2020, ഏപ്രിൽ 18, ശനിയാഴ്‌ച

കവിതയും നൃത്തവുമായി സുധ ടീച്ചര്‍

പട്ടാമ്പി ജി എച് എസ് എസ്സിലെ അദ്ധ്യാപിക സുധ തെക്കേമഠം കവിതയും നൃത്തവും അവതരിപ്പിക്കുന്നു.






                   കുമ്പിളാകാശം

                   സുധ തെക്കെമഠം

മുഖം കഴുകാൻ
കയ്യിലെടുത്ത
ഒരു കുമ്പിൾ വെള്ളത്തിലേക്ക് അടർന്നുവീണ കുങ്കുമത്തരികൾ
നോക്കി നിൽക്കുകയായിരുന്നു ഞാൻ.
പെട്ടെന്ന്,
വളരെ പെട്ടെന്ന് ആകാശവും നക്ഷത്രങ്ങളും കയ്യിലേക്കിറങ്ങി വന്നു.
പണ്ട്
അമ്മ അലക്കുകല്ലിൽ ഉരുട്ടിവെച്ച
നനഞ്ഞ സാരി പോലെ ചുരുണ്ടുകൂടി ആകാശം വെള്ളത്തിനടിയിലേക്കു പോയി.
ദൂരെ
ഒരു മലഞ്ചെരിവിൽ മറന്നുവെച്ച
എന്റെ വെളിച്ചമെല്ലാം
തിരികെത്തരാനെന്ന പോലെ
നക്ഷത്രങ്ങൾ വിരലറ്റങ്ങളിലേക്ക് ഒതുങ്ങിക്കൂടിയിരിപ്പുണ്ട്.
ഇനി ഞാൻ മെല്ലെ നടക്കട്ടെ
താഴ്വാരത്തിലെ നിഴലിലെത്തി
ഇതിനെ
കുടഞ്ഞു വിരിച്ചുണക്കണം.
നക്ഷത്രങ്ങളെ മഞ്ഞു നൂൽ കൊണ്ട് തുന്നിച്ചേർക്കണം.
നനഞ്ഞു കൂമ്പിയ വെള്ളിമേഘങ്ങളെ കൈവെള്ളയിൽ വെച്ചു ചൂടാക്കിയെടുക്കണം.
രാപ്പൂക്കളുടെ നിറം കടം വാങ്ങി ചായം പൂശണം.
നിന്റെയും എന്റെയും സ്വപ്നങ്ങൾ
ചാലിച്ചു മെഴുകി തിളക്കം കൂട്ടണം
കിളികളെ വിളിച്ചുണർത്തി
സഞ്ചാര പാത വരച്ചു ചേർക്കണം.
ഇനി ഞാൻ വേഗം നടക്കട്ടെ
എന്റെ കുങ്കുമത്തരികൾ
ആകാശ വെൺമയെ
കളങ്കപ്പെടുത്തും മുൻപ്
ഒളിക്കാനൊരു മേഘക്കീറു തെരഞ്ഞ്
സൂര്യനും ചന്ദ്രനും കലഹത്തിലാവും
മുൻപ്
എനിക്കിത് കുടഞ്ഞു വിരിച്ചുണക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...