2020 ഏപ്രിൽ 17, വെള്ളിയാഴ്‌ച

സംക്രമണവിമര്‍ശനം- ജൂലി ടീച്ചര്‍

ആറ്റൂർ രവിവർമ്മയുടെ സംക്രമണമെന്ന കവിതക്ക് തിരുവനന്തപുരം തൊളിക്കോട് ജി.എച്.എസ്.എസ്സിലെ ജൂലി ടീച്ചർ നടത്തിയ വിമർശനം ധാരാളം ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് , അത് ഇവിടെ നൽകുന്നു

' സംക്രമണ' ത്തിലെ സ്ത്രീവിരുദ്ധത

    ജാതിയും മതവുമെ ന്നപോലെ കുടുംബവും സമൂഹവും ഇഞ്ചക്ട് ചെയ്യുന്ന   കൊടിയ വിഷമാണ് സ്ത്രീവിരുദ്ധതയും .അതെല്ലാ വ്യക്തികളിലും ഏറിയും കുറഞ്ഞും കാണപ്പെടും. മനുഷ്യത്വപരമായ മൂല്യങ്ങളും  പുരോഗമന ചിന്തയും  സഹജീവിസ്നേഹവുമെല്ലാം  കൂടിയ അളവിൽ  പ്രവർത്തിക്കുന്ന  വ്യക്തികളിൽ അതിൻറെ പ്രവർത്തനം  മന്ദഗതിയിൽ ആയിരിക്കും.  അല്ലാത്തവരിൽ സ്ത്രീകളോടുള്ള സമീപനത്തെയും നിലപാടുകളെയുമെല്ലാം  അത് ഗുരുതരമായ അളവിൽ സ്വാധീനിക്കും .ആറ്റൂർ രവി വർമ്മയും അത്തരം വിഷ പ്രയോഗത്തിൽ നിന്നും മുക്തനായിരുന്നില്ലെ ന്നാണ് സംക്രമണം എന്ന കവിത തെളിയിക്കുന്നത് .  ''ഒരു പെണ്ണിൻ തല യവൾക്കു ജന്മനാ കിടച്ചു വെങ്കിലും അതിൻറെ കാതിന്മേൽ കടലിരമ്പീലാ  തിര തുളുമ്പീലാ '' - എന്ന് തുടങ്ങി '' ഒരു കുറ്റി ചൂല് ഒരു നാറ തേപ്പ് ഞെണുങ്ങിയ വക്കാർന്നൊരു കഞ്ഞി പാത്രം  ഒരട്ടിമണ്ണവൾ'' എന്നതു വരെയുള്ള സ്ത്രീയുടെ ജീവിത ചിത്രം മാത്രമാണ് യാഥാർത്ഥ്യങ്ങളുമായി ഒത്തു  പോകുന്നത് .പക്ഷെ അത്തരം സ്ത്രീ അവസ്ഥയ്ക്ക് കാരണം എന്തെന്ന് ഒന്നുകിൽ കവി മനസ്സിലാക്കുന്നില്ല . അല്ലെങ്കിലത്  തുറന്നു കാട്ടാൻ  കവി ശക്തനല്ല എന്നാണ് കവിത വെളിപ്പെടുത്തുന്നത്. ഹയർസെക്കൻഡറി ഒന്നാം വർഷ മലയാള പാഠപുസ്തകത്തിലെ ആറ്റൂർ  രവിവർമ്മയുടെ ശക്തമായ സ്ത്രീപക്ഷ രചന എന്ന് വിശേഷിപ്പിക്കപ്പെട്ട  'സംക്രമണം 'എന്ന കവിതയിലെ സ്ത്രീവിരുദ്ധതകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്

