2020, ഏപ്രിൽ 18, ശനിയാഴ്‌ച

രണ്ടു കവിതകൾ -ശ്രീല വി വി


അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അധ്യാപികയും കവിയുമായ ശ്രീല ടീച്ചറുടെ രണ്ടു കവിതകൾ

വരും കാലങ്ങളിൽ

വരും കാലങ്ങളിൽ
ഇഷ്ടം പോലെ
ഉപയോഗിക്കാനാവില്ല
വാക്കുകളെ 
ലാളിക്കാനാവില്ല
 കുഞ്ഞുങ്ങളെ
കല്ലെറിയാനാവില്ല
ആരാന്റെ മാവിലെ
മാങ്ങകളെ
പറവകളെപ്പോലെ
അനന്തമായ 
ആകാശങ്ങളിൽ
പറക്കാനാവില്ല
പൗരത്വം തെളിയിക്കാതെ
ജീവിക്കാനാവില്ല
ദേശങ്ങളിൽ 
അതിരുകളില്ലാത്ത
സ്നേഹം പുലരുന്ന,
അതിർത്തികളില്ലാതെ
സൗഹൃദം പൂക്കുന്ന
ഭൂമിയെ ഞാൻ സ്വപ്നം
 കാണുന്നു

എല്ലാ നാടും 
എന്റെ നാടാവുന്നു
ഏകാകിയായ 
ഒരു സഞ്ചാരിയായി
ഞാൻ ഭൂമിയെ 
മുറിച്ച് കടക്കുന്നു
ഓരോ ദേശത്തിന്റെയും
മിടിപ്പറിയുന്നു
രുചികളെല്ലാം എന്റേതാക്കുന്നു
പൂക്കളെല്ലാം വാരിയെടുത്ത്
വാസനിക്കുന്നു
എല്ലാ പൂച്ചക്കുട്ടികളെയും
ഓമനിക്കുന്നു
എല്ലാ കുഞ്ഞുങ്ങളെയും
ഉമ്മ വയ്ക്കുന്നു
തെരുവിൽ, തിരക്കുകളിൽ
അലിഞ്ഞു ചേരുന്നു
വിളക്കിൻ കാലിന്
ചുവട്ടിലോ മരച്ചുവട്ടിലോ
കിടന്നുറങ്ങുന്നു

തെളിവുകളില്ലാതെ
ഒടുക്കമൊരു
പൂ പോലെ
കൊഴിഞ്ഞു വീണ്
മണ്ണിലലിയുന്നു.

ശ്രീല.വി.വി.

2

.അവസാനത്തെ അത്താഴം

അവസാനത്തെ
അത്താഴത്തിനിരി
ക്കുമ്പോഴും
കണ്ണുകളിൽ
അനുതാപത്തിന്റെ
ആഴമേറിയ വിഷാദം.

പാപം ചെയ്തു പോകുന്ന
ശിഷ്യരെയോർത്ത്
വേദനിക്കുന്ന
ഹൃദയം

ഇതെന്റെ രക്തമാണി
തെന്റെ മാംസമെന്ന്
വീഞ്ഞുമപ്പവും
പങ്കുവയ്ക്കുമ്പോൾ
ഒരു കുരിശിന്റെ
ഭാരം
തിരസ്ക്കാരത്തിന്റെ
നോവ്.

കുരിശിൽ തറച്ചാലും
ഉയിർത്തെഴുന്നേൽക്കാം.
വിശ്വാസവഞ്ചനയുടെ
തിരിച്ചറിവിന്റെ
തിരുമുറിവിൽ നിന്ന്
ഉയിർത്തെഴുന്നേല്ക്കുക
പ്രയാസമാണ്

             ശ്രീല.വി.വി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...