന്നു ,

രണ്ടാം പകുതിയിൽ കവിക്ക് സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നമാണ് അവതരിപ്പിക്കുന്നത്.

ഒരു യന്ത്രം അഴിച്ചെടുക്കും പോലെ പെണ്ണിന്റെ ആത്മാവ് അഴിച്ചെടുത്ത് വേറൊരു ശരീരത്തിൽ ചേർക്കുമെന്ന് കവി പറയുന്നു. നൂലട്ടപോലെയുള്ള പെണ്ണിൻറെ ഉടലിൽ അല്ല മറിച്ച് ഊരിൽ ഇറങ്ങി വേട്ടയാടുന്ന നരഭുക്കായ കടുവയിൽ ആണ് കവി പെണ്ണിൻറെ ആത്മാവിനെ ചേർക്കുന്നവത് . 
സ്വന്തം കഴിവുകൊണ്ട് ജീവിക്കുന്നവളും ആരുടെയും ഔദാര്യത്തിനു പോകാത്തവളുമായ് പെണ്ണിനെയാണ് കവി സ്വപ്നം കാണുന്നത്.

പെണ്ണിൻറെ നാവ് അഴിച്ചെടുത്ത് ചേർക്കാൻ പോകുന്നത് കൊടിച്ചി പട്ടിയുടെ ഉടലിൽ അല്ല മറിച്ച് വളഞ്ഞ് നിന്ന് വേയാടുന്ന ചെന്നായയിൽ ആണ്.സ്വന്തം അവകാശങ്ങൾക്കായി ഒന്നിച്ചുനിന്ന് ശബ്ദിക്കുന്ന പെണ്ണിനെയാണ് കവി ഉദ്ദേശിക്കുന്നത്.

അവളുടെ വിശപ്പ്  നാടുകളെ ദഹിപ്പിക്കുന്ന കാട്ടുതീയിൽ ചേർക്കും .അവളുടെ വേദന 
ചലവും ചോരയുമൊലിക്കുന്ന സന്ധ്യയിലാണ് ചേർക്കുന്നത്.അവളുടെ ശാപം  വിളനിലങ്ങൾ ഉണക്കുന്ന സൂര്യൻ ആകുമെന്നും അവളുടെ മരണം കവി ഒരു ബലിമൃഗത്തിന്റേതാക്കുന്നു വസൂരിമാല കോർത്ത ആകാശത്തിലെ ബലിമൃഗമാണത്   അതായത് പെണ്ണിന്റെ മരണം ദുരിത കാലത്തിന്റെ അടയാളമാകണം.

  സ്വന്തം തീരുമാനങ്ങളിലും ഇഷ്ടങ്ങളിലും ഉറച്ച് പുരുഷനൊപ്പം ലോകത്തിനെ നയിക്കുന്ന സ്ത്രീജീവിതമാണ് കവി സ്വപ്നം കാണുന്നത്. പെണ്ണിനെ വേട്ടയാടുന്ന  എല്ലാത്തിന്റെയും നാശം കവി ആഗ്രഹിക്കുന്നു.

ദുഃഖവും നിരാശയും നിറഞ്ഞ വേട്ടയാടപ്പെടുന്ന സ്ത്രീജീവിതം കവിയുടെ സ്വപ്നങ്ങളിലേക്ക് സംക്രമിക്കുന്നതിനെക്കുറിച്ചാണ് സംക്രമണം എന്ന കവിത പ്രതിപാദിക്കുന്നത്.