1  അടിമ ജീവിതം നയിക്കുന്ന സ്ത്രീയെ നൂലട്ടയോട് ഉപമിക്കുന്നത്

 കവിതയുടെ തുടക്കത്തിൽ അറിവ് വച്ചപ്പോൾ അവളുണ്ടെൻ കണ്ണിലൊരു നൂലട്ടയായി-  എന്ന സാദൃശ്യ കൽപ്പന കവിതയുടെ രണ്ടാം പകുതിയിലും ആവർത്തിക്കുന്നു. '' ഗതി കിട്ടാതാമവൾ തന്നാ ത്മാവിന്നൊരു ഒരു യന്ത്രം പോലഴിച്ചെടുത്ത് ഞാനതി സൂക്ഷ്മം വേറൊരുടലിൽ ചേർക്കാവൂ -   നൂലട്ട പോലിഴയും പെണ്ണിൻറെ യുടലിനോടല്ല '' - കണ്ണിൽ കാഴ്ച മറച്ച് കെട്ടികിടക്കുന്ന ദുഷിച്ച രക്തമെല്ലാം ഊറ്റിക്കുടിക്കുന്ന നൂലട്ട പുതിയ കാഴ്ചകളിലേ ക്കാണ് വെളിച്ചം വീശുന്നത് ഏതൊരാളുടെ ജീവിതത്തിലും കാഴ്ച തെളിയിച്ചു കൊടുക്കുന്ന ആദ്യ ആൾ ഒരു സ്ത്രീ (അമ്മ ) ആയിരിക്കും എന്ന് വിവക്ഷ . നല്ല അർത്ഥത്തിലാണ് പ്രയോഗം .( അതിലും ചുഴിഞ്ഞു കയറി  ഇല്ലാത്ത അർഥങ്ങൾ കണ്ടെത്തുന്നവർക്ക് ദുഷ്ടലാക്കുണ്ടെന്ന് കരുതണം ! ) 

നൂലട്ട ഒരു പരാദ ജീവിയാണ് .  ജീവികളുടെ രക്തമൂറ്റിക്കുടിച്ചാണത് ജീവിക്കുന്നത് . കാഴ്ച തെളിയിക്കാൻ വേണ്ടി മാത്രം രക്തമൂറ്റി ക്കുടിച്ചശേഷം  പിൻവാങ്ങി വെജിറ്റേറിയനാവാൻ  നൂലട്ടയ്ക്ക് കഴിയില്ല . മാത്രവുമല്ല നൂലട്ടയുടെ ദൈനംദിന കൃത്യനിർവഹണത്തിൽ പ്രഥമപരിഗണന കാഴ്ച തെളിയിക്കുക എന്നതിനു മല്ല .സ്ത്രീയുടെ ഇഴയുന്ന ജീവിതത്തിൻറെ ദയനീയതയ്ക്കുപമാനമായി നൂലട്ടയെ തന്നെ കവി സ്വീകരിച്ചത് എന്തിനാവാം ? അടുക്കളയിലും വീട്ടിലുമായി എരിഞ്ഞും ഇഴഞ്ഞും നീങ്ങുന്ന സ്ത്രീജീവിതത്തിൻറെ വേദനകളെ , അമർഷങ്ങളെ , അടിച്ചമർത്തലുകളെ തമസ്കരിക്കാനും അവൾ കുടുംബത്തിലെ പുരുഷൻറെ അധ്വാന ഫലത്തെ ( രക്തത്തെ )ഊറ്റി ജീവിക്കുന്ന പരാദ ജീവിയാണെന്നു വരുത്താനുമുള്ള കൃത്യമായ ശ്രമമാണ് നൂലട്ട പ്രയോഗം . പ്രഥമ ദൃഷ്ടിയിൽ നൂലട്ട പ്രയോഗത്തിലെ സ്ത്രീവിരുദ്ധത മനസ്സിലാകാതി രിക്കാനായി കാഴ്ച തെളിയ്ക്കുക എന്ന മഹത് കർമ്മം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു . ( വാഴ്ത്തുക്കൾ കൊണ്ട് വീഴ്ത്തുകയാണല്ലോ സമൂഹവും സാഹിത്യവും സ്ത്രീയോട് ചെയ്തിട്ടുള്ളത് )
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നൂറ്റാണ്ടുകളായി നൂലട്ട പോലെ പരാദ ജീവിതം നയിക്കുന്ന അവളുടെ ജീവിതത്തെ പരിവർത്തിപ്പിക്കാനുള്ള മഹത്തായ യജ്ഞത്തിലാണ് കവി . തൻറെ വർഗ്ഗത്തെ ചൂഷണം ചെയ്തു ജീവിക്കുന്നവളുടെ ജീവിതത്തെ തന്നെ പരിവർത്തിപ്പിക്കുന്ന ത്യാഗപൂർണമായ കർമ്മം നിർവഹിക്കുന്ന ആൾ അപ്പോൾ ആരാവും ?!

