പരാദം
...............
കടലെടുത്തു പോയ ജീവിതത്തിന്റെ അവശേഷിപ്പുകളിൽ നിന്ന്
പുറന്തോടില്ലാതെ
ഞാൻ നിന്നിലേയ്ക്കെത്തുന്നു.
നീ എനിക്ക്
പുറന്തോട് .
നിന്നിലൂടിഴഞ്ഞ്
ഞാൻ
കാലങ്ങളെ പിന്നിലാക്കുന്നു. നിന്നിൽ
മലർത്തി വച്ചിരിക്കുന്ന
വിഷാദ പുസ്തകത്തിന്റെ താളുകൾ
ഒന്നൊന്നായി കരണ്ടു തിന്ന്
ഞാൻ കരയാൻ തുടങ്ങുന്നു..
എനിക്ക് ആകാശങ്ങളിലേയ്ക്ക് പറക്കണമായിരുന്നു.
നീ പക്ഷിയാകുന്നു.
ഞാൻ
ഒരട്ടയെപ്പോലെ നിന്നിൽ പറ്റിപ്പിടിക്കുന്നു.
നിനക്ക് സുഗന്ധം വേണമായിരുന്നു.
ഞാൻ ചന്ദന മരമാകുന്നു..
നീ വേരുകളില്ലാത്താളി പോലെ
എന്നിൽ പടർന്ന്
പുണർന്നുണരുന്നു.
എനിക്ക് നിന്നിൽ ചുവന്ന്
തുടുക്കണമായിരുന്നു.
നീയെന്നെ
ഒരുമൂ ട്ടയെപ്പോലെ
കിടയ്ക്കക്കരികിലൊളിപ്പിക്കുന്നു..
എത്ര നാളായ് നമ്മൾ
രണ്ടു പരാദങ്ങൾ
തിണർത്തു തിണർത്ത്
ഒന്നിച്ചു ചേർന്നവർ ...
ദിവ്യ ജാഹ്നവി