പാഠവിശകലനം - കവളങ്ങാടൻ

2022, മാർച്ച് 6, ഞായറാഴ്‌ച

അനുകമ്പ - ശ്രീനാരായണഗുരു

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ കേരളീയ സമൂഹത്തിനെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ മുന്നിട്ടിറങ്ങിയ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രധാനിയായിരുന്നു ശ്രീനാരായണഗുരു. ജാതിമത ങ്ങൾക്ക് അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചു. ഗുരു രചിച്ച അനുകമ്പാദശകം എന്ന പ്രാർത്ഥനയുടെ  ഭാഗമാണ് പാഠഭാഗം . ഒരു പീഡ എറുമ്പിനു പോലും വരുത്താതിരിക്കാൻ തക്ക അനുകമ്പയും എല്ലായ്പോഴും ഈശ്വരവിശ്വാസവും തനിക്ക് ഉണ്ടാകണമെന്നാണ് ഗുരു പ്രാർത്ഥിക്കുന്നത്.
മനുഷ്യനെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ഉള്ള മഹത്തായ ഒരു ദർശനം വരികളിൽ കാണാൻ കഴിയും. ഉറുമ്പിനെ പോലും ഉപദ്രവിക്കാതെ ഇരിക്കണം എന്ന് പറയുന്ന കവി മനുഷ്യരെ മാത്രമല്ല കാഴ്ചയിൽ ഉൾപ്പെടുത്തുന്നത്.

അരുൾ (കാരുണ്യം) കൊണ്ടാണ് എല്ലാ സന്തോഷങ്ങളും ഉണ്ടാകുന്നത്. കാരുണ്യമില്ലാത്ത മനസ്സാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം.മനസ്സിലെ ഇരുട്ട് (തിന്മ ) കാരുണ്യത്തിനെ ഇല്ലാതെയാകും ഇത് എല്ലാ  ദുരിതങ്ങൾക്കും ഹേതുവായി തീരും.

അരുൾ അൻപ് അനുകമ്പ എന്നീ മൂന്നു വാക്കുകൾക്കും ഒരേ അർത്ഥമാണ് .ഈ അനുകമ്പ ജീവിതമാകുന്ന കടലിനെ തരണം ചെയ്യുവാനുള്ള തോണിയാണ് എന്ന് ഗുരു പറയുന്നു.അരുളുള്ളവനാണു ജീവി എന്ന  നവാക്ഷരി (9 അക്ഷരമുള്ള വാക്ക് ) ഉരുവിടണം. .അതായത് ജീവൻറെ പ്രധാന ലക്ഷണമായി ഗുരു അനുകമ്പയെ കാണുന്നു.

കാരുണ്യമില്ലാത്ത ഒരാൾ അസ്ഥിയും തോലും ഉള്ള നാറുന്ന ഒരു ശരീരം മാത്രമാണെന്നും അയാളുടെ ജീവിതം മരുഭൂമിയിൽ വീണ ജലബിന്ദു പോലെ നിഷ്പ്രയോജനം ആണെന്നും  അയാൾ സുഗന്ധമോ ഫലമോ ഉണ്ടാകാത്ത പുഷ്പം പോലെയാണ് എന്നും ഗുരു പറയുന്നു.

സഹജീവികളോട് കാരുണ്യം ഇല്ലാത്ത ഒരാൾ മനുഷ്യൻ എന്ന്  വിളിക്കുവാൻ യോഗ്യനല്ല എന്നാണ് ഈ വരികളുടെ ആശയം .

ഏതെങ്കിലും പ്രത്യേക മതത്തിന്റെ ഈശ്വരനാമങ്ങൾ ഇവിടെ ഉപയോഗിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ് , മതങ്ങളുടെ പേരിലുള്ള ശത്രുതയും വിവേചനങ്ങളും എതിർത്തയാളായിരുന്നു ശ്രീനാരായണ ഗുരു.

2022, മാർച്ച് 2, ബുധനാഴ്‌ച

പീലിക്കണ്ണുകൾ

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  കവിയാണ് ചെറുശ്ശേരി .കൃഷ്ണൻറെ ബാല്യം മുതലുള്ള കഥ ലളിതമായ ഭാഷയിൽ  താരാട്ടു പാട്ടിൻറെ ഈണത്തിൽ എഴുതിയ കാവ്യമാണ് കൃഷ്ണഗാഥ . ചെറുശ്ശേരിക്കും മുമ്പ്  ഉണ്ടായിരുന്ന പ്രധാന കവികൾ രാമചരിതം എഴുതിയ ചീരാമകവിയും നിരണം കവികളും മണിപ്രവാള കവികളും ആയിരുന്നു. .അവരുടെ കാവ്യങ്ങളിലെ ഭാഷ ഇന്നത്തെ മലയാളവുമായി പൂർണ്ണമായും ചേർന്നു പോകുന്നതല്ല. ഭാഷയുടെ വളർച്ചയുടെ ഘട്ടങ്ങളിലെ കവികളായി ആണ് അവർ കരുതപ്പെടുന്നത്.

