കൂട് തേടി...
______________
കാറ്റു വന്നു തൊട്ടപ്പോളെൻ
കാതിൽ മന്ത്രണം കാത്തിടും വസന്തമൊന്നു കാണുവാനായി... നേരമങ്ങു വൈകീടുമ്പോൾ നീറിടുന്നുള്ളം നീ വരില്ലേ? എന്റെ നാടിൻ കാവലാളായി...
കർമ്മ ക്ഷേത്രം ഹൃദയഭൂവിൽ
പ്രഭചൊരിഞ്ഞിടവേ... മോക്ഷമാർഗ്ഗം മനുഷ്യസ്നേഹപാഠമോതുന്നു . കൂട്ടിനുള്ളിൽ കൂട്ടു തേടി ഞാൻ ഇരിക്കുന്നു. കൂടെയില്ലാ കൂട്ടരെല്ലാം കൂടെ എത്തുമോ?
അമ്മയേകും സാന്ത്വനത്തിൻ തണലു തേടുമ്പോൾ മഴയുതിർക്കും പ്രകൃതിയെന്റെ താളമാകുന്നു . അരികിലില്ല സോദരർക്കായി അകമെരിയുമ്പോൾ അമൃതമാകും സ്മൃതികളെന്നിൽ പൂത്തുലഞ്ഞിടുമോ?
പിറന്നമണ്ണിൽ, പൂ വിരിച്ചു പിച്ചവെച്ച നാൾ പടിയിറങ്ങി പടവു തേടി ഇടറി യെൻ പാദം... മറഞ്ഞു പോയൊരെന്റെ ഗ്രാമഭംഗി കാണുവാൻ മതിമറന്നു പാട്ടുപാടി ആട്ടം ആടിടാം
മരണദൂതുമായണഞ്ഞിടും അണുവിനെ പോലും പ്രതിരോധമാകും കരുതലോടെ അകറ്റിനിർത്തിടാം . കുടിലചിന്തകൊടിയ പാപം വഴിയൊരുക്കീടും... കനിവു തേടും കണ്ണുകൾക്കു കാഴ്ചയായീടാം
പരീക്ഷണങ്ങൾ ഇരവു പകലായി യാത്രയിൽ നീളെ... പുഴ കടത്താൻ തോണിയേറി അരികിലെത്തീടുമോ? മഹിതമാകും ജീവിതത്തിൻ മുദ്രകൾ ചാർത്താൻ... വാർമഴവില്ലിഴകു പോലെ... പീലിനീർത്തി ഇടുമോ?.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