കവി പ്രയോഗിക്കുന്ന സാദൃശ്യ കല്പനകൾ , ബിംബങ്ങൾ എന്നിവ ചക്ക വീണപ്പോൾ മുയല് ചത്തു എന്നതുപോലെ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ആറ്റൂരിനെ പോലൊരു കവി ഒന്നും ആലോചിക്കാതെ വെറുതെ അങ്ങെടുത്തു പ്രയോഗിച്ചതുമാകില്ലല്ലോ . ഒരു തവണയല്ല  രണ്ടുതവണ ഒരു പ്രയോഗം ഒരു കവിതയിൽ ആവർത്തിക്കുമ്പോൾ അത് കരുതിക്കൂട്ടിയുള്ള പ്രയോഗമാവാതെ തരവുമില്ലല്ലോ . കവിതയുടെ ആദ്യ ഭാഗത്തെ നൂലട്ട പ്രയോഗം ഒരു നല്ല കാര്യത്തിനെ ന്നവണ്ണം അവതരിപ്പിക്കുമ്പോൾ രണ്ടാംപകുതിയിൽ അത് രക്തം കുടിക്കാനിഴഞ്ഞു നടക്കുന്ന നൂലട്ടയോടുള്ള ജുഗുപ്സയായാണ് വെളിപ്പെടുന്നത് . ( ദയനീയതയെന്ന മട്ടിലാണ് അത് കവിതയിൽ അവതരിപ്പിക്കുന്നതെങ്കിലും . )

2 . വ്യാജ പ്രശ്നാവതരണവും വ്യാജ പരിഹാരവും .