അമ്പാടിയിൽ നിന്ന് മധുരയിലെത്തി കംസനെ വധിച്ച് ഉഗ്രസേന മഹാരാജാവിനെ മോചിപ്പിച്ച്  വീണ്ടും രാജാവാക്കുകയും തൻറെ അച്ഛനമ്മമാരെ വീണ്ടെടുക്കുകയും  ചെയ്ത കൃഷ്ണനെ  കാണാൻ വളർത്തച്ഛനായ നന്ദഗോപരും യാദവൻമാരും എത്തിച്ചേരുന്നു . അവർ അമ്പാടിയിലേക്ക് തിരിച്ചുപോകുമ്പോൾ  കൃഷ്ണൻ പറയുന്ന വാക്കുകൾ ആണ് പാഠഭാഗത്തിൽ ഉള്ളത്.
അച്ഛനോടും സുഹൃത്തുക്കളോടും ഉള്ള  സ്നേഹപ്രകടനം എന്നതിലും ഏറെ  അമ്മയോടുള്ള കൃഷ്ണൻറെ  ഇഷ്ടം  സൂചിപ്പിക്കുന്ന വാക്കുകളാണ്  ഈ വരികളെ ആകർഷകമാക്കുന്നത് .

കൃഷ്ണൻ ആദ്യം നന്ദഗോപരോടാണ് യാത്ര പറയുന്നത് , താൻ ഉടനെ അമ്പാടിയിലേക്ക് തിരിച്ചുവരുമെന്നും  സ്വന്തം അച്ഛനമ്മമാരെ കിട്ടി എന്നതുകൊണ്ട് ഇവിടെ ഏറെക്കാലം  പാർക്കുകയില്ല എന്നും  ആറ്റിലും തീയിലും വീഴാതെ തന്നെ പോറ്റിവളർത്തിയ നന്ദഗോപരും യശോദയും ആണ് തൻറെ  സ്വന്തം അച്ഛനമ്മമാർ എന്നും കൃഷ്ണൻ പറയുന്നു. തൻറെ സുഹൃത്തുക്കളോട് കൃഷ്ണൻ യാത്രപറയുമ്പോൾ  കാളിന്ദി തീരത്തെ കാനനം തന്നിലെ കായ്കളെ  തിന്നല്ലോ ഞാൻ വളർന്നു - എന്ന് പറയുന്നുണ്ട് , കൃഷ്ണന്  അമ്പാടിയിലെ കാളിന്ദി തീരവും അവിടുത്തെ ബാല്യകാല കേളികളും സുഹൃത്തുക്കളും ഒരിക്കലും മറക്കാനാവുന്നതല്ല, ധാരാളം കവികൾ കൃഷ്ണൻറെ ബാല്യകാലം വർണിച്ചിട്ടുണ്ട്. 

അമ്മക്ക് കൃഷ്ണൻ വസ്ത്രങ്ങൾ സമ്മാനമായി കൊടുത്തുവിടുന്നു , അമ്മ തരുന്ന പാലും വെണ്ണയും കിട്ടാഞ്ഞ് വേദനയുണ്ടെന്നും . അവ കൊടുത്തുവിടണമെന്നും പറയുന്നു, ചിറ്റാട, കണ്ടിക്കഞ്ചേ
ല , മഞ്ഞൾ മുക്കിയ ചേല തുടങ്ങി കേരളത്തിലെ പഴയ കാല വസ്ത്രങ്ങളെ പറ്റിയുള്ള സൂചന ഇവിടെ കാണാം , യശോദ വെറ്റില തിന്ന് ചൊരുക്കുന്നതും ഓണവില്ലിനെപ്പറ്റിയുള്ള പരാമർശവും കൃഷ്ണഗാഥക്ക് കേരളീയത നൽകുന്നുണ്ട്.
കൃഷ്ണൻ പിള്ളരെ നുള്ളിയതിന് അമ്മ മയിൽപ്പീലി കൊണ്ടടിക്കുന്നതും കൃഷ്ണൻ പിണങ്ങി ഊണിന് ചെല്ലാതിരിക്കുന്നതും അത്യന്തം സാഹിത്യ സുന്ദരമായ ഭാഗങ്ങളാണ്.

