2022, മാർച്ച് 16, ബുധനാഴ്‌ച

സംക്രമണം

പ്രശസ്ത കവി ആറ്റൂർ രവിവർമ്മയുടെ കവിതയാണ് സംക്രമണം.തൻറെ ഉള്ളിൽ കുറെ നാളായി ഒരുത്തിയുടെ ജഡം അളിഞ്ഞു നാറുന്നു എന്നു പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. സ്ത്രീ സമൂഹത്തിൽ നേരിടുന്ന ദുരവസ്ഥകൾ ആണ് ഈ അളിഞ്ഞുനാറ്റം.

അറിവ് വെച്ചപ്പോൾ മുതൽ അവൾ കവിയുടെ കണ്ണിലൊരു നൂലട്ട ആയി ഉണ്ട് .
കണ്ണിൻറെ കാഴ്ച തെളിയുന്നതിനായി കണ്ണിൽ ഇടാറുള്ള ചെറിയ വിരയാണ് നൂലട്ട . തലമുറകൾക്ക് ജന്മം നൽകി വളർത്തി വലുതാക്കുന്ന സ്ത്രീ ജന്മങ്ങൾക്ക് നൂലട്ടയുടെ വിലയേ സമൂഹം കല്പിക്കുന്നുള്ളു , കണ്ണുതെളിയുമ്പോൾ അവളെ വേണ്ടെന്നുവയ്ക്കും.

കിടയ്ക്കുക എന്നാൽ കിട്ടുക എന്നാണർഥം അവൾക്ക് ഒരു പെണ്ണിന്റെ തല കിടച്ചു എങ്കിലും 
കണ്ണുകൊണ്ട് ലോകത്തിൻറെ വിശാലത കാണുവാനും കാതു കൊണ്ട് കടലിൻറെ ശബ്ദം കേൾക്കുവാനും അവസരം കിട്ടുകയില്ല. അവൾ വീടിനുള്ളിൽ തളച്ചിടപ്പെടുന്നു.
 അവളുടെ വായ നിശ്ശബ്ദമാക്കപ്പെടുന്നു അവളുടെ ചുണ്ടുകൾ മുറിവിന് വക്കുകളാണ് എന്ന് കവി പറയുന്നു.

അവളുടെ ജോലി സമയം തീരുമ്പോൾ നക്ഷത്രങ്ങൾ പോലും ഉറങ്ങിയിട്ടുണ്ടാവും അവൾ ജോലികളെ കുറിച്ച് ഓർത്ത് പിടഞ്ഞെണീക്കുമ്പോൾ സൂര്യൻ ഉണർന്നിട്ടുണ്ടാവില്ല.
മനുഷ്യവർഗ്ഗം ഏറെ പുരോഗമിച്ചെങ്കിലും സ്ത്രീകളുടെ അവസ്ഥ പഴയതു തന്നെയാണ്.
പലരംഗങ്ങളിലും  പുരോഗമിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും  അവൾ ഇപ്പോഴും  പീഡനം അനുഭവിക്കുന്നു.
ചവിട്ടു കൊണ്ടിട്ടും ഉണരാത്തതുപോലെ തൻറെ  ദുരവസ്ഥ തൻറെ വിധിയാണ് എന്നുള്ള ഒരു വിശ്വാസവും അവൾക്കുണ്ട്.

കുറ്റിച്ചൂലിനും നാറാത്തേപ്പിനും ഒപ്പം ജീവിച്ച് മണ്ണിൽ അടിഞ്ഞുകൂടേണ്ടവളാണ് അവൾ  . 
കവിതയുടെ ആദ്യ പകുതിയിൽ ചരിത്രത്തിൽ സംഭവിച്ചതും ഇപ്പോഴും തുടരുന്നതുമായ സ്ത്രീ ജീവിതത്തിനെ ചുരുങ്ങിയ വാക്കുകളിൽ നൂലട്ട, നാറാത്തേപ്പ്, തുടങ്ങിയ സാദൃശ്യ കല്പനകളിലൂടെ കവി വ്യക്തമാക്കുന്നു ,

രണ്ടാം പകുതിയിൽ കവിക്ക് സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നമാണ് അവതരിപ്പിക്കുന്നത്.

ഒരു യന്ത്രം അഴിച്ചെടുക്കും പോലെ പെണ്ണിന്റെ ആത്മാവ് അഴിച്ചെടുത്ത് വേറൊരു ശരീരത്തിൽ ചേർക്കുമെന്ന് കവി പറയുന്നു. നൂലട്ടപോലെയുള്ള പെണ്ണിൻറെ ഉടലിൽ അല്ല മറിച്ച് ഊരിൽ ഇറങ്ങി വേട്ടയാടുന്ന നരഭുക്കായ കടുവയിൽ ആണ് കവി പെണ്ണിൻറെ ആത്മാവിനെ ചേർക്കുന്നവത് . 
സ്വന്തം കഴിവുകൊണ്ട് ജീവിക്കുന്നവളും ആരുടെയും ഔദാര്യത്തിനു പോകാത്തവളുമായ് പെണ്ണിനെയാണ് കവി സ്വപ്നം കാണുന്നത്.

പെണ്ണിൻറെ നാവ് അഴിച്ചെടുത്ത് ചേർക്കാൻ പോകുന്നത് കൊടിച്ചി പട്ടിയുടെ ഉടലിൽ അല്ല മറിച്ച് വളഞ്ഞ് നിന്ന് വേയാടുന്ന ചെന്നായയിൽ ആണ്.സ്വന്തം അവകാശങ്ങൾക്കായി ഒന്നിച്ചുനിന്ന് ശബ്ദിക്കുന്ന പെണ്ണിനെയാണ് കവി ഉദ്ദേശിക്കുന്നത്.

അവളുടെ വിശപ്പ്  നാടുകളെ ദഹിപ്പിക്കുന്ന കാട്ടുതീയിൽ ചേർക്കും .അവളുടെ വേദന 
ചലവും ചോരയുമൊലിക്കുന്ന സന്ധ്യയിലാണ് ചേർക്കുന്നത്.അവളുടെ ശാപം  വിളനിലങ്ങൾ ഉണക്കുന്ന സൂര്യൻ ആകുമെന്നും അവളുടെ മരണം കവി ഒരു ബലിമൃഗത്തിന്റേതാക്കുന്നു വസൂരിമാല കോർത്ത ആകാശത്തിലെ ബലിമൃഗമാണത്   അതായത് പെണ്ണിന്റെ മരണം ദുരിത കാലത്തിന്റെ അടയാളമാകണം.

  സ്വന്തം തീരുമാനങ്ങളിലും ഇഷ്ടങ്ങളിലും ഉറച്ച് പുരുഷനൊപ്പം ലോകത്തിനെ നയിക്കുന്ന സ്ത്രീജീവിതമാണ് കവി സ്വപ്നം കാണുന്നത്. പെണ്ണിനെ വേട്ടയാടുന്ന  എല്ലാത്തിന്റെയും നാശം കവി ആഗ്രഹിക്കുന്നു.

ദുഃഖവും നിരാശയും നിറഞ്ഞ വേട്ടയാടപ്പെടുന്ന സ്ത്രീജീവിതം കവിയുടെ സ്വപ്നങ്ങളിലേക്ക് സംക്രമിക്കുന്നതിനെക്കുറിച്ചാണ് സംക്രമണം എന്ന കവിത പ്രതിപാദിക്കുന്നത്.

പാഠവിശകലനം - കവളങ്ങാടൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...