സ്ത്രീ അനുഭവിക്കുന്ന അടിമ തുല്യമായ ജീവിതത്തിന് കാരണം  സമൂഹത്തിലാകെ പിടിമുറുക്കിയിരിക്കുന്ന പാട്രിയാർക്കിയാണെന്ന  വസ്തുത മറച്ചുവെച്ചിട്ട് സ്ത്രീയുടെ ശാരീരിക ദൗർബല്യങ്ങളാണ്  അവളുടെ ഇന്നത്തെ അധ:പതനത്തിന് കാരണം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഒരർത്ഥത്തിൽ വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് . സ്ത്രീയുടെ അടിമത്തത്തിനും അവൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും കാരണം സ്ത്രീ തന്നെയാണെന്നാണ് പുരുഷാധിപത്യ സമൂഹം പറഞ്ഞു പഠിപ്പിക്കുന്നത് . സ്ത്രീയുടെ ശാരീരിക ദൗർബല്യങ്ങളാണ്  അവളുടെ അധ:പതനത്തിന് കാരണം എന്ന വ്യാജ പ്രശ്നാവതരണം നടത്തിയശേഷം കവി അവതരിപ്പിക്കുന്ന പരിഹാരമാർഗങ്ങൾ എന്തെന്ന്  പരിശോധിക്കുന്നത് രസാവഹമായിരിക്കും . അടിമ തുല്യമായ ജീവിതം നയിച്ച് മരിച്ച ശേഷം   ഗതികിട്ടാതെ അലഞ്ഞു നടക്കുന്ന അവളുടെ ആത്മാവിനെ ഒരു യന്ത്രത്തിൽ നിന്ന് ഓരോരോ ഭാഗങ്ങളായി അഴിച്ചെടുക്കുന്ന പോലെ അഴിച്ചെടുത്ത് നരഭു ക്കായ കടുവയിൽ ചേർക്കാനാണ് കവി ഉദ്യമിക്കുന്നത് .  അടിമ ജീവിതം നയിച്ച് മരിച്ച് ഗതികിട്ടാതെ അലയുന്ന ഒരുവളുടെ ആത്മാവിനെ എടുത്ത് കടുവയിൽ ഘടിപ്പിക്കുകയാണെങ്കിൽ ആ കടുവ വല്ല പുല്ലോ പച്ചവെള്ളമോ കുടിച്ച് അസ്ഥിപഞ്ജരമായി കാലം കഴിക്കുകയേ ഉള്ളൂ . ഇനി അവളുടെ നാവെടുത്ത്  ചെന്നായയിൽ ഘടിപ്പിക്കുകയാണ് രണ്ടാമത്തെ പരിഹാരമാർഗ്ഗം . അങ്ങനെയെങ്കിൽ  ഇര വളഞ്ഞു തിന്നാനാകാതെ ആ പാവം ചെന്നായ പട്ടിണികിടന്ന് ചത്തുപോകുമെന്ന കാര്യം ഉറപ്പ് .അവളുടെ വിശപ്പിനെ പുരങ്ങളും ജനപദങ്ങളും ചൂഴുന്ന കാട്ടുതീയിലണയ്ക്കുന്നത് പക്ഷെ നല്ലതാണ്  ! അത് കാട്ടുതീയണയ്ക്കാൻ പ്രകൃതിസ്നേഹികൾക്ക് സഹായകമാകും . ആയിരം കാതം നടന്നിട്ടും നിന്നിടത്തു തന്നെ നിൽക്കുന്ന സ്ത്രീയെ മുന്നോട്ടു നയിക്കുക യാണല്ലോ സംക്രമണ രചനയുടെ ലക്ഷ്യം . എന്നാൽ '' അവളുടെ ശാപമണയ്ക്കാവൂ വിളനിലങ്ങളെയുണക്കിടുന്ന സൂര്യനിൽ '' എന്ന വരികളിലൂടെ കവിത അതിൻറെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് അപകടകരമായ രീതിയിൽ തിരിച്ചുപോക്ക് നടത്തുന്നതായി കാണാം . കവിതയിലെ ശാപം എന്ന പ്രയോഗം ഒരു വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട് . ശപിക്കുന്നത് ദിവ്യശക്തിയുള്ള ആളുകളാണ് . മുനിമാർ തപസ്വിനിമാർ പതിവ്രതകൾ ... അങ്ങനെയുള്ളവരാണ് . പുരാണ കഥകളിലാണ് ശപിച്ചാൽ ഫലിക്കുന്ന സ്ത്രീകളെ നമ്മൾ കാണുന്നത് .  അവരുടെ ശാപം ഫലിക്കുന്നത് പാതിവ്രത്യ ശക്തി കൊണ്ടാണ് . ഇന്നത്തെ സ്ത്രീകൾ ശപിയ്ക്കു മെങ്കിലും ഫലിക്കാറില്ല . കാരണം അവർക്ക് പാതി പാതിവ്രത്യമേയുള്ളൂ ! ( കെ. സരസ്വതിയമ്മ യോട് കടപ്പാട് )പരപുരുഷ ദർശനം , സ്പർശനം , സ്മരണ ഇത്യാദികളാൽ പകുതി നഷ്ടപ്പെട്ടുപോയി . ഇങ്ങനെ പാതി പാതിവ്രത്യം മാത്രമുള്ള ഇന്നത്തെ സ്ത്രീകൾക്ക് ശപിക്കാൻ കഴിയില്ല . അപ്പോൾ അന്ത കഴിവ് കിടയ്ക്കണമെങ്കിൽ പിന്നെയും പിന്നിലേക്ക് കാതങ്ങൾ സഞ്ചരിക്കണം . ഇവിടെയാണ് സ്ത്രീപക്ഷത്തു നിന്ന് കവിതയെഴുതുന്ന പുരുഷൻറെ പുറമ്പൂച്ചുകൾ അഴിഞ്ഞുവീഴുന്നത് . മുന്നോട്ട് നടത്താനിറങ്ങിയിട്ട് കവിത അവസാനിക്കാറാവുമ്പോൾ കവി പിന്നെയും പറയുന്നത് പിന്നിലേക്ക് നടന്നോളാനാണ് . ശപിക്കാനുള്ള ശക്തി നേടണമല്ലോ ! 

3.സമൂഹനന്മയ്ക്കായുള്ള ബലിയാണ് അവളുടെ മൃതി .