നണ്ണി, വാരാതെ , തെണ്ടമായി തുടങ്ങിവ പ്രാചീന പദങ്ങളും പാഠഭാഗത്ത് കാണാം. ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ പ്രധാന നാഴികക്കല്ലു തന്നെയാണ് കൃഷ്ണഗാഥ എന്ന കാവ്യം.

ചരിത്രം - ഡി വിനയചന്ദ്രൻ

ആദ്യമാരും ശ്രദ്ധിച്ചില്ല 
എല്ലാവരും ഉണരുന്നതിനുമുമ്പ് ഗ്രാമത്തിലെ കൊല്ലൻ അവൻറെ ഉലയിൽ തീ ഊതി
ഉലയിൽ തീ ചെമന്നു
ഉലയിൽ കിടന്ന്  കിടന്ന് പകലും

അധ്വാന വർഗ്ഗത്തിൻറെ ഉയർത്തെഴുന്നേൽപ്പിനെ ചിത്രീകരിക്കുന്ന  കവിതയാണ് ഡി വിനയചന്ദ്രന്റെ ചരിത്രം .

മാറ്റങ്ങൾ  പെട്ടെന്നാരും ശ്രദ്ധിച്ചെന്ന് വരികയില്ല . എല്ലാവരും ഉണരുന്നതിനുമുമ്പ് ഉണർന്നത് ഗ്രാമത്തിലെ കൊല്ലൻ ആയിരുന്നു . അവൻറെ ഉലയിൽ കിടന്ന് ഇരുമ്പു ചെമന്നു , ഉലയിൽ കടന്ന് പകലും ചെമന്നു എന്ന് കവി പറഞ്ഞിരിക്കുന്നു . അധ്വാനിക്കുന്ന തൊഴിലാളിയുടെ ഉള്ളിൽ ഉണരുന്ന വിപ്ലവ ബോധമാണ് ആണ് കവി സൂചിപ്പിക്കുന്നത് , ചുവപ്പ് വിപ്ലവത്തിൻറെ നിറം ആണ് , തൊഴിലാളികളുടെ ചിന്തകൾ മാറാൻ തുടങ്ങുമ്പോൾ  കാലം മാറുന്നു. പഴുത്ത ഇരുമ്പിൽ കൂടം തട്ടി ആയിരം രൂപങ്ങൾ വളരുന്നു എന്ന് കവി പറയുന്നു, പണിയെടുക്കുന്നവൻ അവൻറെ ഇല്ലായ്മകളിൽ നിന്ന്  പ്രതികരിച്ചു തുടങ്ങുന്നതും  അവൻറെ മനസ്സിൽ പുതിയ ആശയങ്ങൾ ഉണരുന്നതും  അതിൽനിന്ന് പുതിയ മനുഷ്യർ ഉണ്ടാകുന്നതും  കാലം മാറുന്നതും ചരിത്രം മാറുന്നതും ആണ് കവി ചിത്രീകരിക്കുന്നത്. 
പഴയ കവിത സമൂഹത്തിൻറെ മേലേക്കിടയിലുള്ള ജീവിതം ചിത്രീകരിച്ചപ്പോൾ  പുതിയ കവിത സമൂഹത്തിലെ സാധാരണക്കാരുടെ ഭാഷയിൽ അധ്വാനിക്കുന്നവരുടെ ജീവിതം ചിത്രീകരിക്കുന്നു. സമൂഹത്തിലും കവിതയിലും ഉണ്ടായ മാറ്റം  ഈ കവിത സൂചിപ്പിക്കുന്നു. 

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...