2020 ഏപ്രിൽ 17, വെള്ളിയാഴ്‌ച

തുളസി ടീച്ചറുടെ കവിത

മോറക്കാല, സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫിസിക്സ്‌ അദ്ധ്യാപിക തുളസി ജോയിയുടെ കവിത കേള്‍ക്കാം
ഏറെ നാൾ അടച്ചിട്ട 
പഴയ വീട്ടിൽ 
തിരികെയെത്തുന്നത്, 
ഉപേക്ഷിച്ചു പോന്ന 
പ്രണയത്തിലേക്ക് 
തിരിച്ചു ചെല്ലും പോലെ. 

കരിയിലപ്പുതപ്പിനടിയിലും 
മണ്ണ്, കാൽച്ചൂടറിഞ്ഞ് 
പേരെടുത്തു വിളിക്കും. 
ഇത്ര നാൾ പിന്നിട്ടും, 
നീയിപ്പൊഴും ജീവനായ് 
ഞരമ്പിലൊഴുകുന്നപോൽ. 

ഇറയത്ത് അര മതിലിൽ 
അടച്ചു വച്ച പുസ്തകത്താളിൽ 
നിന്നെയോർത്ത് 
അടയാളമിട്ട ഒരു വരി 
മഷിയുണങ്ങാതെ 
വിരലിൽ ചേർന്ന് 
കൂടെപ്പോരും. 

കിടപ്പുമുറി ജനാലയിൽ 
കണ്ടു മുഴുമിക്കാത്ത നിലാവ് 
ഒഴുകിക്കിടപ്പുണ്ടാവും, 
പറഞ്ഞ് ഇട മുറിഞ്ഞ 
വാക്കുകൾക്കൊപ്പം. 

അപ്പോഴേക്കും, 
ജീവിതം പുറത്ത് 
കാത്തു നിൽപ്പുണ്ടല്ലോ ! 
- എന്നയോർമ്മയിൽ 
നിലാവുപേക്ഷിച്ച്, 
നിന്നെ പഴയ പോൽ 
പുസ്തകത്തിൽ 
വരച്ചു ചേർത്ത്, 
കരിയിലയനക്കാതെ 
പുറത്തിറങ്ങി 
ഇടവഴിയിൽ 
പൊഴിഞ്ഞു കിടക്കും 
ഇലഞ്ഞിപ്പൂ മണക്കുമ്പോൾ -
അപ്പോഴേയോർക്കൂ, 
വാതിൽ, തഴുതിട്ടില്ലെന്ന് !

തുളസി  🌿

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...