സംക്രമണത്തിലെ സ്ത്രീവിരുദ്ധത  അതിൻറെ ഉച്ചസ്ഥായിയിൽ എത്തുന്നത്  കവിതയുടെ അവസാന ഭാഗത്താണ് . ''വസൂരി മാലകൾ കുരുത്ത വ്യോമത്തിൽ ബലിമൃഗ മായിട്ടെടുത്തിടാവൂ ഞാനവൾ തൻ മൃതി '' എന്ന വരി കവിയുടെ ഉള്ളിലടിഞ്ഞുകൂടി കിടന്ന സ്ത്രീവിരുദ്ധതയെല്ലാം കൂടി ഘനീഭവിച്ചപ്പോൾ സംഭവിച്ചതാണ് . സ്ത്രീജീവിതത്തെ  സംക്രമിപ്പിക്കാൻ ഇറങ്ങിയ കവി ഒടുവിൽ അവളുടെ മൃതിയെ ബലിയായി അംഗീകരിക്കുകയാണ് ചെയ്യുന്നത് . വസൂരി വരാതിരിക്കാൻ വേണ്ടി മൃഗബലി നൽകുന്നത് സമൂഹത്തിൻറെ നന്മയ്ക്ക് വേണ്ടിയാണ് . കുടുംബത്തിൻറെ / സമൂഹത്തിൻറെ നന്മയ്ക്കുവേണ്ടിയുള്ള ബലി ആയിട്ട് അവളുടെ മരണത്തെ കാണുന്നത് അപകടകരമായ പുരുഷമേധാവിത്വ നിലപാടാണ് . ഇതുതന്നെയാണ് ഇവിടെയുള്ള പുരുഷാധിപത്യ സമൂഹം കാലങ്ങളായി തലമുറകളെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് .അടിമ തുല്യമായ സ്ത്രീജീവിതത്തെ സംക്രമിപ്പിക്കാൻ ഇറങ്ങിയ കവി  അവളുടെ മൃതിയെ  സമൂഹനന്മയ്ക്കായുള്ള  ബലിയായി അവതരിപ്പിക്കുന്നതിലെ വൈരുദ്ധ്യം എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിൻറെ ഉത്തരം സ്ത്രീയുടെ ദുരവസ്ഥയ്ക്ക് കവി തേടുന്ന കപട വിമോചന സമവാക്യത്തിലാണുള്ളത് . തൻറെ ഉള്ളിലെ സ്ത്രീയെക്കുറിച്ചുള്ള സങ്കല്പം ജീർണ്ണാ വസ്ഥയിലാണെന്നും അത് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെ ന്നും കവി  മനസ്സിലാക്കുന്നുണ്ടെങ്കിലും അതിന് കവി നിർദേശിക്കുന്ന പരിഹാരം തികച്ചും വ്യാജമാണ് . താനുൾപ്പെടെയുള്ള നിലവിലെ പുരുഷമേധാവിത്വ വ്യവസ്ഥയെ  തച്ചുടയ്ക്കാനുള്ള കെൽപ്പോ അതിനാഹ്വാനം ചെയ്യാനുള്ള ചങ്കുറപ്പോ കവിക്ക്  ഇല്ലാത്തതിനാൽ അദ്ദേഹം എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നു . ആറ്റൂർ അവതരിപ്പിക്കുന്ന തരത്തിലുള്ള പ്രശ്നപരിഹാരം  വിവിധ വകുപ്പുകളുടെ മേൽനോട്ടത്തിൽ സ്കൂളുകളിലും കോളേജുകളിലും പെൺകുട്ടികൾക്ക് മാത്രമായുള്ള കരാട്ടെ , തായ്ക്കൊണ്ട , കുങ്ഫൂ കളരി തുടങ്ങിയ ആയോധന കലാ പരിശീലനത്തിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ ശാരീരികമായി ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ ആയോധന കലാ പരിശീലനം കഴിഞ്ഞ് അടക്കവും ഒതുക്കവും വിധേയത്വവുമുള്ള സ്ത്രീശരീരങ്ങളായി മത വേഷങ്ങളിൽ വീടുകളിലേക്ക് മടങ്ങുന്ന കാഴ്ച പാട്രിയാർക്കി യുടെ വേരുകൾ  എത്ര ശക്തമാണെന്ന് നമുക്ക് പറഞ്ഞു തരുന്നു.


 കവിതയുടെ അവസാനഭാഗത്ത് കപട പ്രശ്നപരിഹാരത്തിനായി ആഭിചാര ക്രിയകളുടേതായ ഒര ന്തരീക്ഷം കവി മെനഞ്ഞെടുത്തിട്ടുണ്ട് . അതായത് ആഭിചാര മന്ത്രവാദ കൂടോത്രാദികളിലൂടെയുള്ള ഒരു സംക്രമണമാണ് കവി ഉദ്ദേശിക്കുന്നത് . അതാവുമ്പോൾ  എളുപ്പമാണ് . സങ്കീർണതകളില്ല. വ്യവസ്ഥയെ തച്ചുതകർക്കണ്ട. ആത്മാവൂരി കടുവയിൽ വയ്ക്കുക .നാവൂരി ചെന്നായയിൽ ഘടിപ്പിക്കുക. വിശപ്പൂരി വന വഹ്നിയിൽ വയ്ക്കുക. വേദന സന്ധ്യയിലും ശാപം സൂര്യനിലും ചേർത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നതാണ് കവിയുടെ പക്ഷം. കവിത ഒടുവിൽ കുടുംബ/സമൂഹ നന്മയ്ക്ക് വേണ്ടി ബലിയായി മാറുന്ന മാതൃ ബിംബത്തിൽ  അവസാനിക്കുകയും ചെയ്യുന്നു . കവി എന്തിനുവേണ്ടി കവിത എഴുതിയോ അതിൻറെ മറുപുറത്താണ് അവസാനം അത് ചെന്നു നിൽക്കുന്നത് . നിലവിലെ പാട്രിയാർക്കിയുടെ പ്രത്യയശാസ്ത്രങ്ങളെ ഊട്ടിയുറപ്പിക്കാൻ വേണ്ടി  ആറ്റൂർ ശ്രമപ്പെട്ടൊരു കവിതയെഴുതേണ്ട കാര്യമില്ലായിരുന്നു.ആ ജോലി ഭംഗിയായി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും ഉള്ള ഒരു വലിയ സമൂഹത്തിലാണ് നാമോരോരുത്തരും ജീവിക്കുന്നത് .തൻറെ ഉള്ളിൽ അടക്കിവെച്ചിരിക്കുന്ന സ്ത്രീ വിരുദ്ധതയെ സ്ത്രീപക്ഷ ഉടുപ്പ് അണിയിച്ച് ഭംഗിയായി എങ്ങനെ അവതരിപ്പിക്കാം എന്നതിന് മികച്ച ഉദാഹരണമാണ് ആണ് സംക്രമണം എന്ന കവിത . എത്രയൊക്കെ മൂടി വെച്ചാലും അതിലെ സ്ത്രീവിരുദ്ധത എല്ലാ കെട്ടുവള്ളികളും പൊട്ടിച്ച് പുറത്തു ചാടും .പക്ഷേ അത് കാണണമെങ്കിൽ തൻറെ ഉള്ളിൽ തന്നെയുള്ള സ്ത്രീവിരുദ്ധതയോട് സന്ധിയില്ലാത്ത നിലപാടെടുക്കുന്ന ഒരു മനസ്സ് ഒരാൾക്ക് ഉണ്ടാവണമെന്ന് മാത്രം .


 ആറ്റൂരിനെന്താ ഒരു സ്ത്രീ വിരുദ്ധ കവിതയെഴുതിക്കൂടേ എന്ന് ചോദിച്ചാൽ തീർച്ചയായും എഴുതാം എന്നാണ് മറുപടി .പക്ഷേ അതിനെ ശക്തമായ സ്ത്രീപക്ഷ രചനയായി  അവതരിപ്പിക്കുന്നതും അങ്ങനെ കുട്ടികളെ പഠിപ്പിക്കുന്നതും അങ്ങനെ പഠിപ്പിക്കാൻ അധ്യാപകരെ നിർബന്ധിക്കുന്നതും തെറ്റാണ് .സ്ത്രീയുടെ ശാരീരിക ദൗർബല്യങ്ങളെ മാറ്റിക്കൊണ്ട് പാട്രിയാർക്കിയുടെ ആഴത്തിൽ പടർന്ന വേരുകളെ വെട്ടി നിരത്താനാവില്ല. അതിനുള്ള ചികിത്സ വ്യക്തിയിൽ തുടങ്ങി സമൂഹത്തിൽ മൊത്തത്തിലുണ്ടാവണം. യന്ത്രത്തിൽ നിന്ന്  ഓരോരോ ഭാഗങ്ങൾ അഴിച്ചെടുത്ത് വേറൊന്നിൽ ഘടിപ്പിക്കുന്ന പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ .

           JULIE  D M

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...